തേര്‍ഡ് റേറ്റ് അധ്യാപകര്‍ വിളയാടുമ്പോള്‍
വികസിത രാജ്യങ്ങളില്‍ പ്രായപൂര്‍ത്തിയായ വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ ഇടകലര്‍ന്ന് ഇരിക്കുന്നില്ലെങ്കില്‍, പരസ്പരം ശൃഗരിക്കുന്നില്ലേല്, അത് ശ്രദ്ധയില്‍ പെടുന്ന അധ്യാപകന് വിദ്യാര്‍ത്ഥിയുടെ പാരന്റിനെ വിളിപ്പിച്ച് നല്ലൊരു കൗണ്‍സിലറുടെ സേവനം ലഭ്യമാക്കും. നമ്മുടെ കലാലയത്തില്‍ ജെന്‍ഡര്‍ വ്യത്യാസമില്ലാതെ ഇടകലര്ന്നിരിക്കുന്നതാണ് തേര്‍ഡ് റേറ്റ്് അധ്യാപകരുടെ പ്രശ്നം. നമ്മുടെ കാലം നമുക്ക് വേണ്ടി കരുതി വെച്ചിരിക്കുന്നത് വെറും മൂന്നാം കിട അധ്യാപകരെയാണ് എന്നത് വിദ്യാര്‍ത്ഥികളുടെ ദുര്‍വിധിയാണ്. ലോകത്ത് മറ്റെവിടെയും കാണാത്ത ചോരയും നീരുമില്ലാത്ത ഈ സദാചാര ബോധം നിങ്ങള്‍ അധ്യാപകര്‍ക്ക് എവിടെന്ന് കിട്ടി!?
എത്ര സ്കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്കായ് വൃത്തിയുള്ള ടോയ്ലറ്റുകള് ഉണ്ട്? ശുദ്ധജലം കിട്ടുന്ന എത്ര പൊതു സ്കൂളുകള്‍ നമുക്കിന്നുണ്ട്? വിദ്യഭ്യാസത്തിന്റെ പവര്‍ഹൗസ് ലൈബ്രററികളാണ്. എത്ര സ്കൂളുകളില്‍ കൊള്ളാവുന്ന ലൈബ്രററികളുണ്ട്? ഇവയൊന്നും സദാചാര പ്രശ്നമായി അധ്യാപരും രക്ഷിതാക്കളും കണക്കാക്കുന്നില്ല. സ്കൂളിലായാലും പൊതുസമൂഹത്തിലായാലും നമ്മുടെ സദാചാരബോധം പെണ്ണിന്റെ ശരീരവുമായി മാത്രം ബന്ധപ്പട്ടിരിക്കുന്നു. സെക്ഷ്യലി ഫ്രസ്ട്രേറ്റഡ് മല്ലുവിനെ ഉണ്ടാക്കി സര്‍വ്വകലാശാലകള്‍ക്ക് മതിയായില്ലേ? സദാചാരഗുഢായിസത്തിന്റെ ആദ്യം പാഠം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നത്് കലാലയങ്ങളിലെ അധ്യാപകരില്‍ നിന്നുമാണ്. ആയതിനാല്‍ ഇനി നാം പറയുക: നിങ്ങള്‍ക്ക് ഫ്രസ്ട്രേഷനാണ് സാറേ. ബാല്യവും കൗമാരവും ഉല്ലാസങ്ങളൊന്നുമില്ലാതെ സാംമ്പ്രദായിക നൂലാമാലകളില്‍ ജീവിതം ഹോമിക്കപ്പെട്ടതിന്റെ നീറ്റലാണ്. ഉടനെ നിങ്ങള്‍ അധ്യാപകര്‍ വല്ല കൗണ്‍സിലറേയും സമീപിക്കേണ്ടതുണ്ട്. അങ്ങനെ വരും തലമുറയെങ്കിലും ജീവിക്കട്ടെ, ആഘോഷിക്കട്ടെ.
