മലയാളികൾ തിരസ്കരിക്കേണ്ട സിനിമയാണ് അദ്വൈതം

215

Sethu

ഇന്ന് അയോധ്യയിൽ രാമക്ഷേത്രത്തിനു പ്രധാനമന്ത്രി തന്നെ തറക്കല്ലിടുമ്പോൾ ഇന്ത്യയുടെ സെക്യൂലറിസ്റ്റ് നയങ്ങൾക്ക് കൂടിയാണ് ശവപ്പെട്ടി പണിതു തുടങ്ങുന്നത്. ഈ അവസരത്തിൽ തള്ളി പറയേണ്ടതായിട്ടുള്ള ഒരു മലയാള സിനിമയുണ്ട്. ടി ദാമോദരൻ രചന നിർവഹിച്ചു പ്രിയദർശൻ സംവിധാനം ചെയ്ത് 1991 ൽ പുറത്തിറങ്ങിയ അദ്വൈതം. ഹിന്ദുത്വ രാഷ്ട്രീയത്തെ ഇത്രമാത്രം പ്രകീർത്തിച്ച മറ്റൊരു മലയാള സിനിമ ഇല്ല എന്ന് തന്നെ പറയേണ്ടി വരും. വിചാരധാരയിലെ ഇന്ത്യയുടെആഭ്യന്തര ശത്രുക്കൾ ആയ മത ന്യൂനപക്ഷങ്ങളെയും കമ്മ്യൂണിസ്റ്റുകാരെയും കൃത്യമായി പ്രതിക്കൂട്ടിൽ നിർത്തി ആവിഷ്കരിക്കപ്പെട്ട ഈ ചിത്രം റിലീസ് ആകുന്നത് ബാബറി മസ്ജിദ് വിഷയം ഇന്ത്യയിൽ കൊടുമ്പിരി കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ ആണ്. ദേവസ്വം ബോർഡ് എന്ന പേരിൽ ക്ഷേത്രങ്ങൾ കയ്യേറി ബ്രാഹ്മണരെയും ഈ നാട്ടിലെ “വിശ്വാസികളെയും ” ചൂഷണം ചെയ്യുന്ന ഭരണകൂടങ്ങൾക്ക് നേരെ “രഥയാത്ര ” നടത്തിയാൽ മാത്രം പോരാ വാളെടുക്കണം എന്ന ആർ എസ് എസ് ആഹ്വാനം പച്ചക്ക് പറഞ്ഞ സിനിമ ആയിരുന്നു അദ്വൈതം.

സിനിമയുടെ ഒടുക്കം “ശിവൻ ” എന്ന നായക കഥാപാത്രം നടത്തുന്ന ഒരു രഥയാത്ര ഉണ്ട്. ദേവസ്വം ഭൂമി കയ്യേറി താമസിക്കുന്ന മത ന്യൂനപക്ഷങ്ങളോട് സമാധാനം ചർച്ച ചെയ്തു ഒഴിപ്പിക്കാൻ ഭൂതകാല പാപങ്ങൾക്ക് പ്രായശ്ചിത്തം ചെയ്യാൻ സന്യാസം സ്വീകരിച്ച ശിവൻ നടത്തിയ രഥയാത്രയുടെ ആവിഷ്കരണം അത്ര നിഷ്കളങ്കമായ ഒന്നായിരുന്നില്ല. അഡ്വാനി 1990 ൽ നടത്തിയ രഥയാത്രയുടെ മലയാള സിനിമാ വേർഷൻ ആയിരുന്നു അദ്വൈതത്തിലെ ശിവന്റെ രഥയാത്ര. “ഭൂരിപക്ഷ സമുദായങ്ങളെ പീഡിപ്പിക്കുന്നതിൽ ആണ് സർക്കാരിന്റെ താല്പര്യം, അവർക്ക് വേണ്ടി ആരും ചോദിക്കാനില്ല എന്ന ധൈര്യം ” ആണ് സർക്കാരുകളെ അങ്ങനെ ചെയ്യാൻ പ്രേരിപ്പിക്കുന്നത് എന്നൊരു ഡയലോഗ് സ്വാമിയായി ന്യൂനപക്ഷങ്ങളോട് സമാധാനം സംസാരിക്കാൻ വന്ന ശിവൻ സിനിമയുടെ അവസാന ഭാഗത്തു പറയുന്നുണ്ട്. ഈ ഒരൊറ്റ ഡയലോഗ് മതി ടി ദാമോധരന്റെയും പ്രിയദർശന്റെയും അജണ്ട മനസ്സിലാക്കാൻ. ഗുജറാത്തിലെ സോമനാഥിൽ നിന്ന് ആരംഭിച്ചു യു പി യിലെ അയോധ്യയിൽ അവസാനിക്കുന്ന അദ്വാനിയുടെ രഥയാത്രയിൽ ഉടനീളം അദ്ദേഹം പറഞ്ഞിരുന്നത് ” ഭൂരിപക്ഷ മതത്തിൽ പെട്ടവർ രാജ്യത്ത് ദുരിതത്തിൽ ആണ് ” എന്നും “ന്യൂന പക്ഷ പ്രീണനം തുടരുന്ന സർക്കാരുകൾ പിന്തുടരുന്നത് വ്യാജ മതേതരത്വം ആണ് എന്നുമായിരുന്നു. അദ്വാനിയുടെ ഈ ആരോപണങ്ങൾ അയാൾ ആവർത്തിച്ചു പറഞ്ഞു കൊണ്ടേ ഇരുന്നു. ഇതേ ആരോപണങ്ങളുടെയും രഥയാത്രയുടെയും minature വേർഷൻ ആണ് അദ്വൈതത്തിന്റെ ക്ലൈമാക്സിൽ നമുക്ക് കാണാൻ സാധിക്കുന്നത്.

