ആഷ്‌വർത്തിലെ രോഗി

350

Seena Devaki 

ആഷ്‌വർത്തിലെ രോഗി

1999. ഞാനന്ന് ഫോറൻസിക് സൈക്ക്യാട്രിയിൽ പോസ്റ്റിംഗായി ആഷ്‌വർത്തിലാണ്‌; അപകടകാരികളായ മാനസികരോഗികളെ പ്രവേശിപ്പിക്കുന്ന ഇംഗ്ലണ്ടിലെ മൂന്ന് അതിസുരക്ഷാഹോസ്പിറ്റലുകളിൽ ഒന്നാണ്‌ ആഷ്‌വർത്ത്. എന്നാൽ ആഷ്‌വർത്തിനെ കൂടുതൽ ആളുകൾക്കും പരിചയം അതിന്റെ ഇരട്ടപ്പേരിലൂടെയായിരുന്നു: “ബ്രേഡിയുടെ ഹോസ്പിറ്റൽ.” മൂർസ് കൊലപാതകികളിൽ ഒരാളായ ഇയാൻ ബ്രേഡിയെ പാർപ്പിച്ചിരിക്കുന്നത് അവിടെയാണ്‌. അഞ്ചു കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിനു ശേഷം കൊല ചെയ്തതിന്‌ Whole Life Order (പൂർണ്ണജീവപര്യന്തം) ശിക്ഷിക്കപ്പെട്ടയാളാണ്‌ ഈ ബ്രേഡി. അങ്ങനെയൊരാൾക്ക് പരോൾ കിട്ടാനേ പോകുന്നില്ല എന്നറിയാമല്ലോ.

ആഷ്‌വർത്തിലെ അന്തേവാസികളിൽ ഏറ്റവും അപകടകാരിയായിരുന്നില്ല, ബ്രേഡി, എന്നാൽ അവരിൽ ഏറ്റവും പ്രസിദ്ധൻ (ഒന്നുകൂടി കൃത്യമായിപ്പറഞ്ഞാൽ, കുപ്രസിദ്ധൻ) അയാളായിരുന്നു.

ബ്രേഡിയേയും മൈറ ഹിൻഡ്ലീയേയും (അയാളുടെ കാമുകിയും കൂട്ടുപ്രതിയും) അറസ്റ്റ് ചെയ്ത് ഒരു മാസമാവുമ്പോഴേക്കും ഇംഗ്ലണ്ടിൽ വധശിക്ഷയ്ക്കു നിരോധനം വന്നു. 1966ൽ ശിക്ഷ വിധിക്കുമ്പോൾ അവർക്കു കൊലക്കയറിൽ നിന്നൂരിപ്പോരാൻ പറ്റിയത് അതുകൊണ്ടാണ്‌.

ഒരു കുറ്റകൃത്യത്തെ വിലയിരുത്തുമ്പോൾ കോടതി തനിക്കു മുന്നിൽ വന്നിട്ടുള്ള തെളിവുകൾ പരിശോധിച്ച് കുറ്റവാളി ഏതു തരക്കാരനാണെന്നു തീരുമാനിക്കുന്നു; സാധാരണഭാഷയിൽ പറഞ്ഞാൽ, ‘ചീത്ത’ കുറ്റവാളികളെ ജയിലിലേക്കും ‘ഭ്രാന്തൻ’ കുറ്റവാളികളെ അതിസുരക്ഷാ ആശുപത്രികളിലേക്കുമാണ്‌ വിടുക. മൈറയെ ‘ചീത്ത’ വിഭാഗത്തിൽ പെടുത്തി ജയിലിലേക്കാണയച്ചത്; ബ്രേഡിയെ ‘ഭ്രാന്ത’നെന്നു വിധിച്ച് ആഷ്‌വർത്ത് ആശുപത്രിയിലേക്കും വിട്ടു. (ആശുപത്രിയിലേക്കു രക്ഷപ്പെടാനായി താൻ മാനസികരോഗിയായി അഭിനയിക്കുകയായിരുന്നു എന്ന് ബ്രേഡി പിന്നീട് അവകാശപ്പെട്ടിരുന്നു; നാമതിന്റെ വിശദാംശങ്ങളിലേക്കൊന്നും പോകുന്നില്ല; എന്തിനു വെറുതേ നമ്മുടെ കഥയെ സങ്കീർണ്ണമാക്കണം?)

