ഐ.വി ശശി പുരസ്‌കാര ദാന ചടങ്ങിൽ നിന്നുള്ള ചില കാഴ്ചകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സംസാരവിഷയം. ഐ.വി ശശിയുടെ ഭാര്യ സീമ പങ്കെടുത്ത ചടങ്ങിൽ മഞ്ജുവാര്യർ, അന്നബെൻ, മിയ എന്നീ അഭിനേത്രികളും പങ്കെടുത്തിരുന്നു. സീമ മഞ്ജുവാര്യരെ ചേർത്തുപിടിച്ചു ഉമ്മ കൊടുക്കുന്ന ദൃശ്യങ്ങൾ മഞ്ജുവിന്റെ ആരാധകർക്കും ആഹ്‌ളാദം നൽകുന്നുണ്ട്. പുതിയ തലമുറയിലെ നടിമാരെ കുറിച്ച് സംസാരിക്കവെ മഞ്ജുവിനെ ചേർത്ത് പിടിച്ചു ‘എനിക്ക് മഞ്ജുട്ടിയെ ഭയങ്കര ഇഷ്ടമാണ്’ എന്ന് സീമ പറഞ്ഞു. അന്ന ബെന്നിനെയും മിയയെയും അനുഗ്രഹിക്കാനും സീമ മറന്നില്ല.
“ശശിയേട്ടൻ ഭരണിയിലാ..” എന്ന ഡയലോഗ് ആണ് സീമച്ചേച്ചിയെ എപ്പോൾ കണ്ടാലും ഓര്മവരുന്നതെന്ന് മഞ്ജുവാര്യർ നാടോടിക്കറ്റിലെ പ്രശസ്തമായ ഡയലോഗ് ഓർത്തുകൊണ്ട് പറഞ്ഞു. അതിൽ സീമ ശ്രീനിവാസനോട് പറയുന്ന ഡയലോഗ് ആണ് അത്. പ്രേക്ഷകർക്കിഷ്ടപ്പെടുന്ന രസക്കൂട്ടുകൾ നിറഞ്ഞ ഒരു മന്ത്രികഭരണി ശശിയേട്ടന്റെ മനസ്സിലുണ്ടായിരുന്നു എന്ന് തോന്നാറുണ്ടെന്നു മഞ്ജു പറഞ്ഞു.
അന്തരിച്ച സംവിധായകൻ ഐ.വി. ശശിയുടെ സ്‌മരണാർഥം ‘ഫസ്‌റ്റ് ക്ളാപ്പ്’ സാംസ്‌കാരിക സംഘടന സംഘടിപ്പിച്ച ‘ഉൽസവം’ പുരസ്‌കാരനിശയിൽ പങ്കെടുക്കാൻ ആണ് സീമയും താരങ്ങളും എല്ലാം എത്തിയത്. ഐവി ശശിയുടെ ആദ്യ സിനിമയായ ‘ഉത്സവം’ ആണ് പ്രോഗ്രാമിന്റെ പേരായി സംഘാടകർ നൽകിയത്. ഐവി ശശിയുടെ ശിഷ്യനായിരുന്ന ഷാജൂണ്‍ കാര്യാല്‍, എം പത്‌മകുമാര്‍, ജോമോന്‍ എന്നിവരായിരുന്നു പുരസ്‌കാര നിർണയത്തിന്റെ മുഖ്യ രക്ഷാധികാരികൾ.