ഹിന്ദു രാഷ്ട്രം സമാഗമം ആകുമ്പോൾ ഈ നാട്ടിലെ ദളിതനും സ്ത്രീകൾക്കും ന്യൂനപക്ഷങ്ങൾക്കും എന്താണ് ലഭിക്കാൻ പോകുന്നത് എന്നതാണ് ഹത്രാസ് സൂചിപ്പിക്കുന്നത്

  0
  108
  Sethu
  ആർട്ടിക്കിൾ 15 ന്റെ തുടക്കത്തിൽ ഒരു പോലീസുദ്യോഗസ്ഥൻ നായക കഥാപാത്രത്തിനോട് പറയുന്ന ഒരു കഥയുണ്ട്. ” ഭഗവാൻ ശ്രീരാമൻ അയോധ്യയിലേക്ക് മടങ്ങി വരുന്ന സന്ദർഭത്തിൽ എല്ലാ ഗ്രാമങ്ങളും വർണാഭമായ വിളക്കുകൾ തെളിയിച്ചു അദ്ദേഹത്തെ സ്വീകരിച്ചു. എന്നാൽ ഒരു ഗ്രാമത്തിൽ മാത്രം വിളക്കുകൾ അണഞ്ഞു കിടന്നിരുന്നു. ആ ഗ്രാമം മാത്രം അന്ധകാരത്തിൽ ആയിരുന്നു. കാരണം തിരക്കിയ രാമനോട് ആ ഗ്രാമത്തിലെ ജനങ്ങൾ പറഞ്ഞു, ഞങ്ങളും വിളക്കുകൾ തെളിയിച്ചിരുന്നു, എന്നാൽ നശിച്ച കാറ്റിൽ അവയെല്ലാം അണഞ്ഞു പോയി. പിന്നീടാണ് ശ്രദ്ധിച്ചത് ഇരുട്ടിൽ നിന്ന് അങ്ങയുടെ കൊട്ടാരത്തിലേക്ക് നോക്കുമ്പോൾ അത് കൂടുതൽ വർണാഭമായി കാണപ്പെട്ടു, അതുകൊണ്ട് ഞങ്ങൾ ഇരുട്ടിൽ തുടരാൻ തീരുമാനിച്ചു എന്ന്. ” ദൈവത്തിന്റെ കൊട്ടാരത്തിനു കൂടുതൽ ഭംഗി വരാൻ ഇരുട്ടിൽ കഴിയേണ്ടി വരുന്ന ജനങ്ങളുടെ നേർചിത്രമാണത്. നിരന്തരമായി അവഗണിക്കപ്പെട്ടിട്ടും, അടിച്ചമർത്തപ്പെട്ടിട്ടും രാമന്റെ കൊട്ടാരത്തിനു ശോഭ നഷ്ടമാകാതിരിക്കാൻ വീണ്ടുമവർ ഇരുട്ടിൽ തന്നെ തുടരുകയാണ്. രാമൻ അയോധ്യയിലേക്ക് സംഘ്പരിവാർ സർക്കാരിന്റെ കൈ പിടിച്ചുകൊണ്ടു ഈ നാട്ടിലെ ദളിതന്റെയും മുസ്ലീം ജനതയുടെയും നിറുകയിൽ ചവിട്ടി അവരെ അടിച്ചമർത്താവുന്നതിന്റെ മാക്സിമം അടിച്ചമർത്തി വീണ്ടും അയോധ്യയിലേക്ക് മടങ്ങി വരുന്ന കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്. ഹിന്ദു രാഷ്ട്രത്തിന്റെ പൂർണതയിലേക്ക് നമ്മൾ അടുത്തുകൊണ്ടിരിക്കുമ്പോൾ ഈ രാജ്യത്തിലെ ദളിതന്റെയും ന്യൂനപക്ഷങ്ങളുടെയും ജീവിതം കൂടുതൽ ദുഷ്കരമാകുന്നുണ്ട്.