എത്രയെത്ര പുസ്തകങ്ങളാണ് അധ്യാപകര്‍ വിദ്യാര്‍ത്ഥികളുടെ മുഖത്തേക്ക് വലിച്ചെറിഞ്ഞത്. അതാണവരുടെ നിലവാരത്തെയും സദാചാരബോധത്തയും സൂചിപ്പിക്കുന്ന മറ്റൊരു പ്രവര്‍ത്തി. പുസ്തകം വലിച്ചെറിഞ്ഞ ടീച്ചറോട് ‘പോയി അത് എടുത്തു കൊണ്ടു വരൂ, എന്റെ അഛന് കൂലിപ്പണി ചെയ്ത് വാങ്ങി തന്നതാണ്’ എന്ന് രൂക്ഷമായി പറഞ്ഞ കുട്ടിയുടെ മൂല്യബോധത്തില്‍ നിന്നും നിങ്ങള്‍ അധ്യാപകര്‍ പഠിക്കുക. ആ കുട്ടിയെ മെഡിറ്റേറ്റ് ചെയ്യുക.
പണ്ടത്തെ ക്ലാസ്മുറികള് ഇടിമുറികളായിരുന്നു. പിന്നീട് നിയമങ്ങള്‍ കൊണ്ടത് നിരോധിച്ചപ്പോള്‍ അധ്യാപകര്‍ക്ക് ലഭിച്ച മറ്റൊരു മര്ദ്ദോനപകരണമാണ് ഇപ്പോഴുള്ള ഇന്റണല്‍ മാര്‍ക്ക്. ഐ.ഐ.ടി മദ്രാസില്‍ ദുരൂഹമായി മരണപ്പെട്ട ഫാത്തിമ ഇന്റേണല്‍ മാര്‍ക്കിന്റെ ധാരാളം ഇരകളില്‍ ഒരാള്‍മാത്രമായിരുന്നു. കൂടാതെ ചില കുട്ടികളോട് മാത്രം അധ്യാപകര്‍ കാണിക്കുന്ന അമിത വാല്‍സല്യം അലോസരപ്പെടുത്താത്ത ഒരു കുട്ടി പോലും കലാലയം വിട്ടിറങ്ങുന്നുണ്ടാവില്ല. ഒരു അധ്യാപകന് തന്റെ മുന്നിലിരിക്കുന്ന വിദ്യാര്‍ത്ഥി എപ്പോള്‍ മുതലാണോ സ്വന്തം മകന് /മകള്‍ അല്ല എന്ന് തോന്നിതുടങ്ങുന്നത്, അപ്പോള്‍ അധ്യാപകന് ആ പണി നിര്‍ത്തണം എന്ന്് ഗുരു നിത്യ പറഞ്ഞിരുന്നു. അങ്ങനെയാണെങ്കില്‍, ഇന്ന് എത്ര ടീചേര്സിന് ആ ജോലി ചെയ്യാന്‍ അര്‍ഹതയുണ്ട്?ആയതിനാല്‍, ഇനി വിദ്യാര്‍ത്ഥികള്‍ക്ക് പ്രോഗ്രസ്സീവ് കാര്‍ഡ് ആവശ്യമില്ല. എന്നാല്‍ അധ്യാപകര്‍ക്കായുള്ള ഒരു പ്രോഗ്രസ്സീവ് കാര്‍ഡ് ഉണ്ടാവുകയും വേണം. അങ്ങനെ വന്നാല്‍ കുട്ടികള്‍ സ്വാഭാവികമായും പ്രോഗ്രസ്സീവാകും.ഇന്ന് സെപ്റ്റംബര്‍ 5 ഹാപ്പി അധ്യാപക ദിനം.