അദ്വൈതം ആദ്യന്തം ഒരു ശരികേട് ആണ്. രാഷ്ട്രീയപരമായുള്ള വിയോജിപ്പ് മാത്രമല്ല, അതിലുപരി പച്ചയ്ക്ക് വർഗീയത സംസാരിക്കുന്ന സിനിമയാണിത്. പോസ്റ്റ്‌ മണ്ഡൽ കമ്മീഷൻ കാലഘട്ടത്തിൽ സംവരണ വിരുദ്ധതയും ദളിത്‌ വിരുദ്ധതയും ഇന്ത്യൻ ജനതയിലേക്ക് പടർന്നു പിടിക്കുന്ന സമയത്ത്, ആ പൊതുബോധത്തിനെ തൃപ്തി പെടുത്താൻ സംവരണ – ദളിത്‌ വിരുദ്ധ അജണ്ടകളും ഈ സിനിമയിലൂടെ സമൂഹത്തിലേക്ക് വിദഗ്ധമായി കൈമാറ്റം ചെയ്യപ്പെടുന്നുണ്ട്. “ദളിതനായ കമ്മ്യൂണിസ്റ്റ് നേതാവ് ” എന്ന ലേബലിൽ അവതരിപ്പിക്കുന്ന സോമന്റെ കഥാപാത്രം ദേവസ്വം ബോർഡിൽ ശിവനിലൂടെ സ്വാധീനം ഉറപ്പിക്കുന്നതും, ഭഗവാന്റെ / ഭക്തന്റെ സ്വത്തു കൊള്ളയടിക്കുന്നതും അധിക തസ്തികകൾ സൃഷ്ടിച്ചു അനർഹർക്ക് നിയമനങ്ങൾ നൽകി ദേവസ്വം സ്വത്തു ദൂർത്തടിക്കുന്നതും ഒക്കെ പ്രത്യക്ഷമായി തന്നെ കഥാസന്ദർഭങ്ങളിൽ പറഞ്ഞു പോകുന്നുണ്ട്. ഇന്ത്യയുടെ ആഭ്യന്തര ശത്രുക്കളെ എല്ലാവരെയും ഒരുമിച്ച് പ്രതിക്കൂട്ടിൽ നിർത്തി ഈ നാട്ടിലെ സവർണ ഭൂരിപക്ഷങ്ങൾ നേരിടേണ്ടി വരുന്ന പീഡന കഥകളെ ആവിഷ്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് അത്തരം കഥാസന്ദർഭങ്ങൾ എഴുതി ചേർത്തിട്ടുള്ളത്. കേരളത്തിന്റെ സാഹചര്യത്തിലേക്ക് ബാബറി മസ്ജിദ് പ്രശ്നവും ഭൂരിപക്ഷ സമുദായങ്ങൾ നേരിടേണ്ടി വരുന്ന വെല്ലുവിളികളും പറിച്ചു നട്ടപ്പോൾ വില്ലന്മാരായി കമ്മ്യൂണിസ്റ്റുകാരും ന്യൂനപക്ഷ സമുദായങ്ങളും കൂടെ ദളിതരും വരുന്നത് ഒട്ടും യാദൃശ്ച്കിമല്ല. അതിശയപ്പെടുത്തുന്ന വസ്തുത ഇത്തരം അജണ്ടകളെ എത്ര മനോഹരമായാണ് കഥാ സന്ദർഭങ്ങളിലേക്ക് ഇഴുകി ചേർത്ത് അവതരിപ്പിച്ചിരിക്കുന്നത് എന്നതാണ്. ടി ദാമോദരൻ എന്ന എഴുത്തുകാരനെയും പ്രിയദർശൻ എന്ന ക്രഫ്ട്മാന്റെ കഴിവിനെയും ഈ ഒരു കാര്യത്തിൽ പ്രശംസിക്കാതെ വയ്യ.

