അതുവരെ ഏറെക്കുറെ ഒരു ആഢംബരം എന്ന നിലയിൽ കണ്ടിരുന്ന ടെലിവിഷനെ ജനകീയമാക്കാൻ കഴിഞ്ഞ പരമ്പരകൾ

0
212

Sebastian Xavier

ഇന്ത്യയിലെ ജനപ്രിയ ടെലിവിഷൻ പ്രോഗ്രാമുകളുടെ ചരിത്രത്തിലെ ഒഴിച്ചുകൂടാനാവാത്ത ഏടുകളാണ് സൂപ്പർ മെഗാഹിറ്റ് പരമ്പരകളായ രാമാനന്ദ് സാഗറിന്റെ രാമായൺ സീരീസും, ബി.ആർ.ചോപ്രയുടെ ‘മഹാഭാരത് സീരീസും. അതുവരെ ഏറെക്കുറെ ഒരു ആഢംബരം എന്ന നിലയിൽ കണ്ടിരുന്ന ടെലിവിഷൻ ഇന്ത്യയിലെ സാധാരണക്കാരുടെ ഇടയിൽ ഒരു ജനകീയ മാധ്യമമായി മാറുന്നതിനും, ടി.വി. പ്രോഗ്രാമുകൾക്ക് ആബാലവൃദ്ധം ജനങ്ങൾക്കിടയിൽ വൻപ്രചാരം സിദ്ധിക്കുന്നതിനും വലിയൊരളവുവരെ കാരണമായത് ഈ ഹിന്ദി പരമ്പരകളാണ്. ദൂരദർശന്റെ ചരിത്രത്തെത്തന്നെ ഈ പ്രൊജക്ടുകൾക്ക് മുൻപും പിൻപും എന്നിങ്ങനെ രണ്ടായി വിഭജിക്കാം. പ്രേക്ഷകരുടെ എണ്ണത്തിലുണ്ടായ വൻവർദ്ധനവ് തന്നെയാണ് ഇതിനടിസ്ഥാനം. അതിനുപുറമേ മിനിസ്ക്രീൻ മീഡിയയ്ക്ക് ഇന്ത്യയിൽ വാണിജ്യപരമായും ഒരു മാധ്യമമെന്നനിലയിലും ഉള്ള വൻസാധ്യതകൾ വെളിവാക്കപ്പെടുന്നതിനും ഈ സീരീസുകൾ കാരണമായി.

കളർ ടെലിവിഷനുകളേക്കാൾ ബ്ലാക്ക് ആന്റ് വൈറ്റ് ടി.വി.കൾ വിപണി കയ്യടക്കിയിരുന്ന കാലം. അക്കാലത്ത് പ്രധാന ടി.വി പ്രോഗ്രാമുകൾ കുറച്ച് ഡോക്യുമെന്ററികളും കൃഷി വിജ്ഞാനവും പിന്നെ ഗാന്ധിചരിത്രവും ഗാന്ധിമാർഗ്ഗവുമൊക്കെ സംബന്ധിച്ച പരിപാടികളുമായിരുന്നു. ഇതു കൂടാതെ ആഴ്ചതോറുമുള്ള ചിത്രഹാറും ഹിന്ദി ഫീച്ചർ ഫിലിമും. ദൂരദർശന്റെ അന്നേ വരെയുള്ള പ്രക്ഷേപണചരിത്രം തിരുത്തിക്കൊണ്ട് എപിക് പരമ്പരകൾ സംപ്രേഷണം ചെയ്യാനുള്ള ഇൻഫർമേഷൻ ആന്റ് ബ്രോഡ്കാസ്റ്റിംഗ് മിനിസ്ട്രിതലത്തിലുള്ള തീരുമാനം വരുന്നത് 1985ലാണ്. നിശ്ചയിക്കപ്പെട്ട രണ്ടു പ്രൊജക്ടുകളിൽ, രാമായണം രാമാനന്ദ് സാഗറിനും മഹാഭാരതം BR ചോപ്രയ്ക്കും നൽകപ്പെടുന്നു. രണ്ടു പരമ്പരകളുടെയും പ്രാരംഭജോലികൾ തുടങ്ങിയത് ഏതാണ്ട് ഒരേ സമയത്താണെങ്കിലും ആദ്യം സംപ്രേഷണത്തിനായി തെരഞ്ഞെടുക്കപ്പെട്ടത് രാമായണമാണ്.

