1995-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സ്ഫടികം. ഭദ്രൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ കഥയും ഭദ്രന്റേത് തന്നെയായിരുന്നു. ഈ ചിത്രത്തിൽ ആടുതോമ എന്ന നായക കഥാപാത്രമായി അഭിനയിച്ചത് മോഹൻലാൽ ആയിരുന്നു. ഈ ചിത്രത്തിലൂടെ ജോർജ്ജ് വില്ലനായി അരങ്ങേറ്റം കുറിച്ചു. ഈ കഥാപാത്രത്തിന്റെ വിജയത്തെത്തുടർന്ന് ജോർജ്ജ് പിന്നീട് സ്ഫടികം ജോർജ്ജ് എന്നറിയപ്പെടാൻ തുടങ്ങി. തിലകൻ, രാജൻ പി. ദേവ്, ഇന്ദ്രൻസ്, ഉർവ്വശി, ചിപ്പി, കെ.പി.എ.സി. ലളിത, സിൽക്ക് സ്മിത എന്നിങ്ങനെ പ്രഗൽഭരായ താരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു.2007-ൽ സി. സുന്ദർ ഈ ചിത്രം വീരാപ്പു എന്ന പേരിൽ തമിഴിൽ പുനർനിർമ്മിക്കുകയുണ്ടായി.
ഇപ്പോൾ സ്ഫടികത്തിന്റെ റീമാസ്റ്ററിങ് പ്രിന്റ് പ്രദര്ശനത്തിനെത്താൻ പോകുകയാണ് , 1995 മാർച്ച് 30 ന് റിലീസ് ചെയ്ത സിനിമ പ്രേക്ഷകർക്കിടയിൽ വളരെ മികച്ച പ്രതികരണം ആണ് ഉണ്ടാക്കിയത് , എന്നുമാത്രമല്ല ഒരു കൾട്ട് ക്ലാസിക്ക് പദവി നേടുകയും ചെയ്തു.ഈ ചിത്രം വാണിജ്യപരമായി വൻ വിജയം ആയിരുന്നു.200 ദിവസത്തിലേറെ ഈ ചിത്രം തിയേറ്ററുകളിൽ പ്രദർശിപ്പിച്ചു . അനവധി മൂല്യങ്ങൾ ചർച്ച ചെയ്യപ്പെട്ട സിനിമയിൽ മോഹൻലാലും തിലകനും ഇഞ്ചോടിഞ്ചു മികച്ചപ്രകടനം കാഴ്ചവച്ചപ്പോൾ , കെപിഎസി ലളിതയും കരമന ജനാർദ്ദനൻ നായരും രാജൻ പി ദേവും നെടുമുടിവേണുവും ഉർവശിയും എൻ എഫ് വർഗീസും സ്ഫടികം ജോർജ്ജും തങ്ങളുടെ വേഷങ്ങൾ മികവുറ്റതാക്കി. എന്നാൽ സിനിമയുടെ പരിഷ്കരിച്ച പതിപ്പ് റിലീസിന് ഒരുങ്ങുമ്പോൾ അന്ന് തിയേറ്റർ അനുഭവം ലഭിക്കാത്തവർക്കു നല്ലൊരു ദൃശ്യാനുഭവം ലഭിക്കുമെങ്കിലും , ഇന്ന് രാഷ്ട്രീയ ശരിതെറ്റുകൾ ഇഴകീറി പരിശോധിക്കുന്ന വർത്തമാനകാലത്ത് ചിത്രത്തെ തുറിച്ചു നോക്കിയേക്കാവുന്ന ഹില പ്രശനങ്ങൾ ആണ് രസകരമായൊരു കുറിപ്പിലൂടെ അനീഷ് നിർമ്മലൻ വ്യക്തമാക്കുന്നത്. കുറിപ്പ് ഇങ്ങനെ
**
അനീഷ് നിർമ്മലൻ
“സ്ഫടികം റീ റിലീസിന് ഒരുങ്ങുമ്പോൾ, അതിന് മുൻപും, പിൻപും ഉണ്ടായേക്കാവുന്ന വാർത്തകളിലേക്ക് ഒരു എത്തിനോട്ടം.
