celebrity-selfie

പുലിക്കളിയോട് സാമ്യമുള്ള ഷര്‍ട്ടും തൊപ്പിയും നല്ല കറുത്ത കണ്ണാടിയും ധരിച്ച് വണ്ടിയിലേക്ക് കേറി വരുന്ന ആ ചെറുപ്പക്കാരനെ ശ്രദ്ധിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. അത്രയും നേരം ഭര്‍ത്താവുമായി കൊഞ്ചിയും കുഴഞ്ഞും ഇരുന്ന എന്റെ അടുത്ത സീറ്റിലെ പെണ്‍കുട്ടി,അയാളെ കണ്ടതും ഒറ്റ കുതിപ്പിന് അവന്റെ അടുത്തെത്തി, സൗഹൃദസംഭാഷണത്തിലും അവനുമായിട്ടുള്ള സെല്‍ഫിയുടെ ലോകത്തായി.ഇന്നത്തെ യാത്രകളില്‍ മിക്കവരും അവരവരുടെ ലോകത്തായിരിക്കും. ഒരു പരിചയഭാവമോ സൗഹൃദസംഭാഷണത്തിനോ ആരും തയ്യാറല്ല.എല്ലാവരും മൗനത്തിന്റെ ഒരു കോട്ട കെട്ടി ആരോട് പിണങ്ങി ഇരിക്കുന്നതു പോലെയാണ്.യാത്രകളില്‍ മിക്കവാറും ആളുകളെയും അവരുടെ ഭാവങ്ങളേയും നോക്കിയിരിക്കാന്‍ എനിക്കിഷ്ടമാണ്.അടുത്തിരിക്കുന്നവര്‍ കല്യാണം കഴിഞ്ഞ് വല്ല’ഹണിമൂണ്‍ ട്രിപ്പ്’ ന് പോകുന്നവരായിട്ടാണ്, ഞാന്‍ വിചാരിച്ചിരുന്നത്. ആ അവളാണോ, തൊപ്പിക്കാരനുമായിട്ട് ‘സെല്‍ഫി എടുക്കുന്നത്..? സെല്‍ഫിയിലെ’പോസ്സുകളായ രണ്ടു പേരുടെ മുഖം ചേര്‍ത്തു വെച്ചതും, തോളില്‍ കൈയ്യിട്ടുള്ള പോസ്സുകള്‍ എന്നെ കൂടുതല്‍ മാനസികപിരിമുറക്കത്തിലാക്കി.പഴയകാല സിനിമയില്‍ ആണെങ്കില്‍ അങ്ങനത്തെ ഒരു ഫോട്ടോയാണ്,കഥയിലെ പ്രധാന വില്ലന്‍. ആ നായികമാര്‍ക്ക് വേണ്ടി എന്തുമാത്രം കണ്ണുനനച്ചിരിക്കുന്നു എന്നെപ്പോലെയുള്ളവര്‍. അതു കൊണ്ട് തന്നെ അവളുടെ ഭര്‍ത്താവിന്റെ മുഖഭാവത്തെ ഞാന്‍ ഇടംകണ്ണിട്ട് നോക്കി, അവിടെ വലിയ കോളിളക്കമൊന്നും കാണാത്ത കാരണം ആ തത്സമയ പരിപാടികളില്‍ ഞാനും ആസ്വാദകനായി!

ആകാംക്ഷയോടെയുള്ള ‘അതാരാ’ എന്ന ചോദ്യം. തിരിച്ചു വന്നിരുന്ന പെണ്‍കുട്ടിയോട് ആയിരുന്നെങ്കിലും സെല്‍ഫി എടുത്ത് തിരിച്ച് പോകുന്ന ഒരു ചെറിയ കുട്ടി, അയാളുടെ പേര് പറഞ്ഞു തന്നു.അതാരാണ് എന്നായി അടുത്ത ചോദ്യം.MTV യിലെ ഒരു അവതാരകനാണ്.കൂട്ടത്തില്‍ എന്നോട് ഒരു ചോദ്യവും, ആന്റിക്ക് ഇവരെയൊന്നും അറിഞ്ഞുകൂടേ ‘ഇല്ലഎന്ന് തലയാട്ടി കാണിച്ചെങ്കിലും. എന്റെ ജി.കെ (general knowledge) യുടെ കാര്യത്തില്‍ ഞാന്‍ ആകെ ചെറുതായതു പോലെ തോന്നി.പണ്ട് ഡല്‍ഹി കാണാന്‍ വന്ന കുടുംബത്തിലെ കുട്ടിക്ക്, നെഹ്‌റു ഗാന്ധി, ഇന്ദിരാ ഗാന്ധി യുടെയൊക്കെ മ്യൂസിയം കാണാന്‍ പോയപ്പോള്‍ അവരെപ്പറ്റി മൊത്തം ‘കണ്‍ഫ്യൂഷന്‍ ‘ ആയിരുന്നു. അതൊക്കെ മനസ്സിലാക്കി കൊടുത്തത് ഞാനായിരുന്നു.പൊതുവെ റ്റി.വി പരിപാടികളോട് താത്പര്യം ഇല്ലാത്തതു കൊണ്ട് ഇങ്ങനത്തെ ‘ഷോ’ കള്‍ കാണാറില്ല. അതുകൊണ്ട് ഉണ്ടായ നാണക്കേടാണിത്. ഇനി ഇതൊക്കെ ആരോട് പറയാന്‍, അല്ലെങ്കിലും ഇന്നത്തെ കാലത്ത് അവരെക്കാളും പ്രാധാന്യം ഇവര്‍ക്കാണല്ലോ! ഒരുപക്ഷെ ഞാന്‍ തന്നത്താന്‍ മനസ്സമാധാനം കാണുകയായിരുന്നു.