ദൂരദർശനിൽ 1987 ജനവരി 25 മുതൽ സംപ്രേഷണം തുടങ്ങിയ രാമായണപരമ്പര വമ്പൻ പ്രേക്ഷക പ്രീതി സമ്പാദിക്കുകയും 78 എപ്പിസോഡുകൾ പൂർത്തിയാക്കി 1988 ജൂലായ് 31ന് അവസാനിക്കുകയും ചെയ്തു. അരുൺ ഗോവിൽ ശ്രീരാമനായും ദീപിക ചിഖാലിയ സീതയായും വേഷമിട്ടപ്പോൾ പ്രശസ്ത ഗുസ്തിതാരം കൂടിയായ ദാരാസിംഗാണ് ഹനുമാനായെത്തിയത്. സിബി മലയിൽ സംവിധാനം ചെയ്ത മുത്താരം കുന്ന് P.O. എന്ന ചിത്രത്തിലൂടെ മലയാള സിനിമാപ്രേക്ഷകർക്കം ഇദ്ദേഹം പരിചിതനാണ്. അരവിന്ദ് ത്രിവേദി രാവണന്റെയും സുനിൽ ലഹ്രി ലക്ഷമണന്റെയും വേഷം അവതരിപ്പിച്ചു. സംഗീതവിഭാഗം കൈകാര്യം ചെയ്തത് രവീന്ദ്രജയിനാണ്. ഞായറാഴ്ചകളിൽ രാവിലെ 9 മണിക്ക് സംപ്രേഷണം ചെയ്തു തുടങ്ങിയ പരമ്പരയ്ക്ക് ലഭിച്ച പേക്ഷകപ്രീതി അതിശയകരമായിരുന്നു. പ്രക്ഷേപണസമയത്ത് ടി വി സെറ്റുകൾക്കു മുന്നിൽ നൂറുകണക്കിനാളുകൾ തടിച്ചുകൂടുന്നത് ഒരു പതിവുകാഴ്ചയായി മാറി.

തുടർന്ന് 1988ലെ ഗാന്ധിജയന്തി ദിനത്തിൽ സംപ്രേഷണം തുടങ്ങിയ മഹാഭാരത് ഇന്ത്യയിലെങ്ങും അതിനേക്കാൾ വലിയ തരംഗം തീർത്ത രണ്ട് വർഷങ്ങളാണ് പിന്നീടുണ്ടായത്. പ്രത്യേകിച്ച് ഹിന്ദി ഭാഷയ്ക്ക് പ്രചാരം കുറവായ തെക്കേഇന്ത്യയിൽ ഈ പരമ്പരയ്ക്ക് കിട്ടിയ Phenomenal response ശ്രദ്ധേയമായിരുന്നു. ഞായറാഴ്ചകളിൽ രാമായൺ സംപ്രേഷണം ചെയ്തിരുന്ന അതേ സമയത്ത് തന്നെയാണ് മഹാഭാരത് സീരീസും ടെലികാസ്റ്റ് ചെയ്യപ്പെട്ടത്. നിർമ്മാതാവായ B R ചോപ്രയുടെ മകൻ രവി ചോപ്രയായിരുന്നു സംവിധാനം നിർവ്വഹിച്ചത്.