അങ്ങനെ, ആഷ്‌വർത്തിലെ എന്റെ സേവനകാലത്താണ്‌ ഞങ്ങളുടെ, ബ്രേഡിയുടേയും എന്റെയും, പാതകൾ കൂട്ടിമുട്ടുന്നത്.

ആശുപത്രിയിൽ ബ്രേഡി ഏകാന്തത്തടവിലായിരുന്നു; അതയാൾ സ്വമേധയാ വരിച്ചതുമാണ്‌. അയാൾ ജർമ്മൻ പഠിക്കുന്നുണ്ടെന്നും ഞാൻ കേട്ടു. അയാളും മൈറയും നിരന്തരമായി കത്തുകളെഴുതിയിരുന്നു; തങ്ങൾ ശരിക്കും ഭർത്താവും ഭാര്യയുമാണെന്നും അതിനാൽ മൈറയ്ക്ക് തന്നെ ആശുപത്രിയിൽ വന്നു കാണാൻ അവകാശമുണ്ടെന്നും പറഞ്ഞ് അയാൾ കാമ്പൈൻ തന്നെ തുടങ്ങിയതാണ്‌; എന്നാൽ അതുകൊണ്ടു ഫലമില്ലെന്നു വന്നപ്പോൾ അയാൾ നിരാഹാരസമരം തുടങ്ങി.

ബ്രേഡിയ്ക്ക് ആശുപത്രിയിൽ ചില പ്രിവിലേജുകളുണ്ടെന്ന് എല്ലാവർക്കും അറിയാമായിരുന്നു. ഏതു വലിയ ഗ്രൂപ്പിലുമുണ്ടാവും, ‘വല്യേട്ടന്മാ’രുടെ ഒരു ചെറിയ ഗ്രൂപ്പ്. ഭരിക്കുന്നവരേയും ഭരിക്കാൻ അധികാരം കിട്ടിയ ചില വ്യക്തികൾ. എന്തും കുത്തിപ്പൊക്കി ബഹളമുണ്ടാക്കുന്നതിൽ വിദഗ്ധനായിരുന്നു ബ്രേഡി; മറ്റന്തേവാസികൾ നിസ്സാരമെന്നു കരുതി വിട്ടുകളയുന്ന പലതിനേക്കുറിച്ചും പരാതി എഴുതി മേലോട്ടയക്കാൻ അയാൾക്കൊരു മടിയുമില്ലായിരുന്നു. അധികൃതരെ വട്ടം കറക്കി തന്റെ ഇംഗിതം സാധിച്ചെടുക്കാൻ അയാളാർജ്ജിച്ച കഴിവിനെ സ്തുതിക്കുകതന്നെ വേണം.

‘സൈലൻസ് ഓഫ് ദ് ലാംബ്സി’ലെ ക്ലാരിസ് സ്റ്റാർലിംഗിന്റേതിൽ നിന്നു തികച്ചും വ്യത്യസ്തമായിരുന്നു ആഷ്‌വർത്തിൽ എന്റെ റോൾ. എമെർജൻസി ഡ്യൂട്ടിക്കിട്ട ഒരു ജൂനിയർ ഡോക്ടറായ നിലയ്ക്ക് ബ്രേഡിയുടെ വൈറ്റൽ പരാമീറ്ററുകൾ -പൾസ്, ബിപി, ശ്വാസോച്ഛ്വാസത്തിന്റെ തോത്- കൃത്യസമയം ഇടവിട്ടെടുക്കേണ്ട ഭാരം എനിക്കായിരുന്നു.

