ഡൽഹിയിൽ നടക്കുന്നത് കലാപമോ, സംഘർഷമോ അല്ല, മറിച്ച് വംശഹത്യയാണ്, ന്യൂനപക്ഷങ്ങളെ കൂട്ടക്കുരുതി ചെയ്യാൻ സംഘപരിവാറിന് വളം വയ്ക്കുന്നത് നിഷ്പക്ഷതയുടെ നിശബ്ദതയാണ്

0
231

Sethu

ഇന്ത്യ എന്ന ജനാധിപത്യ – മതേതര രാജ്യത്തിന്റെ തലസ്ഥാനത്തു സംഘ് തീവ്രവാദികൾ പേരും മതവും ചോദിച്ചു കൊണ്ട് മുസ്ലിം ജനതയെ തല്ലി ചതയ്ക്കുകയും കൊല ചെയ്യുകയുമാണ്. സ്വാതന്ത്രാനന്തര ഇന്ത്യ കണ്ട ഏറ്റവും വലിയ ഫാസിസ്റ്റ് – വർഗീയ ഭരണകൂടം അവരുടെ ആക്രമണങ്ങൾക്ക് കൊടിപിടിച്ചു കൊടുക്കുകയും ഒത്താശ ചെയ്ത് കൂടെ നിൽക്കുകയും ചെയ്യുമ്പോൾ ഇത് ചെന്ന് അവസാനിക്കാൻ പോകുന്നത് ഒരു വർഗീയ കലാപത്തിൽ ആയിരിക്കും. വെറുപ്പും ആക്രമണങ്ങളും രാജ്യത്തെ മുസ്ലിം ജനതയ്ക്കുമേൽ അടിച്ചേൽപ്പിച്ചുകൊണ്ടു അവരെ ആയുധമെടുക്കാൻ പ്രേരിപ്പിക്കുകയും അവര് പ്രതിരോധിക്കുമ്പോൾ അതിനെ ദേശവിരുദ്ധ / തീവ്രവാദി ചാപ്പകൾ നൽകി വീണ്ടും അടിച്ചമർത്തി രാജ്യത്തെ അവസാനത്തെ മുസ്ലിമിനെ വരെ അരക്ഷിതാവസ്ഥയിൽ എത്തിക്കുന്നത് വരെ ഹിന്ദുത്വ അജണ്ടകൾ നടപ്പിലാക്കുന്നത് തുടരാൻ സംഘ പരിവാർ ശ്രമിക്കും. ഇപ്പോൾ നടക്കുന്ന അക്രമങ്ങൾ ഡൽഹിയിൽ ആയതുകൊണ്ട് കലാപങ്ങൾ എന്ന ലേബലിൽ എങ്കിലും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അപ്പോൾ മാസങ്ങൾ ആയി കാശ്മീർ ജനത അനുഭവിക്കുന്ന അരക്ഷിതാവസ്ഥ എന്തായിരിക്കും എന്നത് ഊഹിക്കാൻ പോലും സാധിക്കാത്തത്ര ഭീകരമായിരിക്കും.
മുസ്ലിം ജനതയെ മാത്രം ലക്ഷ്യം വച്ചുള്ള ആക്രമണങ്ങൾ തുടങ്ങിയിട്ട് എത്ര നാളുകളായി. അവരെ ടാർഗറ്റ് ചെയ്യുന്നതിലൂടെ വ്യക്തമായ ലക്ഷ്യം ഹിന്ദുത്വ തീവ്രവാദികൾക്ക് ഉണ്ട്. എത്ര കാലമാണ് ഒരു കൂട്ടരോട് മാത്രം കൈ കെട്ടി അടിവാങ്ങി സമാധാനം സംരക്ഷിക്കാൻ ആവശ്യപ്പെടാൻ സാധിക്കുക. തീർച്ചയായും ഇതിനെ ഒരു വർഗീയ കലാപമാക്കി മാറ്റിയെടുത്തു ഹിന്ദു രാഷ്ട്രത്തിനുള്ള അടിത്തറ ഉണ്ടാക്കാനാണ് സംഘ പരിവാർ ശ്രമിക്കുന്നത്.

