ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്ന നമ്മുടെ പോലീസുകാർ

വെള്ളാശേരി ജോസഫ്

ജെ.എൻ.യു. – വിൽ നിറയെ ഗർഭനിരോധന ഉറകളാണെന്ന് മുൻ DGP ടി.പി. സെൻകുമാർ. “ആൺകുട്ടികളുടെ ടോയ്‌ലറ്റിൽ നിന്ന് പെൺകുട്ടികൾ  ഇറങ്ങി വരുന്നത് കണ്ടിട്ടുണ്ട്” – ടി.പി. സെൻകുമാറിൻറ്റേതായി സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന വാക്കുകളാണിത്. നിരുത്തരവാദത്തിൻറ്റെ കാര്യത്തിൽ ഒരു മുൻ DGP സകല സീമകളും കടക്കുന്നു എന്ന് തന്നെയാണ് ഈ വാക്കുകൾ സൂചിപ്പിക്കുന്നത്. വയസ് 62 കഴിഞ്ഞിട്ടും ഇതുപോലുള്ള അശ്ളീല തമാശകൾ പറയുന്നത് ഒരു മുൻ DGP – ക്ക് ഒട്ടുമേ ഭൂഷണമല്ല. ഒരു മുൻ DGP – ക്ക് ആണെങ്കിലും, മറ്റാരാണെങ്കിലും നിലവാരം താഴോട്ട് പോകുന്നതിൽ ഒരു പരിധിയൊക്കെ ഉണ്ടായിരിക്കണം. ഒരുകാലത്ത് മൊത്തം കേരളാ പോലീസിനെ നയിച്ച ഈ വ്യക്തിയുടെ ‘ഫെയിസ്ബുക്ക് വാളിൽ’ കേറി നോക്കിയാൽ സ്ഥിരം കാണുന്നത് തന്തക്ക് വിളിയും, തെറി വിളിയുമാണ്. പരസ്യമായി തെറി വിളിക്കുകയും, തന്തക്ക് വിളിക്കുകയും ചെയ്യുന്നത് വഴി പണ്ട് മാന്യപദവി വഹിച്ച ഇങ്ങേർ സമൂഹത്തിന് കൊടുക്കുന്ന സന്ദേശം എന്താണ്? സിവിൽ സർവീസുകാരുടെ നിലവാരം ഇത്രയേ ഉള്ളൂ എന്നല്ലേ? ഫെയിസ്ബുക്കിൽ തെറി വിളിക്കുന്ന മുൻ DGP – യും കണക്കാണ്; DGP – യെ തെറി വിളിക്കുന്നവരും കണക്കാണ്. ഒരഭിപ്രായം പറയുമ്പോൾ എന്തെല്ലാം പ്രകോപനം ഉണ്ടായാലും സംയമനം പാലിക്കേണ്ടത് മുൻ DGP തന്നെയാണ്. അത്തരത്തിലുള്ളൊരു സംയമനം ടി.പി. സെൻകുമാറിൽ നിന്ന് കാണാനേ ഇല്ലാ.

ഇപ്പോൾ ജെ.എൻ.യു. – വിനെതിരേയുള്ള ലൈംഗിക ആരോപണം പുതിയ സംഭവമൊന്നുമല്ല. സംഘ പരിവാറുകാർ സ്ഥിരം പ്രചരിപ്പിക്കുന്ന ഒന്നാണ്. ഒരു യാഥാസ്ഥിതിക സമൂഹത്തിൽ ലൈംഗിക ആരോപണം ആണല്ലോ ഒരു വ്യക്തിയെയോ, കമ്യൂണിറ്റിയെയോ മോശക്കാരാക്കി കാണിക്കുവാൻ ഏറ്റവും നല്ലത്. ഇത്തരം ‘ചാപ്പ കുത്തൽ പ്രക്രിയ’ ജെ.എൻ.യു.-വിനെതിരേ കുറേ നാളായി സംഘ പരിവാറുകാർ നടത്തി വരികയാണ്. ഇപ്പോൾ സെൻകുമാറും സംഘ പരിവാറിനോട് വിധേയത്വം കാണിക്കാൻ ആ ചാപ്പ കുത്തൽ പ്രക്രിയയുടെ ഭാഗമാകുന്നു എന്നേയുള്ളൂ.

