“അമിതാഭ് ബച്ചൻ ഒരു സൂപ്പർ ഇന്റെർനാഷണൽ ഗാംഗ്സ്റ്റർ ആണ്‌. അയാളെന്നെ കൊല്ലാൻ നടക്കുകയാണ്‌. അയാളുടെ ഗുണ്ടകൾ എന്നെ തട്ടിക്കൊണ്ടുപോയി”

315
 സീന ദേവകി
1976ൽ ടൈം മാഗസിന്റെ ഏഷ്യൻ എഡിഷന്റെ കവറിൽ വരുന്ന ആദ്യത്തെ ഇൻഡ്യൻ സിനിമാതാരമായതോടെ പർവീൺ ബാബി ചരിത്രം കുറിക്കുകയായിരുന്നു. 1970കളിലെയും 80കളിലെയും ഗ്ലാമറസ് സെക്സ് സിംബലായിരുന്നു സീനത്ത് അമനോടൊപ്പം പർവീൺ ബാബി – സ്ക്രീനിൽ ആണിനൊപ്പം കുടിക്കാനും വലിക്കാനും മടിയില്ലാത്ത, ഇംഗ്ലീഷ് ചുവയിൽ സംസാരിക്കുന്ന, വെസ്റ്റേണൈസ്ഡ് ഹീറോയിൻ. ഒരു ബോളിവുഡ് നായികയിൽ നിന്നു നിങ്ങൾ പ്രതീക്ഷിക്കുന്ന സ്റ്റീരിയോടൈപ്പുകളുടെയൊക്കെ നേരെതിരായിരുന്നു പർവീൺ ബാബി.
ബിഗ് ബി-യോടൊപ്പം പതിനഞ്ചു ഹിന്ദി സിനിമകളിൽ അഭിനയിച്ചുവെന്നത് ബോളിവുഡ് ഇൻഡസ്ട്രിയിൽ പർവീൺ ബാബിയുടെ സ്ഥാനം അന്നെന്തുമാത്രമായിരുന്നു എന്നതിന്റെ തെളിവാണ്‌. ബാബിയുടെ ആദ്യത്തെ ഹിറ്റ് 1974ൽ ബച്ചന്റെ നായികയായി വന്ന ‘മജ്ബൂർ’ ആയിരുന്നു. അടുത്ത കൊല്ലം ‘ദീവാർ’ വന്നതോടെ അവരുടെ താരപദവി ഉറപ്പിക്കപ്പെട്ടു. ബച്ചനുമായി ഒരു പ്രേമബന്ധമുണ്ടായിരുന്നു എന്ന തരത്തിലുള്ള വാർത്തകളും അന്നു പറന്നുനടപ്പുണ്ടായിരുന്നു.
സംവിധായകൻ മഹേഷ് ഭട്ട് പർവീണിനു വേണ്ടി തന്റെ ഭാര്യയെ ഉപേക്ഷിച്ചുവെന്നാണ്‌ പറയപ്പെടുന്നത്. ഭട്ടിന്റെയും പർവീണിന്റെയും ബന്ധം ഒരു ഫെയറിടെയിൽ റൊമാൻസ് ആയിരുന്നു; എന്നാൽ 1979ൽ ഒരു വൈകുന്നേരം (പർവീണിന്‌ അന്ന് 30 വയസ്സായിട്ടുണ്ടാവും) അവരുടെ ഫ്ലാറ്റിലെത്തിയ ഭട്ട് കാണുന്നത് ഒരു കത്തിയും കൈയിൽ പിടിച്ച് ഒരു മൂലയ്ക്കു ചുരുണ്ടുകൂടിയിരിക്കുന്ന പർവീണിനെയാണ്‌. “അവർ നമ്മുടെ പിന്നാലെ വരികയാണ്‌, ശ്‌ശ്, മിണ്ടരുത്, ഈ മുറിയിലൊക്കെ മൈക്ക് ഒളിപ്പിച്ചുവച്ചിട്ടുണ്ട്…അവരെന്നെ കൊല്ലാൻ നോക്കുകയാണ്‌, ആ ഷാൻഡ്ലിർ എന്റെ തലയിലിട്ട് എന്നെ കൊല്ലും, വേഗം കതകടയ്ക്ക്, മഹേഷ്,” അവർ പിറുപിറുക്കുന്നുണ്ടായിരുന്നു. ഫാനിലോ പെർഫ്യൂമിലോ ഒക്കെ മൈക്ക് ഒളിപ്പിച്ചുവച്ചിട്ടുണ്ടെന്ന് അവർക്കെപ്പോഴും സംശയമായിരുന്നു. മറ്റൊരു സംഭവം ഭട്ട് ഓർക്കുന്നുണ്ട്: രണ്ടു പേരും കൂടി കാറിൽ പോകുമ്പോൾ അതിൽ ബോംബ് വച്ചിട്ടുണ്ടെന്നു പറഞ്ഞ് ഓടുന്ന കാറിന്റെ ഡോർ തുറന്ന് അവർ റോഡിലേക്കു ചാടുകയായിരുന്നു.
