സേലം വിഷ്ണു
2014 ഡിസംബർ മാസം കർണ്ണാടകയിലെ രാം നഗർ ജില്ലയിലെ ബിഡാദി എന്ന സ്ഥലത്ത് ബാംഗ്ലൂർ മൈസൂർ റോഡിൽ സ്ഥിതി ചെയ്യുന്ന നിത്യാനന്ദ ധ്യാനപീഠം എന്ന ആശ്രമത്തിൽ സേവനമനുഷ്ഠിച്ചിരുന്ന ഐശ്വര്യ അർജ്ജുനൻ എന്ന പെണ്കുട്ടി ഹൃദയാഘാതം മൂലം മരണപ്പെട്ടുവെന്ന വാർത്ത അന്തേവാസികൾ അവരുടെ അമ്മയെ രഹസ്യമായി അറിയിക്കുന്നു.. പക്ഷെ നിലവിലെ വിവാദ പശ്ചാത്തലത്തിൽ ഈ അസ്വാഭാവിക ജനിപ്പിച്ചതിനാൽ അവർ ആ വിവരം വിശ്വസിക്കാൻ കൂട്ടാക്കിയില്ല..നിയമപോരാട്ടവുമായി ചില സാമൂഹ്യ പ്രവർത്തകരുടെ സഹായത്താൽ മുന്നോട്ട് നീങ്ങിയ അവർ സംശയാസ്പദമായ സാഹചര്യത്തിൽ ഒരു റീ പോസ്റ്റുമോർട്ടത്തിലേക്ക് നീങ്ങുകയുണ്ടായി..അവർ കരുതിയ പോലെ തന്നെ അതിലെ വിവരങ്ങൾ ഞെട്ടിക്കുന്നതായിരുന്നു.. കുട്ടിയുടെ അന്തരികാവയങ്ങൾ എല്ലാം നഷ്ടപ്പെട്ടിരിക്കുന്നു.. മരണകാരണം ഹൃദയാഘാതമേ അല്ല…!!
സ്വാമി നിത്യാനന്ദ ,അഥവാ ഡിവൈൻ ഹോളിനസ്സ് നിത്യാനന്ദ പരാമഹംസർ എന്ന ആൾ ദൈവത്തിന്റെ അടിവേരിളക്കിയ , നാട്ടിലെ നിലനിൽപ്പ് തന്നെ അക്ഷരാർത്ഥത്തിൽ ഇല്ലാതാക്കിയ കേസ് ആയിരുന്നു മേൽ പരാമർശിച്ചത്..ഇതിനു മുൻപ് നിലനിന്നിരുന്ന കേസുകളിൽ ആരോപണങ്ങളുടെയും മറ്റും മലക്കം മറിച്ചിലുമായി സ്വാമിജി പിടിച്ചു നിന്ന സമയത്തായിരുന്നു പെട്ടെന്നുണ്ടായ ഈ സംഭവം..
അവിടെനിന്ന് അങ്ങോട്ടുള്ള പലായനം ഇന്ന് എത്തി നിൽക്കുന്നത് പലതരം കിംവദന്തികളിലാണ്.. ചിലർ പറയുന്നു.. സൗത്ത് അമേരിക്കയിലെ ഇക്വഡോറിൽ ഒരു ദ്വീപ് വിലയ്ക്ക് വാങ്ങി , അതിനു ‘കൈലാസ ‘ എന്ന നാമകരണം നടത്തി.. ലോകത്തിലെ ആദ്യത്തെ പരിപൂർണ്ണ ഹിന്ദു രാഷ്ട്രമെന്ന ഖ്യാതിയുമായി , റിസർവ്വ് ബാങ്കും സ്ഥാപിച്ചു ആവശ്യാനുസരണം കറൻസിയുമച്ചടിച്ചു സ്വന്തം രാജ്യത്തെ നിയമവ്യവസ്ഥയെ നോക്കി പല്ലിളിച്ചു കൊണ്ടേയിരുന്നുവെന്നും.. ഇനി അതല്ല, ട്രിനിനാട് ടുബാഗോ എന്ന കരീബിയൻ ദ്വീപുകളിൽ ആണ് വാസവുമെന്നൊക്കെ.. എന്തൊക്കെയായാലും കൈലാസയുടെ ഒഫീഷ്യൽ വെബ്സൈറ്റിൽ കൊടികളും ചിഹ്നങ്ങളും മറ്റും ആലേഖനം ചെയ്തതായി കാണാം.. അടിക്കടി ചില അപ്ഡേഷനുകളും..