സ്വതന്ത്ര ഇന്ത്യയിൽ രൂപം കൊണ്ട ഹിന്ദുത്വ ബോധവും രാമരാജ്യ സങ്കല്പവും എല്ലാം ഇലക്ട്‌റൽ പൊളിറ്റിക്സിലേക്ക് കൈ കടത്തി തുടങ്ങിയത് ബാബറി മസ്ജിദ്, മണ്ഡൽ കമ്മീഷൻ വിഷയങ്ങളെ തുടർന്നായിരുന്നു. അതിന്റെ പ്രധാന മുദ്രാവാക്യം ആയിരുന്നു ഹിന്ദു ഉണരണം എന്നത്. ആ മുദ്രാവാക്യത്തെ മുഴുവനായി ഉൾക്കൊണ്ടുകൊണ്ട് ഉത്തരേന്ത്യയിൽ നിന്ന് തീർത്തും വ്യത്യസ്തമായൊരു സാംസ്‌കാരിക പൊതുബോധമുള്ള മലയാളി സമൂഹത്തിനു മുന്നിൽ ആ ആശയങ്ങളെ സമാന്തരമായി അവതരിപ്പിക്കുക എന്ന ധർമമാണ് ഈ സിനിമ കൈകാര്യം നിർവഹിച്ചിട്ടുള്ളത്. അതിനു രഥയാത്രയടക്കം പുനരാവിഷ്കരിച്ചു കേരളത്തിന്റെ സാമൂഹിക സാഹചര്യങ്ങളിലേക്ക് പ്ലേസ് ചെയ്തു എന്നത് സിനിമയുടെ അജണ്ട വ്യക്തമാക്കുന്നതാണ്. പോരാത്തതിന് കേരളത്തിലെ ഹിന്ദുക്കളെ ഉണർത്താൻ അവർണരും, അവിശ്വാസികളും കമ്മ്യൂണിസ്റ്റുകളും ചേർന്ന് ഹിന്ദുക്കളുടെ സ്വത്ത് കൊള്ളയടിക്കുന്നു എന്നൊരു അഡിഷണൽ കുത്തിത്തിരിപ്പ് കൂടി ചേർത്താണ് സിനിമ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ഹിന്ദുവിന്റെ ഉണർവ് കൃത്യമായി കമ്മ്യൂണിസ്റുകാർക്കെതിരെയും, ദളിതർക്കെതിരെയും, മത ന്യൂനപക്ഷങ്ങൾക്കെതിരെയും തിരിച്ചു വിടാൻ ഉള്ള എല്ലാ ചേരുവകളും അദ്വൈതത്തിൽ ഉണ്ടായിരുന്നു.

1990 ൽ അധ്വാനി രഥയാത്ര നടത്തുന്നതും രാജ്യത്താകമാനം അരക്ഷിതാവസ്ഥ ഉണ്ടാകുന്നതും 1991 ൽ അദ്വൈതം റിലീസ് ആയി വലിയൊരു ഹിറ്റ്‌ ആകുന്നതും മാസങ്ങൾക്ക് ശേഷം ബാബറി മസ്ജിദ് പൊളിക്കപ്പെടുന്നതും എല്ലാം കൂട്ടി വായിക്കേണ്ട ഒന്നാണ്. കൃത്യമായ പൊളിറ്റിക്കൽ context ൽ വ്യക്തമായ അജണ്ടയുടെ ഭാഗമായി റിലീസ് ചെയ്യപ്പെട്ടിട്ടുള്ള സിനിമയാണ് അദ്വൈതം എന്ന് ഇതിൽ നിന്ന് മനസ്സിലാകും. 30 വർഷങ്ങൾക്ക് ഇപ്പുറം സംഘപരിവാർ ഫാസിസം രാജ്യത്ത് ഉടനീളം തേർവാഴ്ച നടത്തുമ്പോൾ, അതിന്റെ സ്വാധീനം കേരളത്തിലെ പൊളിറ്റിക്കൽ സാഹചര്യങ്ങളെ പോലും മാറ്റി മറിക്കുമ്പോൾ അവർ സെറ്റ് ചെയ്ത അജണ്ടകളുടെ കൃത്യത അവലോകനം ചെയ്യപ്പെടേണ്ടതും തിരിച്ചറിയപ്പെടേണ്ടതുമാണ്. വെറുമൊരു സിനിമയല്ല അദ്വൈതം. സംഘപരിവാർ രാഷ്ട്രീയത്തെ കൃത്യമായി ഉൾക്കൊണ്ടുകൊണ്ട് പൊതുബോധത്തെ ഉപയോഗപ്പെടുത്തി പ്രചരിപ്പിക്കുവാൻ തയ്യാറാക്കിയ സിനിമയാണത്. ഇന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രി തന്നെ രാമരാജ്യത്തിനു ശിലാസ്ഥാപനം നടത്തുന്ന ഈ സാഹചര്യത്തിൽ, സംഘപരിവാർ അജണ്ടകൾ അതിന്റെ മൂർദ്ധന്യാവസ്ഥയിൽ ഇന്ത്യയുടെ മതേതരത്വം കാർന്നു തിന്നാൻ തുടങ്ങുന്ന സമയത്തെങ്കിലും മലയാളികൾ തിരസ്കരിക്കേണ്ട സിനിമയാണ് അദ്വൈതം.