Seena Devaki
അതെ, അതു തന്നെയാണ് അവൾക്കേറ്റവും യോജിക്കുന്ന പേര്- ‘Raw സില്‍ക്ക്’- മറയില്ലാത്ത മാദകത്വം കിനിയുന്നവൾ. ‘ഇണയെ തേടി’ എന്ന സിനിമയുടെ സംവിധായകനായ ആന്റണി ഈസ്റ്റ്മാനാണത്രെ, തന്റെ ആരാധനാബിംബമായ സ്മിത പാട്ടീലിന്റെ ഓർമ്മക്കായി വിജയലക്ഷ്മിയ്ക്ക് സ്മിത എന്നു പേരിട്ടത്. വിനു ചക്രവർത്തിയുടെ ‘വണ്ടിച്ചക്രം’ എന്ന സിനിമയിലെ കഥാപാത്രത്തിന്റെ പേരിൽ നിന്ന് സ്മിത സില്‍ക്കുമായി. അതില്പിന്നെ അവൾക്കു തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല! ഒറ്റരാത്രി കൊണ്ടെന്നപോലെ അവൾ താരപദവിയിലേക്കുയർന്നു, ആണുങ്ങളുടെ ഹൃദയമിടിപ്പു കൂട്ടുന്ന മാദകറാണിയായി, ഒടുവിൽ സ്വന്തം ജീവിതാവസാനം സ്വയം തീരുമാനിച്ച ആ ദിവസം വരെ ആ സ്ഥാനം നിലനിർത്തുകയും ചെയ്തു.
‘മോഹിപ്പിക്കുന്ന ഇളക്കക്കാരി’ എന്ന അർത്ഥത്തിൽ തെക്കേ ഇന്ത്യയുടെ ചില ഭാഗങ്ങളിൽ പ്രചാരത്തിലിരിക്കുന്ന ‘സിലുക്ക്’ എന്ന പേര് സില്‍ക്കിന്റെ സ്ക്രീൻ പേഴ്സൊണയ്ക്ക് യോജിക്കുന്നതു തന്നെയായിരുന്നു. അവളെ ചൂഴ്ന്നുനില്ക്കുന്ന സെക്സ് അപ്പീൽ പുരുഷന്മാരെ വശീകരിക്കുന്ന വാമ്പ് റോളുകളിൽ അവളെ ടൈപ്പ്കാസ്റ്റ് ചെയ്തു. സില്‍ക്കിന്റെ ഒരു ഐറ്റം നമ്പറില്ലാത്ത സിനിമകൾ വിതരണക്കാർ തൊടാൻ മടിച്ചു. തന്റെ കരിയറിന്റെ ഉന്നതിയിൽ നില്ക്കുന്ന കാലത്ത് കാണികൾക്കു മേൽ സില്‍ക്കിന്റെ പിടി എത്രയായിരുന്നുവെന്ന് തമിഴ് സിനിമയുടെ ചരിത്രകാരനായ റാൻഡർ ഗൈ പറയുന്നതു നോക്കൂ: “വർഷങ്ങളായി പെട്ടിയിലുറങ്ങുകയായിരുന്ന സിനിമകൾ തിയേറ്ററിലെത്താൻ ഒരു സില്ക്ക്പാട്ട് ചേർത്താൽ മതിയെന്നായി. അക്കാലത്ത് ഒരു സിനിമ വിജയിക്കുന്ന ഘടകം സില്‍ക്കിന്റെ സാന്നിദ്ധ്യമായിരുന്നു; കഥയിൽ അത് ആവശ്യമായിരുന്നോ എന്ന ചോദ്യം ആരും ചോദിച്ചിരുന്നില്ല. വിശുദ്ധചഷകം തേടിപ്പോയ കുരിശ്ശുയുദ്ധക്കാരെപ്പോലെ നിർമ്മാതാക്കൾ സില്‍ക്കിന്റെ പിന്നാലെ കൂടിയെങ്കിൽ എന്തത്ഭുതം!
