വാളയാർ പെൺകുട്ടികളെ ബലാത്സംഗം ചെയ്തതും കൊന്നതും അവരുടെ അമ്മയാണെന്നുകൂടി പറയാമായിരുന്നു മിസ്റ്റർ ഹരീഷ് വാസുദേവൻ

47

Seena Utk യുടെ കുറിപ്പ്

മിസ്റ്റർ ഹരീഷ് വാസുദേവൻ, വാളയാർ പെൺകുട്ടികളെ ബലാത്സംഗം ചെയ്തതും കൊന്നതും അവരുടെ അമ്മയായ ഭാഗ്യവതിയാണെന്നുകൂടി പറയാമായിരുന്നു. ഷെയിം

മിഡിൽ ക്ലാസ്സ് പെറ്റി ബൂർഷ്വാസികൾക്ക് സാധാരണക്കാരുടെ ജീവിതം വെറും കെട്ടുകഥകൾ മാത്രമാണ്. പ്രത്യേകിച്ച് അവർ ദളിത് വിഭാഗത്തിൽ കൂടി പെട്ടവരാണെങ്കിൽ. അന്നന്ന് പണിയെടുത്ത് കുട്ടികളെ വളർത്തിയ ഭാഗ്യവതി എന്ന തൊഴിലാളി കുട്ടികളെ ജോലിക്ക് പോകാതെ റേപ്പിസ്റ്റുകളെ, കൊലപാതകികളെ പേടിച്ച് പട്ടിണിക്കിടണമായിരുന്നോ? ആദ്യത്തെ കുട്ടി ബലാത്സംഗം ചെയ്തു കൊല്ലപ്പെട്ടപ്പോൾ അന്വേഷണം നടത്തിയ ശമ്പളം പറ്റുന്ന പോലീസും ശിശുക്ഷേമ വകുപ്പും ഒക്കെ എന്ത് ചെയ്യുകയായിരുന്നു ? രണ്ടാമത്തെ കുട്ടി കൊല്ലപ്പെട്ടപ്പോഴും അവർ എന്തു ചെയ്യുകയായിരുന്നു ? ഭാഗ്യവതിക്ക് അവരുടെ വീട്ടിൽ സുഹൃത്തുക്കളെ കയറ്റാൻ പാടില്ല എന്നതൊക്കെ എവിടുത്തെ നിയമമാണ് ?

ബന്ധുക്കളെയും സുഹൃത്തുക്കളെയും വീട്ടിൽ കയറ്റിയാൽ അതിനർത്ഥം മക്കളെ ബലാത്സംഗം ചെയ്തോ എന്നാണോ ? അതിനുളള ലൈസൻസ് പുരുഷന്മാർക്ക് നൽകിയത് ആരാണ്? ഇല മുളളിൽ വീണാലും മുള്ള് ഇലയിൽ വീണാലും ഇല സൂക്ഷിക്കണം എന്ന് പറയുന്നത് ഏത് പ്രാകൃത ബോധത്തിൽ നിന്നുമാണ് ? ബലാത്സംഗം ചെയ്ത് കൊന്നവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരുന്നതിന് പകരം തന്റെ കുട്ടികളുടെ ഘാതകർക്ക് ശിക്ഷ വാങ്ങിക്കൊടുക്കാൻ മൂന്ന് വർഷമായി പോരാടുന്ന ഭാഗ്യവതി എന്ന ധീരയായ സ്ത്രീയുടെ കുറ്റം കണ്ടെത്താൻ എഴുതിയ ഈ സമയം മതിയല്ലോ അവർക്ക് നീതി വാങ്ങിക്കൊടുക്കാൻ. ഇനി അവർ കുട്ടികളെ ബലാത്സംഗം ചെയ്യാൻ കൂട്ടുനിന്നെങ്കിൽ അവർക്ക് എതിരെയും കേസ് എടുക്കുകയല്ലേ ചെയ്യേണ്ടത്? എന്തുകൊണ്ട് പൊലീസും സർക്കാരും കുട്ടികളെ അവരിൽ നിന്ന് രക്ഷിച്ചില്ല ? അവരുടെ സുഹൃത്തുക്കളും ബന്ധുക്കളും ആയതുകൊണ്ട് കുറ്റക്കാരെ തെളിവില്ലാത്തതിനാൽ വെറുതെ വിടുന്നത് എങ്ങനെയാണ് ? കുറ്റക്കാർ ആരായാലും അവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരണം എന്നല്ലേ ഭാഗ്യവതിയും പറയുന്നത്. എന്തുകൊണ്ട് തെളിവില്ലാതായി? ഇനി തെളിവ് കണ്ടെത്തേണ്ടതും ആ അമ്മയുടെ ജോലി ആയിരുന്നോ ?

നീതിക്ക് വേണ്ടി പോരാടുന്നവർക്ക് നേരെ പാട്രിയാർക്കൽ പൊതു ബോധത്തിൽ നിന്നും ഉയരുന്ന വൃത്തികെട്ട പഴിചാരലുകൾ സൂര്യനെല്ലി കേസ് മുതൽ കേട്ടതുകൊണ്ട് സദാചാര പോലീസുകാരുടെ ഇത്തരം വൃത്തികെട്ട ആരോപണങ്ങളിൽ യാതൊരു ഞെട്ടലും ഇല്ല.
പിഞ്ചു കുട്ടികൾ ഉഭയ സമ്മതത്തോടെ ബലാത്സംഗം ചെയ്യപ്പെട്ടു, അതിൽ മനംനൊന്ത് ആത്മഹത്യ ചെയ്തു എന്നൊക്കെ പറയുന്ന പൊലീസും നിയമവും ഒക്കെ എന്തിനാണ് ഇവിടെ ???