Rajesh Shiva
നല്ല അധ്യാപകർ എന്ന് അന്നൊക്കെ തോന്നുകയും പിൽക്കാലത്തു അതങ്ങനെ അല്ലായിരുന്നു എന്ന് മനസിലാക്കുകയും ചെയ്തത് കൊണ്ട് പറയുകയാണ് എന്റെ ജീവിതത്തിൽ നല്ല അധ്യാപകർ ഉണ്ടായിട്ടില്ല. എന്നിട്ടും എന്തുകൊണ്ട് അങ്ങനെയങ്ങു കെട്ടുപോയില്ല എന്ന് ചിന്തിച്ചാൽ, അവനവൻ തന്നെ അധ്യാപകനും വിദ്യാത്ഥിയുമായി പ്രവർത്തിക്കുന്ന ഒരു അവസ്ഥയിൽ നിന്ന് പഠിപ്പിക്കുകയും പഠിക്കുകയും ചെയ്ത പാഠങ്ങൾ കാരണമാകാം എന്ന് പറയേണ്ടിവരും. മൂന്നാംക്ലാസിൽ ( ഇന്ദിരാഗാന്ധി മരിച്ച വർഷം) പഠിക്കുമ്പോൾ ഒരു അദ്ധ്യാപിക അനുസരണക്കേടിന് എനിക്ക് നൽകിയ ശിക്ഷ പെൺകുട്ടികളുടെ ഇടയിൽ പിടിച്ചിരുത്തിയാണ്. അതിലൂടെ ഒരു വിദ്യാർത്ഥിയെ അപമാനിതനാക്കി എന്ന് അവർ ചിന്തിക്കുമ്പോൾ, അറിവില്ലാ പൈതങ്ങളായ കൂട്ടുകാർ അട്ടഹസിച്ചു പരിഹസിച്ചു ചിരിക്കുമ്പോൾ ആ പ്രായത്തിലെ ഒരു വിദ്യാർത്ഥിയുടെ മനസ്സിൽ അന്ന് തുടങ്ങുന്നു എതിർലിംഗത്തോടുള്ള അകൽച്ചയും ഫാസിസ്റ്റ് ലിംഗബോധവും. അതേ ഞാൻ തന്നെയാണ് യൂണിവേഴ്സിറ്റി കോളേജിൽ പെൺകുട്ടികളുടെ ഇടയിൽ കയറി ഇരുന്നപ്പോൾ ഒരു അധ്യാപകൻ എഴുന്നേൽപ്പിച്ചു ആൺകുട്ടികളുടെ സീറ്റിൽ ഇരിക്കാൻ നിർബന്ധിതാനാക്കിയതും. രണ്ടുകാലങ്ങളിലെ, വിരുദ്ധമെന്ന് തോന്നിക്കുന്ന രണ്ടു പ്രവൃത്തികൾ ഒരേ ഇഫക്റ്റ് ആണ് ഒരാളിൽ സൃഷ്ടിക്കപ്പെടുന്നത്. ഒന്ന് ലിംഗബോധത്തിലെ അകൽച്ചയെ ഉപയോഗപ്പെടുത്തിയതും രണ്ടാമത്തേത് സദാചാരത്തിന്റെ ‘കഴപ്പും’ എന്ന വ്യത്യാസമേയുള്ളൂ.
നമ്മുടെയൊക്കെ കാലമായിരുന്നോ ഇന്നത്തെ കാലമാണോ ശരിയെന്നു ചോദിച്ചാൽ ഉത്തരമില്ല. തല്ലിപ്പഠിപ്പിച്ചാലേ നന്നാക്കൂ എന്ന മൂന്നാംമുറ കൊടികുത്തിവാഴുന്ന കാലമായിരുന്നു അന്നൊക്കെ. ചൂരലുകളെ ഭയക്കുന്നതിലൂടെ ഭയമായിരുന്നു അധ്യാപനം നടത്തിയിരുന്നത്. തല്ലി പഠിപ്പിച്ചും തല്ലി വളർത്തിയും ആരെങ്കിലും നന്നായതായി ഞാൻ കേട്ടിട്ടുംകണ്ടിട്ടുമില്ല. ഒരു പ്രതിക്ക് പോലീസ് സ്റ്റേഷനിൽ കയറുന്നപോലുള്ള ഭയമായിരുന്നു വിദ്യാത്ഥികൾക്കു സ്കൂളുകളിലും ട്യൂഷൻ സെന്ററുകളിലും കയറുമ്പോൾ. വിദ്യാർഥികളെ ബോഡി ഷെയ്മിംഗ് നടത്തുന്ന, പാഠപുസ്തകങ്ങൾ മുഖത്തേയ്ക്കു വലിച്ചെറിയുന്ന, നുള്ളി കൈ മുറിക്കുന്ന, വിദ്യാർത്ഥികളുടെ ദാരിദ്ര്യത്തെ പ്രചരിപ്പിച്ചു കപട സഹാനുഭൂതി കാട്ടുന്ന, ജാതി പറഞ്ഞു അധിക്ഷേപിക്കുന്ന … അധ്യാപകരെ ആര് സ്നേഹിക്കാൻ. നമ്മുടെ പോലീസ് സംസ്കാരം വച്ചുനോക്കിയാൽ അവരൊക്കെ പോലീസുകാർ ആകേണ്ടവരായിരുന്നു എന്ന് തോന്നിയിട്ടുണ്ട്.
