ഒരു ‘ഔസേപ്പച്ചൻസ്’ഡയറിക്കുറിപ്പ്

0
53

Sebastian Xavier ന്റെ പോസ്റ്റ് 

ഒരു ‘ഔസേപ്പച്ചൻസ്’ ഡയറിക്കുറിപ്പ്..

‘Wherever U go, I’m there’ എന്നു പറയുംപോലെയാണ് ഔസേപ്പച്ചൻ്റെ കാര്യം.!
ഈ ലോകം ഇത്രയ്ക്ക് ചെറുതാണോയെന്ന് ഒരുവേള സേതുരാമയ്യർക്കും തോന്നിക്കാണണം.. ഏത് കേസന്വേഷിക്കാൻ പോയാലും ദാണ്ടേ അവിടെല്ലാം ഔസേപ്പച്ചനുണ്ട്..
കാശിനോട് കുറച്ച് അത്യാർത്തി ഉണ്ടെന്നതല്ലാതെ ഒരാളെ കൊല്ലാനുള്ള ധൈര്യമൊന്നും ഔസേപ്പച്ചനില്ല, എന്നിട്ടും മൂന്നു കാലഘട്ടങ്ങളിലായി മൂന്ന് കൊലപാതക കേസുകളിൽ അതിയാൻ CBlയുടെ നോട്ടപ്പുള്ളിയായി.. വന്നുവന്ന് സി.ബി.ഐ എന്നു കേട്ടാൽത്തന്നെ വിറയലും പനിയും വരുമെന്ന നിലയിലായി കാര്യങ്ങൾ…

May be an image of 4 people, beard and textഅയ്യരും ഔസേപ്പച്ചനും തമ്മിൽ ആദ്യം കാണുന്നത് കുമാരപുരത്തെ ഓമനകൊലക്കേസിൻ്റെ സി.ബി.ഐ അന്വേഷണത്തിനിടയിലാണ്.. Suspects list ൽ ഉള്ളയാൾ എന്ന നിലയിൽ, ഓമനയുടെ ഭർതൃപിതാവായ ഔസേപ്പച്ചനെ കുറച്ചൊന്നുമല്ല അയ്യരും സംഘവും വെള്ളം കുടിപ്പിച്ചത്.. ബാങ്കിലും വിട്ടിലും മറ്റ് സ്ഥാപനങ്ങളിലുമെല്ലാം സിബിഐ കയറി നിരങ്ങി.. മകനു പറ്റിയൊരു കയ്യബദ്ധം ഒളിപ്പിച്ചു വച്ച്, ആ കൊലപാതകം ആത്മഹത്യയാക്കി മാറ്റാനുള്ള ശ്രമത്തിൽ കാശെത്രയാ ഇറക്കിയത്.. അതിലെത്രയാ ദേവദാസ് വിഴുങ്ങിയത്..
ചങ്ക്ബ്രോ നാരായണൻ കട്ടയ്ക്ക് കൂടെയുണ്ടായിരുന്നു എന്നതാണ് ആകെ ആശ്വാസം..

മകനല്ല മരുമോനാണ് യഥാർത്ഥ കൊലപാതകി എന്നറിഞ്ഞപ്പോഴുണ്ടായ ഞെട്ടൽ പതിയെ വിട്ടുമാറിയെങ്കിലും ടെറസ്സിൽ നിന്ന് താഴേക്ക് പതിക്കുന്ന ഡമ്മിശരിരങ്ങൾ ഔസേപ്പച്ചൻ്റെ പേക്കിനാവുകളിലെ നിത്യകാഴ്ചയായി..
അങ്ങനെയിരിക്കെയാണ് ‘സിനിമ പിടുത്തം’ എന്ന പുതിയ ഐഡിയയുമായി നാരായണൻ വരുന്നത്.. ശരി, എന്നാപ്പിന്നെ ഒരു പടമങ്ങ് പിടിച്ചുകളയാം എന്നു വച്ചു. അതും അന്നത്തെ ഏറ്റവും മാർക്കറ്റുള്ള താരജോഡികളായ വിശ്വം, അശ്വതി എന്നിവരെ വച്ച്.. പക്ഷേ ഗതികെട്ടവൻ മൊട്ടയടിച്ചപ്പോൾ പെയ്ത കല്ലുമഴ പോലെ നായികയുടെ തൂങ്ങിമരണം ഔസേപ്പച്ചൻ്റെ തലയിലും പതിച്ചു.. അവസരം മണത്തറിഞ്ഞ ‘ആത്മഹത്യയാക്കൽ സ്പെഷലിസ്റ്റ് ‘ DySP ദേവദാസ് ഇവിടെയും കയ്യിട്ടുവാരി കുറെ കൊണ്ടുപോയി.. ശേഷം പഴയപോലെ സിബിഐയുടെ ‘അയ്യരു’കളി തുടങ്ങി..
ഡമ്മിയും, ചോദ്യം ചെയ്യലുമൊക്കെ വീണ്ടും ഓസേപ്പച്ചൻ്റെ ഉറക്കംകെടുത്തിയെങ്കിലും അവസാനം തൻ്റെ നിരപരാധിത്വം CBl മനസ്സിലാക്കിയല്ലോ എന്ന ആശ്വാസത്തോടെയാണ് സിനിമാ നിർമ്മാതാവിൻ്റെ കുപ്പായം പുള്ളിക്കാരൻ എന്നേയ്ക്കുമായി അഴിച്ചുവച്ചത്..
കാലം കുറേക്കഴിഞ്ഞു.. വാർദ്ധക്യവും, മകൻ്റെ അമിത മദ്യപാനവും, സുഹൃത്ത് നാരായണൻ്റെ മരണവുമെല്ലാം ചേർന്ന് സമ്മാനിച്ച മടുപ്പിൻ്റെയും മുരടിപ്പിൻ്റെയും ദിനങ്ങളിലൊന്നിലാണ് തൻ്റെ പുതിയ ബിസിനസ്സ് പാർട്നറായ മാണിക്കുഞ്ഞ് കൊല്ലപ്പെട്ടു എന്ന വാർത്ത ഔസേപ്പച്ചൻ അറിയുന്നത്.. !