മിക്കവരും അവനുമായിട്ടുള്ള സെല്‍ഫിയുടെ തിരക്കിലാണ്.എല്ലാവരോടും വിനയാന്വിതനായിട്ടാണ് പെരുമാറ്റമെങ്കിലും ആളുകളുടെ ശ്രദ്ധപിടിച്ചെടുക്കാനായിട്ട് തെരഞ്ഞെടുത്ത വേഷവിധാനങ്ങളില്‍ അവന്‍ വിജയിച്ചിരിക്കുന്നു.വലിയ വൃത്താകൃതിയിലുള്ള തൊപ്പി കാണാന്‍ ആകര്‍ഷണമാണെങ്കിലും അനുസരണയില്ലാത്ത കൊച്ചുകുട്ടിയെ പോലെയായിരുന്നു. തലയുടെ ഓരോ അനക്കത്തിലും അടുത്തുള്ളവരുടെ കണ്ണാടിയുടെ സ്ഥാനം തെറ്റിക്കുകയും പലരുടെ മുഖത്തും പോറലുകളുണ്ടാക്കി.എന്നാലും പലര്‍ക്കും തൊപ്പി വെച്ചിട്ടുള്ള അവതാരകന്റെ കൂടെയുള്ള സെല്‍ഫിക്കാണ് ഡിമാന്‍ഡ്.അദ്ദേഹം, അടുത്ത പ്രോജക്ട് നെ കുറിച്ചും ഇപ്പോഴത്തെ പരിപാടിയിലെ തമാശകളെ കുറിച്ചും ചില നാട്ടുകാരെ കണ്ടുപിടിച്ച് അവിടത്തെ വിശേഷങ്ങള്‍ ആരായുന്നുണ്ടെങ്കിലും അതിലൊക്കെ ആര്‍ക്കെങ്കിലും താത്പര്യമുണ്ടെന്ന് തോന്നുന്നില്ല.പലര്‍ക്കും എടുത്ത ഫോട്ടോ, കൂട്ടുകാര്‍ക്ക് അയച്ചു കൊടുക്കുന്നതിനും അതിലെ കമന്റ്‌സ് നുമാണ് പ്രാധാന്യം.

എന്തൊക്കെയാണെങ്കിലും ‘സലെബ്രിറ്റി’യുടെ വരവോടെ, യാത്രക്കാരെല്ലാം ഉഷാറായി. കേട്ടും കണ്ടും അറിഞ്ഞ് വന്ന ആളുകള്‍ അദ്ദേഹത്തിന്റെ ചുറ്റും എപ്പോഴും ഉണ്ടായിരുന്നു. എത്ര പെട്ടെന്നാണ് എല്ലാവരും അവരവരുടെ മൗനത്തിന്റെ കോട്ടയില്‍ നിന്നും പുറത്തിറങ്ങിയത്.

എന്റെ യാത്ര ഇത്രയും രസകരമാക്കി തന്നതിന്റെ നന്ദി സൂചകമായി,ഞാനും ഒരു ‘ഷേക്ക് ഹാന്‍ഡ് കൊടുത്ത്, അദ്ദേഹത്തോട് യാത്ര പറഞ്ഞിറങ്ങുമ്പോള്‍, മനസ്സിലറിയാതെ വന്ന വരികള്‍

കണ്ടുകണ്ടങ്ങിരിക്കുംജനങ്ങളെ
കണ്ടില്ലെന്നുവരുത്തുന്നതുംഭവാന്‍
രണ്ടുനാലുദിനംകൊണ്ടൊരുത്തനെ
തണ്ടിലേറ്റിനടത്തുന്നതുംഭവാന്‍
മാളികമുകളേറിയമന്നന്റെതോളില്‍
മാറാപ്പു കെട്ടുന്നതും ഭവാന്‍

Advertisements