സേതുമാധവൻ

ഇതുവരെയുള്ള കാര്യങ്ങൾ ചില സത്യങ്ങൾ നമ്മളോട് പറയുന്നുണ്ട്. പൊതു ബോധത്തെ ഭയന്ന് നമുക്കത് പറയാൻ ആശങ്കയുണ്ടെങ്കിൽ പോലും…

വാളയാർ സംഭവത്തിൽ പൊതു വികാരത്തിനപ്പുറം ചില സത്യങ്ങളും ചില ചോദ്യങ്ങളും കൂടി മറ നീക്കി പുറത്തു വരേണ്ടതുണ്ട്.ഇപ്പോഴത് പറയണോ എന്ന് സംശയിച്ചു നിൽക്കുന്നതിനേക്കാൾ..നമ്മുടെ സമൂഹത്തിൽ ഓരോ ബാല്യവും അരക്ഷിതാവസ്ഥയിലൂടെയാണ് കടന്നു പോകുന്നതെന്നും വാളയാർ ദുരന്തം സമൂഹത്തിൽ ആവർത്തിക്കപ്പെടരുതെന്നും ബോധ്യമുള്ളത് കൊണ്ട് എനിക്കിത് പറയേണ്ടതായിട്ടുണ്ട്.

മരണത്തിനു ഹേതുവായവരെ നിയമത്തിനു മുൻപിൽ ഹാജരാക്കാനും ശിക്ഷിക്കാനും നീതി സംവിധാനങ്ങൾ പരാജയപ്പെട്ടിട്ടുണ്ട്.
രാജ്യത്തെ ബഹുഭൂരിപക്ഷം കേസുകളിലും ഇത് തന്നെയാണാവസ്ഥ. സൗമ്യ കേസിൽ പ്രതി ഗോവിന്ദ ചാമി ഇരയെ ബലാത്സംഗം ചെയ്തു എന്ന് മാത്രമാണ് കോടതി പറയുന്നത്. ട്രെയിനിൽ നിന്നും തള്ളിയിട്ടതിനും മറ്റും തെളിവില്ലത്രേ.. അത് മറ്റാരെങ്കിലും ആയിക്കൂടെ എന്നാണവർ ചോദിക്കുന്നത്..

പ്രതി ഇപ്പോഴും 44കിലോയിൽ നിന്ന് 70കിലോയായി തൂക്കവും നിറവും സൗന്ദര്യവും വർധിച്ചു സുഖവാസത്തിലാണ്.
എനിക്കിതിൽ പ്രധാനമായും പറയാനുള്ളത്..അല്പമെങ്കിലും കരുതലോ..അനുഭവത്തിൽ നിന്ന് പാഠം പഠിക്കാനുള്ള മിനിമം വിവേകമോ ഗൗരവ ചിന്തയോ ഇക്കാര്യത്തിൽ ഈ കുട്ടികളുടെ മാതാപിതാക്കൾക്കുണ്ടായിരുന്നെങ്കിൽ രണ്ട് കുട്ടികളും ഇന്നും ജീവിച്ചിരിക്കുമായിരുന്നു..
ഒന്നുമില്ലെങ്കിലും ഇളയ കുട്ടിയെങ്കിലും സത്യം പറയാൻ ജീവിച്ചിരിക്കുമായിരുന്നു.

ചിലർ ഇത് കേൾക്കുമ്പോൾ നെറ്റി ചുളിച്ചേക്കാം..പക്ഷേ യാഥാർഥ്യമതാണ്.

അച്ഛനുമമ്മയും അന്ന് പൊലീസിന് കൊടുത്ത മൊഴികൾ തന്നെ ചൂണ്ടിക്കാട്ടി അക്കാലത്തു ഒരു പാട് പേർ.. മാധ്യമങ്ങൾ ഉൾപ്പെടെ ഇതിലെ ചില സംഗതികൾ എഴുതിയിരുന്നു. പക്ഷേ ഇന്നത് ആവർത്തിക്കാൻ പൊതു വികാരത്തെ ഭയന്നു എല്ലാവരും മടിക്കുന്നുണ്ട് എന്നതാണ് സത്യം.

