ഒരേ ആശയങ്ങൾ രണ്ടു കാഴ്ചപ്പാടുകളിൽ കാണുമ്പോൾ കെട്ടിയോൾ ആണെന്റെ മാലാഖയെക്കാൾ ശരിയുടെ പക്ഷത്തു നില്കുന്നത് ഒറ്റമുറി വെളിച്ചമാണ്

0
94


Sethu

 

Martial റേപ്പ് ന്റെ ദൂഷ്യ വശങ്ങളെ അഡ്രെസ്സ് ചെയ്യുന്നു എന്ന ലേബലിൽ maritial റേപ്പ് നെ ഏറ്റവുമധികം നോർമലൈസ് ചെയ്ത സിനിമ ആയിരുന്നു കെട്ടിയോൾ ആണെന്റെ മാലാഖ. നാട്ടിൻപുറത്തെ സാധാരണക്കാരൻ ആയ സ്ലീവാചനിലൂടെ ആണ് കെട്ടിയോൾ കഥ പറഞ്ഞു തുടങ്ങുന്നത്. അമ്മച്ചിയും പെങ്ങന്മാരും മാത്രമുള്ള, ലൈംഗികതയിലും, സ്ത്രീകളോട് പെരുമാറുന്നതിലും അങ്ങേയറ്റം അജ്ഞതയുള്ള സ്ലീവാചൻ “വീട്ടിൽ ഒറ്റക്കായി പോകുന്ന തന്റെ അമ്മച്ചിക്ക് ഒരു കൂട്ടിനു വേണ്ടി ” റിൻസിയെ വിവാഹം കഴിച്ചു കൊണ്ട് വരുന്ന ഇവന്റ് വരെ സിനിമ ഗംഭീരമാണ്. എന്നാൽ പിന്നീട് അങ്ങോട്ട് സിനിമ വല്ലാതെ ഡിസ്‌ഗസ്റ്റിംഗ് ആയി മാറുകയാണ്. കല്യാണം കഴിഞ്ഞ് എന്താണ് ചെയ്യണ്ടത് എന്നു മുപ്പത്തഞ്ചു വയസ്സുകാരനായ നിഷ്കളങ്കനായ സ്ലീവച്ചന് അറിയില്ല. അതുകൊണ്ട് കിടപ്പറയിലേക്ക് പോകാൻ തന്നെ പേടിയാണ്. ശേഷം അങ്ങോട്ടേക്ക് പല കാരണങ്ങൾ പറഞ്ഞ് സ്ലീവാചൻ കെട്ടിയോളായ റിൻസിയിൽ നിന്നും ഒഴിഞ്ഞു മാറുകയാണ്.

എന്നാൽ സ്ലീവാചൻ തന്നെ അവോയ്ഡ് ചെയ്യുന്നു എന്ന തോന്നലിൽ പ്രശ്നങ്ങൾ എന്തെങ്കിലും ഉണ്ടോ എന്ന റിൻസിയുടെ ചോദ്യം സ്ലീവച്ചനെ അലട്ടുകയും സുഹൃത്തുക്കളുടെ ഉപദേശം സ്വീകരിച്ചു സ്വന്തം “കരുത്ത് ” തെളിയിക്കാൻ സ്ലീവാചൻ വീട്ടിലേക്ക് പോകുന്നു. അവിടം വരെ ഭയങ്കര ഫണ്ണി ആയിട്ടാണ് കാര്യങ്ങൾ അവതരിപ്പിക്കുന്നത്. മുഴുവനായില്ലെങ്കിലും ഇടുക്കിയിലെ ജീവിത രീതികളും കൃഷി സമ്പ്രദായങ്ങളും ഒക്കെ ചിത്രം മികച്ച രീതിയിൽ portray ചെയ്യുന്നുണ്ട്. പക്ഷെ പിന്നീട് അങ്ങോട്ട് കഥ പറഞ്ഞ രീതികൊണ്ടോ ഒരു സോ called ഫാമിലി മൂവി ലേബൽ കിട്ടുന്നതിന് വേണ്ടി നടത്തിയ ശ്രമങ്ങൾ കൊണ്ടോ ആകെ മൊത്തം ഒരു റേപ്പ് വിക്ടിമിനോട് കാണിക്കുന്ന ഏറ്റവും വലിയ അനീതിയായി ഈ സിനിമ മാറുന്നുണ്ട്.

