Sebastian Xavier
കാസിമും ജോണിയും ഒരു യാത്രയിലാണ്.. ചുമ്മാതൊരു യാത്രയല്ല, അതിനൊരു പ്രത്യേക ഉദ്ദേശ്യവുമുണ്ട്.. കാസിമിൻ്റെ ജാക്കറ്റിലൊളിപ്പിച്ചിട്ടുള്ള സ്വർണ്ണ ബിസ്കറ്റുകൾ ഭദ്രമായി ചെങ്കോട്ടയിലെ അമീർ സാഹിബിന് എത്തിച്ചുകൊടുക്കണം..
കാസിമിൻ്റെയൊരു കണക്കനുസരിച്ച് പന്ത്രണ്ടു ലക്ഷം രൂപയുടെ (1987ലെ കണക്ക്) സ്വർണ്ണമുണ്ട്.. റിസ്കെടുത്തും ജീവൻ പണയംവച്ചും അത് എത്തേണ്ടിടത്ത് എത്തിച്ചാൽ കിട്ടുന്ന കൂലി വെറും പതിനായിരം രൂപ.. പണിയേൽപ്പിച്ച സാഗറിനേം ശേഖരൻ കുട്ടിയേം വെട്ടിച്ച് ഈ സ്വർണ്ണവും കൊണ്ട് മുങ്ങിയാലെന്താ കുഴപ്പം.. കുടെയിരിക്കുന്ന ഈ ജോണിക്ക് പാതി കൊടുത്താലും ആറു ലക്ഷം കയ്യിലിരിക്കും…
കാസിം നൈസായിട്ട് ജോണിയോട് കാര്യമവതരിപ്പിച്ചു.. പക്ഷേ ഉണ്ടചോറിനുള്ള കൂറ് മറക്കാത്ത ജോണിയുടെ മറുപടി ഇപ്രകാരമായിരുന്നു..
“നീ പറയുന്നത് കേട്ടിട്ട് എനിക്ക് പേടിയാവുന്നു.. കാസിം, നമുക്കീ സംസാരം ഇവിടെ വച്ച് നിർത്താം.. ശേഖരൻകുട്ടി പറഞ്ഞ ‘പോലീസിൻ്റെ കൂട്ടുകാരൻ’ ഇനി നീയാണോടാ..”
ജോണിയുടെ വാക്കുകളിലെ അപകടം മണത്ത കാസിം പെട്ടെന്ന് പ്ലേറ്റ് മാറ്റി.. താൻ അവൻ്റെ മനസ്സിലിരിപ്പറിയാൻ ചുമ്മാ ടെസ്റ്റ് ചെയ്തതാണെന്നൊരു കാച്ചും കാച്ചി.. ജോണിയത് വിശ്വസിച്ചോ ആവോ..
ഏതായാലും വിജനമായ ഒരു റോഡിലെത്തിയപ്പോ കാർ പെട്ടെന്ന് നിന്നു.. വീണ്ടും സ്റ്റാർട്ടാക്കാൻ ശ്രമിച്ചിട്ടും നടക്കാതെ വന്നപ്പോ, കാസിം പറഞ്ഞതനുസരിച്ച് കാറിൻ്റെ ബോണറ്റ് തുറന്ന് പരിശോധിക്കുന്ന ജോണി. പിന്നിലൂടെ വന്ന് അയാളെ തലയ്ക്കടിച്ച് വീഴ്ത്തി, ദേഹത്തൂടെ കാർ കയറ്റിയിറക്കി വകവരുത്തിയശേഷം സ്വർണ്ണവും വണ്ടിയുമായി കടന്നു കളയുന്ന കാസിം..
ഇരുപതാം നൂറ്റാണ്ട് എന്ന സിനിമയിൽ കൊല്ലം അജിത്തും, ജയൻ ഗോപിനാഥൻ നായരും അഭിനയിച്ച ഒരു രംഗമാണ്.. മുഖ്യ കഥാപാത്രങ്ങൾ ആരുമില്ലാത്ത, രണ്ട് അപ്രധാന ക്യാരക്ടറുകൾ മാത്രമുള്ള സീനായിട്ടു പോലും ഒരു ഗംഭീര രംഗമായിട്ടാണ് ഇതെനിക്ക് തോന്നിയിട്ടുള്ളത്.. തൊട്ടടുത്ത സീനിൽ കാസിമിനെ സാഗറും ശേഖരൻകുട്ടിയും ലോറൻസും ചേർന്ന് പൊക്കുന്നതും സൂപ്പറാണ്..
ഏതായാലും കുട്ടിക്കാലത്തൊക്കെ ഈ ചിത്രം കാണുമ്പോ ഈ സിനിൽ സാഗറിൻ്റെ വിശ്വസ്തനായ ജോണിയോടൊരു സഹതാപവും ഇഷ്ടവും കാസിമിനോട് ദേഷ്യവും തോന്നീയിട്ടുണ്ട്.. സാഗറിനോട് വിശസ്തതയുള്ള ജോണിയായി അഭിനയിച്ച ജയൻ ഗോപിനാഥൻ നായരെ പിന്നീട് കെ.മധുവിൻ്റെ തന്നെ മൂന്നാം മുറയിലും ജാഗ്രതയിലുമൊക്കെ കണ്ടപ്പോഴും പുള്ളി വിശ്വസ്തതയുടെ ആൾരൂപമായിരുന്നു എന്നത് ശ്രദ്ധേയം.. ഒട്ടേറെ സിനിമകളിൽ വേഷമിട്ടിട്ടുള്ള, ഹോമിയോ ഡോക്ടർ കൂടിയായ ജയൻ മിനിസ്ക്രീൻ പ്രേക്ഷകർക്കും സുപരിചിതനാണ്..
നൂറുകണക്കിന് സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്ത കൊല്ലം അജിത്തിൻ്റെ കഥാപാത്രങ്ങളിൽ ഏറ്റവുമിഷ്ടം നാടോടിക്കാറ്റിലെ അനന്തൻ നമ്പ്യാരുടെ ശിങ്കിടിവേഷം തന്നെ..
ഇരു നടൻമാരുടെയും വിശദമായ m3db പ്രൊഫൈൽ ദാ ഇവിടെ:
https://m3db.com/dr-jayan-gopinathan-nair
https://m3db.com/kollam-ajith