അന്ന് വന്ന ചില കണ്ടെത്തലുകൾ ഇന്ന് ഞാനതേപടി മാനുഷിക വശങ്ങൾ കരുതി തന്നെ പകർത്തി എഴുതുന്നില്ല..,
എങ്കിലും നിങ്ങളിതൊന്നു നോക്കണം. രണ്ട് ദിവസം മുൻപ് രക്ഷിതാക്കൾ ന്യൂസ്‌ 24നു കൊടുത്ത അഭിമുഖത്തിൽ പറയുന്നു.
“ഞാൻ കാലിനു വേദന വന്ന് ജോലിക്ക് പോകാതെ വീട്ടിലുള്ളപ്പോൾ കുട്ടികളുടെ അമ്മയുടെ ചേച്ചിയുടെ മകൻ മധു വന്നിരുന്നു. അല്പം കഴിഞ്ഞ് ജനൽ വിടവിലൂടെ എത്തി നോക്കിയപ്പോൾ കണ്ടത് മധു മകളെ ചുമരിൽ ചേർത്ത് നിർത്തി പീഡിപ്പിക്കുന്നതാണ് കണ്ടത്. ഒച്ചയെടുത്തപ്പോൾ അവൻ അവിടെ നിന്നും പോയി. മകളോട് ഇതേപ്പറ്റി ചോദിച്ചപ്പോൾ വീട്ടിൽ സ്ഥിരമായി വരാറുള്ള അയാൾ എന്നെ ഉപദ്രവിക്കാറുണ്ടെന്നും ഭയം കൊണ്ട് മിണ്ടാത്തതാണെന്നും പറഞ്ഞു..”
ഈ പോയിന്റ് നോട്ട് ചെയ്യുക.. ഇത് തന്നെ അവർ പിന്നീട് കോടതിയിലും മൊഴി കൊടുത്തു. കോടതി ഇത് തള്ളി കളഞ്ഞു.

ഇനി പറയാം.. സാധാരണ ഗതിയിൽ ഒരു മകൾ ഇത്തരമൊരു തീക്കനൽ അനുഭവം പറയുമ്പോൾ ഏതൊരു രക്ഷിതാക്കളും എന്താണ് ചെയ്യുക?
പോലീസിലോ.. വേണ്ടപ്പെട്ടവരോടോ പരാതിപ്പെടും..
സ്വന്തം ചേച്ചിയുടെ മകൻ ആയതു കൊണ്ട് മകളുടെ വേദനയെയും ഭയത്തെയും പരിഗണിക്കതെ തന്നെ സംഭവത്തെ ഒതുക്കി വെക്കാൻ അവർ ശ്രമിച്ചിരിക്കാം.. അല്ലെങ്കിൽ നിസാര വൽക്കരിച്ചു.

ഇനി ദീർഘ കാലമായി പീഡിപ്പിക്കപ്പെടുന്നുണ്ട് എന്ന് മകളിൽ നിന്ന് തന്നെ മനസിലാക്കിയ അവർ ഇനിയത് ആവർത്തിക്കാതിരിക്കാൻ എന്തെങ്കിലും ചെയ്തിരുന്നോ..?

ഇല്ല എന്ന് അവരുടെ മൊഴികളിൽ നിന്നും ഇളയ കുട്ടി പറഞ്ഞ വാക്കുകളിൽ നിന്നും തന്നെ വ്യക്തം.
ചേച്ചി മരിച്ച അന്ന് ഇളയ കുട്ടി പോലീസിനോട്‌ ഇപ്രകാരം പറഞ്ഞു..
“മേല്പറഞ്ഞ കക്ഷിയും മറ്റുള്ളവരും ചേച്ചി മരിക്കുന്നത് വരെ സ്ഥിരമായി വീട്ടിൽ വന്നിരുന്നവരാണ്. ചേച്ചി മരണ പ്പെടുന്ന അന്നും രണ്ട് പേർ വീട്ടിൽ നിന്നും ഇറങ്ങി പോവുന്നത് കണ്ടു.”
പോയിന്റ് നോട്ട് ചെയ്യുക..
കുട്ടി പീഡിപ്പിക്കപ്പെടുന്നുണ്ട് എന്നറിഞ്ഞിട്ടും ആ മാതാപിതാക്കൾ ഒരു കരുതലും മുൻ കരുതലും ആ കുട്ടിക്ക് വേണ്ടി എടുത്തില്ല എന്ന് മാത്രമല്ല..തുടർന്നും ഉറ്റബന്ധുക്കളും ജോലി സ്ഥലത്തെ സുഹൃത്തുക്കളും യഥേഷ്ടം വീട്ടിൽ വന്നും പോയുമിരുന്നു. കുട്ടി തനിയെ ആയിരിക്കുമ്പോഴാണ് പീഡിപ്പിക്കപ്പെടാനുള്ള സാധ്യത.എന്നാൽ ഇവിടത്തെ യാതൊരു നിയന്ത്രണവുമില്ലാത്ത അവസ്ഥയിൽ മറിച്ചുള്ള കാര്യങ്ങളിലേക്ക് ചിന്തിക്കുന്നതിൽ ബുദ്ധിമുട്ടൊന്നുമില്ല.

