അമ്മയും താരങ്ങളും പൊളിറ്റിക്കലി ഒരു ബിഗ് സീറോ ആയി മാറിക്കഴിഞ്ഞിരിക്കുന്നു

0
66

Sethu

മലയാള സിനിമയിലെ താരങ്ങളുടെ സംഘടനയും (എ.എം.എം.എ) അതിലെ അംഗങ്ങൾ ആയ മലയാള സിനിമാ താരങ്ങളും പൊളിറ്റിക്കലി ഒരു ബിഗ് സീറോ ആയി മാറിക്കഴിഞ്ഞിരിക്കുന്നു. തങ്ങളുടെ സഹപ്രവർത്തക ആയ ഒരു പെൺകുട്ടി അവളുടെ തൊഴിലിടങ്ങളിൽ അങ്ങേയറ്റം മനുഷ്യത്വ വിരുദ്ധമായി പീഡിപ്പിക്കപ്പെട്ടതിനെതിരെ ഒരക്ഷരം സംസാരിക്കാൻ സാധിക്കാതെ മലയാള സിനിമയിലെ സൂപ്പർ താരങ്ങൾ ഓരോരുത്തരും വിധേയപ്പെടുമ്പോൾ കലാകാരൻ/കലാകാരി എന്ന നിലയിൽ മൂല്യച്യുതിയിലേക്ക് കൂപ്പു കുത്തുകയാണ് അവരോരുത്തരും.

AMMA - Association of Malayalam Movie Artists - 360° Virtual Reality Tour.ഇന്നലെ മൊഴി മാറ്റി പറഞ്ഞ നാല് പ്രമുഖ താരങ്ങളിൽ ചർച്ച ചെയ്യപ്പെട്ടു ഒതുങ്ങേണ്ടുന്ന വിഷയമല്ല ഇത്. കാരണം റേപ്പ് എന്ന അങ്ങേയറ്റം ഹീനമായ പ്രവർത്തിയെ നോർമലൈസ് ചെയ്ത് ഒത്തുതീർപ്പ് ചർച്ച കൊണ്ട് തീർക്കാവുന്ന ഒന്നാക്കി മാറ്റുന്ന വൃത്തികെട്ട പരിപാടിയിലേക്ക് ആണ് താരങ്ങളും അവരുടെ സംഘടനയും ഒതുങ്ങുന്നത്. മനുഷ്യത്വ ലംഘനത്തിന്റെ റേപ്പ് കൾച്ചർ ഒരാളിൽ ഒതുങ്ങുന്നില്ല, ഈ മാതൃക പിന്തുടർന്നാൽ നാളെ ഒരുപാട് പെൺകുട്ടികൾ തൊഴിലിടങ്ങളിൽ പീഡിപ്പിക്കപ്പെടും. മലയാള സിനിമയോട് ചേർന്ന് നിൽക്കുന്ന ഒരുപാട് സ്ത്രീകളുടെ സുരക്ഷയെ, അവരുടെ പ്രവർത്തന സ്വാതന്ത്ര്യത്തെ ഹനിക്കുന്ന മാതൃകയാണ് മലയാള സിനിമ ഇപ്പോൾ പിന്തുടരുന്നത്.

