സ്വന്തം കുഞ്ഞിനെ കൊല്ലുക അഥവാ ഫിലിസൈഡ്

733

Seena Devaki എഴുതുന്നു 

ഇന്നു കാലത്ത് ജോലിസ്ഥലത്തു ചെന്നപ്പോൾ എന്നെ എതിരേറ്റത് ഒരമ്മ പതിന്നാലും പതിമൂന്നും വയസ്സുള്ള സ്വന്തം ആണ്മക്കളെ കൊലപ്പെടുത്തി എന്ന വാർത്തയാണ്‌, (എന്നെ പരിചയമില്ലാത്തവരുടെ അറിവിനായി പറയട്ടെ, ഞാനൊരു ചൈൽഡ് ആൻഡ് അഡോളെസെന്റ് സൈക്ക്യാട്രിസ്റ്റാണ്‌). രണ്ടു കുട്ടികളും എന്റെ ടീമിന്‌ അറിയുന്നവരായിരുന്നു, രണ്ടുപേരും ADHDയ്ക്ക് എന്റെ സഹഡോക്ടറുടെ

Seena Devaki.

നിരീക്ഷണത്തിലുമായിരുന്നു. അവരെ അമ്മയോടൊപ്പം ഒടുവിൽ കാണുന്നത് കഴിഞ്ഞ ചൊവ്വാഴ്ചയാണ്‌, മൂന്നു ദിവസം കഴിഞ്ഞ് രണ്ടു പേരും കൊല്ലപ്പെടുകയും ചെയ്തു. ചൊവ്വാഴ്ചത്തെ റിവ്യൂവിൽ ആ അമ്മയുടെ മനസ്സിൽ ഇങ്ങനെയൊരു കൃത്യം ചെയ്യാനുള്ള ആലോചന നടക്കുന്നതിന്റെ യാതൊരു സൂചനയും കണ്ടിരുന്നില്ല.

വിഷം കൊടുത്തിട്ടാണ്‌ കൊല നടത്തിയതെന്നും തന്റെ ആറു മക്കൾക്കും (ഏഴു മാസം മുതൽ പതിന്നാലു വയസ്സു വരെയുള്ളവർ) അവർ വിഷം കൊടുത്തുവെന്നും അവരുടെ സഹോദരനാണ്‌ ഇതിനു സഹായിയായി നിന്നതെന്നും പിന്നീട് ആളുകൾ പറഞ്ഞുകേട്ടു. എന്തിനു വേണ്ടിയാണ്‌ അവർ ഇതു ചെയ്തതെന്ന് ഇനിയും വെളിപ്പെട്ടിട്ടില്ല. പോലീസിന്‌ മറ്റാരെയും സംശയമില്ല; അവർ രണ്ടു പേരും ഇപ്പോൾ കസ്റ്റഡിയിലുമാണ്‌.

വിശകലനത്തിനു വഴങ്ങാത്ത ഒരു കുറ്റകൃത്യമാണ്‌ Filicide (സ്വന്തം കുഞ്ഞിനെ കൊല്ലുക). ചരിത്രത്തിന്റെ തുടക്കത്തിലേയുണ്ട് ഈ ശിശുവധവും. പുരാതന ഗ്രീക്കോ-റോമൻ കാലത്ത് അച്ഛൻ തന്റെ കുട്ടിയെ കൊല്ലുന്നത് അനുവദനീയമായിരുന്നു, അതിനയാൾക്ക് നിയമനടപടി നേരിടേണ്ടിയും വന്നിരുന്നില്ല.

ഇതിനേറ്റവും പ്രശസ്തവും ഒപ്പം ഏറ്റവും പ്രാചീനവുമായ ഉദാഹരണമാണ്‌ മീഡിയയുടെ കഥ; പരസ്ത്രീബന്ധമുള്ള സ്വന്തം ഭർത്താവിനെ ശിക്ഷിക്കാനായി അവർ സ്വന്തം മക്കളെ കൊല്ലുകയായിരുന്നു. “നിങ്ങളുടെ പുത്രന്മാരിതാ മരിച്ചുകിടക്കുന്നു. നിങ്ങളുടെ നെഞ്ചിലതാഴ്ന്നിറങ്ങും.”

സ്നോ വൈറ്റും, ഹാൻസെലും ഗ്രീറ്റലും പോലെ കുട്ടികൾക്കു വായിക്കാനുള്ള ചില യക്ഷിക്കഥകൾ പോലും ഈ സ്വഭാവത്തിലുള്ളതാണ്‌. അവയിലും അച്ഛനമ്മമാർ (ശരിക്കുള്ളവരല്ലെങ്കിലും) മക്കളുടെ ശല്യം തീർക്കാനായി അവരെ പുറംലോകത്തു കൊണ്ടുതള്ളുകയാണല്ലോ.

