വാക്സിനു പണം ഈടാക്കിയാൽ ഉണ്ടാകുന്ന ദുരന്തം എന്തെന്ന് അറിയാമോ ?

174

Sebin A Jacob എഴുതുന്നു:

“ഒരു നാനൂറു രൂപയൊക്കെ മുടക്കാൻ വയ്യാത്ത മനുഷ്യനുണ്ടോ? കൂലിപ്പണിക്കു പോയാലും ദിവസം 1200 രൂപയൊക്കെ കൂലി കിട്ടില്ലേ? എന്തിനാ ഇങ്ങനെ വാക്സിൻ സൗജന്യമായി നൽകുന്നത്?”

  1. ഒരാൾ വാക്സിൻ സ്വീകരിക്കുന്നത് അയാൾക്കു വേണ്ടി മാത്രമല്ല. അയാളുടെ ചുറ്റുമുള്ളവരുടെ സുരക്ഷ കൂടി ഉറപ്പാക്കാനാണ്. അങ്ങനെ കൂടുതൽ പേർ ചിന്തിച്ചാൽ മാത്രമേ നമുക്ക് ഈ മഹാമാരിയെ അതിജീവിക്കാനാവൂ. തങ്ങളുടെ ജീവൻ രക്ഷിക്കുന്നതോടൊപ്പം തങ്ങൾ മൂലം മറ്റൊരാൾക്കും അസുഖം വരാൻ ഇടയാകരുത് എന്ന ചിന്തയോടെ വാക്സിനെ സമീപിക്കുന്ന മനുഷ്യർക്ക് പണം കൊടുത്താലേ വാക്സിൻ കിട്ടൂ എന്നാണെങ്കിൽ എന്നാ ശരി ചേട്ടാ, ഞാൻ പിന്നെ വരാം എന്നു പറഞ്ഞു പോയീന്നുവരാം. വാക്സിന്റെ വില സൗജന്യമാക്കുന്നത് ഇൻസന്റിവൈസിങ് ആണ് എന്നു സാരം.

  2. 1200 രൂപയൊക്കെ ദിവസം കിട്ടുന്നത് സ്കിൽഡ് ലേബറിനാണ്. അൺസ്കിൽഡ് ലേബറിന് അത്രയൊന്നും ഇപ്പോഴും കിട്ടില്ല. ഇനി കിട്ടുകയാണെങ്കിൽ തന്നെ ശമ്പളം വാങ്ങി പണി ചെയ്യുന്നവരെ പോലെ മാസം 26 ഡ്യൂട്ടിയും 4-5 ഒഴിവുദിനങ്ങളും എന്ന മോഡിലല്ല, അവർ പണിയെടുക്കുന്നത്. എല്ലാ ദിവസവും പണി കിട്ടുക എന്നൊന്നുണ്ടാവില്ല. ദിവസവും കിട്ടിയാലും ഓഫീസ് ജോലി പോലെ അത്ര സുഗമമായി ദിവസവും ചെയ്യാനാവുന്നതാവില്ല, കായികാധ്വാനം ആവശ്യമുള്ളതരം ജോലികൾ. ഒരാഴ്ചത്തെ വരുമാനത്തിൽ നിന്ന് 400 രൂപ മാറ്റിവയ്ക്കുക എന്നാൽ വലിയ ബുദ്ധിമുട്ടുതന്നെയാവും. ഒരു വീട്ടിൽ രണ്ടു മുതിർന്നവർ മാത്രമേ ഉള്ളൂ എങ്കിൽ പോലും രണ്ടു ഡോസുകൾക്കു വീതം 1600 രൂപ വേണ്ടിവരും. ആളെണ്ണം കൂടുന്തോറും ഈ ചെലവും കൂടും.

  3. വാക്സിനേഷൻ സാർവ്വത്രികമാകാത്തിടത്തോളം അതുകൊണ്ട് മെച്ചമുണ്ടാവില്ല. ഇത് കുട്ടനാട്ടിൽ ചിറ കെട്ടുന്നതുപോലെയാണ്. സമുദ്രനിരപ്പിനു താഴെയാണ് വേമ്പനാട്ട് കായൽനിലങ്ങളിലെ കൃഷി. ചിറ എവിടെയെങ്കിലും ബലം കുറഞ്ഞാൽ അവിടെക്കൂടെ കൃഷിയിടത്തേക്ക് വെള്ളം അലച്ചുകയറും. നന്നായി ബണ്ട് കെട്ടിയെന്ന് ആശ്വസിച്ചിരുന്ന മറ്റു കൃഷിക്കാരടക്കം തങ്ങളുടെ വിളവ് വെള്ളം കൊണ്ടുപോകുന്നത് നോക്കിയിരിക്കേണ്ടിവരും. അതുകൊണ്ട് ഫോർട്ടിഫൈ ചെയ്യുകയെന്നാൽ പൂർണ്ണമായി നല്ല ബലവത്തായ ഫോർട്ടിഫിക്കേഷൻ തന്നെയാണുണ്ടാവേണ്ടത്. വെട്ടിമുറിച്ച കോട്ടകളല്ല. സാർവ്വത്രികമായ വാക്സിനേഷൻ ഉറപ്പാക്കേണ്ടത് ഭരണകൂടബാധ്യതയാണ്.

  4. വാക്സിൻ എല്ലാവരും സ്വീകരിക്കുന്നതാണ് ഭരണകൂടത്തിനു ലാഭം. കാരണം അതു ചികിത്സാച്ചെലവും ചികിത്സാസംവിധാനത്തിനു മേലെയുള്ള അമിതമായ സമ്മർദവും കുറയ്ക്കും. അങ്ങനെ എല്ലാവരും വാക്സിൻ സ്വീകരിക്കണമെങ്കിൽ അതു സൗജന്യമായി തന്നെ അഡ്മിനിസ്റ്റർ ചെയ്യേണ്ടിവരും. മിഷൻ ക്രിട്ടിക്കലായ ഹോസ്പിറ്റൽ റിസോഴ്സസ് ധാരാളമായി നിർമ്മിച്ചു പരിപാലിക്കുന്നതാണോ അതോ ജനങ്ങളെ സൗജന്യമായി വാക്സിനേറ്റ് ചെയ്യുന്നതാണോ ചെലവു കുറഞ്ഞ മാർഗ്ഗം എന്നാലോചിക്കുക.