സംഘികൾ മാത്രമല്ല, മലപ്പുറത്തിനോട്‌ മലയാള സിനിമചെയ്ത ദ്രോഹങ്ങളും എണ്ണിയാലൊടുങ്ങാത്തതാണ്

100
 Sethu
സംഘപരിവാർ കേരളത്തിൽ ഏറ്റവും കൂടുതൽ ടാർഗറ്റ് ചെയ്തുകൊണ്ടിരിക്കുന്ന പ്രദേശമാണ് മലപ്പുറം. അത് ഇന്നും ഇന്നലെയും തുടങ്ങിയ ചരിത്രമല്ല. മലപ്പുറത്തിന്റെ മുസ്ലീം ഭൂരിപക്ഷവും ഏറനാടിന്റെ സ്വാതന്ത്ര്യ സമര ചരിത്രവും എല്ലാം കാലാകാലങ്ങളായി സംഘപരിവാർ ആക്രമണങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ഒന്നാണ്. മലയാള സിനിമയ്ക്കും ചെറുതല്ലാത്ത ഒരു പങ്ക് ഇതിലുണ്ട്. നമ്മുടെ സിനിമകൾ ഏറ്റവും കൂടുതൽ പാർശ്വവത്കരിച്ചിരിക്കുന്ന ജ്യോഗ്രഫിയാണ് മലപ്പുറത്തിന്റേത്. അപരവത്കരിച്ചും വികൃതമാക്കിയും അവതരിപ്പിച്ച മലപ്പുറത്തിന്റെ കഥകൾ ഒരു പൊതുബോധം തന്നെ സൃഷ്ടിച്ചിട്ടുണ്ട്. ആ പൊതുബോധത്തിന്റെ പുറത്തേക്ക് ‘മിനി പാകിസ്ഥാൻ’ ഇമേജ് അടിച്ചേൽപിക്കാൻ കൃത്യമായ അജണ്ടകൾ ഉള്ള കൂട്ടങ്ങൾക്ക് ആവുന്നുമുണ്ട്.
മലയാള സിനിമയിലെ മുസ്ലീം കഥാപാത്രങ്ങൾക്ക് എല്ലാം വലിച്ചു നീട്ടിയ ഒരു ഭാഷാ ശൈലി നൽകുകയും, പച്ചബെൽറ്റും തൊപ്പിയും അടങ്ങുന്ന ഒരു വസ്ത്രധാരണ രീതി പിന്തുടരുന്ന, ബാല വിവാഹങ്ങളും മുത്തലാക്കും ഒക്കെ കോമൺ ആയ ഒരു സമൂഹമായും അവരെ ചിത്രീകരിച്ചുകൊണ്ട് മലപ്പുറത്തിനോട്‌ മലയാള സിനിമ ചെയ്ത ദ്രോഹങ്ങൾ എണ്ണിയാൽ ഒടുങ്ങാത്തതാണ്. ഒരുദാഹരണം പറയാം, ഡോക്ടർ ബിജു സംവിധാനം ചെയ്ത വീട്ടിലേക്കുള്ള വഴി എന്ന ചിത്രത്തിലെ ഒരു രംഗമാണ്. ഒരു തീവ്രവാദി സംഘടനയുടെ റിക്രൂട്മെന്റോ മറ്റോ ആണ് സന്ദർഭം. ചോദ്യം ചോദിക്കുന്നത് പ്രിത്വിരാജ് ആണ്.
“മലയാളി ആണോ?”
“അതെ”
“നാട്ടിൽ എവിടെയാണ്”
“മലപ്പുറത്താണ് “
ഇതിനു ശേഷം ആ കഥാപാത്രത്തിനോ ആ രംഗത്തിനോ വേറെ പ്രസക്തി ആ ചിത്രത്തിൽ ഇല്ല. ഒരുപാടു ഫിലിം ഫെസ്റ്റുകളിൽ മലയാളത്തെ പ്രതിനിധീകരിച്ച ഒരു ചിത്രത്തിലെ രംഗമാണ്. സംവിധാനം മലയാള സിനിമയുടെ അഭിമാനമായ ഡോക്ടർ ബിജുവും. മലപ്പുറം എന്ന നാട് തീവ്രവാദി കഥാപാത്രത്തിന്റെ സ്ഥലമായി തിരഞ്ഞെടുക്കാൻ ഉണ്ടായ ചേതോവികാരം എന്തായിരുന്നു എന്ന് മനസ്സിലായിട്ടില്ല.
