പോലീസിനെ ഇരകൾ ആക്കിയുള്ള സിനിമകൾ കൂടുതൽ ഡാമേജ് ഉണ്ടാക്കുക മാത്രമാണ് ചെയ്യുക
വലുതാകുമ്പോൾ ആരാകാൻ ആണ് ഇഷ്ടമെന്ന ചോദ്യത്തിന് ഒരു പ്രായം വരെ എന്റെ ഉത്തരം പോലീസ് ആകണമെന്നായിരുന്നു. അതിനുള്ള ഏക കാരണം സിനിമകളിൽ കണ്ടു ശീലിച്ച
299 total views, 1 views today

Sethu
വലുതാകുമ്പോൾ ആരാകാൻ ആണ് ഇഷ്ടമെന്ന ചോദ്യത്തിന് ഒരു പ്രായം വരെ എന്റെ ഉത്തരം പോലീസ് ആകണമെന്നായിരുന്നു. അതിനുള്ള ഏക കാരണം സിനിമകളിൽ കണ്ടു ശീലിച്ച പോലീസ് നായകന്മാർ ആയിരുന്നു. ആണത്വത്തിന്റെ മൂർത്തീ ഭാവങ്ങൾ ആയി അലറിയും അട്ടഹസിച്ചും സകലരെയും ഇടിച്ചൊതുക്കി ഭരിക്കുന്ന ആ നായകന്മാരെ ഇഷ്ടപ്പെടാൻ ആയിരുന്നു എന്റെ അന്നുവരെയുള്ള ബോധ്യങ്ങൾ എന്നെ ശീലിപ്പിച്ചത്. പക്ഷെ പോലീസിങ്ങിന്റെ യഥാർത്ഥ മുഖം തിരിച്ചറിയാൻ തുടങ്ങിയ കാലഘട്ടം മുതൽ ഇന്ന് വരെ പോലീസുകാർ എനിക്ക് ഹീറോ ആയിട്ടില്ല. കണ്ണീരിൽ കുതിർന്നതോ ഹീറോയിസത്തിന്റെ അതിപ്രസരമുള്ളതോ ആയ പോലീസ് സിനിമകളോടും വിരക്തി തോന്നുവാനുള്ള കാരണം യഥാർത്ഥ ജീവിതത്തിൽ യാതൊരു എമ്പതിയും തൊട്ടു തീണ്ടാത്ത വർഗ്ഗമാണു പോലീസ് എന്നത് തന്നെയാണ്.
അധികാരത്തിന്റെ, നിയമപരിപാലനത്തിന്റെ പ്രിവിലേജിൽ കയറി ഇരുന്നു പോലീസ് കാണിച്ചു കൂട്ടിയിട്ടുള്ള അക്രമങ്ങൾക്ക് കയ്യും കണക്കുമില്ല. പക്ഷെ മലയാള സിനിമ എങ്ങനെയാണ് പോലീസുകാരെ ചിത്രീകരിച്ചിട്ടുള്ളത് എന്നത് ചോദ്യം ചെയ്യപ്പെടേണ്ട വസ്തുതയാണ്. നായകനെ ബൂസ്റ്റ് ചെയ്യാൻ ഏറ്റവുംഎളുപ്പം അവനെ പോലീസ് ആക്കുക ആണെന്ന രീതിയിലാണ് മലയാള സിനിമ കഥാപാത്ര ആവിഷ്കരണങ്ങൾ നടത്തിയിട്ടുള്ളത്. പൊട്ടിത്തെറിക്കുന്ന, സകല നീതികേടുകളോടും പ്രതികരിക്കുന്ന, രാഷ്ട്രീയക്കാരെ ചോദ്യം ചെയ്യുന്ന പോലീസ് നായകന്മാർക്ക് കയ്യടിച്ച മലയാള സിനിമ പ്രേക്ഷകർക്ക് കൂടി പോലീസ് പ്രൊഫഷനെ ഓവർ ഗ്ലോറിഫൈ ചെയ്യുന്നതിൽ പങ്കുണ്ട്. സ്റ്റേഷനിൽ എത്തുന്ന പ്രതികളെ കുനിച്ചു നിർത്തി തേങ്ങയ്ക്ക് ഇടിക്കുന്ന, പരാതിക്കാരെ നിറത്തിന്റെ പേരിൽ വരെ അധിക്ഷേപിക്കുന്ന ആക്ഷൻ ഹീറോ ബിജുമാരെ റിയൽ ലൈഫിൽ നമുക്ക് എങ്ങനെ ആയിരിക്കും അനുഭവപ്പെടുക??. എന്നാൽ മലയാള സിനിമയിൽ ഇവരൊക്കെ ഹീറോകളാണ്. അവരുടെ അങ്ങേയറ്റം ഹീനമായ പ്രതികരണങ്ങൾ ഹീറോയിസവും നീതിക്കുവേണ്ടിയുള്ള സംസാരവുമാണ്.
