പാലസ്തീൻ ജനതയുടെ പോരാട്ടങ്ങളെ തള്ളി പറയാൻക്ക് ചില്ലറ ഉളുപ്പില്ലായ്മ ഒന്നും പോരാ

0
75

Sethu

“എനിക്ക് നിന്റെ ഭാഷയറിയില്ല, ഇത് നിന്റെ മണ്ണാണ്, ഇവിടം വിട്ടു പോകരുത്, ജീവിക്കണം, മരിച്ചു കളയരുത്..”
ഉണ്ടയിൽ മണി സാർ കുനാൽ ചന്ദിനോട് പറയുന്ന ഡയലോഗ് ആണിത്. അതിജീവനത്തിന് വേണ്ടി അവസാനം വരെ പൊരുതുന്ന പാലസ്തീൻ ജനതയോടും പറയാനുള്ളത് ഇതാണ്. നിങ്ങളുടെ മണ്ണ് അധിനിവേശ ശക്തികൾക്ക് വിട്ടുകൊടുക്കേണ്ടതില്ല, നിരുപാധികമായി നിങ്ങളോട് ഐക്യപ്പെടുന്നു. സയണിസത്തിന്റെ ചുവടു പിടിച്ചു ഇസ്രായേൽ പാലസ്തീന് മുകളിൽ തുടർന്ന് വരുന്ന ആക്രമണങ്ങൾ അങ്ങേയറ്റം മനുഷ്യത്വ വിരുദ്ധമാണ്. ബാബ്റി മസ്ജിദിനുള്ളിൽ രാമക്ഷേത്രത്തിന്റെ അവശേഷിപ്പുകൾ ഉണ്ടെന്ന് അവകാശപ്പെട്ട മിത്ത്‌ പോലെ തന്നെയാണ് സയണിസ്റ്റുകൾ വാഗ്ദത്ത ഭൂമിക്ക് വേണ്ടി പലസ്തീന് മുകളിൽ അടിച്ചമർത്തലും ആക്രമണങ്ങളും തുടരുന്നത്.

ഇന്ത്യയുടെ ചരിത്രത്തിൽ പാലസ്തീൻ ജനതയോടൊപ്പം മാത്രമാണ് നമ്മൾ നിന്നിട്ടുള്ളത്. എന്നാൽ ഇന്ന് നമ്മുടെ രാജ്യത്തിന്റെ പല കോണുകളിൽ നിന്ന് തന്നെ പാലസ്തീൻ ജനതയുടെ ചെറുത്ത്‌ നിൽപ്പിനെ തീവ്രവാദമെന്ന് മുദ്രകുത്താനുള്ള മുറവിളികൾ ഉയരുന്നത് പരിതാപകരമാണ്. സംഘപരിവാറിന്റെ സ്വത്വ സിദ്ധമായ മുസ്ലീം വിരോധത്തിൽ നിന്നുയർന്നു വരുന്ന നരേറ്റിവുകൾ ഉണ്ടാക്കുന്ന പൊതുബോധം ആണ് ഇന്ന് പലസ്തീന് എതിരെ ഉയരുന്ന തീവ്രവാദ ചാപ്പയുടെ അടിസ്ഥാനം. അധിനിവേശ ശക്തികളുടെ ബൂട്ട് നക്കി മാപ്പ് പറഞ്ഞു കുനിഞ്ഞു നിന്ന് പാരമ്പര്യമുള്ളവർക്ക് ഒരുപക്ഷെ അതിൽ ശരികേടുകൾ തോന്നാൻ സാധ്യതയില്ല. പക്ഷെ മനുഷ്യനായി പിറന്നു മനുഷ്യനായി ജീവിക്കുന്നവർക്ക് സ്വന്തം നാട്ടിൽ നിന്നും അടിച്ചോടിക്കപ്പെടുന്നവന്റെ വേദന മനസ്സിലാക്കാതിരിക്കാൻ ആവില്ല. അള്ളാഹു അക്ബർ വിളിച്ചു ബ്രിട്ടീഷ് സൈന്യത്തിന് നേരെ പടപൊരുതിയ മലബാറിലെ മാപ്പിളമാരുടെയും, വാരിക്കുന്തം കൊണ്ട് പോരാടി മരിച്ച പുന്നപ്ര വയലാറിലെ കമ്മ്യൂണിസ്റ്റുകളുടെയും ഓർമ്മകൾ ഉള്ള, സ്വാതന്ത്ര്യ സമരത്തിന്റെ നൂറ്റാണ്ടുകാലത്തിന്റെ ചരിത്രം പേറുന്ന ഈ മണ്ണിലിരുന്നു കൊണ്ട് പാലസ്തീൻ ജനതയുടെ പോരാട്ടങ്ങളെ തള്ളി പറയാൻ ചില്ലറ ഉളുപ്പില്ലായ്മ ഒന്നും പോരാ.