എന്ത് തന്നെയായാലും കുട്ടിയെ എന്തും ചെയ്യാനാവുന്ന വിധത്തിൽ അവൾ എല്ലാം കൊണ്ടും തനിച്ചായിരുന്നു.ഇനിയാരോടും പറയാനില്ലത്ത വിധം അവളിൽ പ്രതീക്ഷ മാഞ്ഞു പോയിരുന്നു.

ഏതൊരു പെൺകുട്ടിയും ഇത്തരമൊരു കാര്യം പുറത്തറിഞ്ഞാൽ തന്നെയും ഇത്തരമൊരു ദുരവസ്ഥയിൽ നിന്നും മോചനം ലഭിക്കുമെന്നും സംരക്ഷണം ലഭിക്കുമെന്നും തീർച്ചയായും പ്രത്യാശിക്കും. എന്നാൽ അത്തരമൊന്നു വാളയാർ സംഭവത്തിൽ ഉണ്ടായിട്ടില്ല.
കുട്ടിയുടെ അമ്മ പറയുന്നു.. “ആദ്യമേ ഈ പീഡനത്തെ പറ്റി പോലീസിൽ അറിയിച്ചിരുന്നെങ്കിൽ അവൾ മരിക്കില്ലായിരുന്നു.” ഈ വാക്കും ഓർത്തു വെക്കേണ്ടതാണ്.
പോലിസിന്റെ കാര്യം ok.. അതല്ലാതെ സ്വയമേവ തന്നെ ഇതറിഞ്ഞിട്ടും എന്ത് മുൻകരുതൽ ആണ് കുട്ടികൾക്ക് വേണ്ടി നിങൾ എടുത്തത് എന്ന് ചോദിച്ചപ്പോൾ ഒരുത്തരവുമില്ല.

ഇനി അടുത്ത കാര്യത്തിലേക്ക് വരാം.. ആദ്യ മകൾ നഷ്ടപ്പെട്ടു. എന്നാൽ അതേ സാഹചര്യങ്ങൾ തന്നെ അവിടെ വീണ്ടും തുടർന്നു.മൂത്ത കുട്ടി മരണപ്പെട്ടു ഏതാനും ദിവസങ്ങൾക്കു ശേഷം മാതാപിതാക്കൾ ഇരുവരും ജോലിക്ക് പോയി.ഇവരുള്ളപ്പോഴും ഇല്ലാത്തപ്പോഴും ആദ്യ പെൺകുട്ടിയെ പീഡിപ്പിച്ചതിൽ പങ്കുള്ള ബന്ധുവും മാതാപിതാക്കളുടെ സുഹൃത്തുക്കളും ആ വീട്ടിൽ വന്നും പോയുമിരുന്നു. ഇനിയും വെളിപ്പെടാത്ത സ്വാതന്ദ്ര്യം ആ വീട്ടിൽ ഒരു മരണം നടന്നിട്ട് പോലും ഉണ്ടായിരുന്നു.

സ്വന്തം മക്കളുടെ യാതൊരു ചേതോവികാരവും മനോഭാവവും മുഖ വ്യത്യാസങ്ങളും മനസിലാക്കാൻ കഴിയാത്തവരായിരുന്നു ആ മാതാപിതാക്കൾ എന്ന് മറ്റു പല സാധ്യതകളെയും മറച്ചു വെച്ചു കൊണ്ട് തന്നെ ഇത് വായിക്കുന്ന ഏതെങ്കിലും രക്ഷിതാക്കൾക്ക് ചിന്തിക്കാതിരിക്കാൻ കഴിയുമോ.?