എന്തായാലും ആരെയും അമ്പരിപ്പിക്കുന്ന ആ വളർച്ചയുമായി, കോടാനുകോടി സ്വത്തുക്കളുടെ അധിപനായി വിരാജിക്കുന്ന സ്വാമി നിത്യനന്ദയുടെ ഭൂതകാലം കുപ്രസിദ്ധി നിറഞ്ഞ പല സംഭവ വികാസങ്ങളും നിറഞ്ഞതായിരുന്നു…..!!
തമിഴ്നാട്ടിലെ തിരുവണ്ണാമല എന്നു കേൾക്കുമ്പോൾ നമുക്ക് ആദ്യം ഓർമ്മ വരുന്നത് ആത്മീയതയിൽ ലയിച്ചു സമാധിയായ മഹാഗുരു രമണ മഹർഷിയെ കുറിച്ചു തന്നെയാവും.. ധാരാളം ക്ഷേത്രങ്ങളും ആശ്രമങ്ങളുമൊക്കെ നിലകൊള്ളുന്ന അവിടുത്തെ’ കീഴ്ക്കച്ചിറപട്ട്’ എന്ന സ്ഥലത്ത് 1978 ൽ അരുണാചലത്തിനും ലോക നായികയുടെ മകനായി രാജശേഖരൻ എന്ന അരുണാചല രാജശേഖര മുതലിയാർ ജനിക്കുന്നു..ചെറുപ്പം മുതൽക്കെ തന്നെ ആധ്യാത്മിക കാര്യങ്ങളിൽ താല്പര്യം പ്രകടിപ്പിച്ച അല്ലെങ്കിൽ അങ്ങനെ വരുത്തി തീർത്ത ഭൂലോക “കള്ളത്തരത്തിനുടമയായിരുന്നു” രാജശേഖരൻ എന്ന വസ്തുത പുറത്തറിയുന്നത് ഏകദേശം പതിനഞ്ചു വയസ്സിൽ ആയിരുന്നു..ഒരു പെണ് വിഷയത്തിൽ ചെറിയ വിവാദം സൃഷ്ടിച്ചു നാട്ടുകാരുടെ തല്ലു വാങ്ങികൂട്ടിയ അയാൾ രക്ഷപെടാനെന്ന രീതിയിൽ പിന്നെ ഒരു ദീർഘ ദൂര പര്യടനത്തിലേക്ക് പുറപ്പെട്ടു.. ഹിമാലയത്തിന്റെ ഗിരിപാദങ്ങളിൽ താൻ ദർശിക്കാനിടയായ ഒരു മഹർഷി വര്യനിൽ നിന്ന് തനിക്ക് ആധ്യാത്മിക ദർശനം ലഭിച്ചുവെന്നും.. ആ സന്യാസിയുടെ നിർദ്ദേശ പ്രകാരം പൂർവ്വാശ്രമത്തിലെ തന്റെ പേരായ രാജശേഖരനിൽ നിന്ന് നിത്യാനന്ദ പരമഹംസർ ആയി നാമം മാറ്റം വരുത്തിയെന്നും കുറച്ചു വർഷങ്ങൾക്കു ശേഷം തിരികെ നാട്ടിലേത്തിയ അയാൾ അവിടെയോട്ടുക്ക് പ്രചരിപ്പിച്ചു തുടങ്ങി…
ഒരു ജ്ഞാനിയുടെ രൂപവും ഭാവവുമായി ആളുകളെ മധുര ഭാഷണങ്ങളിലൂടെ കയ്യിലെടുക്കാനുള്ള ഒരു പ്രത്യേകം മികവ് ചെറുപ്പം മുതലേ ആ മനുഷ്യനു ഉണ്ടായിരുന്നു.. തുടർന്ന് പ്രദേശത്തെ സ്ത്രീകളുടെ ഒരു ആശ്രമത്തിലേക്ക് ചെക്കേറി.. എന്നാൽ സ്വത സിദ്ധമായ ‘കയ്യിലരിപ്പിന്റെ ഗുണം ‘അവിടെയും സ്വാമിക്ക് വിനയായി ..