ധൈര്യക്കുറവുള്ളതു കൊണ്ട് കുറച്ചു മദ്യം കഴിച്ചു ഉറങ്ങി കിടന്ന റിൻസിയെ സ്വന്തം കരുത്തു തെളിയിക്കാൻ സ്ലീവാചൻ റേപ്പ് ചെയ്‌യുന്നു. റേപ്പ് ചെയ്യാൻ പോകുന്ന സ്ലീവാച്ചന് കുതിരയുടെ ശബ്ദം ബാക്ക്ഗ്രൗണ്ട് ഒക്കെ കൊടുത്തത് എന്തിനായിരുന്നു എന്നു മനസ്സിലായില്ല. ഒരു റേപ്പ് വിക്ടിമിനെ / അവൾ അനുഭവിക്കുന്ന ട്രോമയെ / അവൾ നേരിട്ട assault നെ/ സ്വന്തം ഭർത്താവിൽ നിന്ന് അവൾ അനുഭവിക്കേണ്ടി വന്ന പീഡനത്തെ ഒട്ടും അഡ്രെസ്സ് ചെയ്യാതെ സ്ലീവാചൻ നേരിടേണ്ടി വരുന്ന കളിയാക്കലും കുറ്റപ്പെടുത്തലുകളും കുത്തുവാക്കുകളും അത്യാവശ്യം തമാശ ഒക്കെ ചേർത്ത് അവതരിപ്പിച്ചു കൊണ്ടാണ് പിന്നീട് സിനിമ മുന്നോട്ട് പോകുന്നത്. അറിവ് കേടുകൊണ്ടു / ആദ്യമായിട്ട് ഒരു പെണ്ണിനോട് ഇടപഴകുന്നതിൽ ഉള്ള പരിചയക്കുറവുകൊണ്ട് പറ്റിപ്പോയ “അബദ്ധം” കാരണം വേദനിക്കുന്ന സ്ലീവാചൻ ആണ് പിന്നീട് സ്ക്രീൻ നിറയെ. സ്ലീവാച്ചനോട് ഡിവോഴ്സ് ചോദിക്കുന്ന റിൻസിയെ വീട്ടിൽ കൊണ്ടുപോയി വിടാം എന്നു സമ്മതിച്ചതിനു ശേഷം ഫുൾ സ്ലീവാചൻ ഷോ ആണ്. കൂട്ടുകാരന്റെ പ്രേമവിവാഹത്തിനു കൂട്ട് നില്കുന്നു, സ്വന്തമായി വികസിപ്പിച്ച കുരുമുളക് ചെടിക്ക് ദേശീയ അംഗീകാരം കിട്ടുന്നു അങ്ങനെ പതിയെ റിൻസിക്ക് സ്ലീവാച്ചനോട് ഇഷ്ടം തോന്നുന്നു, പിരിയാൻ തീരുമാനിച്ച അവർ ഒന്നിക്കുന്നിടത്തു സിനിമ അവസാനിക്കുന്നു.