Women In The Arts Denounce Malayalam Film's Absolution of Actor Dileep |  The Swaddleഈ കേസിന്റെ തുടക്കം മുതൽ കേരളീയ പൊതുസമൂഹം പിന്തുടർന്ന് പോരുന്ന പൊതുബോധം ഭയപ്പെടുത്തുന്ന ഒന്നാണ്. ജനപ്രിയൻ ആയ ഒരു നടൻ പ്രതിചേർക്കപ്പെട്ടതിലാണ് ഭൂരിഭാഗം വരുന്ന പ്രബുദ്ധ മലയാളികൾക്കും അമർഷം. മറിച്ചു ഒരു പെൺകുട്ടി അവളുടെ തൊഴിലിടത്തിൽ ആക്രമിക്കപ്പെട്ടതും പീഡിപ്പിക്കപ്പെട്ടതും ഒന്നും അവർക്ക് വിഷയമല്ല. ജനപ്രിയനു എതിരെ സംസാരിച്ചവർ എല്ലാവരും തന്നെ അങ്ങേയറ്റം ഹീനമായ രീതിയിൽ verbal abuse നേരിടേണ്ടി വന്നിട്ടുണ്ട്. പ്രതിചേർക്കപ്പെട്ട നടൻ ജയിൽ മോചിതൻ ആയപ്പോൾ സ്വീകരിക്കാൻ പുഷ്പവൃഷ്ടിയുമായി ഒത്തുചേർന്ന ജനക്കൂട്ടം പ്രബുദ്ധ കേരളത്തിന്റെ അപമാനമായിരുന്നു. അങ്ങനെ ഒരാഘോഷമാണ് ഇന്നലെ നാലു സാക്ഷികൾ കൂറ് മാറിയപ്പോളും ഭൂരിഭാഗം വരുന്ന മലയാളികളിൽ നിന്നും കണ്ടത്. ‘ഞാൻ ആക്രമിക്കപ്പെട്ടു/ഞാൻ പീഡിപ്പിക്കപ്പെട്ടു/എന്റെ അവകാശങ്ങൾ ലംഘിക്കപ്പെട്ടു’ എന്ന് നമ്മളോട് ഉറക്കെ വിളിച്ചു പറഞ്ഞത്‌ ആ പെൺകുട്ടി ആയിരുന്നു.

Mollywood's #MeToo: Here's why four female Malayalam actors quit AMMA over  Dileep rowഅവളോട് ഐക്യപ്പെടുക എന്നതാണ് ധാർമികത. എന്നാൽ ഇന്ന് വരെ കേരളീയ പൊതുസമൂഹത്തിന്റെ ഭൂരിഭാഗവും ആ പെൺകുട്ടിയോട് ഐക്യപ്പെടുകയോ പിന്തുണ നൽകുകയോ ചെയ്തിട്ടില്ല. അങ്ങനെ ഒന്നുണ്ടായിരുന്നു എങ്കിൽ തന്നെ ആക്രമിച്ചവർ ആഘോഷിക്കപ്പെടുമ്പോൾ, സാക്ഷികൾ ഓരോരുത്തർ ആയി കൂറുമാറുമ്പോൾ അവൾക്ക് നോക്കി നിൽക്കേണ്ടി വരില്ലായിരുന്നു. ഇതുപോലെ ഒരു നിസ്സഹായാവസ്ഥ നമ്മുടെ വീടുകളിലും ഉണ്ടായേക്കാം. അന്ന് ഇങ്ങനെ ആയിരിക്കുമോ നമ്മൾ പെരുമാറുക? പൊട്ടിക്കാൻ പടക്കം കരുതിവച്ചും, പാലഭിഷേകം നടത്തിയും കുറ്റാരോപിതന്റെ ജയിൽ മോചനവും സാക്ഷികളുടെ കൂറ് മാറലും നിങ്ങൾ ആഘോഷിക്കുമോ? ഈ ആഘോഷങ്ങൾ കേരളീയ സമൂഹത്തിനും മലയാള സിനിമയ്ക്കും അങ്ങേയറ്റം അപമാനകരമാണ്. ഒരു സ്ത്രീയുടെ അഭിമാനത്തിന്, അവളുടെ കണ്ണീരിനു, അവളുടെ അവകാശങ്ങൾക്ക് പുല്ലുവില മാത്രമാണ് ഞങ്ങൾ കല്പിക്കുന്നത് എന്ന് ഡിക്ലയർ ചെയ്യുകയാണ് ഈ ആഘോഷങ്ങളിലൂടെ. പ്രബുദ്ധ മലയാളി ലജ്ജിച്ചു തല താഴ്ത്തേണ്ടിയിരിക്കുന്നു.