ഇത്തവണ സ്ത്രീ വിഷയം അൽപ്പം ഗുരുതരമായിരുന്നു.. പക്ഷേ രക്ഷപെട്ട് കർണ്ണാടകയുടെ ബോർഡർ കടന്ന സ്വാമിജി ഒരു സുപ്രഭാതത്തിൽ മുത്തയ്യ ചെട്ടിയാർ എന്ന കർണ്ണാടകകാരൻ വ്യാപാരിയെ കണ്ടു മുട്ടിയതോടെയാണ് ലൈഫിലെ ആദ്യ വഴിത്തിരിവ് സംഭവിക്കുന്നത്.. !ദൈവ വിശ്വാസിയായ അദ്ദേഹത്തിന്റെ വീക്ഷണങ്ങൾ നിത്യാനന്ദയുടെ ശരീരഭാഷയോട് ചേർന്ന് നിന്നതിനാൽ ഒരു ബന്ധുവിന്റെ രോഗാവസ്ഥയുടെ പരിഹാരമെന്നോണം അയാളുമായി അടുത്തു.. സ്വാമിജിയുടെ പ്രാർഥന എന്തോ ഭാഗ്യത്തിനു ആ രോഗം ശമിപ്പിച്ചതിനാൽ ദക്ഷിണ വെച്ചു അയാളെ കൂടെ കൂട്ടി.. ചെട്ടിയാരുടെ വാമോഴിയിൽ പിന്നെയും ആളുകൾ സമീപിക്കാൻ ആരംഭിച്ചതോടെ അദ്ദേഹത്തിന്റെ ഭവനത്തിൽ ആഴ്ചകളിലെ ചില പ്രത്യക ദിവസങ്ങളിൽ അനുഗ്രഹം നൽകുന്ന ചടങ്ങു തുടർന്നു..പതിയെ വരുമാനം വന്നു തുടങ്ങി ..പക്ഷെ ചെട്ടിയാർ അൽപം കുശാഗ്ര ബുദ്ധിക്കാരൻ ആയതിനാൽ നിത്യനന്ദയ്ക് ഒരു ‘ഫിക്സ്ഡ് തുക’ മാസത്തിൽ നൽകും..
ഇതിനിടെയാണ് ഒരു പ്രധാന അത്ഭുതം സംഭവിക്കുന്നത്..! കുട്ടികൾ ഇല്ലാതെ വിഷമിച്ചിരുന്ന ഒരു ദമ്പതികൾക്ക് സ്വാമി ഒരു പൈനാപ്പിൾ പൂജിച്ചു നൽകി അത് കഴിച്ച ഇരുവർക്കും സന്താന ഭാഗ്യമുണ്ടായി….ഈ വാർത്ത തമിഴ്നാട്ടിലെ ചില വാരികകൾ ആഘോഷമായി കൊണ്ടാടിയതോടെ പ്രചാരം സ്വന്തം നാട്ടിലും വർദ്ധിച്ചുയർന്നു..ഇതിനിടെ ഒരു ‘കന്നഡ’ ഭക്തൻ സൗജന്യമായി നൽകിയ ഭൂമിയിൽ ഒരു ആശ്രമം നിത്യനന്ദ കെട്ടിപൊക്കിയിരുന്നു..അവിടെയും ദർശനങ്ങളും അനുഗ്രഹങ്ങളും നൽകുന്നതും നിത്യ കാഴ്ചയായി..പക്ഷെ പിന്നെയുള്ള കുറച്ചു കാലത്തേയ്ക്ക് കൃത്യമായ വിവരങ്ങൾ ലഭ്യമായിട്ടില്ല.. കുറച്ചു മാസത്തെ ഇടവേളകളിൽ പൊടുന്നനെ മധുരയിൽ പൊങ്ങിയതായാണ് പറയുന്നത്… ഇതിനെ വിലയിരുത്തി നോക്കിയാൽ സ്വാഭാവികമായി ഭക്തർ നിന്നു പിഴയ്ക്കാൻ അനുഭവിച്ചില്ല എന്നു വേണം കരുതാൻ.. സ്വഭാവം അങ്ങനെയായിരുന്നുവല്ലോ..
