സംഘപരിവാർ ആശയങ്ങളെ ഇകഴ്ത്തിക്കൊണ്ട് പുകഴ്ത്തുക എന്നതാണ് മുരളീഗോപിയുടെ രീതി

0
334

Sethu

മുരളി ഗോപി വളരെ മികച്ചൊരു എഴുത്തുകാരൻ ആണ്. സിനിമയുടെ യഥാർത്ഥ അജണ്ടകളെ മറച്ചു പിടിച്ചുകൊണ്ടു തന്റെ ചിന്തകളെ പൊതു ബോധത്തിലേക്ക് എത്തിക്കുക എന്ന പ്രവൃത്തി വളരെ സ്മാർട്ട് ആയി എക്സിക്യൂട്ട് ചെയ്യുന്ന സ്ക്രീപ്റ്റുകളാണ് അദ്ദേഹം ഒരുക്കാറുള്ളത്. വ്യക്തമായ സംഘപരിവാർ അജണ്ടയുള്ള എന്നാൽ പ്രത്യക്ഷത്തിൽ വളരെ നിഷ്പക്ഷമായി നിൽക്കുന്ന ചില ആൾക്കാരെ കണ്ടിട്ടില്ലേ? അത്തരം ആൾക്കാരുടെ ബൗദ്ധികാചാര്യൻ ആണ് മുരളി ഗോപി എന്ന് വേണമെങ്കിൽ പറയാം. ഇകഴ്ത്തിക്കൊണ്ട് പുകഴ്ത്തുക എന്നതാണ് സംഘപരിവാർ ആശയങ്ങളോട് അദ്ദേഹത്തിന്റെ സമീപനം. ഇത്തരത്തിൽ അദ്ദേഹം വളരെ “മനോഹരമായി” എഴുതിയിട്ടുള്ള ഒരു സ്ക്രീപ്റ്റ് ആണ് ടിയാന്റെത്.

ടിയാൻ കാണുന്ന ഏതൊരു പ്രേക്ഷകനും ആദ്യ കാഴ്ച്ചയിൽ മുരളി ഗോപി സംഘപരിവാറിനെ എതിർക്കുന്നതാണ് എന്നെ തോന്നുകയുള്ളു. മഹാഷയ ഭഗവാൻ എന്ന ആൾദൈവത്തിന്റെ പേരിൽ മുസ്ലീങ്ങളെയും ദളിതരെയും ഒക്കെ വേട്ടയാടുന്ന ഹിന്ദുത്വ ഭീകരരെ തുറന്നു കാണിക്കുയാണ് എന്ന് തോന്നിപ്പിക്കുന്ന രംഗങ്ങൾ സിനിമയിലുടനീളമുണ്ട്. സാധാരണ ആയി സംഘപരിവാർ ഭീകരർ ചെയ്തു വരുന്ന ദളിത്‌ ന്യൂനപക്ഷ ആക്രമണങ്ങളെ ഒക്കെ തുറന്നു സപ്പോർട്ട് ചെയ്യാതെ വളരെ താത്വികമായി, നിക്ഷ്പക്ഷമായി നിന്നുകൊണ്ട് സംഘപരിവാർ ആശയങ്ങൾക്ക് വേണ്ടി വാദിക്കുന്ന പലരെയും സോഷ്യൽ മീഡിയ ഡിബേറ്റുകളിൽ നമ്മൾ കണ്ടുമുട്ടാറുണ്ട്. അത്തരമൊരു നയമാണ് ടിയാനിൽ മുരളിഗോപിയും പിന്തുടരുന്നത്.