Dileep row: Now, Kannada film industry slams AMMAഒരു സമൂഹത്തെ, ആ സമൂഹത്തിന്റെ ഐഡന്റിറ്റിയെ, മാനത്തെ ഒക്കെ നിർണ്ണയിക്കുന്നതിൽ വലിയൊരു പങ്കുണ്ട് ആ സമൂഹത്തിലെ തൊഴിലിടങ്ങൾക്ക്. സമൂഹം എന്നൊരു ലാർജർ പിക്ച്ചറിന്റെ കണ്ണാടി തന്നെയാണ് തൊഴിലിടങ്ങൾ എന്ന കളക്റ്റീവ് എന്റിറ്റികൾ. പുരോഗമനപരമായി ഏറെ മുന്നോട്ട് വന്നിട്ടുണ്ടെന്ന് അഹങ്കരിക്കുന്ന, ആ ഒരു മിഥ്യാബോധത്തിന്റെ കീഴിൽ അഭിരമിക്കുന്ന കേരളീയ സമൂഹത്തിന്റെ വർത്തമാനത്തെ ഇന്നത്തെ മലയാള സിനിമാ ഇൻഡസ്ട്രി എന്ന തൊഴിലിടം ഒരു കണ്ണാടിയായി തന്നെ നിർവചിക്കുന്നുണ്ട്. പാട്രിയാർക്കൽ ആയ, വിക്ടിം ഹണ്ടിങ്ങ്‌ ധാരാളമുള്ള, നീതിക്കും മൗലികാവകാശങ്ങൾക്കും മേലെയുള്ള അധികാര സ്വാധീനങ്ങളും ഒക്കെ നിറഞ്ഞ ഒന്നായി നിലനിൽക്കുന്ന നമ്മുടെ സിനിമാ ഇൻഡസ്ട്രി, ഈ സമൂഹത്തിലെ പുരോഗമനം വെറും മിഥ്യയാണെന്ന് ഒന്നുകൂടി ഊട്ടിയുറപ്പിച്ചിട്ടുണ്ട് ഇന്ന്.

‘ഇരയ്ക്കൊപ്പം’ എന്നത് ഒരു വ്യക്തിയുടെ, അല്ലെങ്കിൽ ഒരു സഹപ്രവർത്തകന്റെ/സഹപ്രവർത്തകയുടെ ചോയ്സ് അല്ല, മറിച്ച് കടമയാണ്. ഇര ആര് എന്നതിനേക്കാൾ അത്തരമൊരു അവസ്ഥയിലേക്ക് എത്തിപ്പെട്ട ആർക്ക് വേണ്ടിയും നിലനിൽക്കാനുള്ള ആർജ്ജവവും സത്യബോധവും സിനിമാ മേഖലയിൽ ജോലി ചെയ്യുന്ന ആൾക്കാർക്ക് ഇല്ലെങ്കിൽ, ഇരയുടെ കൂടെയാവുന്നവർക്ക് മേൽ സ്വാധീനം ചെലുത്തുവാൻ അധികാരത്തിലും സ്വാധീനത്തിലും നിലകൊള്ളുന്നവർ ശ്രമിക്കുകയും വിജയം കാണുകയും ചെയ്യുന്നുവെങ്കിൽ ഈ ഇൻഡസ്ട്രി മാത്രമല്ല, കേരള സമൂഹം തന്നെ ലജ്ജിക്കേണ്ട വർത്തമാനത്തിലാണ് നിലകൊള്ളുന്നത് എന്ന് തിരിച്ചറിയേണ്ടതുണ്ട്. “അവൾക്കൊപ്പമല്ല” എന്നാണ് ഇന്നിവരൊക്കെ സ്ഥാപിക്കുന്നതെങ്കിൽ ഒറ്റയ്ക്കാവുന്ന ഇരകളും ഒറ്റയാനായി മാറുന്ന വേട്ടക്കാരും ഇവിടെ ഉണ്ടായിക്കൊണ്ടേ ഇരിക്കും. കേരള സമൂഹം ലജ്ജിക്കേണ്ടി വന്നുകൊണ്ടേ ഇരിക്കും. വിമർശനങ്ങളേയും പ്രതിഷേധങ്ങളെയും ഇല്ലാതാക്കി കൊണ്ടേയിരിക്കും. പഴുകിയ ആണധികാര തഴമ്പിന്റെ വെറുപ്പുളവാക്കുന്ന പ്രദർശനമായി നമ്മുടെ സിനിമാ തൊഴിലിടം മാറുന്നത് ഈ സമൂഹം കണ്ടുകൊണ്ടേയിരിക്കേണ്ടി വരും.