നോക്കൂ…വീടിനു പുറത്ത് നിന്നോ അന്യരിൽ നിന്നോ പ്രായ പൂർത്തിയാവാത്ത കുട്ടികൾ നേരിടുന്ന ലൈംഗിക പീഡനങ്ങൾ ആദ്യം അറിയുന്നതും റിപ്പോർട്ട്‌ ചെയ്യുന്നതും ഭൂരിഭാഗം കേസുകളിലും മാതാപിതാക്കൾ തന്നെയാണ്.അതും സ്വന്തം കുഞ്ഞുങ്ങളുടെ എല്ലാം കൊണ്ടും വരുന്ന മാറ്റങ്ങളിൽ നിന്നും തന്നെ.
എന്നാലിവിടെ..കുട്ടി തന്നെ ഇക്കാര്യം നേരിട്ട് വെളിപ്പെടുത്തിയതും അവർ നേരിട്ട് കണ്ടതുമാണ്. എന്നിട്ടും അത്തരമൊരു തിരിച്ചറിവും ശ്രദ്ധയും ഇവിടെയുണ്ടായിട്ടില്ല ?????

ഒടുവിൽ രണ്ടാമത്തെ കുട്ടിയും പോയി.ആദ്യത്തെ കുട്ടി എങ്ങിനെ പോയോ… അതേ കാരണങ്ങളും സാഹചര്യങ്ങളും ഈ കുട്ടിയുടെ കാര്യത്തിലും അതേ പടി ആവർത്തിക്കപ്പെട്ടു. ആദ്യ കുട്ടി മരിച്ചപ്പോൾ അവിടെ നിന്നും ഇറങ്ങിപ്പോയവരെ ഈ കുട്ടി കണ്ടിട്ടുണ്ട്.പക്ഷേ പൊലീസിന് കൊടുത്ത മൊഴികളിൽ മുഖം വ്യക്തമല്ല എന്നാണ് കുട്ടി പറയുന്നത്. പക്ഷേ ആ കുട്ടി പറയുന്നുണ്ട്..അമ്മയുടെ ചേച്ചിയുടെ മക്കളും മറ്റാളുകളും ആളുകൾ വീട്ടിൽ വരാറുണ്ടായിരുന്നു.. എന്ന്..

ആദ്യ കുട്ടി മരിച്ചിട്ടും രണ്ടാമത്തെ കുട്ടിയെ സമാന സാഹചര്യങ്ങളിൽ നിന്നും എന്ത് കൊണ്ട് നിങ്ങൾ പ്രൊട്ടക്റ്റ് ചെയ്തില്ല എന്ന് ചോദിച്ചപ്പോൾ അമ്മ പറഞ്ഞത്.. ആദ്യ കുട്ടി പീഡനമാണ് മകളുടെ മരണത്തിന് കാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഉണ്ടായിരുന്നു.പക്ഷേ അത് കിട്ടാൻ വൈകിയത് കൊണ്ട് രണ്ടാമത്തെ മകളുടെ കാര്യത്തിൽ ഇക്കാര്യം ശ്രദ്ധിച്ചില്ല എന്ന്..
Point നോട്ട് ചെയ്യുക..
മകൾ നേരിട്ട് പീഡിപ്പിക്കുന്നത് കണ്ടിട്ടും മനസിലാവാത്ത മാതാപിതാക്കൾക്ക് മെഡിക്കൽ റിപ്പോർട്ട്‌ വേണം മകൾക്കു പീഡനം നടന്ന് എന്ന് വ്യക്തമാകാൻ. എങ്കിലേ ഇനിയുള്ള മകളെ നോക്കാൻ പറ്റൂ..
പെറ്റിട്ട വയറിനു നേരിട്ട് കണ്ടിട്ടു മനസിലാക്കാത്ത സത്യം മറ്റൊരാൾ പറഞ്ഞു കോടതി മനസിലാക്കണമെന്നുണ്ടോ .. !!”