നാലാംക്ലാസിൽ പഠിക്കുന്ന കാലം, അക്കാലത്തു പാവപ്പെട്ട കുടുംബങ്ങളിൽ നിന്നുവരുന്ന കുട്ടികൾക്ക് മാസം പത്തുപൈസ നിരക്കിൽ മഞ്ഞ ഉപ്പുമാവ് ഉച്ചയ്ക്ക് നൽകുമായിരുന്നു. വീട് ഒരു കിലോമീറ്റർ അടുത്തായതുകൊണ്ടു അമ്മ ചോറുകൊണ്ടുവന്ന് എന്നെ കഴിപ്പിക്കുന്ന പതിവുണ്ടായിരുന്നു. ഒരുദിവസം ചോറുപാത്രം തുറക്കാനുള്ള ശ്രമത്തിനിടയിൽ നിലത്തുവീണു പത്രം തുറന്ന് ചോറുമുഴുവൻ കേടായി. വീട്ടിൽ പോയി വരാനുള്ള സമയം ഇല്ലാത്തതുകൊണ്ട് സ്കൂളിലെ ഉപ്പുമാവ് മേടിച്ചു എനിക്ക് തന്നു. അതിന് സ്നേഹത്തിന്റെ മാലാഖമാർ എന്ന് പലരും വാഴ്ത്തുന്ന അധ്യാപികമാരും അധ്യാപകന്മാരും അടുത്ത രണ്ടു ദിവസങ്ങളിൽ അവിടെ കാണിച്ച പുകിലുകൾ ഇന്നും ഓർമയുണ്ട്. എന്നെ ക്ലാസിൽ എഴുന്നേൽപ്പിച്ചു നിർത്തി ചോദ്യം ചെയ്തു, അമ്മയെ വിളിച്ചുകൊണ്ടുവരാൻ പറഞ്ഞു, വന്നപ്പോൾ അമ്മയെയും വഴക്കു പറഞ്ഞു. പത്തുപൈസ പിടിച്ചുമേടിച്ചു. എന്നാൽ ഇന്ന് ഇങ്ങനെ ഒന്ന് സങ്കല്പിക്കാൻ പോലും പറ്റില്ല. അതാണ് രണ്ടുകാലങ്ങൾ തമ്മിലുള്ള വ്യത്യാസം.