*പോലീസ് അസ്സോസിയേഷൻ, മാത്സ് ടീച്ചേർസ് അസ്സോസിയേഷൻ തുടങ്ങിയവർ പ്രതിഷേധിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
*തിലകൻ,നെടുമുടി വേണു, രാജൻ പി ദേവ്, ബഹദൂർ, കെ പി എ സി ലളിത, എൻ എഫ് വർഗ്ഗീസ്, ശങ്കരാടി, കരമന ജനാർദ്ദനൻ നായർ, പറവൂർ ഭരതൻ, സിൽക്ക് സ്മിത (അത് ആരാണെന്ന് അറിയില്ലെന്ന് ചില ബുദ്ധിജീവികൾ അറിയിച്ചിട്ടുണ്ട്) എന്നിവരെ വലിയ സ്ക്രീനിൽ വീണ്ടും കാണാൻ കഴിയുന്നതിന്റെ സന്തോഷം സിനിമാപ്രേമികൾ അറിയിച്ചപ്പോൾ, പഴയ മോഹൻലാലിനെ കാണാൻ കഴിയുന്നതിന്റെ സന്തോഷം സ്ഥലത്തെ പ്രധാന ഫാൻസുകളും അറിയിച്ചിട്ടുണ്ട്.
*സിനിമയുടെ നീളം കൂടുതൽ ആണെന്നും, എഡിറ്റിംഗ് പോരെന്നും, ഓവർ ഡ്രാമാറ്റിക്ക് സ്ക്രിപ്റ്റ് ആണെന്നുമുള്ള ആരോപണങ്ങളുമായി എതിർ വിഭാഗം ഫാൻസും രംഗത്ത് എത്തിയിട്ടുണ്ട്.
*സ്ത്രീകളെ ആക്ഷേപിക്കുന്ന രീതിയിലുള്ള രംഗങ്ങൾ സിനിമയുലുണ്ടെന്നും, അത് നീക്കം ചെയ്യണമെന്നും ഉള്ള ആരോപണങ്ങളുമായി മറ്റൊരു വിഭാഗവും രംഗത്തുണ്ട്.”
**
കുറിപ്പിൽ പറയുന്ന കാര്യങ്ങൾ ചിരിച്ചുതള്ളാൻ ആകില്ല. പ്രത്യകിച്ചും സമീപകാല സിനിമകളിൽ ഈ പറയുന്ന പ്രശ്നങ്ങൾ പലതും പൊന്തിവന്നിട്ടുണ്ട്. ലൂസിഫറിൽ പോലീസുകാരനെ ചവിട്ടുന്ന രംഗം വൻ വിമർശനത്തിന് വഴിവച്ചിട്ടുണ്ട് .അങ്ങനെയുള്ളപ്പോൾ ആടുതോമയുടെ മുണ്ടുപറിച്ചടി കൊണ്ട് കിണറ്റിൽ വരെ വീണ പോലീസുകാർ സ്ഫടികത്തിലുണ്ട്, ആടുതോമയുടെ ഇടികൊണ്ടു പിരുന്നിട്ട് ആടുതോമയിൽ നിന്നുവരെ ഊന്നുവടി സ്വീകരിച്ച പോലീസുകാരുണ്ട്. പോലീസ്വൃന്ദം മിണ്ടാതിരിക്കുമോ ?