മറ്റൊരു കാര്യം.. രണ്ടാമത്തെ കുട്ടി മരിച്ചതോടെ പോലിസ് ആ കുട്ടിയുടെ സ്കൂൾ അധ്യാപകരുമായി സംസാരിച്ചപ്പോൾ കിട്ടിയ മറുപടി ഇതാണ്.
“മൂത്ത കുട്ടിയുടെ മരണ ശേഷം ഇളയവളുടെ പെരുമാറ്റത്തിൽ ചില അസ്വാഭാവികതകൾ ഉണ്ടായിരുന്നു.മാനസിക സംഘർഷം മുഖത്തു പ്രകടമായിരുന്നു. ഞങ്ങൾ ആ കുട്ടിയെ കൗൺസിലിംഗിന് വിധേയമാക്കിയപ്പോൾ വീട്ടിൽ എന്തൊക്കെയോ ചിലത് സംഭവിക്കുന്നുണ്ടെന്ന് മാത്രമാണ് മനസിലാക്കാനായത്. അതേ പറ്റി സംസാരിക്കാൻ കുട്ടിയുടെ അമ്മയോട് സ്കൂൾ വരെ ഒന്ന് വരാൻ പലയാവർത്തി പറഞ്ഞിട്ടും ആ അമ്മ വരികയുണ്ടായില്ല..പിന്നെന്ത് ചെയ്യും ”

ഇതൊക്കെ എന്ത് ചോദ്യങ്ങളാണ് നമുക്ക് തരുന്നത്.ആ കൊച്ചു വീട്ടിൽ സ്ഥിരമായി ചിലരുണ്ടെന്നു (മാതാപിതാക്കളുടെ ജോലിയുമായി ബന്ധപ്പെട്ടവർ )ഇളയ കുട്ടി തന്നെ അധ്യാപകരോട് വെളിപ്പെടുത്തിയതായി പറയുന്നു. ഇതേ പറ്റി ഒരു ശ്രദ്ധ വേണമെന്ന് പറയാനാണ് അമ്മയോട് വരാൻ പറഞ്ഞത്.. അമ്മയ്ക്ക് കൂടുതൽ വിവരങ്ങൾ ചിലപ്പോൾ തരാൻ കഴിയുമായിരിക്കാം.. പക്ഷേ അവർ പോയില്ല….. !!!

ഇനിയടുത്ത മറ്റൊരു ഭയാനകത നോക്കൂ.. രണ്ട് പെൺകുട്ടികളും മരിച്ചതിനു ശേഷം മാതാപിതാക്കൾ ഏറെ നാൾ താമസിക്കാൻ പോയത് ഈ കേസുകളിലെ ഒന്നാം പ്രതിയുടെ വീട്ടിലാണ്.അതായത് അയാൾ മകളെ പീഡിപ്പിച്ചത് നേരിട്ട് കണ്ട മാതാപിതാക്കൾ തന്നെ അയാളുടെ വീട്ടിൽ മക്കളുടെ മരണ ശേഷം താമസത്തിനു പോയി.. !!
പിന്നീട് അവിടെ നിന്നും പിണങ്ങി തിരികെ വന്നു.
ആർക്കെങ്കിലും ഇത്തരമൊരു സംഗതിയെ കുറിച്ച് ചിന്തിക്കാൻ പോലുമാകുന്നുണ്ടോ.. !!?

എന്ത് കൊണ്ടാണ് കോടതി ഈ മാതാപിതാക്കളുടെ ദൃക്‌സാക്ഷി മൊഴി കുറ്റവാളിയാണ് മുന്നിലുള്ളതെന്നു ചിലപ്പോൾ അറിയാമായിരുന്നിട്ടും തള്ളി കളഞ്ഞെതെന്നു ഇപ്പോൾ നിങ്ങൾക്ക് ബോധ്യമായിട്ടുണ്ടാവും എന്നാണ് കരുതുന്നത്.