തന്നെ കൊല്ലാൻ ഗൂഢാലോചന നടത്തുന്നതായി പർവീൺ ആരോപിച്ചവരിൽ ബോളിവുഡ് സിനിമയിലെ പ്രമാണിമാർക്കൊപ്പം വിദേശികളായ വിശിഷ്ടവ്യക്തികളുമുണ്ടായിരുന്നു: അമിതാഭ് ബച്ചൻ, ബിൽ ക്ലിന്റൺ, റോബർട്ട് റെഡ്ഫോർഡ്, പ്രിൻസ് ചാൾസ്; ഇവരെക്കൂടാതെ, യു.എസ്, ബ്രിട്ടീഷ്, ഫ്രഞ്ച് ഗവണ്മെന്റുകൾ, റോമൻ കാത്തലിക് ചർച്ച്, സി.ഐ.എ! ഇവർക്കൊക്കെയെതിരെ കോടതിയിൽ പെറ്റിഷൻ നല്കിയെങ്കിലും സ്വാഭാവികമായും അതെല്ലാം തള്ളിപ്പോയി; കാരണം തെളിവായി അവർക്കു നല്കാനുണ്ടായിരുന്നത് ഒരു നോട്ട്പാഡിലെ അർത്ഥശൂന്യമായ കുത്തിക്കുറിക്കലുകൾ മാത്രമായിരുന്നു. 1989ൽ ഒരു ഫിലിം മാഗസിനു നല്കിയ ഇന്റർവ്യൂവിൽ അവർ പറഞ്ഞു: “അമിതാഭ് ബച്ചൻ ഒരു സൂപ്പർ ഇന്റെർനാഷണൽ ഗാംഗ്സ്റ്റർ ആണ്‌. അയാളെന്നെ കൊല്ലാൻ നടക്കുകയാണ്‌. അയാളുടെ ഗുണ്ടകൾ എന്നെ തട്ടിക്കൊണ്ടുപോയി ഒരു ദ്വീപിൽ വച്ചിരിക്കുകയായിരുന്നു; അവിടെ വച്ച് അവരെന്റെ ചെവിക്കു തൊട്ടു താഴെ ഒരു ട്രാൻസ്മിറ്റർ/ചിപ്പ്/ഇലക്ട്രോണിക് ബഗ് ഓപ്പറേറ്റു ചെയ്തുവച്ചു.“
പർവീണിന്റെ രോഗം പാരനോയ്ഡ് സ്കിസൊഫ്രീനിയ ആണെന്ന് ഡോക്ടർമാർ കണ്ടെത്തി. മരുന്നുകളുടെ സൈഡ് എഫെക്റ്റ് കാരണം ചീർത്തുതടിച്ച്, കണ്ടാലറിയാതെയായ പർവീണിന്റെ ഫോട്ടോകൾ കൗമാരകാലത്തു കണ്ടത് എനിക്കോർമ്മയുണ്ട്. അവരെ അങ്ങനെ കണ്ടപ്പോൾ എനിക്കു വല്ലാത്ത വിഷമം തോന്നിയെന്നും ഞാനോർക്കുന്നു.
സ്കിസോഫ്രീനിയ ഒറ്റത്തരമല്ല എന്നറിയാമല്ലോ. It is a heterogenous entity. യാഥാർത്ഥ്യവുമായി ബന്ധം മുറിഞ്ഞുപോകുന്ന അവസ്ഥയാണ്‌ സൈക്കോസിസ്. മതിഭ്രമങ്ങളും മായാദർശനങ്ങളുമാണ്‌ അതിന്റെ മുഖമുദ്രകൾ. ആളുകൾ കരുതുമ്പോലെ സ്കിസോഫ്രീനിയയും മൾട്ടിപ്പിൾ പേഴ്സണാലിറ്റി ഡിസോഡർ അല്ലെങ്കിൽ സ്പ്ലിറ്റ് പേഴ്സണാലിറ്റിയും ഒന്നല്ല. സ്കിസോഫ്രീനിയ ബാധിച്ച മനസ്സ് വിഭക്തമല്ല, അത് പാടേ ഉടഞ്ഞതാണ്‌.
പർവീണിന്റെ കാര്യത്തിൽ കണ്ടപോലെ, സ്കിസോഫ്രീനിയ ഇന്ന തരക്കാരെയേ ബാധിക്കൂ എന്നില്ല; സാമൂഹ്യമോ സാമ്പത്തികമോ ആയ തലങ്ങൾ അതിനു ബാധകമല്ല. താരപ്പകിട്ടിന്റെ ഔന്നത്യത്തിൽ നില്ക്കുമ്പോഴാണ്‌ പർവീൺ പെട്ടെന്നൊരു ദിവസം അപ്രത്യക്ഷയാവുന്നത്; പിന്നെ മരണം വരെ ഒറ്റപ്പെട്ടൊരു ജീവിതമായിരുന്നു അവരുടേത്. മരണത്തിലും അവർ ഒറ്റയ്ക്കായിരുന്നു; വാതില്ക്കൽ പത്രങ്ങൾ കൂടിക്കിടക്കുന്നതായും പാല്ക്കുപ്പികൾ എടുക്കാതെ വച്ചിരിക്കുന്നതായും അയല്ക്കാർ നല്കിയ വിവരമനുസരിച്ച് ഫ്ലാറ്റ് തുറന്നുനോക്കുമ്പോൾ അവർ മരിച്ച് മൂന്നു ദിവസം കഴിഞ്ഞിരുന്നു.
ഏതു തരം മനോരോഗവും ദാരുണമാണ്‌. ഒരു ദുഃസ്വപ്നം കണ്ടു നാം ഉണരാറുണ്ട്; എന്നാൽ വർഷങ്ങൾ നീണ്ടുനില്ക്കുന്ന ദുഃസ്വപ്നങ്ങളെക്കുറിച്ചൊന്നാലോചിച്ചുനോക്കൂ- മരണമല്ലാതെ രക്ഷാമാർഗ്ഗമില്ലാത്ത ദുഃസ്വപ്നങ്ങൾ!
Source/Reference: Google