സംഘപരിവാർ രാഷ്ട്രീയത്തിന്റെ സിനിമ സീരിയൽ കാറ്റലിസ്റ്റുകൾ

75

സേതു

രാജ്യം മുഴുവൻ സംഘ പരിവാർ ഫാസിസത്തിന്റെ മൂർദ്ധന്യാവസ്ഥയിലേക്കുള്ള ഗിയർ ചേഞ്ച്‌ കണ്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഓർമിക്കേണ്ടുന്ന ചില സിനിമകളുണ്ട്. ഇന്ത്യൻ ജനാധിപത്യത്തിന്റെ കടയ്ക്കൽ കത്തി വെച്ചും ഭരണഘടനയ്ക്ക് നേരെ വെടിയുതിർത്തും ഫാസിസ്റ്റ് ഹിന്ദുത്വം അതിന്റെ രഥയാത്ര ആരംഭിച്ചിട്ട് വർഷങ്ങൾ ആയതാണ്. എന്നാൽ ഇന്ന് ആ രഥയാത്രയ്ക്ക് കുട പിടിയ്ക്കാൻ സെക്കുലർ ആയ ഭാരതത്തിന്റെ ഭരണവും അവരുടെ കൈവശം ഉണ്ട്. ഇന്ത്യൻ സിനിമാ ചരിത്രം പരിശോധിച്ചാൽ സംഘപരിവാറിനെ തൊട്ടും തലോടിയും വിമർശിക്കുന്ന ചില സിനിമകൾ മാറ്റി നിർത്തിയാൽ ഭൂരിഭാഗവും വലതുപക്ഷ ഹിന്ദുത്വ ആശയങ്ങളെ പ്രൊമോട്ട് ചെയ്യുന്നവയാണ്. മലയാളത്തിലെ സ്ഥിതിയും മറിച്ചല്ല.

മുസ്ലീം ന്യൂനപക്ഷങ്ങളെ അപരവത്കരിച്ചും, ദളിതരെ ഹാസ്യവത്കരിച്ചും സവർണരുടെയും എലൈറ്റ് ക്ളാസിന്റെയും കഥകൾ മാത്രം ദൃശ്യവത്കരിച്ച സിനിമകൾക്കും സമൂഹത്തിന്റെ പൊതുബോധം ഹിന്ദുത്വ തീവ്രവാദത്തിന്റെ ബോധ്യങ്ങളിലേക്ക് ഷിഫ്റ്റ്‌ ചെയ്തതിൽ വലിയ പങ്കുണ്ട്. 1987 മുതൽ 91 വരെയുള്ള കാലഘട്ടങ്ങളിൽ ഇന്ത്യൻ എന്ന ബോധത്തിൽ നിന്ന് ഈ രാജ്യത്തെ ജനങ്ങളെ ഹിന്ദു എന്ന സത്വത്തിലേക്ക് ഷിഫ്റ്റ്‌ ചെയ്യുന്നതിൽ ഏറ്റവും വലിയ പങ്കു വഹിച്ചത് ദൃശ്യമാധ്യമങ്ങൾ ആണ്. 87-ൽ ദൂരദർശനിലൂടെ സംപ്രേഷണം ചെയ്ത രാമായണം ആയിരുന്നു അതിന്റെ തുടക്കം. 88-ൽ മഹാഭാരതം സംപ്രേഷണം ചെയ്യാൻ ആരംഭിച്ചത് മുതൽ ഭക്തി സീരിയലുകളിലൂടെ സമൂഹത്തിലേക്ക് പ്രൊപഗേറ്റ് ചെയ്യുന്ന ഹിന്ദുത്വ ബോധ്യങ്ങൾക്ക് കൂടുതൽ പ്രചാരം ലഭിച്ചു തുടങ്ങി. വാത്മീകി രാമായണം തുളസീദാസിന്റെ വേർഷനിലൂടെ വരുമ്പോൾ ആയിരുന്നു രാമന് ദൈവികമായ ഒരു ഇമേജ് ആദ്യം ലഭിക്കുന്നത്. അത്തരമൊരു ദൈവത്തിനെ കൂടുതൽ പ്രചാരത്തിലേക്ക് എത്തിച്ചത് ഇത്തരം ഭക്തി സീരിയലുകൾ ആയിരുന്നു.