ശേഷം മധുര മീനാക്ഷി ക്ഷേത്രത്തിനു സമീപം ഒരു ചെറിയ ആശ്രമം ഉയർത്തി കൊണ്ട് കുറച്ചു നാളുകൾ തള്ളി നീക്കി..2004 -2005 കാലഘട്ടത്തിൽ ‘ഈറോഡിനടുത്തു’ ആദ്യമായി സ്വാമിജി കെട്ടിപൊക്കിയ ആശ്രമമായിരുന്നു..വ്യക്തമായി പറഞ്ഞാൽ ആദ്യ വിലാസം എന്നു പറയാം.. ആയിടക്കാണ് ‘കുമുദം’ എന്ന തമിഴ് വരികയിൽ അദ്ദേഹം ചെറു കോളമെഴുതി തുടങ്ങുന്നത്.. സമാന്തരമായി കർണ്ണാടകയിലെ ഒരു ലോക്കൽ ചാനലിൽ ഈ ദർശനം മുതലായ പരിപാടികളും ലൈവായി എത്തുവാൻ ആരംഭിച്ചതോടെ ഫോളോവേഴ്സിന്റെ കാര്യത്തിൽ ഒരു വൻ വർദ്ധനവ് തന്നെ ഉണ്ടായി..
തുടർന്നങ്ങോട്ടു രാജ്യത്തിന്റെ പല ഭാഗങ്ങളിലും അനുയായികൾ ഉണ്ടാവുന്നു… വിദേശത്ത് പലയിടങ്ങളിലും നിരവധി ബ്രാഞ്ചുകൾ സൃഷ്ടിക്കപ്പെടുന്നു.. ഇതൊക്കെ കണ്ണടച്ചു തുറക്കുന്ന വേഗത്തിലായിരുന്നുവെന്ന് വേണം പറയാൻ…5 വർഷങ്ങൾക്കും ശേഷം , 2010 കാലഘട്ടത്തിൽ മലയാളികൾ ഉൾപ്പടെ ശ്രദ്ധിക്കാൻ ഇടയായ ഒരു അശ്ളീല വീഡിയോ പുറത്തു വരുന്നത്തോടെ വിവാദ നായകൻ എന്ന പേരു അക്ഷരാർത്ഥത്തിൽ നിത്യാനന്ദയ്ക്ക് ചാർത്തി കിട്ടുന്നത്… മലയാളചിത്രങ്ങളിലടകം അഭിനയിച്ച ഒരു അന്യഭാഷ നടിയ്ക്കൊപ്പമുള്ള scandalous video ലീക്ക് ആയതോടെ പത്രങ്ങളും പാപ്പരാസികളും പിന്നെ അതിന് പിറകെ തന്നെ കൂടി..
ഈ വീഡിയോ പുറത്താവാനുള്ള കാരണം നിത്യാനന്ദയുടെ ഡ്രൈവറും അനുയായിയുമായ ലെനിൻ കറുപ്പൻ എന്ന ഒരാളുടെ കരങ്ങളായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞു.. കാരണം അയാൾ ആശ്രമത്തിൽ നിന്നു തന്നെയുള്ള ഒരു വധശ്രമത്തെ അതിജീവിച്ച ശേഷം രക്ഷപ്പെട്ട് തമിഴ് നാട്ടിലെ ഒരു പ്രമുഖ ചാനലിനെ സമീപിച്ചു വിവരങ്ങൾ നൽകിയതിനു തുടർച്ചയായിട്ടാണ് ഈ സെക്സ് ടേപ്പും പുറത്തു വരുന്നത്.. കൃതമായി പറഞ്ഞാൽ മാർച്ച് മാസം 3 ആം തിയതി.. കൂടാതെ ആശ്രമത്തിന്റെ മറവിൽ നടന്നു കൊണ്ടിരുന്ന നിരവധി സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളും ലെംഗീക പീഡനങ്ങളും പുറത്തു കൊണ്ടു വന്നതോടെ അത്രയും നാളത്തെ പോസിറ്റിവ് ഇമേജ് ഒറ്റ രാത്രി കൊണ്ട് മാറി മറിഞ്ഞു ആരാധകവൃന്ദത്തിന്റെ മനസ്സിൽ കുപ്രസിദ്ധിയുടെ കറുത്തമുഖം സൃഷ്ടിക്കാൻ ഇടയായി തീർന്നു..