ആദി ശങ്കരന്റെ പിന്തലമുറക്കാരനും സർവോപരി “സ്വാതികനുമായ ” പട്ടാഭിരാമൻ എന്ന ബ്രാഹ്മണൻ ആണ് സിനിമയിലെ നായകൻ. മഹാഷയ ഭഗവാൻ എന്ന ആൾദൈവത്തിന്റെ മഠം സ്ഥാപിക്കാനായി കയ്യേറ്റങ്ങൾ ഉണ്ടാകുമ്പോൾ തന്റെ മഠവും, ഗുരുപീഡവും സംരക്ഷിക്കാൻ പട്ടാഭിരാമൻ നടത്തുന്ന ചെറുത്തു നിൽപ്പാണ് സിനിമയുടെ ഇതിവൃത്തം. പട്ടാഭിരാമൻ എന്ന കഥാപാത്രത്തിനു നൽകുന്ന ഇമേജ് ആണ് സിനിമയുടെ ഹൈലൈറ്റ്. മനുസ്മൃതി ഉൾപ്പെടെ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത സംസ്കൃത പണ്ഡിതൻ ആണ് പട്ടാഭിരാമൻ. സംസ്കൃതം പഠിക്കാൻ വിദേശത്തു നിന്ന് വരെ ആളുകൾ തേടിയെത്തുന്ന ബ്രാഹ്മണൻ. മനുസ്മൃതിയിലെ നന്മകൾ ഉൾക്കൊണ്ടു കൊണ്ട് അതിനെ പ്രചരിപ്പിക്കണം എന്ന നിലപാട് ആണ് പട്ടാഭിരാമനിലൂടെ സിനിമ മുന്നോട്ടു വയ്ക്കുന്നത്. മനുസ്മൃതി, വേദങ്ങൾ, സംസ്കൃതം എന്നീ ആർഷ ഭാരത എലമെന്റുകളെ ആവിശ്യത്തിലധികം ഗ്ലോറിഫൈ ചെയ്തുകൊണ്ട് ഹിന്ദുത്വത്തിന്റെ നന്മ നിറഞ്ഞ മുഖമായാണ് പട്ടാഭിരാമനെ സിനിമ അവതരിപ്പിക്കുന്നത്. തന്റെ ഗുരുപീഡവും, മഠവും ഒട്ടനവധി അധിനിവേശങ്ങളെ ചെറുത്തു നിന്നതാണ് എന്നൊരു സ്റ്റേറ്റ്മെന്റ് പട്ടാഭിരാമൻ സിനിമയിൽ പറയുന്നുണ്ട്.
അധിനിവേശങ്ങളെ ചെറുത്തു നിന്നവരല്ല, അധിനിവേശങ്ങൾക്ക് ചുക്കാൻ പിടിച്ചവരാണ് ബ്രാഹ്മണ സമൂഹമെന്നുള്ള യഥാർഥ്യത്തെ ഒക്കെ എത്ര സമർത്ഥമായാണ് ഒരു സാഥ്വിക ബ്രാഹ്മണ കഥാപാത്രത്തെ മുൻനിർത്തി സ്ഥാപിച്ചെടുക്കുന്നത്.
ഹിന്ദുത്വ ആശയങ്ങൾക്കും രാമരാജ്യത്തിനും അടിത്തറ പാകുന്നത് മനുസ്മൃതിയും സംസ്കൃതവും ജാതി വ്യവസ്ഥയും ബ്രാഹ്മണ്യവും ആണ്. ഹിന്ദുത്വത്തിന്റെ മഹത്തായ മൂല്യങ്ങൾ എന്ന് കരുതി പോരുന്ന ഇത്തരം കാലഹരണപ്പെട്ട ആശയങ്ങളുടെ സംസ്ഥാപനാർത്ഥം ആണ് ഹിന്ദുത്വ ഭീകരതയും ഉരുതിരിഞ്ഞു വരുന്നത്. ടിയാനിൽ മുരളി ഗോപി ചെയ്യുന്നത് ഹിന്ദുത്വ ഭീകരതയുടെ പെരിഫെറൽ ആക്ടിവിടികളെ വിമർശിച്ചുകൊണ്ട് അടിസ്ഥാന മൂല്യങ്ങൾക്ക് വെള്ള പൂശുന്ന പ്രവൃത്തിയാണ്. തന്റെ ബ്രാഹ്മണ്യം എന്തോ വലിയ സംഭവമാണെന്ന് പലപ്പോളും പൂണൂൽ ഉയർത്തിക്കാട്ടി അവകാശപ്പെടുന്ന പട്ടാഭിരാമനെ ആക്രമിക്കാൻ എത്തുന്ന മഹാഷയ ഭഗവാന്റെ ഗുണ്ടകളിൽ നിന്നും അയാൾ രക്ഷപ്പെടുന്നത് താൻ ബ്രാഹ്മണൻ ആണെന്ന് അവകാശപ്പെട്ടു കൊണ്ടായിരുന്നു. മഹാഷയ ഭഗവാന്റെ ഗുണ്ടകൾ പട്ടാഭിരാമനെ എറിയാനുള്ള കല്ലെടുത്തു ഒരു ദളിത്‌ ബാലന്റെ കയ്യിൽ വച്ചുകൊടുത്തു “നിങ്ങളെ കാലങ്ങളായി അടിച്ചമർത്തി വച്ചിരിക്കുന്ന ബ്രാഹ്മണനെ ” എറിയാൻ ആവിശ്യപ്പെടുമ്പോൾ എറിയാനെടുത്ത കല്ല് താഴെയിട്ട് ആ ബാലൻ പട്ടാഭിരാമനെ വണങ്ങുന്ന രംഗം ഒക്കെ നിഷ്കളങ്കളങ്കമായി എഴുതി ചേർത്തതാണെന്നു കരുതാൻ വയ്യ. ഈ രാജ്യത്തെ ദളിതരെ അമർച്ച ചെയ്യുന്നത് ബ്രാഹ്മണ്യം ആണെന്ന പച്ചയായ സത്യത്തെ വളച്ചൊടിച്ചുകൊണ്ട് വേട്ടയാടപ്പെടുന്ന ബ്രാഹ്മണ്യത്തെ സ്ഥാപിച്ചെടുക്കാനുള്ള ശ്രമമായിരുന്നു ആ രംഗം. ചാതുർ വർണ്യ വ്യവസ്ഥിതിയെയും ബ്രഹ്മണ്യത്തെയും തന്റെ ദിഗ്വിജയത്തിലൂടെ സ്ഥാപിച്ചെടുക്കാൻ ശ്രമിച്ച ആദി ശങ്കരന്റെ പിൻഗാമിയായി അവതരിക്കപ്പെടുന്ന പട്ടാഭിരാമന്റെ കഥാപാത്രത്തിനു മുകളിൽ പരാമർശിച്ചത് പോലുള്ള സീനുകൾ കൂടുതൽ ആധികാരികത നൽകുന്നുണ്ട്.

