എം ശിവശങ്കർ ഐ എ എസ് വേട്ടക്ക് പിന്നിലെ കറുത്ത കൈകൾ.

  214

  Shabeer Ali K

  എം ശിവശങ്കർ ഐ എ എസ് വേട്ടക്ക് പിന്നിലെ കറുത്ത കൈകൾ….

  എം ശിവശങ്കർ ആശുപത്രിയിൽ. ശവംതീനി മാധ്യമങ്ങൾ അതും ആഘോഷിക്കുകയാണ്. മൂന്നര മാസത്തെ ചോദ്യം ചെയ്യലിൽ ഇതുവരെ അയാൾ പ്രതിചേർക്കപ്പെട്ടിട്ട് പോലുമില്ല. എൻഐഎ യുഎപിഎ ചാർത്തിയ ഈ കേസിലെ പത്തിലേറെ പ്രതികൾക്ക് പോലും കോടതികൾ സ്വാഭാവിക ജാമ്യം അനുവദിച്ച് പുറത്തുവിട്ടു കഴിഞ്ഞിരിക്കുന്നു എന്നതും ഇതോടൊപ്പം ചേർത്ത് വായിക്കേണ്ടതാണ്. ഈ കേസിൽ എം ശിവശങ്കർ കുറ്റക്കാരനാണോ അല്ലയോ എന്നതൊക്കെ കോടതികൾ കണ്ടെത്തേണ്ടതാണ്. അതെല്ലാം അതിന്റെ വഴിക്ക് നടക്കട്ടെ. ശവംതീനികൾ കൊത്തിവലിക്കട്ടെ.. അപ്പോഴും എം ശിവശങ്കർ എന്ന് ദീർഘകാല സർവ്വിസ് ഹിസ്റ്ററിയുള്ള ആ ഉദ്യോ​ഗസ്ഥനെ കുറിച്ച് ചില വാക്കുകൾ ഇവിടെ കുറിക്കാതെ പോയാൽ അത് അനീതിയാകും എന്നു തോന്നുന്നു.
  സുദീർഘമായ തന്റെ സർവ്വീസ് ഹിസ്റ്ററിയിൽ ഒരിക്കൽ പോലും ഒരു റെഡ‍്മാർക്ക് ലഭിക്കാത്ത ഉദ്യോ​ഗസ്ഥനായിരുന്നു എം ശിവശങ്കർ.

  കേരളത്തിന്റെ മുന്നോട്ടുള്ള കുതിപ്പിൽ ഇത്രയും സംഭാവന നൽകിയ മറ്റൊരു ഉദ്യോ​ഗസ്ഥൻ വേറെ ഉണ്ടാകുമോ എന്നത് സംശയമാണ്.
  കേരളം സ്വർണ ലിപികളിൽ എഴുതിയ ഒരു പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്നു അദ്ദേഹം. അക്ഷയയുടെ ഉപജ്ഞാതാവ് എം ശിലശങ്കറായിരുന്നു എന്ന് എത്രപേർക്കറിയാം ? സഖാവ് ഇകെ നായനാർ മുഖ്യമന്ത്രിയായിരിക്കെ സംസ്ഥാന ഐടി മിഷൻ ഡയറക്ടർ ആയിരുന്ന അദ്ധേഹം 1999 ൽ വിദ്യാഭ്യാസ നിലവാരത്തിൽ കേരളത്തിലെ ഏറ്റവും പിന്നോക്കം നിന്നിരുന്ന മലപ്പുറം ജില്ലയെ ഈ പദ്ധതി പരീക്ഷിക്കുന്നതിനായി തെരഞ്ഞെടുക്കുകയായിരുന്നു. സാധാരണക്കാരനിലേക്ക് കമ്പ്യൂട്ടർ പരിജ്ഞാനം എത്തിക്കുക എന്ന ഉദ്ധേശത്തിൽ നടപ്പാക്കിയ ‘അക്ഷയ’ എന്ന പേരിൽ പദ്ധതി ആവിഷകരിച്ച്, ഭംഗിയായി നടപ്പിൽ വരുത്തി വിജയിപ്പിച്ച ശേഷമാണ് സർക്കാർ ഈ പദ്ധതി കേരളമാകെ നടപ്പിലാക്കിയത്.. പിന്നീട് മലപ്പുറം കളക്ടർ ആയി ചുമതല ഏറ്റ ശേഷം ജില്ലയിലെ വിദ്യാഭ്യാസ, ആരോഗ്യ, ടൂറിസം മേഖലകളുടെ സമഗ്ര വികസനത്തിന് വേണ്ട പരിപാടികൾ തയ്യാറാക്കി, നടപ്പിൽ വരുത്താൻ അദ്ദേഹത്തിന് കഴിഞ്ഞു. ‘അക്ഷയ’ പദ്ധതി ഒരു സമൂഹത്തെ മുഴുവൻ മാറ്റിമറിക്കുന്നതായിരുന്നു. ഈ വിനീതനും കമ്പ്യൂട്ടറിൽ ആദ്യാക്ഷരം കുറിച്ചത് അക്ഷയയിലൂടെയാണ് എന്നതുകൊണ്ട് ഇത് നന്ദിപൂർവ്വം സ്മരിക്കാതിരിക്കാനാകില്ല. 15 വർഷങ്ങൾ കഴിയുമ്പോൾ ഇന്ന് വിദ്യാഭ്യാസ രംഗത്തും ഐടി രം​ഗത്തും കേരളത്തിലെ ഏറ്റവും മുന്നിൽ നിൽക്കുന്ന, ഉന്നത വിദ്യാഭ്യാസ രംഗത്തും, മെഡിക്കൽ – എഞ്ചിനീയറിങ് മേഖലയിൽ സംസ്ഥാനത്തിന് മൊത്തം മാതൃകയായി മലപ്പുറം ജില്ല തിളങ്ങി നിൽക്കുന്നതിന് പിറകിൽ ഈ നിസ്വാർത്ഥ സേവനത്തിന്റെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ട് എന്ന് തിരിച്ചറിയുന്നവർ വിരളമായിരിക്കും. അക്ഷയ കേരളത്തെ മാറ്റിമറിക്കുകയായിരുന്നു. ഇന്നു സർക്കാർ സേവന മേഖലയടക്കം തകോർത്തിണക്കി നേരിട്ട് സാധാരണക്കാരിലേക്കെത്തിക്കുന്നത് ഈ അക്ഷയയിലൂടെയാണെന്നോർക്കണം.

