വീട് വയ്ക്കും മുൻപേ നമ്മൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം ?

0
241

Shaaji Palliyath

വീട് വയ്ക്കും മുൻപേ നമ്മൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം, എന്തൊക്കെ കാര്യങ്ങൾ ചിന്തിക്കണം.?

“വീട് വച്ച് കഴിഞ്ഞപ്പോൾ അനാവശ്യ ചിലവാണെന്ന് നിങ്ങൾ കരുതിയ നിർമ്മാണങ്ങൾ, അല്ലെങ്കിൽ വേണ്ടിയിരുന്നില്ല എന്ന് തോന്നിയവ എന്തൊക്കെയാണ്..?”എനിക്ക് കുറച്ച് വിശദമായി പറയാനുണ്ട്.

  1. നിങ്ങളാദ്യം ചെയ്യേണ്ടത് നിങ്ങളുടെ ചിന്താഗതിയിൽ മാറ്റം വരുത്തുകയാണ്. ‘വീട്’ എന്നത് തനിക്കും തന്റെ കുടുംബത്തിനും ആസ്വദിച്ച് താമസിക്കാനുള്ളതാണ്, അല്ലാതെ നാട്ടുകാരെ കാണിക്കാനുളളതല്ല എന്ന ചിന്താഗതിയാണ് വേണ്ടത്. പലപ്പോഴും മറ്റുള്ളവരെ കാണിക്കണം എന്ന ചിന്താഗതിയുള്ളവർ വീടിന് പുറത്ത് ആനമയിലൊട്ടകങ്ങളെയൊക്കെ ഉണ്ടാക്കി ലക്ഷങ്ങൾ ചിലവിടുമ്പോൾ, താൻ സുഖമായി ഉറങ്ങേണ്ട, തന്റെ ഒരു ദിവസത്തിന്റെ മൂന്നിലൊന്ന് സമയമെങ്കിലും കുറയാതെ ചിലവഴിക്കുന്ന തന്റെ കിടപ്പുമുറിയിൽ നല്ല ഗുണനിലവാരമുള്ള അൽപ്പം വിലകൂടിയ ഒരു കിടക്ക വാങ്ങിക്കാതെ അവിടെ പണം ലഭിക്കാൻ ശ്രമിക്കുന്നവരാണ്. ബഡ്ഷീറ്റിനടിയിൽ കിടക്കുന്ന കിടക്ക ആരും കാണുന്നില്ലല്ലോ എന്ന ചിന്തയാവാം അത്. എന്റെ വീടും അതിലെ വസ്തുക്കളും എനിക്ക് ആസ്വധിച്ച് ഉപയോഗിക്കാനുള്ളതാണ്, അല്ലാതെ നാട്ടുകാരെ കാണിക്കാനുളളതല്ല എന്ന തിരിച്ചറിവും പക്വതയും ഇല്ലായ്മയാണ് അതിന് കാരണം. പണം ഒരിക്കലും ബഹുമാനം നേടിത്തരില്ല. അങ്ങിനെയാണെങ്കിൽ നമ്മൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുന്നിൽ മുണ്ടഴിച്ചിട്ടുനിന്ന് തൊഴുതേനെ.
  2. നമ്മുടെ സാമ്പത്തിക സ്ഥിതിയെപറ്റി പൂർണ്ണ ബോധ്യം ഉണ്ടായിരിക്കുക. അതിന് പ്രാധാന്യം കൊടുത്തുകൊണ്ടും, മുകളിൽ 01-പോയിന്റിൽ പറഞ്ഞ കാര്യങ്ങൾ മനസിൽ വച്ചുകൊണ്ടും നമ്മുടെ വീടിന്റെ ബഡ്‌ജെറ്റ് തീരുമാനിക്കുക.

  3. വീട് ജീവനുള്ളതാവണം. എന്നുവച്ചാൽ നല്ല വായു സഞ്ചാരവും വെളിച്ചവും ഉള്ളതാവണം. അതുതന്നെയാണ് യഥാർത്ഥത്തിൽ ‘വാസ്തു’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതും. അതിന്റെ ഏറ്റക്കുറച്ചിൽ കൊണ്ടാണ് നമ്മൾ ചില വലിയ സൗകര്യമുള്ള വീടുകൾ ആണെങ്കിലും, അവിടെ പോയാൽ വീർപ്പുമുട്ടുന്നതുപോലെ അനുഭവപെടുന്നതും, പക്ഷേ കൊച്ചു വീടാണെങ്കിലും അവിടെ ഇരിക്കാൻ നല്ല സുഖവും സന്തോഷവും തോന്നുന്നതും.