മലയാള സിനിമയെ ഒരുപാട് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റുകളിലും പ്രതിനിധീകരിച്ച ഒരു സിനിമ ഇങ്ങനെയാണ് മലപ്പുറത്തിന് വളരെ സിമ്പിൾ ആയി ‘തീവ്രവാദികളുടെ നാടെന്ന’ ചാപ്പ നൽകുന്നത്. കൊമേർഷ്യൽ സിനിമകളുടെ കാര്യം പറയേണ്ടതില്ല. മലയാള സിനിമയിലെ ലെജൻഡ്സ് എന്ന് വാഴ്ത്തപ്പെടുന്നവരുടെ ചിത്രങ്ങൾ തന്നെയെടുത്ത് പരിശോധിച്ചാൽ മതിയാകും. 1921 എന്ന ഐവി ശശി – ടി ദാമോദരൻ സിനിമ ഏറനാടിന്റെ സ്വാതന്ത്ര്യ സമര ചരിത്രത്തെ അങ്ങേയറ്റം വളച്ചൊടിക്കുന്ന ഒന്നാണ്. മാപ്പിള ലഹളയും വാഗൺ ട്രാജഡിയും അടങ്ങുന്ന മലപ്പുറത്തിന്റെ സ്വാതന്ത്ര്യ സമര ചരിത്രത്തെ സിനിമയാക്കിയപ്പോൾ ഹിന്ദുത്വ അജണ്ടകൾ ഉള്ളിൽ തിരുകി മികച്ച രീതിയിൽ ബാലൻസ് ചെയ്താണ് 1921 എന്ന സിനിമ അവതരിക്കപ്പെട്ടത്. കുമ്മനം രാജശേഖരൻ മലബാർ കലാപത്തിനെ കേരളത്തിലെ ആദ്യത്തെ ജിഹാദി കൂട്ടക്കൊലപാതകം എന്ന് വിശേഷിപ്പിച്ചിട്ട് കാലം ഒരുപാടായിട്ടില്ല.
മലബാർ കലാപത്തിനെ സംബന്ധിച്ച് നമുക്ക് അവൈലബിൾ ആയിട്ടുള്ള, എളുപ്പത്തിൽ അക്സസ്സ് ചെയ്യാൻ പറ്റുന്ന ഒരു ചരിത്ര രേഖയാണ് 1921 എന്ന സിനിമ. പക്ഷെ ഹിന്ദുത്വ അജണ്ടകൾക്ക് കുട പിടിക്കുന്ന രീതിയിൽ ഉള്ള ആ സിനിമ സംഘ് പ്രോപഗണ്ടകൾക്ക് ഗുണകരമാകുമെന്നു സംശയമില്ല.
വാഗൻ ട്രാജഡിയിൽ മാത്രമല്ല മലപ്പുറത്തിന് ശ്വാസം മുട്ടിയിട്ടുള്ളത്. എല്ലാക്കാലത്തും സമൂഹത്തിന്റെ മുൻവിധികളിൽ പെട്ട് ആ നാട് ഒരുപാട് സഹിച്ചിട്ടുണ്ട്. ആ മുൻവിധികൾ സൃഷ്ടിച്ചതിൽ മലയാള സിനിമയ്ക്ക് ചെറുതല്ലാത്ത പങ്കുമുണ്ട്. സംഘപരിവാറിനെതിരെ ഏറ്റവും ശകതമായി ചെറുത്തു നിൽക്കുന്ന കേരളത്തിലെ സിനിമകൾ ഒരിക്കൽ പോലും സംഘ് ഐഡിയോളജികൾക്കെതിരെ ശബ്ദമുയർത്തിയിട്ടില്ല. മറിച് സവർക്കറെ വരെ വിശുദ്ധനാക്കി ചിത്രീകരിക്കാൻ മുന്നിൽ നിന്നിട്ടുമുണ്ട്. എല്ലാ മേഖലകളിലും പൊളിറ്റിക്കൽ ആവേണ്ട കാലഘട്ടത്തിൽ ആണ് നമ്മൾ ജീവിക്കുന്നത്.
