ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഹൃദ്യവും അവിസ്മരണീയവുമായ ആ വിടവാങ്ങലിന് ആറു വയസ്സ്

0
266

Sebastian Xavier

ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഹൃദ്യവും അവിസ്മരണീയവുമായ ആ വിടവാങ്ങലിന് ഇന്ന് ആറു വയസ്സ്.. 2013 നവംബർ 16ന് തന്റെ ഹോം ഗ്രൗണ്ടായ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ സച്ചിൻ നടത്തിയ വികാരനിർഭരമായ വിടവാങ്ങൽ പ്രസംഗം ക്രിക്കറ്റ് പ്രേമികൾക്ക് എങ്ങനെ മറക്കാൻ കഴിയും.. സെഞ്ചുറി നേടുമ്പോഴും പൂജ്യത്തിനു പുറത്താവുമ്പോഴും തന്നെ ഒരേപോലെ സ്നേഹിക്കുകയും പിന്തുണക്കുകയും ചെയ്ത, തനിക്കു വേണ്ടി പ്രാർത്ഥനകളും പൂജകളും വഴിപാടുകളും നടത്തിയ, ഓരോ തവണയും ക്രീസിലേക്കിറങ്ങുമ്പോളും കടലിരമ്പംപോലുള്ള ‘സച്ചിൻ സച്ചിൻ ‘ വിളികളാൽ തന്നെ ഉത്തേജിപ്പിച്ച ഒരു ജനതയോടുള്ള സ്നേഹവും കടപ്പാടും ആ വാക്കുകളിൽ അങ്ങേയറ്റം പ്രകടമായിരുന്നു.. വളർച്ചയുടെ ഓരോ പടവുകളിലും നിർണ്ണായക സ്വാധീനം ചെലുത്തിയ എല്ലാ വ്യക്തിത്വങ്ങളേയും കൃത്യമായി ഓർത്തെടുത്തും അവർക്കോരോരുത്തർക്കും നന്ദി അർപ്പിച്ചുമാണ് ലോകക്രിക്കറ്റിലെ മഹാരഥന്മാരിൽ പ്രഥമഗണനീയനായ നമ്മുടെ സ്വന്തം മാസ്റ്റർബ്ലാസ്റ്റർ കളിക്കളത്തിൽ നിന്ന് വിടപറഞ്ഞത്.. 24 വർഷം ഇന്ത്യൻ ക്രിക്കറ്റിനെ സ്വന്തം തോളിലേറ്റി മുന്നേറിയതിന്റെ ചാരിതാർത്ഥ്യവും, ക്രിക്കറ്റ് മൈതാനത്തോട് ഇനിയും കെട്ടടങ്ങിയിട്ടില്ലാത്ത പ്രണയവുമായി സച്ചിൻ രമേഷ് ടെണ്ടുൽക്കർ എന്ന നാല്പതുകാരൻ ഗ്രൗണ്ടിൽനിന്ന് പുറത്തേക്ക് നടന്നപ്പോൾ വാങ്കഡെയിൽ തിങ്ങിനിറഞ്ഞ പതിനായിരക്കണക്കിന് കാണികളും, ടെലിവിഷനിൽ തൽസമയം കണ്ടുകൊണ്ടിരുന്ന കോടിക്കണക്കിന് പ്രേക്ഷകരും കണ്ണീരണിഞ്ഞു. ക്രിക്കറ്റിനെ മതവും സച്ചിനെ ദൈവവുമായി കണ്ടിരുന്ന ഒരു ജനതയ്ക്ക് ഈ കുറിയ മനുഷ്യൻ എത്രമാത്രം പ്രിയപ്പെട്ടവനായിരുന്നു എന്നത് വരുംതലമുറകൾക്ക് ഉൾക്കൊള്ളാൻ കഴിയുന്നതിനും അപ്പുറമായിരിക്കും..