  4. ഒരു നല്ല ആർക്കിടെക്റ്റോ അതുപോലുള്ള വിദഗ്ദ്ധന്മാരോ ഒരു സുപ്രഭാതത്തിൽ ഉണ്ടാവുന്നതല്ല, മറിച്ച് വർഷങ്ങളോളം കഷ്ടപ്പെട്ട് പഠിച്ച്, ഒരുപാടുകാലം ജോലിചെയ്ത് ഉണ്ടാക്കുന്നതാണ് ആ വൈദഗ്ദ്ധ്യം. അതൊന്നും വലിയ കാര്യമല്ല, ഇതൊക്കെ നമുക്ക് ചെയ്യാവുന്നതേയുള്ളൂ എന്ന് കരുതുന്നത് വെറും വിഡ്ഢിത്തമാണ്. അതുകൊണ്ട് അത്തരം ചിന്താഗതികൾ ആദ്യമേ മാറ്റുക.

  5. എത്ര സമയം എടുത്തിട്ടാണെങ്കിലും വീടിന്റെ പണി തുടങ്ങും മുൻപ് കൃത്യമായി പ്ലാനിങ്ങ് ചെയ്യുക. ഫൗണ്ടേഷൻ മുതൽ നിങ്ങളുടെ വീട്ടിന്റെ ചുമരിൽ ഫോട്ടോ തൂക്കാനുള്ള ആണിയടിക്കുന്നതുവരെയുള്ള എല്ലാറ്റിന്റേയും പ്ലാൻ വീടിന്റെ പണി തുടങ്ങും മുൻപുതന്നെ അതാത് വകുപ്പിലുള്ള വിദഗ്ദ്ധരെകൊണ്ട് തയ്യാറാക്കി വയ്ക്കുക.

  6. നമ്മൾ ഒരാൾക്ക് നമ്മുടെ വീടിന്റെ ജോലി ഏൽപ്പിക്കും മുൻപ്, അവർ മുൻപ് ചെയ്ത ജോലികൾ കണ്ട് ബോധ്യപെടുന്നതും, അവരെക്കുറിച്ചുള്ള ഫീഡ്‌ബാക്ക് എടുക്കുന്നതും വളരേ നല്ലതായിരിക്കും.

  7. ഒരിക്കലും ഒരു മുറിവൈദ്യനെ കൊണ്ട് ചികിത്സിപ്പിപ്പിക്കാതിരിക്കുക. എന്നുവച്ചാൽ ഒരു നല്ല, പൊതുവേ നല്ല ട്രാക്ക് റിക്കോഡുള്ള, വിദഗ്ദ്ധനായ ഒരു ‘ആർക്കിടെക്റ്റിനെ’ ‘തന്നെ’ വീടിന്റെ ജോലികൾ ചെയ്യാനേൽപ്പിക്കുക. ഒരുപക്ഷേ നിങ്ങൾ കരുതുന്നുണ്ടാവും അവർക്ക് വലിയ തുകയൊക്കെ കൊടുക്കേണ്ടി വരില്ലേ എന്ന്. എന്നാൽ സത്യം നേരെ മറിച്ചാണ്. നല്ല വിദഗ്ദ്ധനായ, സത്യസന്ധനായ ഒരാളെ നിങ്ങൾ ജോലി ഏൽപ്പിച്ചാൽ നിങ്ങളുടെ ബഡ്‌ജറ്റിൽ, ചിലപ്പോൾ അതിലും കുറച്ച് നിങ്ങൾ ഉദ്ദേശിക്കുന്നതിലും ഭംഗിയായി നിങ്ങളുടെ വീടിന്റെ പണി ഉദ്ദേശിച്ച സമയത്തിനുള്ളിൽ തന്നെ പൂർത്തിയാക്കിത്തരും. മറിച്ച് ആരെക്കൊണ്ടെങ്കിലും പ്ലാൻ വരപ്പിച്ച് സ്വന്തം ഇഷ്ടത്തിന് പണിചെയ്യിപ്പിച്ചാൽ പലപ്പോഴും നിങ്ങൾ ഉദ്ദേശിച്ച രീതിയിൽ അത് പൂർത്തിയാവുകയില്ല എന്നുമാത്രമല്ല, നിങ്ങൾ ഉദ്ദേശിച്ച ബഡ്‌ജറ്റിലും ഒരുപാട് കൂടുതൽ ചിലവാകുകയും ചെയ്യും. ഒന്നുകൂടി വീണ്ടും പറയട്ടെ, ആർക്കിടെക്റ്റിന് കൊടുക്കുന്ന പണത്തെ കുറിച്ചല്ല, മറിച്ച് നല്ല ആർക്കിടെക്റ്റിനെ തിരഞ്ഞെടുക്കുന്നതിലാണ് നമ്മൾ ശ്രദ്ധിക്കേണ്ടത്. ഒരു ആർക്കിടെക്കിന്റെ നന്മ അല്ലെങ്കിൽ കഴിവ് എന്നത് ഒരിക്കലും അയാളുടെ ചാർജ്ജിന്റ വലുപ്പം അനുസരിച്ചല്ല എന്നുകൂടി ഓർക്കണം.