ഒരു കാര്യം വളരെ വ്യക്തമായി പറയാനാഗ്രഹിക്കുന്നു. സ്വന്തം കുഞ്ഞുങ്ങളെ മാറിന്റെ ചൂടിലും ചിറകിനടയിലും സംരക്ഷിച്ചു നിർത്താനുള്ള എല്ലാ ജീവജാലങ്ങൾക്കുമുള്ള ചോദന അനുഭവങ്ങളിൽ നിന്ന് പോലും ഇവിടെ ഒരിക്കൽ പോലുമുണ്ടായിട്ടില്ല.
ഈ നിഗമനങ്ങൾ വെച്ച് മാതാപിതാക്കക്കെതിരെ തിരിയണമെന്നല്ല.. പക്ഷേ അന്വേഷണ സംവിധാനങ്ങൾ കുട്ടികൾ മരണപ്പെട്ടതിനു ശേഷം വെച്ചു പുലർത്തിയതിനേക്കാൾ നിസ്സംഗത കുട്ടികൾ ജീവിച്ചിരുന്നപ്പോൾ അവരുടെ അനുഭവങ്ങൾ കണ്ടിട്ടും മാതാപിതാക്കൾ വെച്ചു പുലർത്തിയിരുന്നു എന്നത് വളരെ വ്യക്തമാണ്.
എന്നാൽ രണ്ട് മക്കളും പോയതിനു ശേഷമുള്ള വല്ലാത്തൊരു അവസ്ഥ ഇപ്പോഴിരുവരെയും വേട്ടയാടുന്നുണ്ടെന്നു സ്വാഭാവികമായും മനസിലാക്കണം.. മറ്റു വശങ്ങൾ നമുക്കിത് വരെയും വെളിപ്പെടാത്ത സാഹചര്യത്തിൽ !!

കേസന്വേഷണത്തിൽ തുടക്കം മുതൽ തന്നെ പോലീസ് അന്വേഷണം തികഞ്ഞ ഉദാസീനതയാണ് പുലർത്തിയിട്ടുള്ളത്. തെളിവുകൾ ശേഖരിക്കുന്നതിനും മുഖം നോക്കാതെ ദുരൂഹതകൾ നീക്കേണ്ടതിനും പകരം തികഞ്ഞ കൃത്യ വിലോപം കാട്ടി.ആദ്യകുട്ടിയുടെ മെഡിക്കൽ റിപ്പോർട്ട്‌ പ്രകാരം പോലും ഒരു നീക്കവും നടത്തിയില്ല.പ്രതികൾ പോലീസിനെ സ്വാധീനിച്ചു എന്ന് കരുതുന്നില്ല.ഇതിലും സ്വാധീനമുള്ള കൊലകൊമ്പൻമാരെ ഇവർ തന്നെ അകത്തിട്ടുണ്ട്. പക്ഷേ ഒരു കുറ്റാന്വേഷണ ബുദ്ധി ഇക്കാര്യത്തിൽ വെച്ചു പുലർത്തിയിട്ടില്ല.
ഈ സംഭവങ്ങളിൽ ഞെട്ടിക്കുന്നതും ചുരുളഴിയാത്തതുമായ ദുരൂഹതകൾ നീക്കേണ്ടതുണ്ട്. വീട്ടിൽ വന്ന് പോയി കൊണ്ടിരുന്നത് എല്ലാം തന്നെ അടുത്ത ബന്ധുക്കളും മാതാപിതാക്കളുടെ ജോലി സ്ഥലത്തെ സുഹൃത്തുക്കളുമാണ്..
മൂത്ത കുട്ടി മരിച്ച ദിവസം അവിടെ നിന്നും പോയവർ ആരൊക്കെ എന്ന് കണ്ടെത്തേണ്ടതുണ്ട്.

ഇതൊരു കൊലപാതകമാണോ ആത്മഹത്യയാണോ എന്ന് കണ്ടെത്തേണ്ടതുണ്ട്.
പൊതു ജന വികാരത്തെ ഭയന്നും അത് പ്രതിഫലിക്കപ്പെട്ടും മാത്രമേ ഇനി എത്ര മികച്ച കേരള പോലീസ് സംവിധാനങ്ങൾക്കും ഇനി ഈ ഇരുണ്ട വഴികളിലൂടെ സഞ്ചരിക്കാനാവൂ..
നമുക്കതല്ല വേണ്ടത്.. പെൺകുട്ടികൾ എങ്ങിനെ എന്തുകൊണ്ട് മരണപ്പെട്ടു എന്നും ആരാണ് സാഹചര്യമൊരുക്കിയത് എന്നും മറഞ്ഞു പോയ ആ പെൺകുട്ടികൾക്ക് വേണ്ടിത്തന്നെയും ശേഷിക്കുന്ന ദശ ലക്ഷം കുട്ടികൾക്ക് വേണ്ടിയും ആ ചോദ്യത്തിനുത്തരം നൽകാൻ പൊതുബോധത്തെയും മറ്റും ഭയക്കാത്ത സ്വതന്ത്ര ഏജൻസി വരണം..
അവർ വന്നേ തീരൂ.

 

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.