ശബാന ആസ്മി ആക്സിഡന്റ് പറ്റി ചികിത്സയിലാണ്, ഹിന്ദുത്വ ഭീകരൻമാർ ഈ ആക്സിഡൻ്റ് ആഘോഷമാക്കുകയാണ്

146

Sandeep Das

ബോളിവുഡ് താരമായ ശബാന ആസ്മി ഇപ്പോൾ മുബൈയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.ശബാന സഞ്ചരിച്ചിരുന്ന കാർ ഒരു ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.അപകടത്തിൽ താരത്തിന് ഗുരുതരമായി പരിക്കേറ്റു.
മനുഷ്യരായി പിറന്നവർക്കെല്ലാം വേദന തോന്നുന്ന ഒരു വാർത്തയാണിത്. എന്നാൽ ചില ഭീകരൻമാർ ഈ ആക്സിഡൻ്റ് ആഘോഷമാക്കുകയാണ്.ഹിന്ദുത്വയുടെ അനുകൂലികൾ ട്വിറ്ററിൽ അഴിഞ്ഞാടുകയാണ് ! ശബാന മരിച്ചുവോ എന്ന് ചിലർ അന്വേഷിക്കുന്നു.ചിലർ കർമ്മഫലം എന്ന് വിധിയെഴുതുന്നു.വിതച്ചതേ കൊയ്യൂ എന്ന് കുറച്ചുപേർ അഭിപ്രായപ്പെടുന്നു !

അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുകയാണ്.ഇവരൊ­ക്കെ മനുഷ്യവർഗ്ഗത്തിൽ ഉൾപ്പെടുന്നവർ തന്നെയാണോ!?
ശബാന ആസ്മി ഒരു സാധാരണ അഭിനേത്രിയല്ല.വ്യത്യസ്തങ്ങളായ നിരവധി വേഷങ്ങൾ ഭംഗിയായി അഭിനയിച്ചുഫലിപ്പിച്ചിട്ടുള്ള നടിയാണ്.അരങ്ങേറ്റ സിനിമയിൽ തന്നെ അവർ ദേശീയ ശ്രദ്ധ നേടിയിരുന്നു.അഞ്ചുതവ­ണയാണ് നാഷണൽ അവാർഡ് കരസ്ഥമാക്കിയത്.പത്മശ്രീ ഉൾപ്പടെ രാജ്യം കണ്ട ഉന്നതമായ ബഹുമതികളെല്ലാം സ്വന്തമാക്കിയിട്ടുണ്ട്.ഇന്ത്യയെന്ന മഹാരാജ്യത്തിന് അഭിമാനപൂർവ്വം ഉയർത്തിക്കാട്ടാവുന്ന അത്ഭുതപ്രതിഭയാണ് അവർ.ശബാന ഇതിനേക്കാൾ ബഹുമാനം അർഹിക്കുന്നില്ലേ?

എല്ലാം മറക്കാം.ഗുരുതരാവസ്ഥയിലുള്ള ഒരു മനുഷ്യനോട് കാണിക്കേണ്ട ചില സാമാന്യമര്യാദകളുണ്ട്.ഇവിടത്തെ വർഗീയവാദികൾ അത് പാലിക്കുന്നില്ല.
എന്തുകൊണ്ടാണ് ശബാന എന്ന പേര് തീവ്രവാദികളെ അസ്വസ്ഥരാക്കുന്നത്? കാരണം വളരെ ലളിതമാണ്.ഫാസിസത്തിനെ­തിരെ നിരന്തരം പടവാളോങ്ങുന്ന ധീരവനിതയാണ് അവർ.ഒരു മുസ്ലിം കുടുംബത്തിലാണ് ശബാന ജനിച്ചത്.ആധുനിക ഇന്ത്യയിൽ ഒരാളെ ‘ദേശദ്രോഹി’ എന്ന് മുദ്രകുത്താൻ ഇത്രയും കാരണങ്ങൾ ധാരാളമല്ലേ!?
ഭരണകൂടഭീകരതയ്ക്കെതിരെ സന്ധിയില്ലാതെ പോരാടുമെന്ന് തുറന്നുപ്രഖ്യാപിച്ച ആളാണ് ശബാന.ഒരിക്കൽ അവർ ഇങ്ങനെ പറയുകയുണ്ടായി-
”ഇന്ത്യ വിട്ടുപോകാൻ ഞാൻ ഉദ്ദ്യേശിക്കുന്നില്ല.ഞാൻ ജനിച്ചത് ഇവിടെയാണ്.ഇവിടെ വെച്ച് തന്നെ ഞാൻ മരിക്കുകയും ചെയ്യും….”
ജന്മരാജ്യത്തോടുള്ള സ്നേഹം ആ വാക്കുകളിൽ വ്യക്തമാണ്.പറച്ചിൽ മാത്രമല്ല,പ്രവൃത്തിയും ഉണ്ട് ശബാനയ്ക്ക്.

ഫാസിസ്റ്റുകൾക്കെതിരായ പ്രചരണങ്ങളിൽ അവർ എന്നും സജീവമായിരുന്നു.ഭരണഘടന സംരക്ഷിക്കണമെന്ന് ശബാന ആഗ്രഹിക്കുന്നുണ്ട്.വർഗീയ സംഘർഷങ്ങളെയും വെറുപ്പിൻ്റെ രാഷ്ട്രീയത്തെയും ശക്തമായി എതിർത്തിട്ടുണ്ട്.കപട വാഗ്ദാനങ്ങൾ നൽകി ഇന്ത്യൻ ജനതയെ കബളിപ്പിച്ചവരെ പരിഹസിച്ചിട്ടുണ്ട്.
‘ആൻ്റി-നാഷണൽ’ എന്ന ഒാമനപ്പേര് കിട്ടിയിട്ടും ശബാന പിന്തിരിഞ്ഞിരുന്നില്ല.അവർ എപ്പോഴും ജനാധിപത്യത്തെക്കുറിച്ച് വാചാലയായി.സമാധാനപരമായി പ്രതിഷേധിക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്തു.
ഫാസിസ്റ്റുകൾക്ക് ജനാധിപത്യം എന്താണെന്ന് മനസ്സിലാവില്ല.എതിർക്കുന്നവരെ കൊന്നുതള്ളുന്നതാണ് അവരുടെ ശീലം.ഫാസിസ്റ്റുകൾക്ക് പ്രതിഭകളെ ആദരിക്കാനറിയില്ല.ഒരു മനുഷ്യായുസ്സുകൊണ്ട് നേടാവുന്ന മുഴുവൻ പുരസ്കാരങ്ങളും സ്വന്തമാക്കിയിട്ടുള്ള അടൂർ ഗോപാലകൃഷ്ണൻ അവാർഡിനുവേണ്ടി അഭിപ്രായം പറയുന്നു എന്ന് ആരോപിച്ച ആൾക്കാരാണ് !
നരഭോജികൾ അർഹിക്കുന്നത് അവഗണന മാത്രമാണ്.അവർക്ക് സ്പേസ് കൊടുക്കരുത്.കണ്ടാൽ ആട്ടിപ്പായിക്കുക.

പ്രിയ ശബാന,ആരോഗ്യവതിയായി തിരിച്ചുവരൂ.രാജ്യം താങ്കളെ കാത്തിരിക്കുകയാണ്…