ബ്രേഡിയുടെ മുന്നിലിരിക്കുക എന്നത് ഞരമ്പു തളർത്തുന്ന അനുഭവമായിരുന്നു എന്ന് അതിശയോക്തി ഇല്ലാതെതന്നെ പറയട്ടെ. ജനാലച്ചില്ലുകൾ കറുപ്പിച്ച ഒരു സെല്ലിൽ കറുത്ത കണ്ണടയും ധരിച്ചിരിക്കുകയാണ്‌ ബ്രേഡി. ആഷ്‌വർത്തിലെ അന്തേവാസികളിൽ കറുത്ത കണ്ണട വച്ചതായി അയാളെ മാത്രമേ ഞാൻ കണ്ടിട്ടുള്ളു. അയാളുടെ കണ്ണുകൾ കാണാൻ പറ്റില്ല. കണ്ണുകൾ ആത്മാവിന്റെ ദർപ്പണങ്ങളാണെന്നോ മറ്റോ ഒരു ചൊല്ലില്ലേ? ബ്രേഡിയുടെ ആന്തരലോകം എനിക്ക് അനഭിഗമ്യമായിരുന്നു, ഞാനാവട്ടെ, അയാളുടെ സൂക്ഷ്മനിരീക്ഷണത്തിനു തുറന്നുകിടക്കുകയുമായിരുന്നു. തീർച്ചയായും ഞാൻ തുടങ്ങും മുമ്പേ അയാളെന്നെ പഠിച്ചുകഴിഞ്ഞിട്ടുണ്ടാവും.

ബ്രേഡിയുടെ കേസ്ഫയൽ തയാറാക്കിക്കൊണ്ട് ഞാൻ നേഴ്സുമാരുടെ മുറിയിലിരിക്കുമ്പോൾ നേഴ്സുമാർ വന്ന് അയാളെക്കുറിച്ചുള്ള ഓരോരോ കഥകൾ പറയും- ബ്രേഡി മുറിയിലേക്കു വന്നാൽ നായ്ക്കൾ വാലും ചുരുട്ടി മേശയുടേയും മറ്റും അടിയിൽ പോയി ഒളിക്കുമെന്ന്, ബ്രേഡിയുടെ സാന്നിദ്ധ്യത്തിൽ റൂം ടെമ്പറേച്ചർ ഒരു ഐസ്ബോക്സിലേതുപോലെ താഴുമെന്ന്, ബ്രേഡിയോടു സംസാരിക്കുന്നത് ചെസ്സ് കളിക്കുന്നതുപോലെയാണെന്ന്; നമ്മുടെ നീക്കങ്ങൾ അയാൾ മുൻകൂട്ടി കാണുമത്രെ. ബ്രേഡിയെപ്പോലിത്ര ഭയം ജനിപ്പിക്കുന്ന ഒരു കൊലയാളിയെ തങ്ങൾ കണ്ടിട്ടില്ലെന്നും ബ്രേഡിയാണ്‌ ഏറ്റവും കൂടുതൽ കാലം അവിടെ അന്തേവാസിയായിട്ടുള്ളതെന്നും അയാളോടു മുഴുത്ത പ്രേമം പ്രകടിപ്പിച്ചുകൊണ്ടും അയാളുടെ സന്തതികൾക്കമ്മയാകാനുള്ള ആഗ്രഹം തുറന്നുപറഞ്ഞുകൊണ്ടും എത്രയോ കത്തുകൾ ബ്രേഡിക്കു വന്നിട്ടുണ്ടെന്നുമൊക്കെ കഥകൾ പലതായിരുന്നു.

ഞാൻ ആഷ്‌വർത്തിലുള്ളപ്പോൾ അയാൾ തുടങ്ങിയ നിരാഹാരസമരം 2017 മേയിൽ അയാൾ മരിക്കുന്നതിനു കുറച്ചു മാസങ്ങൾ മുമ്പു വരെ 19 കൊല്ലം നീണ്ടുനിന്നു. അയാളുടെ നിരാഹാരം വെറുമൊരു തട്ടിപ്പായിരുന്നുവെന്നും അയാൾ ടോസ്റ്റ് കഴിക്കുന്നത് പലതവണ കണ്ടുപിടിക്കപ്പെട്ടിരുന്നുവെന്നും അവിടെ നിന്നു പോന്നതിനു ശേഷം ചില റിപ്പോർട്ടുകളിൽ ഞാൻ വായിച്ചിരുന്നു. തന്നെയുമല്ല, അത്രയും കാലം അയാളുടെ മൂക്കിൽ ഫീഡിംഗ് ട്യൂബും ഉണ്ടായിരുന്നല്ലോ.