  8. ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത് നമ്മൾ ഇന്റീരിയർ ചെയ്യുമ്പോഴാണ്. ഒരിക്കലും അത് നമ്മൾ സ്വയം ചെയ്യാതിരിക്കുക. കാരണം നമ്മൾ കടയിൽ കാണുന്ന നല്ല ഭംഗിയുള്ള വസ്തുക്കൾ പലപ്പോഴും നമ്മുടെ വീട്ടിൽ വാങ്ങിച്ചുവച്ചാൽ അത് കടയിലെ ഷോക്കേയ്സിൽ കാണുമ്പോഴുള്ള ഭംഗി കിട്ടണം എന്നില്ല. നമ്മുടെ ആവശ്യങ്ങൾ, ഇഷ്ടങ്ങൾ, ഇഷ്ടപെട്ട നിറങ്ങൾ എന്നിവ മാത്രം ഒരു വിദഗ്ദ്ധനായ ഇന്റീരിയർ ഡിസൈനറോട് പറയുക. കണ്ടമാനം സാധങ്ങൾ വാങ്ങി നിറയ്ക്കാതെ ആവശ്യമുള്ളവ മാത്രം ഉൾകൊള്ളിച്ചു കൊണ്ടുള്ള ഇന്റീരിയർ ആയിരിക്കണം ചെയ്യേണ്ടത്. കഴിവതും ‘മണിച്ചിത്രത്താഴ്’ സിനിമയിലെ തമ്പുരാന്റെ സിംഹത്തല കൊത്തിവച്ച സിംഹാസനമൊന്നും നമ്മുടെ കൊച്ചു മുറികളിൽ കൊണ്ടുവന്ന് നിറയ്ക്കാതിരിക്കുക. സീലിംങ്ങ് എപ്പോഴും വളരേ ലളിതമായി ചെയ്യുക. വൃത്തിയാക്കാൻ എളുപ്പമുള്ള, പൊടി തങ്ങിനിൽക്കാത്തതരം ഇന്റീരിയർ ഡിസൈൻ ചെയ്യുക.

  9. ഏറ്റവും പ്രധാനം നല്ല ജോലിക്കാർക്ക് അവർ അർഹിക്കുന്ന കൂലി നൽകുക എന്നതാണ്. ഉദാഹരണത്തിന്, ഒരു നല്ല വിദഗ്ദ്ധനായ ആശാരി അയാൾ 1200 രൂപയാണ് കൂലി ആവശ്യപെട്ടത് എന്നിരിക്കട്ടെ, അതേസമയം ഒരു സാധാരണ ആശാരിയെ 800 രൂപയ്ക്ക് നിങ്ങൾ ജോലി ഏൽപ്പിച്ചാൽ, 1200 രൂപയുടെ ആശാരി ഒരു ദിവസംകൊണ്ട് നല്ല വൃത്തിയായും ഭംഗിയായും തീർക്കുന്ന ജോലി 800 രൂപയുടെ ആശാരി ചിലപ്പോൾ 2 ദിവസംകൊണ്ടും തീർക്കണമെന്നില്ല. കൂടാതെ, ചെയ്യുന്ന ജോലി വൃത്തിയാവുകയുമില്ല. ചിലപ്പോൾ നിങ്ങളുടെ വസ്തുക്കൾതന്നെ നഷ്ടപ്പെട്ടുപോയി എന്നും വരാം.

  10. ഒരിക്കലും “ആട്ടുന്നവനെ പിടിച്ച് നെയ്യാനാക്കാതിരിക്കുക.” ഓരോന്നിനും അതാത് ജോലി നന്നായി അറിയാവുന്ന, വിദഗ്ദ്ധനായ ആളെ മാത്രം ജോലി ഏൽപ്പിക്കുക. ‘സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട.’

NB.: ഞാൻ ഇവിടെ എഴുതിയിരിക്കുന്ന കാര്യങ്ങൾ എന്റെ മാത്രം അഭിപ്രയമാണ്. ഈ ഗ്രൂപ്പിലുള്ള അതാത് മേഘലയിൽ വിദഗ്ദ്ധരായ ആളുകളുടെ അഭിപ്രായം കൂടി ഇവിടെ രേഖപെടുത്തണം എന്ന് അഭ്യർത്ഥിക്കുന്നു…🙏🏻