Raj Bk
1981 ല്‍ ആയിരുന്നു ആ ഫോട്ടോഷൂട്ട്. പ്രശസ്തമായ സ്റ്റാര്‍ ഡസ്ററ് മാസികയ്ക്ക് വേണ്ടി സമാന്തരസിനിമയുടെ രാജകുമാരിമാരും സുഹൃത്തുക്കളുമായിരുന്ന മൂന്ന് പെണ്‍കുട്ടികള്‍ പ്രശസ്ത ഫോട്ടോഗ്രാഫര്‍ ഹരേഷ് ദഫ്തരിയുടെ കാമറയ്ക്ക് മുന്നില്‍ ആത്മവിശ്വാസത്തോടെ നിന്നു.ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍ എന്ന പ്രയോഗം ഒരുപക്ഷേ ഇന്ത്യന്‍ സിനിമയില്‍ അവതരിപ്പിക്കപ്പെടുന്നത് ഈ പെണ്‍കുട്ടികളുടെ വരവോടെയാണ്. വേഷത്തിലും ഭാവങ്ങളിലും ഒരു പൊളിച്ചെഴുത്തിന്റെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു ആ കവര്‍ ചിത്രത്തിന്.’ദ ന്യൂ വേവ് ഗ്ലാമര്‍ ഗേള്‍സ്’ എന്നായിരുന്നു പിന്നീട് വിവാദമായ ഈ കവര്‍ ഫീച്ചറിന്‍റെ ടൈറ്റില്‍.
മടങ്ങി വരാം ആ ഫോട്ടോ ഷൂട്ടിലേയ്ക്ക്. മഴയില്‍ കുതിര്‍ന്ന ആ ദിവസം രാവിലെ ഒന്‍പതുമണി മുതല്‍ ഇടയ്ക്ക് എപ്പോഴെങ്കിലും മഴ കനിഞ്ഞു നല്‍കുന്ന ഇടവേളകളില്‍ പകര്‍ത്തിയതായിരുന്നു ഈ ചിത്രങ്ങള്‍. ഒക്ടോബറില്‍ ഇറങ്ങേണ്ട വാർഷികപ്പതിപ്പിലേയ്ക്ക് വേണ്ടി സ്റ്റാര്‍ ഡസ്ററ് എഡിറ്റര്‍ ഉമാ റാവുവിന്റെ ആശയമായിരുന്നു ആ സമയത്തെ സെന്‍സേഷന്‍ ആയിരുന്ന ഷബാന-സ്മിത-ദീപ്തി ത്രയങ്ങളുടെ ഈ എക്സ്ക്ലൂസീവ് ഫോട്ടോഷൂട്ട്. ശബാന ആസ്മിയുടെ ജുഹുവിലെ കുടുംബബംഗ്ലാവിന്‍റെ പൂന്തോട്ടത്തില്‍ വച്ചായിരുന്നു ദഫ്ത്തരിയുടെ ആ സ്പെഷ്യല്‍ അസൈന്മെന്റ്.
ഇന്ത്യന്‍ സിനിമയിലെ പുരുഷമേധാവിത്വത്തിനും താരാധിപത്യത്തിനും എതിരെ തോളോട് തോള്‍ ചേര്‍ന്ന് പൊരുതുന്ന മൂന്നുപേര്‍ എന്ന ആമുഖത്തോടെയാണ് ആ ഇന്റര്‍വ്യൂ സ്റ്റാര്‍ ഡസ്റ്റ് പബ്ലിഷ് ചെയ്തത്. ഇന്റര്‍വ്യൂവില്‍ ദീപ്തി നവല്‍ പ്രതീക്ഷയോടെ പറഞ്ഞത് വരാന്‍ പോകുന്നത് വനിതകളുടെ വര്‍ഷമാണ് എന്നാണ്.
ഇന്ത്യന്‍ സിനിമയില്‍ ആങ്ക്രീ യങ്ങ് വുമന്‍ എന്ന പുതിയ ആശയത്തിന്‍റെ സാധ്യതകളെക്കുറിച്ച് ശബാന ആസ്മി ആവേശത്തോടെ വാചാലയായി.എന്നാല്‍ സ്മിത പാട്ടീല്‍ തന്‍റെ നിലപാട് കടുപ്പിച്ചു കൊണ്ട് പറഞ്ഞു “വരാന്‍ പോകുന്നത് വനിതകളുടെ വര്‍ഷമാകണമെങ്കില്‍ ലിംഗവ്യത്യാസങ്ങള്‍ക്കപ്പുറം സമൂഹം സ്ത്രീകളെ സ്ത്രീകള്‍ എന്ന നിലയില്‍ അല്ലാതെ മനുഷ്യരായി കണ്ട് തുടങ്ങണം.അതൊരു വിദൂര സ്വപ്നമാണ്.ഒരുപക്ഷെ ആത്യന്തികമായ ലക്ഷ്യവും,പക്ഷെ ആ ലക്ഷ്യത്തില്‍ മുന്നോട്ട് പോകാന്‍ കഴിയുന്നുണ്ട് എന്നതില്‍ സന്തോഷമുണ്ട്.”അന്ന് വൈറലായ ഫോട്ടോഫീച്ചറിലൂടെ സ്റ്റാര്‍ ഡസ്റ്റ് ഈ പെണ്‍കുട്ടികളെ ഇന്ത്യന്‍ സിനിമാലോകത്തിന് മുന്നില്‍ അവതരിപ്പിച്ചത് ഇങ്ങനെ..
“They are today’s girls,the industry’s truly liberated women in the sense of self-sufficiency and self-esteem. They are aggressive, demanding, ambitious,too proud to accept the back-seat just because of their (weaker) sex. They are all out to give themselves a fair chance, and fight shoulder-to-shoulder against the actors, for supremacy. The industry is in for a major upheaval and Shabana-Smita-Deepti are making sure it happens in their time… and to their advantage!”
——————————————————————–
ലിംഗനീതിയും സമത്വവും സുരക്ഷിതത്വവുമുള്ള സിനിമയിലെ പെണ്ണിടങ്ങളെക്കുറിച്ച് അന്ന് ആ പെണ്‍കുട്ടികള്‍ കണ്ട സ്വപ്നം ഇന്ന് എവിടെ എത്തി നില്‍ക്കുന്നു? സ്മിത അന്ന് പ്രവചിച്ച ആ വിദൂര ലക്ഷ്യത്തിലേയ്ക്ക് ഇന്ത്യന്‍ സിനിമയിലെ സ്ത്രീകള്‍ എത്ര ദൂരം സഞ്ചരിച്ചു കഴിഞ്ഞു? കാലം ആവശ്യപ്പെടുന്ന ആ ബോള്‍ഡ്നെസ് അതിന്‍റെ പൂര്‍ണ്ണതയില്‍ യാഥാര്‍ത്ഥ്യമാകുന്നത് എന്നാണ്?