  2014 ൽ ഉത്തർപ്രദേശിൽ രണ്ട് രൂപ കൂലി അധികം ചോദിച്ചതിന് ക്രൂരമായി ബലാത്സംഗം ചെയ്തു കൊല ചെയ്യപ്പെട്ട രണ്ട് ദളിത്‌ പെൻകുട്ടികളുടെ കഥയാണ് ആർട്ടിക്കിൾ 15 ലൂടെ സിനിമയായത്. കേവലം രണ്ട് രൂപയുടെ ദളിത്‌ അവകാശ ദാർഷ്ട്യത്തിനു സവർണ തീവ്രവാദികൾ വില കല്പിച്ചത് രണ്ട് പെൺകുട്ടികളുടെ മാനാഭിമാനവും ജീവനുമായിരുന്നു. ആർട്ടിക്കിൾ 15 ന്റെ കഥാസന്ദർഭങ്ങൾ ഓരോന്നും അണുവിട തെറ്റാതെ ഇപ്പോൾ ഹത്രാസ് വിഷയത്തിലും ആവർത്തിക്കുന്നുണ്ട്. റേപ്പ് ചെയ്തു ജീവനോടെ കെട്ടിത്തൂക്കി കൊല ചെയ്യപ്പെട്ടിട്ടും ആ കൊലപാതകങ്ങൾ സ്റ്റേറ്റ് ഭരിക്കുന്ന രാഷ്ട്രീയ നേതാവിന്റെ ഒത്താശയോടെ ദുരഭിമാനക്കൊല ആക്കി മാറ്റുവാൻ ശ്രമിക്കുന്ന ആർട്ടിക്കിൾ 15 ലെ പോലിസ് ഉദയഗസ്ഥർ നേർക്കാഴ്ചയായി ഇപ്പോൾ നമ്മുടെ മുന്നിലുണ്ട്. കൂട്ട ബലാത്സംഗം നേരിടേണ്ടി വന്നിട്ടും റേപ്പ് ചെയ്യപ്പെട്ടിട്ടില്ല എന്നൊരു അപൂർവ വാദം ഉയർത്തുന്നത് പ്രതിസ്ഥാനത്തു നിൽക്കുന്ന സവർണ വിഭാഗത്തിലെ ആളുകളായതിനാലും അവരെ സംരക്ഷിക്കേണ്ടത് സംഘപരിവാർ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്ന ഭരണകൂടത്തിന്റെ ഐഡിയോളജിക്കൽ നീഡ് ആയതുകൊണ്ടുമാണ്.
  “റേപ്പ് നു ജാതി ഇല്ല ” എന്നതുപോലുള്ള വിചിത്ര വാദങ്ങൾ ചില ലിബറലുകൾ ഉയർത്തുന്നുണ്ട്. പ്രിവിലേജ്ഡ് പൊസിഷനിൽ ഇരുന്നുകൊണ്ട് ചിന്തിച്ചാൽ റേപ്പ് ൽ ജാതിയുടെ റോൾ നിങ്ങൾക്ക് മനസ്സിലാകണമെന്നില്ല. കൂലി കൂട്ടി ചോദിച്ചപ്പോളും, സമരം നയിച്ചപ്പോളും, അവകാശങ്ങൾ ചോദിച്ചു വാങ്ങിച്ചപ്പോളും എല്ലാം ഈ നാട്ടിലെ ദളിത്‌ ജനതയെ അടിച്ചമർത്താൻ സവർണ ഭീകരർ ഉപയോഗിച്ച ടൂൾ റേപ്പ് തന്നെ ആയിരുന്നു. ആർട്ടിക്കിൾ 15 ലൂടെ പോർട്രേട് ചെയ്തിരിക്കുന്നത് ഒരു യഥാർത്ഥ സംഭവമാണ്. അങ്ങനെ നൂറുകണക്കിന് ദളിത്‌ വേട്ടകൾ നിരന്തരം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നടക്കുന്നുണ്ട്. ദിനംപ്രതി അത്തരം സംഭവങ്ങളുടെ എണ്ണം വർധിച്ചു വരികയുമാണ്.