അധ്യാപകരെ സ്നേഹിക്കാൻ സാധിച്ചാലേ അവർ പകർന്നു നൽകുന്ന വിദ്യയും നമുക്ക് സ്വീകാര്യമാകൂ. ഇല്ലെങ്കിൽ യോഗ്യതയില്ലാത്തവർ നൽകുന്നതായി കരുതി നാം ആ വിദ്യയേയും വെറുക്കും, അങ്ങനെ അതിനെ സ്വാംശീകരിക്കാൻ കഴിയാതെ വരും. അധ്യാപന മേഖലയിലെ അപചയം മറ്റു പല രീതികളിലൂടെയും ഇന്നും ഉണ്ടെന്നറിയാം, പല മോശമായ വാർത്തകളും കേൾക്കുകയും ചെയ്യുന്നുണ്ട്. എങ്കിലും സ്വന്തം മക്കളെ പോലെ വിദ്യാർത്ഥികളെ സ്നേഹിക്കുന്നവർ ധാരാളമുണ്ട്. അവർക്കു മാത്രം എന്റെ അധ്യാപകദിനാശംസകൾ…
Adv Sreejith Perumana
സമൂഹത്തിന് വേണ്ടി സ്വയം കത്തിയെരിയുന്ന വിളക്കുമാടങ്ങളാണ് ടീച്ചർമാർ എന്നായിരുന്നു കുഞ്ഞുനാളുമുതൽ മനസ്സിലാക്കിയിരുന്നത്.അതിൽ ആത്മനിർവൃതികൾക്ക് വേണ്ടി മനുഷ്യരെ കത്തിയെരിക്കുന്ന ചില കരിന്തിരി വിളക്കുകളും ഉണ്ടെന്നുള്ളത് ഇന്നിന്റെ തിരിച്ചറിവാണ്.‘Educare’ എന്ന ലാറ്റിൻ പദത്തില്‍ നിന്നാണ് ‘Education’ എന്ന വാക്ക് വരുന്നത്. പുറത്തേക്ക് എടുക്കുക എന്നതാണ് അര്‍ത്ഥം. അൽപന് അർത്ഥം കിട്ടുമ്പോൾ എന്നതുപോലെ ഒരു സുപ്രഭാദത്തിൽ അർഹിക്കുന്നതിലുമപ്പുറം അംഗീകാരം ലഭിക്കുമ്പോൾ അഹന്തയോ, അഹങ്കാരമോ പുറത്തേക്കെടുക്കുക എന്നതല്ല അധ്യാപ മാതൃകജീവിതത്തെ ഉള്‍ക്കാഴ്ചയോടും ദീര്‍ഘവീക്ഷണത്തോടും കൂടി കൈകാര്യം ചെയ്ത് ലക്ഷ്യത്തിലെത്താന്‍ സഹായിക്കുന്നതാകണം അധ്യാപനം മറിച്ച് നൈമിഷികമായ നേട്ടങ്ങളിൽ ആത്മരതിയടയുക എന്നതല്ല. ഓരോ സാമൂഹിക ചലനത്തിന്റെയും മാറ്റത്തിന്റെയും ഒക്കെ പിന്നില്‍ ദൃശ്യമായോ, അദൃശ്യമായോ ഒരു അധ്യാപകന് ഉണ്ടായിരുന്നതായി ചരിത്രം പറഞ്ഞു വെച്ചിട്ടുണ്ട് എന്ന ഓർമ്മകളുണ്ടാകണം ഓരോ ടീച്ചർമാർക്കും.ആ സാമൂഹികമായ പ്രസക്തിയും പ്രാധാന്യവും, വ്യക്തിത്വവും നഷ്ടപ്പെടുത്താതെ സ്വയം വിലയിരുത്തലിനു തയ്യാറായി നവദര്‍ശനങ്ങള്‍ വിഭാവനം ചെയ്യാനും കൈമോശം വന്ന നന്മകള് വീണ്ടെടുക്കാനും ആത്മപരിശോധനയ്ക്കുമുള്ള അവസരമായും, ഈ അധ്യാപക ദിനത്തെ ടീച്ചർമാർ കാണണം. ആരോടും വിദ്വേഷമോ, വൈരാഗ്യമോ, അനിഷ്ടമോ ഇല്ല. പണംകൊണ്ടോ പ്രശസ്തികൊണ്ടോ നേടാനാകുന്നതല്ല പക്വതയും സാമൂഹിക മര്യാദയുമെന്ന് കുട്ടികളെ പഠിപ്പിക്കണ്ടവർ ഈ അധ്യാപക ദിനത്തിലെങ്കിലും ഒരു ആത്മപരിശോധന നടത്തണം. ഒന്നും മൂക്കാതെ പഴുക്കരുത് എന്ന് തന്നെയാണ് നിലപാട്.എല്ലാ ഗുരുക്കന്മാർക്കും ആശംസകൾ ❤️ഈ എഴുത്തിലൂടെ എന്റെ വിളക്കിലെ എണ്ണയാണ് കത്തിത്തീരുന്നത്.അതിനാൽ ഞാൻ തന്നെ വെളിച്ചപ്പെടട്ടെ