ചെറുപ്പക്കാരായ ആൺകുട്ടികളും പെൺകുട്ടികളും സമ്മേളിക്കുന്ന ഏതു സ്ഥലത്തേയും ഇന്ത്യയുടെ യാഥാസ്ഥിതിക സമൂഹം സംശയ ദൃഷ്ടിയോടെയാണ് കാണുന്നത്. ഇന്ത്യയിലെ പല കേളേജ് ഹോസ്റ്റലുകൾക്കെതിരെ ഇത്തരം ധാരാളം ലൈംഗിക ആരോപണങ്ങൾ വന്നിട്ടുണ്ട്. സദാചാര പോലീസുകാരാണെങ്കിൽ  ജെ.എൻ.യു. വിദ്യാർഥിനികളുടെ നേരേ പലവട്ടം വാളോങ്ങിയിട്ടുണ്ട്. സംഘ പരിവാറുകാരും, ബി.ജെ.പി. -യും ഭാരതീയ സംസ്കാരത്തിൻറ്റെ കുത്തക പലവട്ടം ഏറ്റെടുത്തിട്ടുള്ളവരാണ്. അതുകൊണ്ടുതന്നെ അവർ സദാചാര സംരക്ഷകരും ആകും. ടി.പി. സെൻകുമാറിനെ പോലെ ഇപ്പോൾ സംഘ പരിവാറുകാരുടെ കൂടെ ചേർന്ന് നിൽക്കുന്ന ഒരു വ്യക്തി അപ്പോൾ ലൈംഗിക ആരോപണം ജെ.എൻ.യു. – വിനെതിരേ തൊടുക്കുന്നതിൽ ഒരതിശയവും ഇല്ലാ. ഇപ്പോൾ കാണുന്ന സദാചാര പ്രസംഗം നടത്തുന്ന വ്യക്തി പക്ഷെ ഈയടുത്ത് മധ്യപ്രദേശിൽ നിന്ന് പുറത്തു വന്ന 4000 സെക്സ് വീഡിയോകളിൽ ബി.ജെ.പി. – യിലേയും, സംഘ പരിവാർ സംഘടനകളിലേയും പല പ്രമുഖരുടെ വീഡിയോകൾ ഉണ്ടായിരുന്നൂ എന്ന വസ്തുത കാണില്ല.  ഈ സദാചാര പ്രസംഗം ഒക്കെ നടത്തുമ്പോൾ അതൊക്കെ ഒന്ന് കാണുന്നത് എന്തുകൊണ്ടും നല്ലതാണ്.

എന്തായാലും ഒരു മുൻ DGP – യുടെ സ്വഭാവം ഇതാകുമ്പോൾ നമ്മുടെ പോലീസുകാർ സദാചാരത്തിൻറ്റെ കാവൽ സംരക്ഷകരായി അവതരിക്കുന്നതിൽ അതിശയമൊന്നുമില്ലാ. പക്ഷെ ഈ പോലീസുകാർ തന്നെ കണ്ടമാനം ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്നവരാണ്. പല സ്ത്രീകളേയും ലൈംഗികമായി ചൂഷണം ചെയ്യുന്ന കഥകൾ നമ്മുടെ പോലീസുകാരെ കുറിച്ച് മാധ്യമങ്ങളിൽ വരുന്നത് തന്നെ കാണിക്കുന്നത് അവർ കണ്ടമാനം ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്നവരാണെന്നുള്ളതാണ്. ലൈംഗിക ദാരിദ്ര്യമുള്ള നമ്മുടെ സമൂഹത്തിൻറ്റെ ഭാഗം തന്നെയാണ് പോലീസുകാരും. പണ്ട് ‘ചുവന്ന തെരുവുകൾ ചുവന്നതെങ്ങനെ’ എന്ന ലേഖന പരമ്പര കേരളശബ്ദം വാരികയിലെഴുതിയ ഇടമറുക് പല സ്ത്രീകളേയും വേശ്യകളാക്കുന്നതിൽ ഇന്ത്യയിലെ പോലീസിൻറ്റെ പങ്ക്‌ ചൂണ്ടികാണിക്കുന്നുണ്ട്. ക്രമസമാധാനം സംരക്ഷിക്കുന്ന മറവിൽ പല പോലീസുകാരും സെക്സിനോട് അഭിനിവേശം കാണിക്കാറുണ്ട്. “പോലീസുകാർ ഒതുക്കത്തിൽ കാര്യം സാധിക്കും” എന്നാണ് ഇടമറുകിനോട് ഇന്ത്യയിലെ ചുവന്ന തെരുവുകളിൽ നടത്തിയ ഇൻറ്റെർവ്യൂകളിൽ പല സ്ത്രീകളും പറഞ്ഞത്. ഉദ്യോഗസ്ഥന്മാർക്കും, രാഷ്ട്രീയ പ്രഭുക്കൾക്കും കൂട്ടി കൊടുപ്പുകാരാകുന്ന പോലീസുകാരും ഇന്ത്യയിൽ നിരവധി ഉണ്ട്. ഇത് ഇന്ത്യയിൽ മാത്രം സംഭവിക്കുന്ന ഒരു കാര്യവും അല്ലാ. പണ്ട് ‘Woman at Point Zero’ എന്ന ഈജിപ്ഷ്യൻ അനുഭവ കഥയിൽ ഫിർദൗസ് എന്ന സ്ത്രീ രാഷ്ട്രീയ നേതാക്കൾക്ക് വേണ്ടി തന്നെ തേടി വരുന്ന പോലീസ് ഓഫീസർമാരെ കുറിച്ച് പറയുന്നുണ്ട്. ഒരിക്കൽ ഒരു പോലീസ് ഓഫീസറുടെ കൂടെ പോകാൻ വിസമ്മതിച്ച ഫിർദൗസിനോട് “നിങ്ങൾക്ക് രാജ്യ സ്നേഹമില്ലാ” എന്നാണ് ആ പോലീസ് ഓഫീസർ പറയുന്നത്!!! രാഷ്ട്രീയ നേതാക്കന്മാരുടെ ഇംഗീതത്തിന് വഴങ്ങിയില്ലെങ്കിൽ വേശ്യകളും രാജ്യദ്രോഹികൾ ആയി മാറും!!!