സിനിമ സമൂഹത്തെ സ്വാധീനിക്കുന്നില്ല എന്നൊക്കെ ഒരു ഓളത്തിൽ അങ്ങ് പറയാമെന്നു മാത്രമേയുള്ളു. പക്ഷെ പോലീസ് എന്നാൽ ഇങ്ങനെയാണ് എന്നൊരു പൊതുബോധം സൃഷ്ടിച്ചതിൽ സിനിമയ്ക്ക് ചെറുതല്ലാത്ത ഒരു പങ്കുണ്ട്. എന്റെ സ്റ്റേഷൻ പരിധിയിൽ ഒരു ഗുണ്ട മതി എന്ന് പറയുന്ന ആക്ഷൻ ഹീറോ ബിജുവും പ്ഫ പുല്ലേ എന്ന് നടുറോഡിൽ നിന്ന് വരെ പറയാൻ മടിയില്ലാത്ത ഭരത്ചന്ദ്രന്മാരും ആവർത്തിക്കപ്പെടാൻ പാടില്ലാത്ത തെറ്റുകളാണ്. പോലീസ് എന്നാൽ നമ്മൾ പണം കൊടുത്തു നമ്മുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ നിയോഗിക്കപ്പെട്ടിരിക്കുന്ന തൊഴിലാളികളാണ്. നമ്മുടെ സ്വാതന്ത്ര്യത്തെ ഹനിക്കാനോ നമ്മളെ കയ്യേറ്റം ചെയ്യാനോ അവർക്ക് അധികാരമില്ല. ലോക് ഡൗൺ നിയന്ത്രണങ്ങളിൽ കേരളത്തിൽ ഇത്രയധികം ഓഡിറ്റ് ഉള്ള ഒരു സമൂഹത്തിൽ തന്നെ എത്രയധികം അതിക്രമങ്ങൾ ആണ് പോലീസിന്റെ ഭാഗത്തു നിന്നുണ്ടായത്. ഇതിനേക്കാൾ ഭീകരമാണ് കേരളത്തിന് വെളിയിലേക്കുള്ള പോലീസിങ് സമ്പ്രദായം.
പോലീസ് നയങ്ങൾ തിരുത്തപ്പെടേണ്ടത് അത്യന്താപേക്ഷിതമാണ്. അതുപോലെ തന്നെ പോലീസ് അതിക്രമങ്ങളെ ഗ്ലോറിഫൈ ചെയ്യുന്ന സിനിമകൾ സൃഷ്ടിക്കുന്ന പൊതുബോധവും വിമർശിക്കപ്പെടണം, തിരുത്തണം. മനുഷ്യരുടെ അന്തസ്സും അഭിമാനവും യാതൊരു വിലയും കൽപിക്കാത്ത പോലീസ് ഫോഴ്സിന്റെ മനോവീര്യത്തെ സംരക്ഷിക്കേണ്ട ബാധ്യത ഇവിടെ ആർക്കുമില്ല. സ്വയം തിരുത്താൻ പോലീസ് തയ്യാറല്ലെങ്കിൽ ജനങ്ങളാൽ ചോദ്യം ചെയ്യേണ്ടി വരുന്നതിൽ യാതൊരു തെറ്റും പറയാനില്ല. നായാട്ട് പോലെ പോലീസ് നെ ഇരകൾ ആക്കിയുള്ള സിനിമകൾ കൂടുതൽ ഡാമേജ് ഉണ്ടാക്കുക മാത്രമാണ് ചെയ്യുക. തിരുത്താൻ മലയാള സിനിമ തയ്യാറാകേണ്ടതുണ്ട്.
300 total views, 2 views today