പലസ്തീനിൽ ഉണ്ടാകുന്ന ഏറ്റുമുട്ടലുകളും സ്ഫോടനങ്ങളും കാലങ്ങളായി പാലസ്തീൻ ജനത അനുഭവിച്ചു വരുന്ന അടിച്ചമർത്തലുകളുടെയും ചെറുത്തു നിൽപ്പിന്റെയും സ്പെക്ടക്കിളുകൾ മാത്രമാണ്. ഒരു നൂറ്റാണ്ട്‌ പഴക്കമുള്ള അധിനിവേശത്തിനെതിരെ ഒരു ജനത നടത്തുന്ന ചെറുത്തു നിൽപ്പുകളെ ഏതൊക്കെ ന്യായം കൊണ്ട് അളന്നാലും തീവ്രവാദമാകില്ല. ബ്രിട്ടീഷ് ഭരണത്തിനെതിരെ ഇന്ത്യൻ ജനത നടത്തിയ സമരങ്ങളുടെ ചരിത്രത്തിൽ പലതിനെയും ഇന്ന് തീവ്രവാദ സ്വഭാവമുള്ളവയായി ചിത്രീകരിക്കാൻ നോക്കുന്ന സാമ്രാജ്യത്വത്തിന്റെ അടിമകൾ ആയ സംഘപരിവാറുകാർക്ക് ആ വേദന മനസ്സിലാകണമെന്നില്ല. മാപ്പ് പറഞ്ഞും കാലു നക്കിയും ജീവിച്ച അവരുടെ മുൻതലമുറക്കാരുടെ പാരമ്പര്യത്തിൽ കവിഞ്ഞൊന്നും അവരിൽ നിന്നും പ്രതീക്ഷിക്കേണ്ടതില്ല. പക്ഷെ അവരുൽപാദിപ്പിക്കുന്ന വർഗീയ അജണ്ടകളിലേക്ക് ഈ നാട്ടിലെ സാമാന്യ ജനങ്ങൾ വീണു പോകരുത്.

ചെറുത്തു നിൽക്കാൻ ശേഷിയില്ലാത്തവരെ അടിച്ചമർത്തിയ നയങ്ങളോടും ഭരണാധികാരികളോടും കണക്കു ചോദിക്കാതെ ഒരു കാലവും കടന്നു പോയിട്ടില്ല. ചരിത്രം അതിന് സാക്ഷിയാണ്. ഫാസിസത്തിൽ അടിസ്ഥാനപ്പെടുത്തിയ സിംഹാസനങ്ങൾ കടപുഴകി വീഴുക തന്നെ ചെയ്യും. നാളെയുടെ തലമുറ നമ്മുടെ ചരിത്രം അടയാളപ്പെടുത്തുമ്പോൾ നീതികേടിന്റെ ഭാഗത്താകരുത് നമ്മുടെ പക്ഷം. ഒറ്റുകാരുടെയും വർഗീയവാദികളുടെയും പേരിനൊപ്പം നമ്മുടെ പേരുകൾ ചേർത്ത് വായിക്കപ്പെടരുത്. വംശീയതയ്ക്കും സാമ്രാജ്യത്തിത്തിനും എതിരായ നിലപാടിൽ ഉറച്ചു നിന്നുകൊണ്ട് മൂവി സ്ട്രീറ്റ് സ്വന്തം മണ്ണിന് വേണ്ടി പോരാടുന്ന, ചെറുത്തു നിൽക്കുന്ന പാലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം അർപ്പിക്കുന്നു. വംശീയതയും സാമ്രാജ്യത്വവും തുലയട്ടെ.