പ്രിത്വിരാജ് അവതരിപ്പിച്ച അസ്‌ലം ഷാ എന്ന കഥാപാത്രത്തിന് നൽകുന്നത് ചില പ്രഹസന ഫോട്ടോ ഷൂട്ടുകളിൽ കാണാറുള്ള മത സൗഹാർദ്ദ ദേശീയ മുസ്ലീം ഇമേജ് ആണ്. അസ്‌ലത്തിനു കൊടുക്കുന്ന ഇൻട്രോ തന്നെ അത്തരമൊരു ഇമേജിൽ ആണ്. “ഭായ് ജീവിച്ചിരുന്നത് നിങ്ങൾ വിചാരിക്കുന്നത് പോലെ മദ്രസകളുടെ തിണ്ണകളിലോ, മുല്ലാക്കാമാരുടെ കാൽചുവട്ടിലോ അല്ല “, ഇങ്ങനെയുമൊരു സ്റ്റേറ്റ്മെന്റ് അസ്‌ലം മുഹമ്മദിന്റെ ഇൻട്രോയ്ക്ക് നൽകി തുടർന്ന് വരുന്ന കഥാപാത്രത്തിന്റെ അവതരണ രീതി രസകരമാണ്. പട്ടാഭിരാമനു ദൈവിക ഇമേജ് നൽകുന്നത് പോലെ തന്നെ അസ്‌ലം മുഹമ്മദിനും ദൈവിക പ്രതിരൂപമാണ് നൽകുന്നത്. എന്നാൽ ആ ദൈവിക ശക്തികൾ അയാൾക്ക് ലഭിക്കുന്നത് അഘോരികളുടെ അനുഗ്രഹം കാരണമാണെന്ന് ആണ് കാണിക്കുന്നത്. അതായത് ദൈവത്തിന്റെ പ്രതിപുരുഷന്മാർ ഒക്കെ എല്ലാ മതത്തിലുമുണ്ട് പക്ഷെ അത് അതിന്റെ പൂർണതയിൽ എത്തണം എങ്കിൽ ഹിന്ദുത്വത്തിലേക്ക് വരണം എന്നൊരു ലൈൻ. അഘോരികളുടെ അനുഗ്രഹത്തിലൂടെ ഫക്കീർ ആയി മാറുന്ന അസ്‌ലം ഷായെ ഒടുവിൽ ചന്ദ്രക്കല ചൂടിയ ശിവന്റെ അവതാരമായി സിമ്പലൈസ് ചെയ്യുന്നതും ഹിന്ദുത്വത്തിലൂടെ പൂർണതയിൽ എത്തുന്ന ദൈവിക സങ്കല്പത്തിന്റെ ആശയം ആണ്.

പോസ്റ്റിന്റെ ആരംഭത്തിൽ പറഞ്ഞത് പോലെ പ്രേക്ഷകർക്ക് കാണാനും അപഗ്രഥനം നടത്താനും ഒരു പെരിഫെറൽ ഇമേജ് നൽകി, എന്നാൽ യാതൊരു പുനർചിന്തയും കൂടാതെ പൊതുബോധത്തിലേക്ക് പറിച്ചു നടാൻ മറ്റൊരു തലവും നൽകുന്നതാണ് മുരളി ഗോപിയുടെ രചനാ ശൈലി. അതിൽ അദ്ദേഹം തുടർച്ചയായി വിജയിക്കുന്നുമുണ്ട്. മലയാളത്തിലെ തന്നെ ബ്രില്ലിയന്റ് സ്ക്രീപ്റ് റൈറ്റർ എന്ന ടാഗ് സിനിമയെ സീരിയസ് ആയി കാണുന്നവർ തന്നെ അദ്ദേഹത്തിന് നൽകുന്നതും ഇതുകൊണ്ടാണ്. ടിയാൻ സംഘപരിവാറിനെ വിമർശിക്കുന്നത് തന്നെ ഒരു സ്വയം നന്നാകൽ പ്രക്രിയ ആണ്. ആളെ വിലക്ക് വാങ്ങിയും, ബീഫിന്റെ പേരിൽ ആക്രമം നടത്തിയും മണ്ടൻ തീരുമാനങ്ങളിലൂടെ അപഹാസ്യരായും നടക്കാതെ സംഘത്തിന്റെ യഥാർത്ഥ അജണ്ടയായ ജതീയതയിലേക്കും ഹിന്ദുത്വ സംസ്ഥാപനത്തിലേക്കും കടന്നു വന്നു സ്വയം നവീകരിക്കാനുമാണ് ആ സിനിമ ആഹ്വാനം ചെയ്യുന്നത്.