ബാല്യകാല സ്മരണകളിലൊക്കെ സച്ചിൻ ഒരു നിറസാന്നിദ്ധ്യമായി നിൽക്കുന്നു.. ടിവിയിലെ ക്രിക്കറ്റ് മാച്ചുകളുടെ ആരാധകനാകുന്നതിനു മുൻപേയുളള കുട്ടിക്കാലത്ത്, ബൂസ്റ്റിന്റെ പരസ്യത്തിൽ കപിൽദേവിനൊപ്പം കണ്ട മീശയില്ലാത്ത പയ്യന്റെ പേര് സച്ചിനെന്നാണെന്ന് കൂട്ടുകാർ പറഞ്ഞാണറിഞ്ഞത്. പിന്നീടുള്ള നാളുകളിൽ ഈ പേര് ഇടതടവില്ലാതെ കേട്ടുതുടങ്ങി.. പാടത്തിലെയും പറമ്പിലെയും ക്രിക്കറ്റുകളിയിൽ മടല്ബാറ്റും വിറകുബാറ്റുമൊക്കെയായി ക്രീസിലിറങ്ങുന്ന കുട്ടിബാറ്റ്സ്മാൻമാർ സച്ചിൻ നാമധാരികളായി സ്വയം അവരോധിച്ചു. 96 ലോകകപ്പിന് ശേഷമാണ് സച്ചിന്റെ ബാറ്റിൽ MRF എന്ന് കണ്ടു തുടങ്ങുന്നത്. അത് നാടൊട്ടുക്കും ട്രെൻറായി മാറിയത് വളരെപ്പെട്ടെന്നാണ്.. വരഞ്ഞും, കോറിയും, ഒട്ടിച്ചും, എഴുതിയുമെല്ലാം ബാറ്റുകളിൽ MRF എന്ന മൂന്നക്ഷങ്ങൾ രേഖപ്പെടുത്തപ്പെട്ടു.. അതിപ്പോ മടലിലായാലും തടിയിലായാലും വിറകിലായാലും ശരി, MRF മുദ്രയ്ക്ക് ISI മാർക്കിനേക്കാൾ ഡിമാന്റായി..
പ്രൈമറി ക്ലാസ്സുകളിൽ പഠിക്കുമ്പോൾ ഞങ്ങളിൽ പലരുടെയും നോട്ട്ബുക്കുകളുടെ കവർപേജിൽ പ്രിന്റ് ചെയ്തിരുന്നത് സച്ചിന്റെ പടമായിരുന്നു.. ബ്രൗൺ പേപ്പറിന്റെ പുറംചട്ടകൊണ്ട് പ്രിയപ്പെട്ട ലിറ്റിൽ മാസ്റ്ററുടെ ചിത്രം മറയ്ക്കാൻ ഞങ്ങളാരും ഒരുമ്പെട്ടില്ല.. സെക്കന്റ്ഷോയ്ക്ക് പോകുന്ന ശീലം തുടങ്ങുന്നതിനു മുൻപ്, ആദ്യമായി ഞാൻ പാതിരായ്ക്കുശേഷവും ഉറക്കമിളച്ച് ഇരുന്നത് 1998ലെ വേനലവധിക്കാലത്തെ ഒരു രാത്രിയിലായിരുന്നു എന്ന് ഓർക്കുന്നു. ഓസ്ട്രേലിയയ്ക്കെതിരേ ഷാർജാ കപ്പിലെ സച്ചിന്റെ ഐതിഹാസികമായ Sandstorm Innings കാണുന്നതിനായിരുന്നു അത്.. ആദ്യമായി തൊഴിലുടമയുടെ ശകാരവർഷം ഞാൻ കേൾക്കാനിടയായത് 2010-ൽ നാഗ്പൂരിൽ സച്ചിൻ ഏകദിന ചരിത്രത്തിലെ ആദ്യ ഇരട്ടസെഞ്ചുറി കുറിച്ച ആ വൈകുന്നേരമായിരുന്നു. സ്വന്തം ഡ്യൂട്ടി മറന്ന് ഒരു ടിവി ഷോറൂമിനു മുന്നിൽ ഒരു മണിക്കൂറിലധികം ഒറ്റനിൽപ്പ് നിന്നതിന്..
കളിക്കളത്തിലെ മാന്യത വ്യക്തി ജീവിതത്തിലും കാത്തു സൂക്ഷിച്ചു കൊണ്ട്, ക്രിക്കറ്റിനെ മാത്രം ഉപാസിച്ച്, യാതൊരു വിവാദങ്ങൾക്കും അപവാദങ്ങൾക്കും ഇടം നൽകാതെ Well focused ആയി 24 വർഷം ഇന്ത്യൻ ക്രിക്കറ്റിന്റെ നെടുന്തൂണായി നിലനിൽക്കാൻ ഈ ചെറിയ ‘വലിയ’ മനുഷ്യനു കഴിഞ്ഞു. ഓരോ ക്രിക്കറ്റ് പ്രേമിയും ഹൃദയത്തോട് ചേർത്തുവച്ച എത്രയെത്ര