മൃദു ഹിന്ദുത്വത്തിലേക്ക് ഇന്ത്യൻ ജനതയെ ഷിഫ്റ്റ്‌ ചെയ്ത മഹാഭാരത് – രാമായണ സീരിയലുകളുടെ കാലഘട്ടത്തിൽ തന്നെ ആയിരുന്നു സംഘ പരിവാർ രാമരാജ്യ സങ്കൽപ്പങ്ങൾ കൂടുതൽ പ്രചരിപ്പിക്കുകയും ബാബ്‌റി മസ്ജിദിലേക്ക് രഥയാത്ര നടത്തുകയും ചെയ്തത്. രഥയാത്രയുടെ ഇമ്പാക്ട് കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാനും, രാമരാജ്യത്തിന്റെ ആവശ്യകതയ്ക്ക് ഉറപ്പു പകരാനും മഹാഭാരതിനു കഴിഞ്ഞിരുന്നു. മലയാള സിനിമയും വേറിട്ടു നിന്നിരുന്നില്ല ആ കാലഘട്ടത്തിൽ. “ആരും ചോദിക്കാനില്ലാത്ത” ഹിന്ദു സമൂഹത്തിനു വേണ്ടി ശബ്ദമുയർത്തിയ ചില സിനിമകൾ ആ കാലഘട്ടത്തിൽ ഉണ്ടായിരുന്നു. അദ്വൈതം എന്ന പ്രിയദർശൻ – ടി ദാമോദരൻ – മോഹൻലാൽ ചിത്രം രഥയാത്രയെ ഉൾപ്പെടെ കേരളത്തിന്റെ സാംസ്‌കാരിക പരിസരങ്ങളിലേക്ക് പറിച്ചു നട്ടു വർഗീയ അജണ്ടകൾ പ്രചരിപ്പിച്ച സിനിമ ആയിരുന്നു.

വിചാരധാരയിലെ ഇന്ത്യയുടെ ആഭ്യന്തര ശത്രുക്കൾ ആയ മത ന്യൂനപക്ഷങ്ങളെയും കമ്മ്യൂണിസ്റ്റുകാരെയും കൃത്യമായി പ്രതിക്കൂട്ടിൽ നിർത്തി ആവിഷ്കരിക്കപ്പെട്ട ഈ ചിത്രം റിലീസ് ആകുന്നത് ബാബറി മസ്ജിദ് വിഷയം ഇന്ത്യയിൽ കൊടുമ്പിരി കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ ആണ്. ദേവസ്വം ബോർഡ് എന്ന പേരിൽ ക്ഷേത്രങ്ങൾ കയ്യേറി ബ്രാഹ്മണരെയും ഈ നാട്ടിലെ “വിശ്വാസികളെയും” ചൂഷണം ചെയ്യുന്ന ഭരണകൂടങ്ങൾക്ക് നേരെ “രഥയാത്ര” നടത്തിയാൽ മാത്രം പോരാ വാളെടുക്കണം എന്ന ആർ എസ് എസ് ആഹ്വാനം പച്ചക്ക് പറഞ്ഞ സിനിമ ആയിരുന്നു അദ്വൈതം.

ആ കാലഘട്ടത്തിലെ ഭൂരിഭാഗം സിനിമകളും സവർണ ബോധ്യങ്ങളുടേതായിരുന്നു. ദളിതരും മറ്റു ന്യൂനപക്ഷ സമുദായങ്ങളും മലയാള സിനിമയുടെ കഥാ പരിസരങ്ങളിൽ വ്യക്തമായ ഉച്ചനീചത്വങ്ങൾ അനുഭവിച്ചു പോന്നിരുന്നു. ഈ അടുത്ത കാലഘട്ടങ്ങളിൽ മാത്രമാണ് മലയാള സിനിമയുടെ ഇത്തരം പ്രവണതകൾ ചർച്ച ചെയ്യാനെങ്കിലും ആരംഭിക്കുന്നത്. സിനിമകളിലൂടെ പ്രൊപഗേറ്റ് ചെയ്യപ്പെട്ട, സംവരണ വിരുദ്ധതയും, ന്യൂനപക്ഷ വിരുദ്ധതയും, എല്ലാം വേട്ടയാടപ്പെടുന്ന ഹിന്ദു എന്ന നരേടിവിന് കൂടുതൽ ബലം പകർന്നു. സംഘ പരിവാർ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിൽ പ്രിയദർശൻ – ടി ദാമോദരൻ സിനിമകൾക്ക് നല്ലൊരു പങ്ക് ഉണ്ടായിരുന്നു. ആര്യൻ, അദ്വൈതം, കാലാപാനി, തുടങ്ങിയ സിനിമകൾ ഇറങ്ങിയ കാലഘട്ടവും ആ സിനിമകൾ ചർച്ച ചെയ്ത ആശയങ്ങളും ഫലത്തിൽ സംഘപരിവാറിന്റെ ആശയങ്ങൾക്ക് സമാനമായതും, അവയ്ക്ക് കൂടുതൽ പ്രചാരം നല്കുന്നവയുമായിരുന്നു.