Kettiyolaanu Ente Malakha on Moviebuff.comഅവാർഡ് നേടിയ സ്ലീവാച്ചനെ അഭിനന്ദിക്കാനും സ്ലീവാച്ചന് പറ്റിയ ‘അബദ്ധ’ത്തിൽ സ്ലീവാച്ചനെ ആശ്വസിപ്പിക്കാനും എന്തിന് അവന്റെ അറിവില്ലായ്മ തിരിച്ചറിയാതെ പോയതിനു സോറി പറയാൻ ഇടവക വികാരി മുതൽ ഉറ്റ സുഹൃത്തുക്കൾ മുഴുവനുമുണ്ട്. എന്നാൽ റിൻസിയെ ആശ്വസിപ്പിക്കാൻ സ്ലീവാചന്റെ അമ്മച്ചി മാത്രമാണുള്ളത് അതും സ്വന്തം മകന് വേണ്ടി മാപ്പ് ചോദിച്ചുകൊണ്ടാണ് ആശ്വസിപ്പിക്കുന്നത്. എല്ലാം സഹിച്ചും പൊറുത്തും ജീവിക്കുന്ന ഉത്തമ കുടുംബിനി ആയി റിൻസിയെ അവതരിപ്പിച്ചു നിർത്തുന്നത് കൊണ്ട് അനാവശ്യ സീനുകൾ ഒഴിവാക്കി സ്ലീവാചൻ നേരിടുന്ന കളിയാക്കലുകൾ ഉൾപ്പെടുത്തി ചിത്രത്തിന്റെ മാർക്കറ്റ് കൂട്ടാം എന്ന് അണിയറ പ്രവർത്തകർ തീരുമാനിച്ചിട്ടുണ്ടെങ്കിൽ തെറ്റ് പറയാൻ പറ്റില്ല. കാരണം മലയാള സിനിമ മേഖലയിൽ തന്നെ ആക്രമണങ്ങൾക്ക് ഇരയാകുന്നവരുടെ വേദനയേക്കാൾ “ജനപ്രീതി” അക്രമിയുടെ സ്റ്റാർഡത്തിന് ആണല്ലോ.

ഇനി ഈ സിനിമയുടെ മറ്റൊരു വശമുണ്ട്. സ്ലീവാചൻ എന്ത് തെറ്റാണു ചെയ്തത്??, സ്ലീവാചനെ പിന്നെ തൂക്കി കൊല്ലണമായിരുന്നോ,?? അവൻ മാപ്പ് പറയുന്നില്ലേ?? അവന്റെ അറിവില്ലായ്മ കൊണ്ടല്ലേ?? ഇങ്ങനെ ഒരുപാട് ചോദ്യങ്ങൾ കെട്ടിരിക്കുന്നത് കൊണ്ടും ഇനിയും കേൾക്കാൻ സാധ്യത ഉള്ളതുകൊണ്ടുമാണ് ഈ ഒരു വശം കൂടി പരിചയപ്പെടുത്തണം എന്ന് കരുതുന്നത്. കെട്ടിയോൾ ആണെന്റെ മാലാഖയുടെ അതെ കഥാ പശ്ചാത്തലത്തിൽ, ഏകദേശം ഒരേ ഇവന്റുകൾ തന്നെ അഡ്രെസ്സ് ചെയ്തുകൊണ്ട് അതി മനോഹരമായി maritial rape ന്റെ ദൂഷ്യ വശങ്ങളെ അഡ്രസ് ചെയ്യുന്ന മറ്റൊരു മലയാള സിനിമയുണ്ട്, “ഒറ്റ മുറി വെളിച്ചം.” സ്ലീവാചനെ പോലെ നന്മ നിറഞ്ഞ ” ജനപ്രിയ നായകൻ ” ലേബലിൽ അല്ല ഈ സിനിമ നായകനായ ചന്ദ്രനെ അവതരിപ്പിക്കുന്നത്. ചന്ദ്രൻ വിവാഹം കഴിച്ചു കൊണ്ട് വരുന്ന സുധ എന്ന അനാഥയായ പെൺകുട്ടിയെ അലോസരപ്പെടുത്തുന്നത് ചന്ദ്രന്റെ കണ്ടു പിടുത്തമായ ഒരു ബൾബ് ആണ്. നിത്യം പ്രകാശിക്കുന്ന ആ വെളിച്ചവും ഭർതൃ ഗൃഹത്തിലെ സുരക്ഷിതത്വമില്ലായമയും സുധയെ അങ്ങേയറ്റം അസ്വസ്ഥ ആക്കുന്നുണ്ട്. എന്നാൽ അവളുടെ ആകുലതകൾ ഒന്നും തന്നെ പരിഗണിക്കാതെ തന്റെ ആണത്തം തെളിയിക്കാൻ സ്ലീവാചനെ പോലെ തന്നെ ചന്ദ്രനും അവളെ ബലാത്സംഗം ചെയ്യുകയാണ് ഉണ്ടാകുന്നത്.