Harish Bhimani യുടെ ശബ്ദത്തിൽ സമയ് അഥവാ കാലം മഹാഭാരതകഥ നറേറ്റ് ചെയ്യുന്ന രീതിയിലാണ് ഈ പരമ്പര പുരോഗമിക്കുന്നത്. വ്യാസഭാരതത്തിൽ ശന്തനു മഹാരാജാവിന്റെ കാലം മുതൽക്കുള്ള കഥയാണ് പറഞ്ഞുതുടങ്ങുന്നതെങ്കിൽ, ടി വി യിലെ മഹാഭാരതം അതിനേക്കാൾ തലമുറകൾക്കു മുൻപേയുളള ഭരതചക്രവർത്തിയുടെ കഥയിൽ നിന്നാണ് ആരംഭിച്ചത്. ദുഷ്യന്തന്റെയും ശകുന്തളയുടെയും പുത്രനായ ഭരതചക്രവർത്തി (സാർവ്വദമനൻ) ദ്വിഗ്വിജയം പൂർത്തിയാക്കി ഹസ്തിനപുരിയിലെ രാജധാനിയിൽ തിരിച്ചെത്തുന്നിടത്താണ് മഹാഭാരത് പരമ്പര തുടങ്ങുന്നത്. രാജ് ബബ്ബാറാണ് ഈ കഥാപാത്രമായെത്തിയത്. 94മത് എപ്പിസോഡിൽ ഭീഷ്മരുടെ മരണത്തോടെ ദൂരദർശനിലെ മഹാഭാരതം പൂർണ്ണമാകുന്നു. ടി.വി യിൽ കണ്ട കഥയുടെ ബാക്കി ഉടൻതന്നെ നമ്മുടെ ബാലരമയിൽ പല ലക്കങ്ങളായി പ്രസിദ്ധീകരിച്ചത് ഓർക്കുന്നു. ‘ടിവിയിൽ കാണിക്കാത്ത മഹാഭാരതകഥ’ എന്ന ടാഗ് ലൈനോടെ തന്നെയാണ് ഇത് വന്നത്.

1990 ജൂലൈ 15 നാണ് മഹാഭാരത് പരമ്പര അവസാനിച്ചത്. രാമായൺ സീരീസ് ഭക്തിരസത്തിനാണ് പ്രാധാന്യം കൊടുത്തതെങ്കിൽ മഹാഭാരത് മൂല്യങ്ങൾക്കാണ് പ്രാമുഖ്യം നൽകിയത്. അതത് എപ്പിസോഡിലെ കഥാഭാഗത്തിൽ അന്തർലീനമായ സന്ദേശം അടങ്ങുന്ന ചിന്തോദ്ദീപകമായ ഗാനശകലത്തോടെയാണ് ഓരോ എപ്പിസോഡും അവസാനിച്ചിരുന്നത്. ഓരോ കഥാപാത്രങ്ങളെയും സംബന്ധിച്ച കഥകളും ഉപകഥകളുമെല്ലാം ഉൾപ്പെടുത്തി രൂപപ്പെടുത്തിയ ശിൽപഭദ്രമായ തിരക്കഥ, ലളിതമായ ഭാഷയും അവതരണവും എന്നുവേണ്ട ഇതിലെ ടൈറ്റിൽ സോംഗും, എന്റ് ക്രെഡിറ്റ് സോംഗും വരെ ഈ പ്രോഗ്രാമിനെ ജനപ്രിയമാക്കിയ ഘടകങ്ങളിൽപ്പെടുന്നു. ‘Atha shri mahabharat katha’ എന്ന ടൈറ്റിൽ സോംഗിൽ ഭഗവദ്ഗീതാ സൂക്തങ്ങളും ഉൾപ്പെടുത്തിയിരുന്നു. ടൈറ്റിൽ സോംഗിനേക്കാൾ ജനങ്ങൾ പാടിനടന്നത് ‘Bharat ki yeh kahani ‘ എന്ന എന്റ് ക്രെഡിറ്റ് സോംഗായിരുന്നു. രാജ് കമൽ ആയിരുന്നു മൂസിക് ഡയറക്ടർ. ഈ പരമ്പരയുടെ തിരക്കഥ രചിച്ചത് ഉർദ്ദു സാഹിത്യകാരനായ റാഹി മസൂം റാസ ആയിരുന്നു. പണ്ഡിറ്റ് നരേന്ദ്ര ശർമ്മയോടൊപ്പം ഗാനരചനയിലും അദ്ദേഹം പങ്കാളിയായി. മഹാഭാരതം പോലെയൊരു പരമ്പരയ്ക്ക് ഒരു മുസൽമാൻ തിരക്കഥയും ഗാനങ്ങളും രചിക്കുക എന്നത് അന്ന് ഒരു സാധാരണസംഭവം മാത്രമായിരുന്നു. ഇന്നായിരുന്നെങ്കിൽ അതു വലിയ ചർച്ചകൾക്കും ഒരുപക്ഷേ വിവാദങ്ങൾക്കും വഴിവച്ചേനേ.