ജയിൽപുള്ളികളുടെ ഭാര്യമാരെ തേടിപ്പോകുന്ന പൊലീസുകാരെ കുറിച്ച് തൻറ്റെ സർവീസ് സ്റ്റോറിയിൽ ടി.പി. സെൻകുമാർ പറയുന്നുണ്ട്. ‘ഹണീ ട്രാപ്പിൽ’ പെട്ടുപോകുന്ന പോലീസ് ഓഫീസർമാരെ കുറിച്ചും സെൻകുമാർ പറയുന്നുണ്ട്. പണ്ട് രണ്ടും മൂന്നും ഭാര്യമാരുണ്ടായിരുന്ന പൊലീസുകാരെ കുറിച്ചും മുൻ DGP പറയുന്നുണ്ട്. അവരെ ഒക്കെ നന്നാക്കിയിട്ട് വേണ്ടേ ജെ.എൻ.യു. – വിലെ പിള്ളേരെ നന്നാക്കുവാൻ? ഇപ്പോൾ കപട സദാചാരത്തിൻറ്റെ വക്താവായി പരിണമിച്ചിരിക്കുന്ന ടി. പി. സെൻകുമാർ താൻ മുമ്പ് പോലീസിനെ കുറിച്ച് പറഞ്ഞതൊന്നും ഇപ്പോൾ ഓർക്കാൻ വഴിയില്ല. പല സ്ത്രീകളും മാനഭയം മൂലം ആത്മഹത്യ ചെയ്തിട്ടുള്ളത് നമ്മുടെ പോലീസുകാരിലെ ഇത്തരം കപട സദാചാര വാദികളേയും, അവർ നെത്ര്വത്ത്വം കൊടുക്കുന്ന സ്‌ക്വാഡുകളേയും പേടിച്ചിട്ടായിരിക്കണം.

Previous articleഇന്ത്യയിലെ ഏറ്റവും രോഗാതുരമായ സംസ്ഥാനമാണോ കേരളം?
Next articleപഴശ്ശിരാജ സ്വാതന്ത്ര്യ സമര സേനാനിയല്ല
'വെള്ളാശേരി ജോസഫ്' എന്നത് തൂലികാ നാമ മാണ്. അഴിമുഖത്തിലും, സത്യം ഓൺലെയിൻ പത്രത്തിലും, 24KKERALA എന്ന ഓൺലെയിൻ പത്രത്തിലും വെള്ളാശേരി ജോസഫ് എന്ന തൂലികാ നാമത്തിൽ എഴുതിയിട്ടുണ്ട്. 26 വർഷമായി ഡൽഹിയിൽ താമസം. മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിലും, ഡൽഹിയിലെ ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിലും (JNU) ആയി പഠിച്ചു. 'വെള്ളാശേരി ജോസഫ്' എന്ന തൂലികാ നാമത്തിൽ എഴുതുന്ന വ്യക്തി ഡൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റിറ്റ്യുട്ട് ഓഫ് ലേബർ ഇക്കനോമിക്ക്സ് റിസേർച്ച് ആൻഡ് ഡെവലപ്പ്മെൻറ്റിലെ അസിസ്റ്റൻറ്റ് ഡയറക്ടറാണ്. 20 വർഷമായി ജോലി ചെയ്യുന്നു. ആനുകാലികങ്ങളിൽ എഴുതുന്ന അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരം. അതിന് ജോലിയുമായി ഒരു ബന്ധവുമില്ല.