മൂർ കൊലപാതകങ്ങളെക്കുറിച്ചുള്ള പല പുസ്തകങ്ങളും സൂചിപ്പിക്കുന്നത് മൈറയ്ക്ക് അവളുടെ കാമുകനോട് ഭയവും ഭക്തിയും കലർന്ന ഒരാരാധനയായിരുന്നുവെന്നാണ്‌. മൈറ പില്ക്കാലത്ത് ഇങ്ങനെ പറയുകയുണ്ടായി: “ബ്രേഡിയെ കണ്ട് മാസങ്ങൾക്കുള്ളിൽ അയാളെന്നെ വിശ്വസിപ്പിച്ചു, ദൈവം എന്നൊരാളില്ലെന്ന്. ഭൂമി പരന്നതാണെന്നും ചന്ദ്രൻ ചീസു കൊണ്ടുണ്ടാക്കിയതാണെന്നും സൂര്യൻ പടിഞ്ഞാറാണുദിക്കുന്നതെന്നും അയാൾ പറഞ്ഞിരുന്നെങ്കിൽ അതും ഞാൻ വിശ്വസിക്കുമായിരുന്നു.”

ചുരുക്കിപ്പറയാം: സ്വർഗ്ഗത്തിലേക്കല്ലെങ്കിൽ നരകത്തിലേക്കു നമുക്കു കൈകോർത്തു പോകാം (ഷേക്സ്പിയർ). ചുരുങ്ങിയ കാലത്തിനുള്ളിൽ മൈറ തന്റെ തല അയാൾക്കടിയറവച്ചു. അവൾ നിരീശ്വരവാദിയായി, അയാൾ ഉപദേശിച്ചുകൊടുത്ത മോറൽ റിലേറ്റിവിസത്തിന്റെ അനുയായിയുമായി. ശരിയും തെറ്റുമൊക്കെ മനുഷ്യമനസ്സിന്റെ സൃഷ്ടികളാണ്‌. വൈകാതെ അവളും അയാളെപ്പോലെ നാസികളുടെ ആരാധകനുമായി. അവിടെ നിന്ന് മാർക്വിസ് ഡി സാദെയിലെത്താൻ ചില ചുവടുകൾ വച്ചാൽ മതിയായിരുന്നു. മൂല്യങ്ങളിൽ യഥാർത്ഥമായത് ശാരീരികാനന്ദം മാത്രമാണെന്നും മറ്റു സദാചാരമൂല്യങ്ങളൊക്കെ പാവപ്പെട്ടവരെ എന്നും അങ്ങനെതന്നെയിരുത്താൻ ഭരണവർഗ്ഗം തട്ടിക്കൂട്ടിയെടുത്തതാണെന്നുമാണല്ലോ ഡി സാദെയുടെ അടിസ്ഥാനപാഠങ്ങൾ. പ്രകൃതിക്ക് ധാർമ്മികമൂല്യങ്ങളില്ല, നന്മതിന്മകളില്ല; അത് വേദനയോ സുഖമോ തരുന്നത്, സന്തോഷമോ ദുരിതമോ നല്കുന്നത്, മരണമോ ആനന്ദമൂർച്ഛയോ വരുത്തുന്നത് തീർത്തും ഉദാസീനമായിട്ടാണ്‌. എങ്കിൽ ഒരു വ്യക്തിക്കും എന്തുകൊണ്ട് പ്രകൃതിയെ ഉദാഹരണമാക്കിക്കൂടാ, അന്യരെ അതെങ്ങനെയാണു ബാധിക്കുക എന്ന ചിന്തയില്ലാതെ സ്വന്തം സുഖാന്വേഷണത്തിനു വേണ്ടതു ചെയ്തുകൂടാ?