Vinitha Koshy stuns viewers in award-winning movie 'Ottamuri Velicham' |  Video | Entertainment News | Movie News | Film Newsപക്ഷെ പിന്നീട് ഒറ്റമുറി വെളിച്ചം അഡ്രസ് ചെയ്യുന്നത് ചന്ദ്രന്റെ വേദനകളോ, അവനുണ്ടാകുന്ന കുറ്റബോധമോ, അവന്റെ കണ്ടു പിടുത്തത്തിന്റെ മഹത്വമോ, അവന്റെ അറിവില്ലായ്മയോ അല്ല, മറിച് ക്രൂരമായി റേപ്പ് ചെയ്യപ്പെട്ട സുധയുടെ വേദനകൾ മാത്രമാണ്. ഇവിടെയാണ് കെട്ടിയോൾ ആണെന്റെ മാലാഖയെക്കാൾ തെളിച്ചമുള്ള രാഷ്ട്രീയം ഒറ്റമുറി വെളിച്ചം പ്രേക്ഷകനിലേക്ക് എത്തിക്കുന്നത്. കെട്ടിയോളിൽ സ്ലീവാചന്റെ അമ്മ പലപ്പോളും റിൻസിയോട് സ്ലീവാചൻ പാവമാണെന്നു സ്ഥാപിക്കാൻ ശ്രമിക്കുന്നുണ്ട്. അതെ ശ്രമങ്ങൾ ഒറ്റമുറി വെളിച്ചത്തിൽ ചന്ദ്രന്റെ അമ്മയും ചെയ്യുന്നുണ്ട്. എന്നാൽ ചന്ദ്രന്റെ അമ്മ സുധയോട് ക്ഷമിക്കണം, ചന്ദ്രനെ വെറുക്കരുത് എന്ന് പറയുമ്പോൾ ഒരിക്കലും ചന്ദ്രന് പ്രേക്ഷകന്റെ ഭാഗത്തു നിന്നുമൊരു സോഫ്റ്റ്‌ കോർണർ ഉണ്ടാകുന്നില്ല. അത്ര സൂക്ഷ്മതയോടെ ആണ് അത്തരം രംഗങ്ങളുടെ visual ഗ്രാമർ കൈകാര്യം ചെയ്തിരിക്കുന്നത്. നായകന്റെ ജനപ്രീതിക്ക് വേണ്ടി ഒരു റേപ്പ് വിക്ടിമിന്റെ വേദനകളെ നോർമലൈസ് ചെയ്ത്, പെണ്ണായാൽ ഇതൊക്കെ സഹിക്കണം, maritial റേപ്പ് കൾ സ്വഭാവികമാണ് എന്നൊക്കെ പറഞ്ഞു വയ്ക്കുന്ന കെട്ടിയോൾ ആണെന്റെ മാലാഖയുടെ റെഗ്രെസ്സീവ് പൊളിറ്റിക്സ് തള്ളിക്കളയേണ്ട ഒന്നാണ്. കാരണം അത്ര ലാഖവത്തോടെ കാണേണ്ട ഒന്നല്ല ഗാർഹിക പീഡനങ്ങളാൽ നരക യാതന അനുഭവിക്കേണ്ടി വരുന്ന സ്ത്രീ ജീവിതങ്ങൾ. ഒരേ ആശയങ്ങൾ രണ്ടു കാഴ്ചപ്പാടുകളിൽ കാണുമ്പോൾ കെട്ടിയോൾ ആണെന്റെ മാലാഖയെക്കാൾ ശരിയുടെ പക്ഷത്തു നില്കുന്നത് ഒറ്റമുറി വെളിച്ചമാണ്.
സ്ത്രീ കേവലം ഭോഗ വസ്തുവാണ് എന്നുള്ള വിലകുറഞ്ഞ / സമൂഹത്തിൽ നിന്നും പൂർണമായും തുടച്ചു നീക്കപ്പെടേണ്ട ചിന്താഗതി പിന്തുടരുന്നവരിൽ നിന്നും മാത്രമേ സ്ലീവാചൻ ചെയ്ത തരത്തിലുള്ള പ്രവർത്തികൾ ഉണ്ടാവുകയുള്ളൂ. അത്തരം ചെയ്തികളെ ന്യായീകരിക്കുന്ന തരത്തിലേക്ക് മലയാള സിനിമ തരം താഴരുത് എന്നാഗ്രഹിക്കുന്നു.