1985-നു ശേഷം സംഘപരിവാർ ആശയങ്ങൾക്ക് കൂടുതൽ പ്രചാരം ലഭിക്കുകയും, രഥയാത്ര, ബാബറി മസ്ജിദ് തകർക്കൽ തുടങ്ങിയ ഇന്ത്യൻ ജനാധിപത്യത്തിനും സെക്കുലറിസത്തിനും ശവപ്പെട്ടി പണിയുന്ന അവരുടെ പ്രവർത്തികൾക്കും കാറ്റലിസ്റ്റ് ആയി പ്രവർത്തിക്കാൻ ഇന്ത്യൻ സിനിമകൾക്കും സീരിയലുകൾക്കും സാധിച്ചിട്ടുണ്ട്. മേല്പറഞ്ഞവ ചില ഉദാഹരണങ്ങൾ മാത്രമാണ്. സംഘപരിവാർ രാഷ്ട്രീയത്തിന്റെ ഭീകരതയെ, അവരുടെ ജനാതിപത്യ ഹിംസനത്തെ കൃത്യമായി അഡ്രെസ്സ് ചെയ്യപ്പെടുന്ന ഒരൊറ്റ സിനിമ പോലും ഇന്നീക്കാലം വരെ ഇന്ത്യൻ സിനിമയിൽ ഉണ്ടായിട്ടില്ല. 2000-ൽ കമലഹാസന്റെ ഹേ റാം ഒറ്റപ്പെട്ട എതിർ ശബ്ദമായി വന്നുവെങ്കിലും കമലിന്റെ അതുല്യമായ അഭിനയ മികവിലുപരി ആ സിനിമയുടെ രാഷ്ട്രീയം അത്ര കണ്ടു ചർച്ച ചെയ്യപ്പെട്ടിട്ടില്ല.
എന്തുകൊണ്ട് ഹിന്ദുത്വത്തെ ഉപരിപ്ലവമായി മാത്രം പരാമർശിച്ചും, തൊട്ടും തലോടിയും വിമർശിച്ചും അതിലേറെ ബൂസ്റ്റ്‌ ചെയ്തും സിനിമയും സീരിയലുകളും നിർമ്മിക്കപ്പെടുന്നത് എന്നതിന് ഒരുത്തരമേ ഒള്ളൂ, ഇന്ത്യൻ ജനതയുടെ പൊതുബോധം ഹിന്ദുത്വത്തിന്റെയാണ്. ഹിന്ദു എന്ന വികാരത്തിന്റെ പുറത്തു മാത്രം ഒരു കലാപം ഉണ്ടാക്കിയെടുക്കാൻ വളരെ എളുപ്പമാണ്.

ഹിന്ദുത്വത്തിന്റെ അത്രയും അസഹിഷ്ണുതയുള്ള മറ്റൊരു ആശയവും നിലവിലില്ല. സിനിമകളും മറ്റു ദൃശ്യ മാധ്യമങ്ങളും സ്വയം വിമർശിക്കാനും മാറ്റങ്ങൾ ഉൾക്കൊള്ളാനും മുന്നോട്ടു വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നിങ്ങൾ “അറിഞ്ഞോ” അറിയാതെയോ ബൂസ്റ്റ് ചെയ്ത് വളർത്തിയ വിഷലിപ്തമായ സംഘപരിവാർ ആശയങ്ങൾ ഇന്ന് നമ്മുടെ ജനാതിപത്യ രാജ്യത്തിന്റെ ശവക്കുഴി തോണ്ടുകയാണ്. ഇനിയും ഭയപ്പെട്ടും, വിധേയപ്പെട്ടും നിങ്ങളിലെ കലയെ അവർക്ക് വിൽക്കുന്നുണ്ടെങ്കിൽ ചരിത്രം നിങ്ങളെയും ഒറ്റുകാരുടെ കൂടെ അടയാളപ്പെടുത്തും. ഫാസിസം എന്നത് ഏതെങ്കിലുമൊരു ദിവസം സൂര്യനൊപ്പം ഉദിച്ചുയരുന്ന ഒന്നല്ല. വളരെ ഗ്രാജുവൽ ആയി സമൂഹത്തിലേക്ക് ഇന്റഗ്രേറ്റ് ചെയ്യപ്പെടുന്ന ഒന്നാണത്. സംഘപരിവാറിന്റെ ഫാസിസം തുടങ്ങുന്നത് ആ അർത്ഥത്തിൽ ബി. ജെ. പി ഭരണം തൊട്ടല്ല, മറിച്ച് നമ്മുടെ സ്വീകരണമുറികളിലെ ടെലിവിഷനുകളിൽ ആയിരിന്നു. ഇന്നത് ആ ടീവി സ്‌ക്രീനിൽ നിന്ന് സഞ്ചരിച്ച് ഏറ്റവും ഉയർന്ന നീതിപീഠത്തിന്റെ വ്യവഹാരങ്ങളിൽ വരെ എത്തിയിരിക്കുന്നു. ഈയൊരവസ്ഥയിൽ മേൽപ്പറഞ്ഞ അതേ സ്ക്രീനുകൾ കൊണ്ട് തന്നെ, കല കൊണ്ട് തന്നെ ഫാസിസത്തെ നേരിടാൻ ആവും. അങ്ങനെ ആയിട്ടുണ്ട്. അത്രയെങ്കിലും പൊരുതാൻ നമുക്ക് ചുറ്റുമുള്ള കലാകാരന്മാർ ആർജ്ജവം കാണിക്കേണ്ടതാണ്.