ബലാൽസംഗം ,മത നിന്ദ തുടങ്ങിയ കുറ്റങ്ങൾ തുടരെ ചുമത്തിയതോടെ സ്വാമിജി ശരിക്കും വെട്ടിലായി..അവിടെ നിന്ന് ഒളിവിൽ പോയ അദ്ദേഹത്തെ ഹിമാചൽപ്രദേശിൽ വെച്ചാണ് ഏപ്രിൽ മാസം പൊലീസ് അറസ്റ്റ് ചെയ്യുന്നത്.. പക്ഷെ കോർട്ട് ട്രയലിൽ അനുയായികളെ സ്വാധീനിച്ച നിത്യാനന്ദ ജാമ്യം നേടി പുറത്തു വന്നു.. പിന്നെയാണ് കളികൾ തുടങ്ങുന്നത്..ലെനിൻ കറുപ്പനെതിരെ പരോക്ഷമായി കരുക്കൾ നീക്കിയ സ്വാമിക്ക് പക്ഷെ അടുത്തൊരു ആരോപണമെത്തിയതോടെ പത്തി മടക്കേണ്ടി വന്നു.. പ്രായപൂർത്തിയാകാത്ത മറ്റൊരു പെണ്കുട്ടിയെ പീഡിപ്പിച്ച കേസ്..ഈ വാർത്ത ആദ്യം പുറത്തു കൊണ്ടുവന്നത് തമിഴ് നാട്ടിലെ പ്രശസ്ത വാരികയായ നക്കീരൻ ആയിരുന്നു.. അതിൽ പറയുന്ന പ്രകാരം ആശ്രമത്തിൽ ചേരാൻ എത്തുന്ന പെണ്കുട്ടികളെ കൊണ്ട് ആദ്യമേ തന്നെ ഒരു കരാർ ഒപ്പിട്ടു വാങ്ങുക…അതായത് ഭാരതീയ സംസ്കാരം അനുശാസിക്കുന്ന പ്രകാരമുള്ള ഭാരതത്തിന്റെ പ്രാചീന സംസ്കാരത്തിന്റെ ഭാഗമായ സ്ത്രീ പുരുഷ ബന്ധത്തിന്റെ പരമോന്നതിയായ താന്ത്രിക്ക് സെക്സ്,
, കാമശാസ്ത്രം പോലുള്ളവയോട്’ ‘സഹകരിച്ചു’ നീങ്ങാൻ പാകത്തിന് ഒരു detailed contract ….!!!
ഫലത്തിൽ ഇതൊക്കെ പരിശീലിപ്പിക്കൽ എന്ന വ്യാജേന പീഡനം പോലുള്ളവയെ സമർഥമായി ഒളിപ്പിച്ചു നിർത്തിയ ഒരു ഉടമ്പടി..