  മലപ്പുറത്ത് നിന്ന് എത്തിയത് കേരളത്തിലെ ഏറ്റവും വലുതും, കുത്തഴിഞ്ഞതും, പ്രശ്‌നങ്ങളും, വിവാദവും ഒരിക്കലും അവസനിക്കാത്തതുമായ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഡയറക്ടർ ആയാണ്. അവിടെയും സ്വന്തം വ്യക്തി മുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. അദ്ധ്യാപക പാക്കേജ്, സിലബസ് പരിഷ്‌കരണം, പരീക്ഷ നടത്തിപ്പ് കുറ്റമറ്റതാക്കൽ, യുവജനോത്സവ മാനുവൽ പരിഷ്‌കരണം തുടങ്ങി നിരവധി പദ്ധതികൾ വലിയ ആക്ഷേപങ്ങൾക്ക് ഇടകൊടുക്കാതെ അദ്ദേഹം നടത്തിയെടുത്തു. ടൂറിസം രം​ഗത്തും കേരളത്തെ ലോക ഭൂപടത്തിലെത്തിക്കുന്നതിലും ടൂറിസം ഡയറക്ടറായിരിക്കെ അദ്ധേഹത്തിനായി. കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാറിൽ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ചെയർമാൻ, സ്പോർട്സ്, ഗതാഗതം, പവർ വകുപ്പുകളുടെ ചുമതലയുള്ള ഗവണ്മെന്റ് സെക്രട്ടറി എന്നീ വിവിധ ചുമതലകൾ ഒന്നിച്ച് നിർവഹിച്ചു. കേരളത്തിലാദ്യമായി നടന്ന ദേശീയ ​ഗെയിംസ് ഒരു ആക്ഷേപവും കേൾപ്പിക്കാതെ രാജ്യത്തിന്റെ കയ്യടി വാങ്ങി നടത്തുന്നതിനു നേതൃത്വം നൽകിയതും ഈ വിശ്വസ്ഥ ഉദ്യോ​ഗസ്ഥനായികരുന്നു. പക്ഷേ ഇതുവരെ പ്രതിപട്ടികയിൽ പോലും ചേർത്തിട്ടില്ലാത്ത ഒരു കേസിന്റെ പേരിൽ പാപ്പരാസി മാധ്യമങ്ങളും ആ വേട്ടനായ്ക്കൾക്ക് പിന്നാലെയോടുന്ന പ്രതിപക്ഷ ആൾകൂട്ടവും ഈ മനുഷ്യന് തിരിച്ച് കൊടുത്തത് എന്താണെന്ന് ഈ നാട് നേരിട്ട് കണ്ടുകൊണ്ടിരിക്കുകയാണ്. ഇത്രയധികം വേട്ടയാടലുകൾക്ക് വിധേയമാകേണ്ട ഉദ്യോ​ഗസ്ഥനാണോ അയാൾ എന്ന ചോദ്യം അന്തരീക്ഷത്തിൽ എന്നും മുഴങ്ങിനിൽക്കും.