ഇന്നിംഗ്സുകൾ, എത്രയെത്ര അവിസ്മരണീയ മുഹൂർത്തങ്ങൾ.. 99ൽ ചെന്നെയിലെ ഇന്ത്യാ പാക്ക് ടെസ്റ്റിൽ പുറംവേദനയെ വകവയ്ക്കാതെ 136 റൺസടിച്ച് ടീമിനെ വിജയത്തിന്റെ വക്കോളമെത്തിച്ചിട്ടും പരാജയം രുചിച്ചതും, 2003 ലോകകപ്പ് ഫൈനലിലെ പരാജയത്തിനുശേഷം പ്ലെയർ ഓഫ് ദ ടൂർണമെന്റിനുള്ള ട്രോഫി ഏറ്റുവാങ്ങി മ്ലാനവദനനായി നിൽക്കുന്നതുമെല്ലാം നോവുള്ള ഓർമ്മകളായി അവശേഷിക്കുന്നു. 98ലെ ഷാർജാകപ്പിൽ കംഗാരുക്കളുടെ പേസ്പടയോടും ഷെയ്ൻവോണിനോടും, മരുഭൂമിയിൽ വീശിയടിച്ച മണൽക്കാറ്റിനോടും ഒറ്റയ്ക്ക് നിന്ന് പൊരുതി ടീമിനെ ഫൈനലിലെത്തിച്ച മാസ്മരിക ഇന്നിംഗ്സും, അതേ വർഷം ഷാർജയിൽത്തന്നെ ഹെൻറി ഒലോംഗയോട് കണക്കുതീർത്തതും, കൊച്ചിയിൽ ഏകദിനത്തിൽ രണ്ടു തവണ 5 വിക്കറ്റുകൾ കൊയ്തതുമടക്കം ആവേശമുണർത്തുന്ന ഓർമ്മകൾ എത്രയെത്ര.. തന്റെ പിതാവിന്റെ മരണാനന്തരചടങ്ങുകൾ പൂർത്തിയാക്കിയശേഷം ഉടൻതന്നെ ലോകകപ്പ് സ്ക്വാഡിൽ തിരിച്ചെത്തി തൊട്ടടുത്ത മാച്ചിൽ ബ്രിസ്റ്റളിൽ കെനിയയ്ക്കെതിരേ സെഞ്ചുറി തികച്ച ശേഷം ആകാശത്തിന്റെ അനന്തതയിലേക്ക് കണ്ണുകളുയർത്തി നിൽക്കുന്ന സച്ചിന്റെ ദൃശ്യം മറക്കാനാവില്ല.
സച്ചിനൊപ്പം ഓരോ ഇന്ത്യൻ ക്രിക്കറ്റ് ആരാധകനും മനസ്സിൽ താലോലിച്ചിരുന്ന ഒരു സ്വപ്നം ഒടുവിൽ 2011 ഏപ്രിൽ 2 ന് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ യാഥാർത്ഥ്യമാവുകയായിരുന്നു. മാസ്റ്റർ ബ്ലാസ്റ്ററുടെ ടീമിന് ഒരു ലോകകിരീടം..! ടീമിലെ യുവതാരങ്ങൾ തങ്ങളുടെ പ്രിയപ്പെട്ട ‘സച്ചിൻപാജി’യെ തോളിലേറ്റി സ്റ്റേഡിയം വലംവച്ചു.. ലിറ്റിൽ മാസ്റ്ററുടെ മുഖത്തും ആഹ്ലാദത്തിന്റെ വേലിയേറ്റം.. തന്റെ ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ നിമിഷമെന്നാണ് സച്ചിൻ ഇതിനെ വിശേഷിപ്പിച്ചത്.. സ്വപ്നസാക്ഷാൽക്കാരത്തിന്റെ അനർഘനിമിഷങ്ങൾ ക്രിക്കറ്റിനെ സ്നേഹിക്കുന്ന ഓരോ ഇന്ത്യക്കാരനും ഉത്സവംപോലെ കൊണ്ടാടി…
2012 ൽ സെഞ്ചുറികളിൽ സെഞ്ചുറി തികച്ച് ചരിത്രമെഴുതിയ സച്ചിൻ ആ ഡിസംബറിൽത്തന്നെ എകദിന ക്രിക്കറ്റ് കരിയറിന് വിരാമമിട്ടു.. തൊട്ടടുത്ത വർഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് പൂർണ്ണമായും വിടപറയുമ്പോഴും പ്രതിഭയും ഫിറ്റ്നസ്സും കൈമോശം വന്നിരുന്നില്ല എന്നതാണ് സത്യം. വാങ്കഡെയിലെ അവസാന ഇന്നിംഗ്സിൽപ്പോലും അദ്ദേഹം അത് തെളിയിച്ചതാണ്. വെസ്റ്റിൻറീസുമായി നാട്ടിൽ നടക്കുന്ന