അണ്ണാൻ മൂത്താലും മരംകേറ്റം മറക്കുമോ.? പറ്റിയ അവസരം വന്നപ്പോ അതിയാൻ്റെ ഉള്ളിലെ പഴയ ധനമോഹി ഉണർന്നു.. കൈ നനയാതെ മീൻപിടിക്കാനുള്ള ഒരു ഉപായം തലയിൽ മിന്നി.. മറ്റൊരു പാർട്നറായ വർക്കി, ദേവദാസിൻ്റെ മകൻ DySP സത്യദാസ്, അഴിമതിക്കാരനായ സബ് രജിസ്ട്രാർ ബാഹുലേയൻ എന്നിവരുടെ സഹായത്തോടെ പിന്നീടുള്ള കാര്യങ്ങളെല്ലാം വളരെ ഉഷാറായി നടന്നു.. സംസ്കരിക്കപ്പെട്ട മാണിക്കുഞ്ഞിൻ്റെ മൃതദേഹത്തിൻ്റെ ഇടത് തള്ളവിരൽ അപ്രത്യക്ഷമാകുന്നു.. അയാളുടെ സ്വത്തുക്കൾ പാർട്നർമാർ ചേർന്ന് അതിസമർത്ഥമായി കൈവശപ്പെടുത്തുന്നു..
മാണിക്കുഞ്ഞിൻ്റേതേടക്കമുള്ള കൂട്ടക്കൊലക്കേസിൽ സിബിഐ അന്വേഷണമുണ്ടായി, വളരെപ്പെട്ടെന്ന് പ്രതിയെയും പിടികൂടി.. പക്ഷേ സേതുരാമയ്യരും ഔസേപ്പച്ചനും തമ്മിലുള്ള മൂന്നാമത്തെ കൂടിക്കാഴ്ചയ്ക്കുള്ള നിയോഗമെന്നോണം വർഷങ്ങൾക്കു ശേഷം ആ കേസ് റീ ഓപ്പൺ ചെയ്യപ്പെട്ടു.. ഔസേപ്പച്ചൻ്റെ ദുസ്വപ്നങ്ങളിലേക്ക് ഡമ്മികൾ വീണ്ടും പറന്നുവന്നു.. ശേഷം കൊലയും കൊള്ളയും എല്ലാം പകൽപോലെ തെളിഞ്ഞു, ..

വ്യാജരേഖ ചമച്ച് മാണിക്കുഞ്ഞിൻ്റെ സ്വത്ത് തട്ടിയെടുത്ത കേസിൽ ഔസേപ്പച്ചനടക്കമുള്ളവർ അകത്താവുകയും ചെയ്തു..
അകത്തായത് കൊണ്ടാണ്.. അല്ലെങ്കിൽ മൈഥിലി കൊലക്കേസിൻ്റെ ‘നേരറിയാനായി’ എത്തിയപ്പോഴും കാലക്കേടെന്നോണം ഔസേപ്പച്ചൻ അയ്യരുടെ മുന്നിൽ ചെന്ന് ചാടിയേനെ..
നിലവിൽ ആൾ ശിക്ഷ കഴിഞ്ഞിറങ്ങി വിശ്രമജിവിതത്തിലാണ് എന്നറിയുന്നു.. പ്രമാദമായ മറ്റൊരു കേസിൻ്റെ അന്വേഷണത്തിനായി സേതുരാമയ്യർ വീണ്ടും കേരളത്തിലെത്തുന്നു എന്നൊരു വാർത്തയും കുറച്ച്‌നാളായിട്ട് കേൾക്കുന്നുണ്ട്.. കണ്ടറിയാം വിധി ഒരിക്കൽക്കൂടെ ഔസേപ്പച്ചനെ അയ്യരുടെ മുന്നിൽ കൊണ്ടു നിർത്തുമോ എന്ന്..
ഏതായാലും ഇക്കാര്യത്തിൽ അതിയാൻ ഇത്തവണ അൽപം ‘ജാഗ്രത’ പുലർത്തേണ്ടിയിരിക്കുന്നു..