  അതിൽ നൂറിലൊരാൾ മാത്രമാണ് ഹത്രാസ് ൽ ബലാത്സംഗം ചെയ്തു കൊല്ലപ്പെട്ട പെൺകുട്ടി.
  ആർട്ടിക്കിൾ 15 ൽ ഒരു പോലീസുദ്യോഗസ്ഥൻ പറയുന്ന ഡയലോഗ് ഉണ്ട്, “ഒരു സ്ഥലത്ത് തന്നെ തിന്നുകയും തൂറുകയും കിടക്കുകയും ചെയ്യുന്ന ഇവറ്റകൾക്ക് ഒക്കെ ഇങ്ങനെ വന്നില്ലെങ്കിലെ അതിശയമുള്ളൂ എന്ന്.” ഓരോ ദളിതനും ആക്രമിക്കപ്പെടുമ്പോൾ, ഓരോ ദളിത്‌ സ്ത്രീയും ബലാത്സംഗം ചെയ്യപ്പെടുമ്പോൾ ഈ സമൂഹത്തിന്റെ പൊതുവികാരം തന്നെയാണ് അയാളുടെ വാക്കുകളിൽ പ്രതിഫലിക്കുന്നത്. എങ്ങനെ ആണ് അങ്ങനെ ഒരു ജീവിത സാഹചര്യത്തിലേക്ക് ഈ നാട്ടിലെ ദളിതർ എത്തിപ്പെട്ടത് എന്നോ, അവരെ ആരാണ് നിരന്തരമായി അമർച്ച ചെയ്തു വച്ചിരിക്കുന്നതെന്നോ ആരും ചിന്തിക്കുകയില്ല. സവർണതയുടെ അഭിമാന മരക്കൊമ്പുകളിൽ ഇരിക്കുമ്പോൾ താഴെ കിടക്കുന്നവർ അധഃകൃതരായി തോന്നുന്നത് സ്വാഭാവികം. അവരെ വേട്ടയാടിയാലും, ബലാത്സംഗം ചെയ്താലും ഒരു കുഴപ്പവുമില്ല ചോദിക്കാൻ ആരും വരില്ല എന്നൊക്കെയുള്ള പൊതുബോധം നൂറ്റാണ്ടുകളായി ഈ സമൂഹത്തിൽ അടിയുറച്ചു പോയതാണ്. സ്വാതന്ത്രാനന്തരവും അതിനു മാത്രമില്ലാതെ തുടരുന്നതാണ് ദൗർഭാഗ്യകരം.
  ആർട്ടിക്കിൾ 15 ന്റെ കഥ ഹത്രാസിലെ പെൺകുട്ടിയുടെ വീണ്ടും ആവർത്തിക്കുമ്പോൾ സവർണ ഭീകരരുടെ റിപ്ലബിക് എന്ന ആശയത്തിലേക്ക് ഇന്ത്യ കൂടുതൽ അടുക്കുന്നതാണ് നമുക്ക് കാണാൻ സാധിക്കുന്നത്. താഴ്ന്ന ജാതിയിൽ പെട്ടവരും സ്ത്രീകളും നീച ജന്മങ്ങളായും സവർണ ജാതിയിലെ പ്രിവിലേജ്ഡ് പുരുഷന്മാരുടെ അടിമകളും ഭോഗ വസ്തുക്കളും മാത്രമാണെന്നുള്ള മനുസ്മൃതി ചിന്തയിൽ അഭിരമിക്കുന്ന ജാതി വാദികൾ ജനാധിപത്യത്തിലൂടെ ഇന്ത്യൻ ഭരണം കയ്യാളുമ്പോൾ ഇതിൽ കൂടുതൽ എന്ത് പ്രതീക്ഷിക്കാനാണ്. ഹിന്ദു രാഷ്ട്രം സമാഗമം ആകുമ്പോൾ ഈ നാട്ടിലെ ദളിതനും സ്ത്രീകൾക്കും ന്യൂനപക്ഷങ്ങൾക്കും എന്താണ് ലഭിക്കാൻ പോകുന്നത് എന്നതാണ് ഹത്രാസ് സൂചിപ്പിക്കുന്നത്. ബ്രഹ്മണ്യത്തിലും, മനുസ്മൃതിയിലും, വിചാരധാരയിലും അടിയുറച്ചു മുന്നോട്ടു പോകുന്ന സംഘപരിവാർ രാഷ്ട്രീയം മതേതര ഇന്ത്യയുടെ അടിവേരറുക്കും. അവരീ നാട്ടിലെ ജനാധിപത്യത്തെ ഇല്ലായ്മ ചെയ്യും. ദലിതനെയും മത ന്യൂനപക്ഷങ്ങളെയും തുരത്തി ഓടിക്കാൻ ശ്രമിക്കും.