ഈ പരമ്പര ഇതിൽ അഭിനയിച്ചവരുടെയെല്ലാം
കരിയറിൽ വലിയ വഴിത്തിരിവുണ്ടാക്കി എന്നത് എടുത്തു പറയേണ്ടതാണ്. പിന്നീട് ‘ഞാൻ ഗന്ധർവ്വനി’ലെ നായകവേഷം ചെയ്ത നിധീഷ് ഭരദ്വാജാണ് ശ്രീകൃഷ്ണനായി അഭിനയിച്ചത്. അർജ്ജുനനായി ഫിറോസ് ഖാനും, ഭീമനായി പ്രവീൺ കുമാറും വേഷമിട്ടപ്പോൾ യുധിഷ്ഠിരനായെത്തിയത് ഗജേന്ദ്ര ചൗഹാനായിരുന്നു. അശ്വിനീപുത്രന്മാരായ നകുല സഹദേവന്മാരുടെ വേഷത്തിലെത്തിയത് സഹോദരങ്ങളായ സഞ്ജീവ് ചിത്രെ, സമീർ ചിത്രെ എന്നിവരായിരുന്നു. ബംഗാളി നടിയായ രൂപ ഗാംഗുലി ദ്രൗപദിയായെത്തിയപ്പോൾ, പങ്കജ് ധീർ കർണ്ണന്റെ വേഷത്തിലെത്തി. പില്ക്കാലത്ത് ശക്തിമാൻ പരമ്പരയിലൂടെ പ്രശസ്തനായ മുകേഷ് ഖന്ന ഭീഷ്മരായി വേഷമിട്ടു. ദുര്യോധനനായി അഭിനയിച്ചത് യോദ്ധ, പിൻഗാമി എന്നീ മലയാള ചിത്രങ്ങളിലെ വില്ലൻവേഷം ചെയ്ത പുനീത് ഇസ്സാർ ആയിരുന്നു. കഥാപാത്രങ്ങളുടെയും അഭിനേതാക്കളുടെയും ലിസ്റ്റ് ഇങ്ങനെ അനന്തമായി നീളുന്നു. ഗജിനി ഫെയിം പ്രദീപ് സിംഗ് റാവത്ത് (അശ്വത്ഥാമാവ്), വില്ലൻ വേഷങ്ങളിലൂടെ മലയാളത്തിലും ശ്രദ്ധേയനായ ശരത് സക്സേന (കീചകൻ), ദുൽഖർ ചിത്രം സെക്കന്റ്ഷോയിലെ വില്ലൻ സുദേശ് ബെറി (വിചിത്രവീര്യൻ) തുടങ്ങിയവരെല്ലാം മഹാഭാരതത്തിലെ അഭിനേതാക്കളിൽപ്പെടുന്നു. മഹാഭാരതം പലരും സിനിമായാക്കാൻ പോകുന്നു എന്നുള്ള സ്ഥിരീകരിക്കപ്പെടാത്ത വാർത്തകളും മറ്റും വന്നു കൊണ്ടിരിക്കുന്ന ഇക്കാലത്ത് ഇപ്പോഴത്തെ നടന്മാരെ കഥാപാത്രങ്ങളാക്കി സങ്കൽപിച്ചു നോക്കുന്നത് കൗതുകകരമായിരിക്കും.
ഈ സീരീസുകൾ പിന്നീട് BBCയടക്കമുള്ള ചാനലുകൾ പല രാജ്യങ്ങളിലും ടെലികാസ്റ്റ് ചെയ്തു. ഒരു കാലഘട്ടത്തിൽ ഇന്ത്യൻ ജനതയുടെ ഞായറാഴ്ചകളിലെ ദിനചര്യകളിൽപ്പോലും വലിയ രീതിയിൽ സ്വാധീനം ചെലുത്തിയ ഈ രണ്ട് പരമ്പരകൾ ഇന്നും ഗൃഹാതുരത്വമുണർത്തിക്കൊണ്ട് പ്രേക്ഷക മനസ്സിലുണ്ട്. പ്രക്ഷേപണസമയത്ത് തെരുവീഥികളെ വിജനമാക്കി മാറ്റിയ ഈ ഇതിഹാസപരമ്പരകളുടെ ഐതിഹാസികവിജയത്തിൽ അന്ന് മിനിസ്ക്രീൻ രംഗത്ത് ദൂരദർശൻ കയ്യാളിയിരുന്ന ഏകാധിപത്യവും ഒരു നിർണ്ണായക ഘടകമായിരുന്നു.