പരാമശിവന്റെ 293 ആം അവതാരമെന്ന് സ്വയം പ്രഖ്യാപിച്ച സ്വാമിജിയുടെ ഈ ശാസനങ്ങൾ ഒക്കെയും ഭൂരിഭാഗവും അംഗീകരിച്ചതെന്നാണ് മറ്റൊരു വസ്തുത…ഈ ഉടമ്പടിയിൽ ഒപ്പുവെച്ചത്തിന്റെ പേരിൽ അറിയപ്പെടാതെ ഒഴിവായി നൂറുകണക്കിന് കേസുകൾ വേറെ ഉണ്ട്..പക്ഷെ ഇതിന്റെ മറവിലെ നടന്ന പ്രകൃതിവിരുദ്ധ പീഡനങ്ങൾ ഉൾപ്പടെ ഇടക്കാലത്ത് വന്ന പെണ്കുട്ടിയുടെ മൊഴിയിൽ കരുത്താർജ്ജിച്ചതോടെ കേസ് ശക്തമായി..അതിനിടയിലാണ് നിത്യാനന്ദ തന്റെ ആദ്യത്തെ ഡിഫൻസുമായി മുന്നോട്ട് വരുന്നത്.. തനിക്ക് ഈ പീഡനങ്ങൾ ചെയ്യാനുള്ള ശാരീരികമായ കഴിവ് ഇല്ല എന്നും, ആത്യന്തികമായി താൻ ഒരു’ ഷണ്ഡൻ’ ആണെന്നുമുള്ള വാദഗതികൾ.. പക്ഷെ അതൊക്കെ ഉള്ളി തൊലി പൊളിയുന്ന ലാഘവത്തിൽ തള്ളി പോയി.. ഈ വിവാദ പശ്ചാത്തലത്തിലാണ് ആദ്യം പരാമർശിച്ച ഐശ്വര്യ അർജ്ജുനൻ എന്ന കുട്ടിയുടെ കൊലപാതകവും വെളിയിൽ വരുന്നത്.. ബലാൽസംഗം ചെയ്തു ക്രൂരമായി കൊലപ്പെടുത്തി ആന്തരിക അവയവങ്ങൾ ഒക്കെയും നീക്കം ചെയ്ത് സംസ്കരിക്കാൻ ഒരുമ്പിടുമ്പോൾ ആയിരുന്നു കേസിന്റെ വഴിത്തിരിവും..സത്യം പുറത്തു വരുന്നതും..
ഇവിടെ നിന്നാണ് നമ്മുടെ രാജ്യത്തെ ഭരണഘടനയ്ക്ക് മുകളിൽ സ്വാധീനം ചെലുത്തുന്ന മതം എന്ന വീര്യം കൂടിയ ലഹരിയെ സമർഥമായി ഉപയോഗിച്ച ഒരു സ്വയം പ്രഖ്യാപിത ആൾദൈവത്തിന്റെ ക്രിമിനൽ ബുദ്ധി പ്രവർത്തിച്ചു തുടങ്ങുന്നത്…മാത്രമല്ല പണവും വാരിയെറിഞ്ഞു നിയമവ്യവസ്ഥയ്ക്ക് മേൽ സംരക്ഷണ കവചവും അയാൾ തീർത്തു..
തന്നെ പരിഹസിച്ചു ‘ട്രോൾ ‘ ചെയ്യപ്പെടാനും അതുവഴി നെഗറ്റീവ് പബ്ലിസിറ്റിയടക്കം ഉപയോഗിച്ച് പ്രചാരണം നടത്താനും നീക്കങ്ങൾ നടത്തി.. അതൊക്കെ ഭൂരിഭാഗവും വിജയം കണ്ടിരുന്നു…ട്രോളാൻ ഉപയോഗിച്ച ‘ടൂളുകൾ’ തന്നെ വിചിത്രമായിരുന്നു.. പശുക്കളേയും കാളകളെയും കൊണ്ട് സംസ്കൃതം സംസാരിപ്പിക്കുന്ന സോഫ്റ്റ്വെയർ താൻ കണ്ടെത്തിയെന്നും.. ഓന്തുകളിലെ യും കുരങ്ങുകളിലേയും ആന്തരിക അവയവം നീക്കം ചെയ്ത് മനുഷ്യന്റെ അവയവം വെച്ചു പിടിപ്പിക്കുന്ന രീതി പരീക്ഷിക്കപ്പെട്ടു ആ ജീവികളെ കൊണ്ട് നമ്മുടെ ഭാഷ സംസാരിപ്പിക്കാൻ കഴിയുമെന്നുമുള്ള വാദങ്ങൾ..എല്ലാം മറന്ന സമൂഹം ഇതൊക്കെ പരിഹാസ രൂപേണ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യപ്പെടുമ്പോൾ ആ പബ്ലിസിറ്റി സമർഥമായി മുതലാക്കി അയാൾ നിലനിൽപ്പ് ഭദ്രമാക്കുകയാണ് ചെയ്തത്..