  ഇന്ത്യ മുഴുവൻ ഹത്രാസ് ൽ സവർണ ഭീകരരാൽ കൊല ചെയ്യപ്പെട്ട പെൺകുട്ടികൾക്ക് വേണ്ടി പ്രതിഷേധം ഉയരുകയാണ്. ബ്രഹ്മണ്യത്തിൽ അടിയുറച്ച ജാതി വെറിക്ക് ഇരയായി തീർന്ന ആയിരം മനീഷിമാരുടെ രോഷമാണ് ഇന്ത്യയൊട്ടുക്ക് ഉയരുന്ന പ്രതിഷേധങ്ങളിൽ കാണുന്നത്. രാജ്യമതേറ്റെടുത്തെ പറ്റൂ. കാരണം ഈ നാടിന്റെ ജനാതിപത്യ മതേതര ഐഡിയോളജികളുടെ വീണ്ടെടുപ്പിനു അത്യന്താപേക്ഷിതമാണത്. മൗനം പാലിക്കുന്നത് അപകടകരമാണ്.
  ഞാനീ പറഞ്ഞെതെല്ലാം എന്നെ ഇന്നത്തെ ഇന്ത്യയുടെ പൊതുബോധത്തിൽ രാജ്യദ്രോഹി ആക്കുമെന്നറിയാം. എന്നാലും ഈ നാട്ടിലെ ദളിതരെയും മുസ്ലീം ജനതയെയും സ്ത്രീകളെയും ഉൾക്കൊള്ളാതെ “രാജ്യസ്നേഹം ” ഇല്ലാതിരിക്കുകയാണ് നല്ലത്. ഇന്ത്യ ഒരു ജനാതിപത്യ മതേതര രാഷ്ട്രമാണ്. ഈ രാജ്യത്തിനു വളരെ വലിയൊരു ചരിത്രമുണ്ട്. ആ ചരിത്രത്തിൽ ഈ നാട്ടിലെ ദളിതനും മുസ്ലീമിനും എല്ലാവർക്കും പങ്കുണ്ട്. ആ ചരിത്രത്തിൽ ഹിന്ദുത്വത്തിന്റെ പങ്കു തേടിപ്പോയാൽ വിഴുപ്പുകൾ മാത്രമായിരിക്കും കണ്ടെത്താൻ സാധിക്കുക. ഒരു ഫാസിസവും ദീർഘകാലം നില നിന്നിട്ടില്ല. വിപ്ലവങ്ങൾ ഉണ്ടാവുക തന്നെ ചെയ്യും. അർബൻ നക്സലുകൾ എന്ന ലേബലിൽ ഭരണകൂട വേട്ടയാടലുകൾ നടത്തപ്പെടും എന്നറിയാം എങ്കിലും നിങ്ങളുടെ ചെയ്തികൾക്കെല്ലാം ചരിത്രം പകരം ചോദിക്കുക തന്നെ ചെയ്യും.