കേരളത്തിൽ ആയതുകൊണ്ട് ഒരു സേഫ് സോണിൽ ആണ് നമ്മൾ ഓരോരുത്തരും. പക്ഷെ എത്രകാലം ഈ പ്രതിരോധം നമുക്കു തീർക്കാനാകും എന്നുറപ്പില്ലാത്ത കാര്യമാണ്. അതുകൊണ്ട് തന്നെ ഈ കാലഘട്ടത്തിൽ അരാഷ്ട്രീയത സംസാരിക്കുക എന്നതിനേക്കാൾ വലിയ അനീതിയും അശ്ലീലവും വേറെയൊന്നില്ല. നമുക്കോരോരുത്തർക്കും രാഷ്ട്രീയമുണ്ടാവണം, ആ രാഷ്ട്രീയം അടിച്ചമർത്തപ്പെടുന്നവർക്കും അനീതികൾ സഹിക്കേണ്ടി വരുന്നവർക്കും ഒപ്പമായിരിക്കണം. നമ്മുടെ രാഷ്ട്രീയം മതേതരവും ജനാധിപത്യപരവുമായിരിക്കണം. ഒരു മനുഷ്യന്റെ ഐഡന്റിറ്റിയെ നിർണയിക്കുന്ന ഒരുപാടു ഘടകങ്ങളിൽ ഒന്നു മാത്രമായ മതത്തിന്റെ പേരിൽ ഒരാൾ മാറ്റി നിർത്തപ്പെടുമ്പോൾ അയാളെ ചേർത്ത് നിർത്താൻ സാധിച്ചില്ലെങ്കിൽ പിന്നെ മനുഷ്യൻ ആണെന്ന് പോലും പറയാൻ നമുക്ക് അർഹതയില്ലാതാകും.

വർത്തമാനകാലഘട്ടത്തിൽ, ഒരു വിഭാഗം ജനങ്ങളെ, നമ്മുടെ സഹോദരങ്ങളെ സ്വന്തം രാജ്യത്തിൽ നിന്നും പുറത്താക്കാൻ വർഗ്ഗീയ ഫാസിസ്റ്റ് ഭരണകൂടം ശ്രമിക്കുമ്പോൾ അതിനെതിരെ സംസാരിക്കാതിരിക്കുന്നത് മനുഷ്യത്തമില്ലായ്മയാകും. ഡൽഹിയിൽ നടക്കുന്നത് കലാപമോ, സംഘർഷമോ അല്ല, മറിച് വംശഹത്യയാണ്. ന്യൂനപക്ഷങ്ങളെ കൂട്ടക്കുരുതി ചെയ്യാൻ സംഘപരിവാറിന് വളം വയ്ക്കുന്നത് നിഷ്പക്ഷതയുടെ നിശബ്ദതയാണ്. ഇപ്പോൾ പ്രതികരിച്ചില്ലെങ്കിൽ പിന്നെ ഒരിക്കലും പ്രതികരിക്കേണ്ടി വരില്ല. കാരണം ഇന്നല്ലെങ്കിൽ നാളെ നമ്മളും അവരുടെ ടാർഗറ്റ് ലിസ്റ്റിൽ ഇടം പിടിക്കാം. ഇന്ത്യയുടെ മഹത്തായ ജനാതിപത്യ – മതേതര മൂല്യങ്ങളെ തച്ചുടയ്ക്കാൻ സമ്മതിക്കാതിരിക്കുക, പ്രതികരിക്കുക പ്രതിഷേധിക്കുക.  അവാർഡ് വേദിയിൽ സിതാര പറഞ്ഞ വാക്കുകൾ കടമെടുക്കുകയാണ് “ഒരു കാരണങ്ങൾ കൊണ്ടും ഒരു നുണകൾ കൊണ്ടും ഒരു ശക്തി കൊണ്ടും നമ്മളൊക്കെ ഒന്നാണെന്നുള്ള തോന്നലിനെ തകർക്കാൻ നമ്മൾ ആരെയും അനുവദിക്കരുത് എന്ന് സ്വയം ഓർമിക്കുകയാണ് നിങ്ങളെയും ഓർമിപ്പിക്കുയാണ്