**
കഥ
തോമസ് ചാക്കോ അഥവാ ആടുതോമ ഒരു നാടൻ ഗുണ്ടയാണ്. അയാൾ സ്കൂൾ ഹെഡ്മാസ്റ്ററും കണക്ക് അധ്യാപകനുമായിരുന്ന ചാക്കോ മാഷിന്റെ മകനാണ്. പഠനത്തിൽ തന്റെ പ്രതീക്ഷകൾക്കൊപ്പം എത്താതിരുന്ന മകനെ ചാക്കോ മാഷ് ചെറുപ്പത്തിലേ കഠിനമായി ശിക്ഷിച്ചിരുന്നു. നന്നായി പഠിക്കുന്നതിനു വേണ്ടി തോമസിനെ ഒരു വർഷം തോൽപ്പിക്കണമെന്ന് ചാക്കോ മാഷ്, രാവുണ്ണി മാഷിനോട് ആവശ്യപ്പെടുന്നു. നന്നായി ഉത്തരം എഴുതിയിട്ടും പരീക്ഷയിൽ തോറ്റ തോമസ് ചാക്കോ ഇതറിഞ്ഞ് മനം നൊന്ത് നാട് വിട്ടു.
14 വർഷങ്ങൾക്ക് ശേഷം തോമസ് ചാക്കോ, ആട് തോമയായി തിരിച്ച് വരുന്നു. ചാക്കോ മാഷും മകനും തമ്മിലുള്ള ബന്ധം വീണ്ടും വഷളാവുന്നു. പണ്ട് നാടുവിട്ട രാവുണ്ണി മാഷും തോമസ് ചാക്കോയുടെ പഴയ കളിക്കൂട്ടുകാരിയുമായിരുന്ന തുളസിയും തിരിച്ചെത്തുന്നു. മകൾ ജാൻസിയുടെ കല്യാണത്തിന് തോമയെ അവഹേളിച്ചതിനെ തുടർന്ന് ഭാര്യയും മകളും അദ്ദേഹത്തെ ഒറ്റപ്പെടുത്തുമ്പോൾ, ചാക്കോ മാഷ് സ്വന്തം ചെയ്തികളെക്കുറിച്ച് ചിന്തിച്ച് തുടങ്ങുന്നു. സ്ഥലത്തെ പ്രമാണിയായ പൂക്കോയയുടെ മകളുടെ പ്രണയ വിവാഹത്തെ തോമ അനുകൂലിച്ച് സഹായിക്കുന്നു. കല്യാണത്തിടയിൽ പൂക്കോയയുടെ ഗുണ്ടകളാൽ തോമാ കുത്തേറ്റ് മരണാസന്നനായി ആശുപത്രിയിൽ ആവുന്നു. പതിയെ ആരോഗ്യം വീണ്ട് എടുക്കുന്ന തോമ തുളസിയുടെ പ്രേരണയാൽ പ്രതികാര ചിന്തയിൽ നിന്നും പിൻവാങ്ങി പഴയ കുത്തഴിഞ്ഞ ജീവിതം ഉപേക്ഷിക്കാൻ ശ്രമിക്കുന്നു.

തന്റെ മുൻ കാല പ്രവൃത്തികളിൽ പശ്ചാത്തപിച്ച് ആത്മഹത്യക്ക് തുനിഞ്ഞ ചാക്കോ മാഷിനെ തോമ രക്ഷിച്ച് രണ്ട് പേരും ഒന്നാവുന്നു. തോമയുടെ ശത്രുക്കൾ ഒന്നിച്ച് ചേർന്നു ആക്രമിക്കുമ്പോൾ അബദ്ധത്തിൽ തോമക്ക് പകരം, ചാക്കോ മാഷിന് വെടി ഏറ്റു മരിക്കുന്നു. തിരിച്ചുള്ള ഏറ്റുമുട്ടലിൽ തോമ അച്ഛനെ വെടി വെച്ച പൂക്കോയയുടെ സുഹൃത്ത് എസ്. ഐ. കുറ്റിക്കാടനെ വധിക്കുകയും, ആ കുറ്റത്തിനു പോലിസ് തടവിലാവുന്നു.