മനുഷ്യൻ മന:സാക്ഷിയില്ലാത്തവനാവുമ്പോൾ

85

ഫിറോസ് കുന്നംപറമ്പലിന് സൈമൺ ബ്രിട്ടോയുടെ ഭാര്യ സീനാ ഭാസ്കറിന്റെ മറുപടി ..

മനുഷ്യൻ മന:സാക്ഷിയില്ലാത്തവനാവുമ്പോൾ…

നന്മ നിറഞ്ഞ സമൂഹ മനസുകളെ ചൂഷണം ചെയ്ത് അവരുടെ രക്തമൂറ്റിക്കിടക്കുന്ന അട്ടകളെ കുറിച്ച് സംസാരിക്കേണ്ടി വന്നതിൽ എനിക്ക് ലജ്ജ തോന്നുന്നു. ഭൂമിയിലെ പെറ്റ വയറുകളെ ചോദ്യം ചെയ്യുന്ന ചില പാരസൈറ്റുകൾ ക്യാൻസറിനേക്കാൾ മാരകമായി വളർന്നു കഴിഞ്ഞ സാഹചര്യത്തിൽ അവരോട് പ്രതികരിക്കാൻ തക്കതായ ഭാഷയില്ലെന്ന ദുഃഖവും. എങ്കിലും മാന്യമായി പറയുന്നു ഏതോ ഒരു ഫിറോസ് ചാരിറ്റിയുടെ മറവിൽ മരണവുമായി മല്ലടിക്കുന്ന വ്യക്തികളേയും കുടുംബങ്ങളേയും അവരുടെ ഇല്ലായ്മ തനിയ്ക്കനുകൂലമാക്കി മാറ്റി അതിൽ നിന്നും ഭൂരിഭാഗവും കൈക്കലാക്കി ശരീരം വിയർപ്പിക്കാതെ സമൂഹത്തിലെ “മാന്യന്മാരായി ” നടക്കുന്നയാളോട് ജസ്റ്റിസ് കമാൽ പാഷ ഒരു ചാനൽ പരിപാടിയിൽ ചോദിച്ച ചോദ്യം ആവർത്തിക്കുന്നില്ല. നിയമവും നീതിയുമറിയാത്ത ഈ ജന്മങ്ങളെ താങ്ങുന്ന ഭൂമിയോട് ക്ഷമ ചോദിക്കുന്നു.

കേവലം 20 വയസ് മാത്രം പ്രായമുള്ള ഒരു കുട്ടി, അവൻ്റെ വിശന്നവയറിനെ മുറുകെ കെട്ടിവരിഞ്ഞ് പഠനം കഴിഞ്ഞ സന്ധ്യകളിൽ തട്ടുകടയിൽ പാത്രം കഴുകി പ്രതിഫലമായി കിട്ടുന്ന ആഹാരം തനിയ്ക്കൊപ്പം വിശന്നിരിക്കുന്നവർക്ക് നൽകിയും, സമൂഹത്തിൻ്റെ നന്മ മാത്രം ലക്ഷ്യമാക്കി ഇല്ലായ്മകളിൽ നിന്നും ഉയിർത്തെഴുന്നേൽക്കാൻ വിദ്യാഭ്യാസമാണ് ഏക മാർഗ്ഗമെന്ന് കണ്ട് പഠിയ്ക്കുകയും , ഒപ്പം അവനാൽ കഴിയുന്ന സൽപ്രവർത്തികൾ എല്ലാവരിലുമെത്താനായി കോളേജിലെ NSS ൽ ചേരുകയും ,സമ്പന്നൻ്റെ അഴുക്കുചാലുകളായ ചേരികളടക്കം വൃത്തിയാക്കുന്ന പ്രവർത്തികളിലേർപ്പെടുകയും ചെയ്തു വന്ന ഒരു വിദ്യാർത്ഥി. താനടക്കമുള്ള വിദ്യാർത്ഥി സമൂഹത്തിൻ്റെ അവകാശങ്ങൾ നേടുന്നതിനായി തൻ്റെ ഗ്രാമത്തിലും താൻ പഠിക്കുന്ന നഗരഹൃദയ കോളേജിലും സ്റ്റുഡൻ്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയിൽ ചേർന്ന് പ്രവർത്തിച്ച അവൻ്റെ സംഭാവനകൾ എന്തെന്ന് ചോദ്യം ചെയ്യുന്ന സെപ്റ്റിക് ടാങ്കിനകത്തു പോലും കിടക്കാൻ യോഗ്യതയില്ലാത്ത ഫിറോസ് എന്ന ജീവിയും അഭിമന്യുവിനെ വകവരുത്തിയവരും ഒന്നാണെന്ന് സമൂഹം തിരിച്ചറിഞ്ഞു കഴിഞ്ഞു.

ഇനിയെങ്കിലും നന്മ മരമെന്ന വ്യാജേന സുമനസുകളായ മനുഷ്യരുടെ രക്തമൂറ്റിയെടുത്ത് വിലപിടിപ്പുള്ള വാഹനങ്ങൾ സ്വന്തമാക്കിയവനേ, ചരിത്രത്തിൻ്റെ തീക്കനലിൽ നീ ഭസ്മീകരിക്കുമെന്നതിൽ സംശയമില്ല. കെട്ട കാലത്തിൻ്റെ കെട്ട സന്തതിയായ ഇവൻ്റെയൊക്കെ വാക്കും പ്രവർത്തിയും തിരിച്ചറിഞ്ഞ് സമൂഹത്തിൽ നിന്നും കൊറോണയെ അകറ്റുന്നതിനേക്കാൾ പരശ്ശതംഘാതം ദൂരെ മാറ്റി നിർത്തണമെന്നപേക്ഷ..രക്തസാക്ഷിത്വത്തിൻ്റെ വേദനയും വേർപാടുമറിയുന്നവർ നിനക്കുചിതമായി മറുപടി നൽകുമെന്ന് പ്രതീക്ഷിക്കുന്നു…