1980കളിൽ നെറ്റ് വഴി പോൺ സിനിമകൾ ഇന്ത്യയിലെ വീടുകളിൽ എത്തിത്തുടങ്ങിയിരുന്നില്ല; വെള്ളിത്തിരയിൽ പുതുമുഖനടികളുടെ ഉയർന്ന മാറിടങ്ങളും ഞരക്കങ്ങളുമായിരുന്നു പുരുഷന്മാരുടെ രഹസ്യാഭിലാഷങ്ങളെ തൃപ്തിപ്പെടുത്തിയത്. സിനിമാവ്യവസായം സില്‍ക്കിന്റെ നിഷ്കളങ്കത കവർന്നുവെങ്കിലും അവളുടെ അതിജീവനത്വരയെ കവരാൻ അതിനായില്ല. തുണിയുരിയാൻ അവൾ തയാറായിരുന്നു, ആൺനോട്ടങ്ങളെ തൃപ്തിപ്പെടുത്താൻ അവൾക്കു വിരോധമുണ്ടായില്ല. ഗതി കെട്ട ഒരു തിരഞ്ഞെടുപ്പായിരുന്നോ അതെന്നു നാം അറിയാനും പോകുന്നില്ല. എന്തായാലും സിനിമാവ്യവസായം അവളെ ചൂഷണം ചെയ്തു എന്നതിൽ സംശയം വേണ്ട. അതോ ഇരുകൂട്ടർക്കും നഷ്ടം വരാത്ത ഒരു കൂട്ടുകച്ചവടമായിരുന്നോ അത്? അവൾ ഒരു വില പറഞ്ഞു, അതവൾ വാങ്ങിച്ചെടുക്കുകയും ചെയ്തു. ഒരൊറ്റ ഡാൻസിന് 50000 രൂപയായിരുന്നുവത്രെ അവളുടെ പ്രതിഫലം; ഒരു സിനിമയുടെ ആദ്യന്തം അഭിനയിക്കേണ്ട നായികനടിമാർക്ക് അതിലുമെത്രയോ കുറവാണു കിട്ടിയിരുന്നതെന്നും ഓർക്കുക. അതേ അല്പവസ്ത്രധാരിണിയായി എത്ര തവണ വേണമെങ്കിലും തങ്ങളുടെ സില്‍ക്കിനെ കാണുന്നതിൽ അവളുടെ ആരാധകർക്ക് മടുപ്പേതുമേ ഉണ്ടായില്ല. അവർക്കാവശ്യമുള്ളതു കൊടുക്കുന്നതിൽ അവളും ലോഭിച്ചില്ല. “ഞാനൊരു സാരിയുടുത്തിട്ട് വർഷങ്ങളായിക്കാണും,” ഒരിക്കൽ സില്‍ക്ക് ഇങ്ങനെ പരാതിപ്പെട്ടുവത്രെ.“
ആ വാർപ്പുവേഷത്തിൽ നിന്ന് ഒരിക്കലെങ്കിലും അവൾക്കു മോചനം കൊടുത്തത് ഡയറക്റ്റർ ഡെന്നിസ് ജോസഫ് ആണ്; അഥർവം സിനിമയിൽ മമ്മൂട്ടിയുടെ നായികയായ നാട്ടുമ്പുറത്തുകാരിയായി അദ്ദേഹം നിശ്ചയിച്ചത് സില്ക്കിനെയാണ്; ആ വേഷം അവൾക്കേ ചെയ്യാൻ പറ്റൂ എന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം. സംവിധായകന്റെ പ്രതീക്ഷകളെ ശരി വച്ചുകൊണ്ട് അവളത് ഭംഗിയായി ചെയ്യുകയും ചെയ്തു.
തന്റെ പ്രതാപകാലത്ത് അവളുണ്ടാക്കിയ സെൻസേഷനുദാഹരണമായി പല കഥകളും പറഞ്ഞുകേൾക്കുന്നുണ്ട്. ഒരു കഥ ഇങ്ങനെയാണ്: അവൾ പാതി തിന്നു വലിച്ചെറിഞ്ഞ ഒരാപ്പിൾപ്പഴത്തിന്റെ സാദ്ധ്യതകൾ തിരിച്ചറിഞ്ഞ ഒരു പ്രൊഡ്യൂസർ അതു വീണ്ടെടുത്ത് ഷൂട്ടിങ്ങ് കണ്ടുകൊണ്ടുനിന്ന ആരാധകർക്കിടയിൽ ലേലത്തിനു വച്ച് 300 രൂപ സമ്പാദിച്ചുവത്രെ. ക്യാമറാമാനും ഡയറക്റ്ററുമായ ബാലു മഹേന്ദ്ര അഭിപ്രായപ്പെടുന്നത് ‘കോവിലിൽ പോകലാമാ’ എന്നു സില്ക്കു ചോദിക്കുന്നത് ‘കാതൽ സെയ്യലാമാ’ എന്നായിരിക്കുമത്രേ കേൾക്കുന്നവർക്കു തോന്നുക! 1980കളുടെ തുടക്കത്തിൽ എം.ജി.ആറിനോ ജലക്ഷാമത്തിനോ കിട്ടാത്ത പ്രാധാന്യമാണ് തമിഴ് ആനുകാലികങ്ങളിൽ സില്‍ക്കിനു കിട്ടിയിരുന്നത്.