രണ്ടു ടെസ്റ്റുകളുടെ പരമ്പരയ്ക്കു ശേഷം താൻ വിരമിക്കുന്നുവെന്ന് സച്ചിൻ മുൻകൂട്ടി പ്രഖ്യാപിച്ചതിനെത്തുടർന്ന് ഇതിഹാസതാരത്തിന് ഹോം ഗ്രൗണ്ടിൽ ഉചിതമായ വിടവാങ്ങലൊരുക്കാൻ BCCI ആദ്യ ടെസ്റ്റ് കൊൽക്കത്തയിലും രണ്ടാമത്തേത് മുംബൈയിലുമാക്കി ക്രമീകരിക്കുകയായിരുന്നു .. രണ്ടു ടെസ്റ്റുകളിലും ഇന്നിംഗ്സ് വിജയങ്ങൾ നേടി പരമ്പര തൂത്തുവാരിക്കൊണ്ട് ടീംഇന്ത്യ തങ്ങളുടെ മാസ്റ്റർ ബ്ലാസ്റ്റർക്ക് ഗംഭീര യാത്രയയപ്പ് നൽകി.. നവംബർ 13ന് ആരംഭിച്ച രണ്ടാം ടെസ്റ്റിൽ ടീമിന്റെ ഒന്നാമിന്നിംഗ്സിൽ തകർപ്പൻ ഫോമിലായിരുന്നു സച്ചിൻ.. അവസാന ടെസ്റ്റിൽ സെഞ്ചുറി പ്രതീക്ഷിച്ച ആരാധകരെ നിരാശരാക്കിക്കൊണ്ട് 74 റൺസിൽ പുറത്താകുമ്പോൾ, ചരിത്രത്തിലാദ്യമായി സച്ചിന്റെ വിക്കറ്റ് വീഴ്ച ആഘോഷിക്കാത്ത ഒരു എതിർടീമിനെ നമ്മൾ കണ്ടു.. സച്ചിൻ ടെണ്ടുൽക്കർ പുറത്തായ ശേഷം ബാക്കി ഇന്ത്യൻ വിക്കറ്റുകളെല്ലാം തുരുതുരാ വീഴുന്നതിനായി ഒരു ശരാശരി ഇന്ത്യൻ ക്രിക്കറ്റ് ഫാൻ ആദ്യമായി ആഗ്രഹിച്ചത് അന്നായിരിക്കും.. രണ്ടാമിന്നിംഗ്‌സിൽ ആ ബാറ്റിംഗ് ഒരിക്കൽ കൂടി കാണുന്നതിനു വേണ്ടി മാത്രം.. പക്ഷേ പൂജാരയുടെയും, രോഹിത് ശർമയുടെയും സെഞ്ചുറികളും, തുടർന്ന് വിൻഡീസിന്റെ രണ്ടാമിന്നിംഗ്സിലെ ദയനീയ ബാറ്റിംഗും ആ പ്രതീക്ഷയും ഇല്ലാതാക്കി.. ലിറ്റിൽ മാസ്റ്റർക്ക് വീണ്ടും പാഡ് അണിയേണ്ടി വന്നില്ല.. രണ്ടര ദിവസം കൊണ്ടു തന്നെ ടീംഇന്ത്യ ഇന്നിംഗ്സ് വിജയം നേടി രാജകീയമായിത്തന്നെ സച്ചിന് വിടനൽകി..
സച്ചിനോളമോ അതിനെക്കാളോ കേമന്മാരായ കളിക്കാർ ഇനിയുമുണ്ടായേക്കാം.. റെക്കോഡുകളൊക്കെ തകർക്കപ്പെട്ടേക്കാം.. എന്നാൽ നൂറുകോടി ജനതയുടെ അനുഗ്രഹാശിസ്സുകൾ ശിരസ്സിലും, അവരുടെ പ്രതീക്ഷകളുടെ ഭാരം മുഴുവൻ ചുമലിലും ഏറ്റുവാങ്ങിക്കൊണ്ട് പവിലിയനിൽ നിന്ന് മൈതാനത്തേക്കിറങ്ങുന്ന മറ്റൊരാളെ സങ്കല്പിക്കാൻ വയ്യ.. ഒരു കളിക്കാരനോടുള്ള ആരാധനയ്ക്കപ്പുറം ഇന്ത്യയൊട്ടാകെ നിറഞ്ഞു നിന്ന ഒരു വികാരമായും, ദേശീയതയുടെ പ്രതീകമായും വരെ മാറാൻ അയാൾക്കു കഴിഞ്ഞു എന്നത് വിസ്മയകരമായ യാഥാർത്ഥ്യമാണ്… സച്ചിൻ ഔട്ടായാൽ ടിവി ഓഫാക്കുന്ന സ്ഥിതിയിൽ നിന്ന് ഇന്ത്യൻ ക്രിക്കറ്റ് ഒരുപാടു വളർന്നു കഴിഞ്ഞെങ്കിൽ, ആ വളർച്ചയുടെ ഏറ്റവും വലിയ പ്രേരകശക്തിയും ‘സച്ചിൻ ഇഫക്ട്’ തന്നെയാണ്..
അതേ, സച്ചിനു തുല്യം സച്ചിൻ മാത്രം.. അന്നും ഇന്നും എന്നും..