സിനിമകൾക്ക് സാധാരണ ജനങ്ങളോട് സംസാരിക്കാൻ സാധിക്കുന്നത് പോലെ മറ്റൊരു മീഡിയത്തിനും സാധിക്കില്ല എന്ന യാഥാർഥ്യം ഉൾക്കൊണ്ട്‌ മാറ്റങ്ങൾ ഉണ്ടായേ തീരൂ. 1921 ഇറങ്ങിയ വർഷം best film with popular appeal and aesthetic value എന്ന കാറ്റഗറിയിൽ സംസ്ഥാന അവാർഡ് നേടിയിരുന്നു. മലബാറിന്റെ ചരിത്രത്തെ വികലമാക്കിയ ആ അവാർഡിന് പകരമെന്നോണം 2018 ൽ അതെ കാറ്റഗറിയിൽ സുഡാനി ഫ്രം നൈജീരിയ അവാർഡ് നേടിയിരുന്നു. പക്ഷെ ഒരു സുഡാനി കൊണ്ട് മാറ്റാൻ പറ്റുന്നതല്ല മലയാള സിനിമ മലപ്പുറത്തിന്റെ മുകളിൽ അടിച്ചേല്പിച്ചിരിക്കുന്ന തെറ്റിദ്ധാരണകൾ.
സമൂഹത്തിന്റെ എല്ലാ മേഖലകളിലും സ്വന്തം പരാധീനതകൾ മറികടന്നു മുന്നേറുന്ന ഒരു പ്രദേശമാണ് മലപ്പുറം. എത്രയൊക്കെ അടിച്ചമർത്താൻ ശ്രമിച്ചിട്ടും തലയുയർത്തി തന്നെ നിൽക്കുന്ന ആ പാരമ്പര്യത്തിനോട് ചെയ്ത തെറ്റുകൾ തിരുത്തേണ്ടത് മലയാള സിനിമയുടെ ഉത്തവാദിത്തമാണ്. സിനിമ ഒരു സോഷ്യൽ ഡോക്യുമെന്റ് ആയി ഈ കാലത്തും വരുംകാലത്തും വായിക്കപ്പെടും എന്നുള്ളത് കൊണ്ടുതന്നെ മലപ്പുറത്തിന്റെ genuine ആയ ജീവിതങ്ങളെ, സമൂഹത്തെ ഒക്കെ അടയാളപ്പെടുത്തുന്ന, ആ ജ്യോഗ്രഫിയുടെ അനുപമമായ nuancesകൾ സ്ക്രീനിലെത്തിക്കുന്ന സിനിമകൾ ഉണ്ടാകേണ്ടതുണ്ട്. കേരളത്തിലെ ഒരു ജില്ല മാത്രമായിട്ടല്ല മലപ്പുറം ഇന്ന് നിലനിൽക്കുന്നത്. രാജ്യം മുഴുവനും ഉറ്റ് നോക്കുന്ന, ടാർഗറ്റ് ചെയ്യുന്ന ആ സമൂഹത്തെ സംരക്ഷിക്കേണ്ടത് ഒരുകാലത്തും ഇന്നും ആ സമൂഹത്തെ കരിവാരിതേച്ച സിനിമാസംസ്ക്കാരത്തിന്റെ കൂടി ബാധ്യതയാണ്. സംഘ് പ്രോപഗണ്ടകൾ ആക്രമിക്കുമ്പോൾ മാത്രം ഉണ്ടാകേണ്ട ഒന്നല്ല മലപ്പുറം സ്നേഹം.