സില്‍ക്കിന്റെ പാത പിന്തുടർന്ന് ഗ്ലാമർ റാണിമാർ പലരും പിന്നീടുണ്ടായി- നൈലോൺ നളിനി, പോളിസ്റ്റർ പത്മിനി, ഡിസ്ക്കോ ശാന്തി എന്നിങ്ങനെ; എന്നാൽ സില്‍ക്കിന്റെ ഏഴയലത്തെത്തുവാൻ അവരിൽ ഒരാൾക്കുപോലും കഴിഞ്ഞില്ല! സില്‍ക്കിന്റെ ഹസ്ക്കി വോീസും മയങ്ങിയ കണ്ണുകളും മലർന്ന ചുണ്ടുകളും ആളുകളുടെ ലഹരിയായിരുന്നു. മറ്റാസ്തികളോടൊപ്പം കടഞ്ഞെടുത്തപോലത്തെ ഒരുടലും സില്ക്കിനുണ്ടായിരുന്നു. ഞാൻ ഇതു പറയുമ്പോൾ അവരെ വെറുമൊരു വസ്തുവാക്കിച്ചുരുക്കുകയാണെന്നു തെറ്റിദ്ധരിക്കരുതേ. സൗന്ദര്യത്തെ ഏതു രൂപത്തിലായാലും കാണുന്ന ഒരു സൗന്ദര്യാസ്വാദകയുടെ വീക്ഷണമായി അതിനെ കണ്ടാൽ മതി. ബലിഷ്ഠവും മാദകവും അവഗണിക്കാനാവാത്തതുമായ ഒരു സാന്നിദ്ധ്യമായിരുന്നു വെള്ളിത്തിരയിൽ അവർ. ഒരു യഥാർത്ഥ ദിവാ!
ആൺനോട്ടത്തെ തൃപ്തിപ്പെടുത്താനായി സ്ത്രീയെ ഒരു വസ്തുവാക്കിച്ചുരുക്കുക എന്നത് ഒരു പുതിയ പ്രതിഭാസമല്ല. വേശ്യ, ദേവത എന്നൊരു വിഭജനം ഉണ്ടായിരുന്ന കാലമാണ് 80കൾ; ആണുങ്ങളെ വശീകരിക്കുന്ന ദുർന്നടപ്പുകാരിയും നന്മ നിറഞ്ഞ പതിവ്രതയും. എന്നാൽ കാലം മാറിയതോടെ രണ്ടും തമ്മിൽ കലരുകയും നായിക ഐറ്റം ഡാൻസ് ചെയ്യാൻ തുടങ്ങുകയുമായി. മാധുരി ദീക്ഷിത് ആണോ ഈ പ്രവണതയ്ക്കു തുടക്കം കുറിച്ചത്? എനിക്കത്ര തീർച്ചയില്ല. അതെന്തായാലും അതില്പിന്നെ ബോളിവുഡ്ഡിൽ ഒരു ഹെലനോ ടോളിവുഡ്ഡിൽ ഒരു സില്‍ക്കോ പ്രത്യേകമായി ഉണ്ടാവേണ്ട ആവശ്യമില്ലാതായി. സ്ത്രീയെ വസ്തുവാക്കുമ്പോൾ അവൾ പിന്നെ സ്വയം വസ്തുവായി കാണാൻ തുടങ്ങും; അതായത് ആളുകളുടെ തൃഷ്ണാപാത്രമാകുന്നതിൽ അവൾ അഭിമാനം കാണാൻ തുടങ്ങുകയും പുരുഷന്മാർ തന്നെ ആഗ്രഹിക്കുന്നുവെന്നത് അവൾക്ക് ആത്മാഭിമാനത്തിനു നിദാനമാവുകയും ചെയ്യുന്നു.
ഇത്രയും കാലം പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിൽ നില്‍ക്കുകയും വേണ്ടുവോളം ആരാധന ലഭിക്കുകയും ചെയ്ത ഒരാൾക്ക് അതൊക്കെ നഷ്ടപ്പെടുന്നത് ഏകാന്തതയിലേക്കു ഭ്രഷ്ടയാകുന്നതുപോലെയാണ്. പോപ്പുലാരിറ്റിയിൽ വന്ന ഇടിവ്, പ്രണയനൈരാശ്യം, സിനിമാനിർമ്മാണത്തിലുണ്ടായ കടബാദ്ധ്യത, ഡിപ്രഷൻ, മദ്യാസക്തി ഇതൊക്കെയാണ് മുപ്പത്തഞ്ചാമത്തെ വയസ്സിൽ സില്‍ക്കിനെ ആത്മഹത്യയിലേക്കു നയിച്ച കാരണങ്ങളായി പ്രചരിക്കുന്ന ഊഹാപോഹങ്ങൾ. ദൗർഭാഗ്യകരമെന്നു പറയട്ടെ, ഏകാന്തതയും അകാലമരണവും താരറാണിമാർക്കിടയിൽ അപൂർവ്വവുമല്ല.
സില്‍ക്കിനെ ഞാൻ ഓർക്കാനാഗ്രഹിക്കുക, അറ്റിക്കസ്സിന്റെ ഈ വരികളിലൂടെയാണ്:
അവൾ പ്രബലയായിരുന്നു,
അതവൾക്കു ഭീതിയില്ലെന്നതുകൊണ്ടല്ല,
ആ ഭീതിയിരിക്കെത്തന്നെ
കരുത്തോടെ അവൾ മുന്നോട്ടുപോയി എന്നതിനാൽ.
~ Seena
December 2nd 2019 – Remembering Silk on her 59th birthday had she been alive