നാം പലപ്പോഴും filicideനെ കാണുന്നത് ദുഷ്ടനായ ഒരു വ്യക്തിയുടെ പ്രവൃത്തിയായിട്ടാണ്‌; താരതമ്യേന സാധാരണജീവിതം നയിക്കുന്ന ഒരു വ്യക്തിയും ഒരു ദുഷ്ടപ്രവൃത്തി ചെയ്യാം എന്നതാണ്‌ സത്യം.

Filicideന്‌ പ്രധാനമായും അഞ്ച് പ്രേരണകളാണുള്ളതെന്ന് സൈക്ക്യാട്രി പ്രൊഫസ്സർ ഫിലിപ്പ് റെസ്‌നിക്ക് 2016ലെ ഒരു പ്രബന്ധത്തിൽ പറയുന്നുണ്ട്. 1. സൈക്കോസിന്റെ മൂർദ്ധന്യത്തിൽ മതിഭ്രമങ്ങൾക്കടിപ്പെട്ടുപോകുന്ന വ്യക്തി എന്തു കാരണം കൊണ്ടെന്നറിയാതെ കൊല നടത്തുന്നു. 2. കുട്ടിയോടുള്ള ക്രുരമായ പെരുമാറ്റം ഒടുവിൽ അതിന്റെ മരണത്തിനു കാരണമാവുക; ഇവിടെ കുട്ടി മരിക്കണമെന്ന പ്രത്യക്ഷമായ ഉദ്ദേശ്യം അച്ഛന്‌/അമ്മയ്ക്ക് ഉണ്ടാവണമെന്നില്ല. 3. കുട്ടിയെ അതനുഭവിക്കുന്ന വേദനയിൽ നിന്നു മോചിപ്പിക്കാനായി, അതിനോടുള്ള സ്നേഹം കൊണ്ടു ചെയ്യുന്ന കൊല; ഇത് Altruistic Filicide. 3. കുട്ടി അനാവശ്യമാണെന്ന തോന്നൽ കൊണ്ട് അതിനെ കൊല്ലുക. 5. ഒരാൾ തന്റെ ഭാര്യയെ/ഭർത്താവിനെ വേദനിപ്പിക്കാനായി സ്വന്തം കുഞ്ഞിനെ കൊല്ലുക; ഇത് Spousal revenge filicide.

ഷെഫീൽഡിൽ ഈ ആഴ്ചയൊടുവിൽ നടന്ന ഈ സംഭവം എന്നെ ഓർമ്മിപ്പിച്ചത് 2016ലെ ആൻഡ്രിയ യേറ്റ്സ് കൊലപാതകങ്ങളെയാണ്‌. ആൻഡ്രിയ ആറു മാസം മുതൽ ഏഴു വയസ്സു വരെ പ്രായമുള്ള തന്റെ അഞ്ചു കുഞ്ഞുങ്ങളെ വീട്ടിലെ ബാത്ടബ്ബിൽ മുക്കിക്കൊല്ലുകയായിരുന്നു. ആൻഡ്രിയ ഡിപ്രഷന്റെയും സൈക്കോസിസിന്റെയും ലക്ഷണങ്ങൾ കാണിച്ചിരുന്നു; പ്രസവാനന്തരമുള്ള സമയത്ത് അത് കടുക്കുകയും ചെയ്തിരുന്നു. താനൊരു നല്ല അമ്മയല്ലെന്നും തന്റെ ന്യൂനതകൾ കാരണം അവർ നല്ല കുട്ടികളായി വളരില്ലെന്നുമുള്ള ഉത്ക്കണ്ഠ തനിക്കുണ്ടായിരുന്നതായി ആൻഡ്രിയ തന്റെ മൊഴിയിൽ പറഞ്ഞിരുന്നു. നിത്യശപ്തമായ ഒരു ജിവിതത്തിൽ നിന്ന് അവരെ രക്ഷിക്കാനായിട്ടാണ്‌ ആ അമ്മ തന്റെ കുഞ്ഞുങ്ങളെ കൊന്നത്!

Filicideനെക്കുറിച്ച് R.J.Parker എഴുതിയ പുസ്തകത്തിൽ നിന്നൊരു ഭാഗം ഉദ്ധരിച്ചുകൊണ്ട് ഞാൻ അവസാനിപ്പിക്കട്ടെ: “കോപം എന്നത് ഒരു വ്യക്തിയുടെ ചിന്ത യുക്തിയുക്തമല്ലാതെ വരുമ്പോൾ സംഭവിക്കുന്ന ഒരു മാനസികാവസ്ഥയാണെനു വരാം. താൻ സ്നേഹിക്കേണ്ടതെന്തിനെയാണെന്ന്, പരിരക്ഷിക്കേണ്ടതെന്തിനെയാണെന്ന്, തന്റെ കടമയെന്താണെന്ന് അയാൾ മറന്നുപോകുന്നു. അയാളുടെ മനസ്സിൽ ഒരാഗ്രഹമേയുള്ളു: നശിപ്പിക്കുക. കോപാധിക്യത്തിൽ മനുഷ്യൻ തനിക്കു ചുറ്റുമുള്ളതെന്തിനേയും നശിപ്പിക്കും.”

29th May 2019