കൊല, പലതവണ ചെയ്തുകഴിഞ്ഞാൽ പിന്നെ അതിന്റെ നിഗൂഢത നഷ്ടപ്പെടുന്നു, അതിന്റെ ധാർമ്മികമാനങ്ങൾ ഇല്ലാതാവുന്നു, അതിനെ വിലക്കാൻ യാതൊന്നുമില്ലെന്ന മട്ടാവുന്നു. അതൊരു ശീലമോ നായാട്ടു പോലെ രസകരമോ ചിലപ്പോൾ അപകടകരമോ ആയ ഒരു വിനോദം മാത്രമാവുന്നു.

ഒരു സ്നേഹിതനെഴുതിയ കത്തിൽ ബ്രേഡി തന്റെ അടിസ്ഥാനലക്ഷ്യം ഇങ്ങനെ വിവരിക്കുന്നുണ്ട്: “ഭൂരിപക്ഷത്തെ ശ്വാസം മുട്ടിക്കുന്ന മടുപ്പിക്കുന്നതും അംഗീകൃതവുമായ യാഥാർത്ഥ്യങ്ങളെ കൈവിടുക, അതിനുമപ്പുറത്തുള്ളതെന്തായാലും അതിനെ കൈക്കൊള്ളുകയോ നേരിടുകയോ ചെയ്യുക. അകലേയ്ക്കും ആഴത്തിലേക്കും കാണാനുള്ള ഒരു സിദ്ധി എനിക്കു പണ്ടേ ഉണ്ടായിരുന്നു, അതിനു കഴിയാത്തവരെ എനിക്കു പുച്ഛവുമായിരുന്നു. അന്യർ എന്നെ ഒരു ചെളിക്കുണ്ടിലേക്കു വലിച്ചുതാഴ്ത്തുകയാണെന്ന ഒരു പ്രതീതി എനിക്കു പലപ്പോഴും ഉണ്ടായിരുന്നു; എന്നാൽ അവരെ കുടഞ്ഞുകളയുന്നതിൽ ഞാനൊരിക്കലും പരാജയപ്പെട്ടിരുന്നുമില്ല. എനിക്കുള്ളിൽ ഒരു സ്രഷ്ടാവുണ്ടെന്നും ഒരു വിപുലസാകല്യത്തിനിണങ്ങും മട്ട് ആത്മാവിനെ ഉയർത്തി എന്നെ മോചിപ്പിക്കാൻ സമയം കാത്തുകഴിയുകയാണവനെന്നുമായിരുന്നു എന്റെ ബോദ്ധ്യം. ഒരു കടലിന്‌, ഒരു പുല്മൈതാനത്തിനെതിർനില്ക്കുമ്പോൾ, അല്ലെങ്കിൽ ഒരു മലമുടിയിൽ നില്ക്കുമ്പോൾ അജ്ഞാതവും അദൃശ്യവുമായ സാന്നിദ്ധ്യങ്ങൾ നിങ്ങൾക്കു കാതിൽ വീഴും. അവിടെയുണ്ടവയെന്നും കൈ നീട്ടിയാൽ തൊടാവുന്ന ദൂരത്താണവയെന്നും ഒരു ഗൂഢഭാഷയാണവ സംസാരിക്കുന്നതെന്നും നിങ്ങൾക്കു തോന്നുന്നു; അവയെ കൈയേല്ക്കുമ്പോൾ ഒരു ശക്തി നിങ്ങൾക്കുള്ളിൽ പതഞ്ഞുയരുന്നതു നിങ്ങളറിയുന്നു. ഇതിൽ മതപരമായ ജല്പനങ്ങൾ ഒന്നുമില്ല; ഊർജ്ജത്തിന്റെയും ശക്തിയുടേയും ആദിമമായ ഒരിരച്ചുകേറ്റം മാത്രം. നിങ്ങളപ്പോൾ ആനന്ദാതിരേകത്താൽ ചിരിക്കുകയോ കൃതജ്ഞതയാൽ കരയുകയോ ചെയ്യുന്നു.“

മിസ്റ്റിക്കൽ എന്നു വ്യാഖ്യാനിക്കാവുന്ന ഈ വാക്കുകൾ വരുന്നത് ഇനിയൊരു വീണ്ടെടുപ്പില്ലാത്ത ഒരു ദുഷ്ടമനസ്സിൽ നിന്നാണ്‌!