ഇത്തരം ജീർണിച്ച പരിത സ്ഥിതിയിലും സന്തോഷം തരുന്ന ചില മനുഷ്യരുണ്ട്. ഭീഷണികളും സമൂഹത്തിന്റെ ദുഷിച്ച കണ്ണുകളെയും അവഗണിച്ചു മുന്നോട്ടു വന്നു തനിക്ക് നേരിട്ട ദുരനുഭവം തുറന്നു പറഞ്ഞവൾ, തങ്ങളുടെ സഹപ്രവർത്തകയെ ചേർത്ത് നിർത്തി അവൾക്കു നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ചു തങ്ങളുടെ നഷ്ടം മറന്നു കൊണ്ട് മുന്നോട്ടു വരുന്ന “മനുഷ്യർ”. ആഷിക് അബു, രമ്യ നമ്പീശൻ, റിമ കല്ലിങ്ങൽ, രേവതി, തുടങ്ങിയ കലാകാരന്മാരിൽ ആണ് പ്രതീക്ഷ. സിനിമയിലും ജീവിതത്തിലും ഇരയ്‌ക്കൊപ്പം നിന്നത് കൊണ്ട് ഇനിയങ്ങോട്ട് നിങ്ങൾ ഒരുപാട്‌ വേട്ടയാടലുകൾ അനുഭവിക്കേണ്ടി വന്നേക്കാം.

ഈ കേസിന്റെ വിധി എന്തായാലും അവസാന നിയമ സംവിധാനങ്ങളുടെ വാതിൽ അടയുന്നത് വരെ അവൾക്കൊപ്പം മാത്രം എന്ന് നിങ്ങൾ പറയാൻ കാണിച്ച ആ ധാർമികതയുടെ നട്ടെല്ല് മലയാളത്തിലെ പല സൂപ്പർ സ്റ്റാറുകൾക്കും ഇല്ലാതെ പോയി. പ്രിയപ്പെട്ട മനുഷ്യരെ നിങ്ങളാണ് മാതൃക, നിങ്ങളോട്‌ ഐക്യപ്പെടുക എന്നതാണ് ഇന്ന് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ ധാർമികതയെന്ന് തിരിച്ചറിഞ്ഞു കൊണ്ട് നിങ്ങളോട് നിരുപാധികം ഐക്യപ്പെടുകയാണ്. ഇനിയിങ്ങനെ മറ്റൊരു സ്ത്രീയ്ക്കും ഉണ്ടാകാതിരിക്കട്ടെ, ഈ നാട്ടിലെ ഓരോ സ്ത്രീകളുടെയും അന്തസ്സും, അഭിമാനവും, ശരീരവും, മനസ്സും, അവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ട അനിവാര്യത നിങ്ങളിലൂടെ മാതൃകയാക്കപ്പെടട്ടെ. എല്ലാവിധ പിന്തുണകളും ആശംസകളും. എന്നും എപ്പോഴും അവൾക്കൊപ്പം മാത്രം.
#അവൾക്കൊപ്പം
#അവൾക്കൊപ്പംമാത്രം