നിത്യ സ്വരൂപാനന്ദ എന്ന പേര് സ്വീകരിച്ചു സ്വാമിയുടെ ആശ്രിതയായി കഴിഞ്ഞ ഒരു കനേഡിയൻ വനിതയുടെ മൊഴിയും അടുത്തു പുറത്തു വന്നതോടെ പോലിസ് പിന്നീട് നിത്യാനന്ദയുടെ പാസ്പോർട്ട് മരവിപ്പിച്ചു.. പിന്നെ അയാൾ എപ്രകാരം കടൽ കടന്ന് പറന്നുവെന്നത് ചോദ്യചിഹ്നമായി അവശേഷിക്കുന്നു..രണ്ടു സാധ്യതകൾ ഉണ്ട്.. കരമാർഗ്ഗം നേപ്പാളിലേക്ക് കടന്നു അവിടെ നിന്നു പോയതാണ് എന്നും, ഇനി കപ്പൽ മാർഗ്ഗമാണോ എന്നതും ദുരൂഹത ഉണർത്തുന്ന അങ്ങേർക്ക് മാത്രം അറിയുന്ന രഹസ്യമാണ്…
എന്തായാലും ഇന്റർപോളിന്റെ ബ്ലൂ കോർണ്ണർ നോട്ടീസ് അടക്കം നാടുവിട്ട കുറ്റവാളികളുടെ ലിസ്റ്റിൽ രാജശേഖരൻ എന്ന നിത്യാനന്ദ നിറഞ്ഞു നിൽക്കുന്നു.. കോവിഡ് വ്യാപനത്തിലെ പരിതസ്ഥിതി മുൻ നിർത്തി നിലവിൽ എല്ലാ കേസുകളും വിചാരണകളും നിർത്തി വെച്ചിരിക്കുകയാണ്.. പക്ഷെ ‘ആൾ ദൈവം ‘ നല്ല ബിസിയാണ്.. രണ്ടാഴ്ച്ചയ്ക്ക് മുൻപ് പുറത്തു വന്ന വെബ്സൈറ്റിലെ വിവരങ്ങൾ അനുസരിച്ച് ‘റിസർവ് ബാങ്ക് ഓഫ് കൈലാസയുടെ’ ഔദ്യോഗിക ഉദ്ഘാടനം നടന്നതായി പറയുന്നു..ഈ അടുത്തു ഗണേശ ചതുർത്ഥി ദിനത്തിൽ പുറത്തു ഇറക്കാൻ ഇരുന്ന തന്റെ ചിത്രം പതിപ്പിച്ച കറൻസിയുടെ വിവരങ്ങളും കേട്ടു.. തമിഴ് ,സംസ്കൃതം, ഇംഗ്ലീഷ് തുടങ്ങിയവയാണ് ഒഫിഷ്യൽ ഭാഷ, ദേശീയ മൃഗം പരമ ശിവൻറെ വാഹനമായ നന്ദി കേശനും, ..കല ,ചരിത്ര, സാംസ്കാരിക മേഖലകളിൽ മറ്റും കഴിവു തെളിയിക്കാനും, പരിപൂർണ്ണ വ്യക്തി സ്വാതന്ത്ര്യം ഉറപ്പു വരുത്താനും ഭരണഘടന പ്രത്യേകം അനുശാസിക്കുന്നുണ്ട്..അഞ്ചുവർഷങ്ങൾക്ക് മുൻപ് അനൗദ്യോഗിക കണക്ക് പ്രകാരം സ്വാമിജിക്ക് ആയിരം കോടിക്ക് മുകളിൽ ആയിരുന്നു asset..
സാമ്പത്തിക ഭദ്രത മുൻ നിർത്തി ഫണ്ടിംഗ് മുതലായ കാര്യങ്ങളിൽ രാജ്യത്തിന്റെ പ്രത്യേകം കണക്കു കുത്തുകൾ നടക്കുന്നത് സൗത്ത് പസഫിക്കിലെ ഫിജിയിലാണ് എന്നാണ് അറിവ്.. അവിടെ മുഴുവൻ അന്യായ കളം ആണ് സ്വാമിക്ക്…കൂട്ടിന് പത്നി പദം അലങ്കരിക്കുന്നത് ‘നിത്യാനന്ദമയി’ എന്ന മുൻകാല നടിയും..