  ഈ വേട്ടയാടലുകൾക്ക് കാരണം അയാൾ മുഖ്യമന്ത്രി പിണറായി വിജയന്റെ ഏറ്റവും വിശ്വസ്ഥരായ ഉദ്യോ​ഗസ്ഥരിലൊരാളായത് മാത്രമാണെന്ന് വിശ്വസിക്കുന്നവരാണേറെയും . എന്നാൽ ആ കൂട്ടത്തിലല്ല ഈയുള്ളവൻ. ശിവശങ്കർ വേട്ടക്ക് പിന്നിലെ മാധ്യമങ്ങളുടെ ചാലക ശക്തി പ്രതിപക്ഷമല്ല . പ്രതിപക്ഷത്തേയും മാധ്യമങ്ങളേയും കേന്ദ്ര അന്വേഷണ സംഘങ്ങളേയുമെല്ലാം ഒരു കുടക്കീഴിൽ കൊണ്ടുവരാൻ ശ്കതിയുള്ള ഒരേ ഒരു ശ്കതിയാണ് ഈ വേട്ടക്ക് പിന്നിൽ. അതാരായിരിക്കുമെന്ന് പറയുന്നില്ല. ഒരു ക്ലൂവിൽ അവസാനിപ്പിക്കാം. അക്ഷയയെപ്പോലെ മറ്റൊരു വിപ്ലവ നേട്ടത്തിന്റെ തൊട്ടരികിലായിരുന്നു എം ശിവശങ്കർ ഐ എ എസും കേരളവും. അത് കേരളത്തെ മാറ്റിമറിക്കുന്ന എല്ലാ സാധാരണക്കാരുടെ വീട്ടിലും അടുത്ത രണ്ട് മാസത്തിനുള്ളിൽ എത്തുന്ന കെ നെറ്റ് എന്ന ഇന്റർനെറ്റ് കണക്ഷൻ പദ്ധതിയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ ഈ പദ്ധതി വിശ്വസിച്ചേൽപ്പിച്ചതും ഈ മനുഷ്യനെയാണ്. ജീവിതത്തിൽ ഇതുവരെയില്ലാത്ത ശത്രുക്കളെ ഉണ്ടാക്കി നൽകുന്നതിന് ഈ പദ്ധതി കാരണമായി എന്നുതന്നെയാണ് വസ്തുത. മാധ്യമങ്ങളെയും കേന്ദ്രസർക്കാറിനേയും നിയന്ത്രിക്കുന്ന ഒരു കുത്തക കമ്പനിക്ക് ഈ പദ്ധതി കേരളത്തിൽ ഉണ്ടാക്കുന്ന നഷ്ടം ചെറുതല്ല എന്നോർക്കണം. ഭാവിയിൽ ഈ കേരള മോഡൽ രാജ്യമാകെ നടപ്പിലായാൽ അത്ഭുതപ്പെടാനുമില്ല. അപ്പോൾ ഒളിഞ്ഞിരിക്കുന്ന ആ ശത്രുവിനെ ആർക്കും തിരിച്ചറിയാനാകും. ഈ ശക്തിക്ക് കേരളത്തിലെ പ്രതിപക്ഷത്തെ കൂടി വിലക്കെടുക്കാനായോ എന്ന് സംശയമുള്ളവർക്ക് ഏറ്റവും അവസാനം നിയമസഭയിൽ നടന്ന അവിശ്വാസപ്രമേയ ചർച്ച ഒന്നു റിപ്പീറ്റ് കണ്ടാൽ സംശയം മാറും. പ്രതിപക്ഷ നേതാവിന്റെ പ്രസം​ഗത്തിൽ കെ നെറ്റ് പദ്ധതി അടിയന്തിരമായി നിർത്തിവെക്കണം എന്നാവശ്യപ്പെടുന്നത് എന്തായാലും കേരളത്തിലെ സാധാരണക്കാരോടുള്ള കരുതലാകാനിടയില്ലല്ലോ.

  അതുകൊണ്ട് സ്വർണം കടത്തിയവരേയും കൈപ്പറ്റിയവരേയും തൊടാതെ അതിലെ ഒരു പ്രതിയുമായുള്ള സൗഹൃദത്തിന്റെ പേരിൽ ഈ മനുഷ്യനെ മാത്രം പച്ചക്ക് കൊത്തിയരിയുന്നതിന് പിന്നിൽ ഇങ്ങിനെ ഒരു രാഷ്ട്രീയം കൂടിയുണ്ട്. സംഘിയേയും കൊങ്കിയേയും പേരുകേട്ട അന്വേഷണ സംഘങ്ങളെയും മാധ്യമങ്ങളേയും ഒരേ നൂലിൽ കോർക്കാർ കഴിവുള്ള ഒരേ ഒരു ശക്തി മാത്രാണ് ഉള്ളത്. അതാരാണെന്ന് ഞാൻ പറയുന്നില്ല. പകരം ആദ്യ കമന്റിൽ തുപ്പി കാണിക്കാം.
  അതുകൊണ്ട് സ്വർണക്കേസിൽ ആരെല്ലാം രക്ഷപ്പെട്ടാലും ഈ മനുഷ്യൻ മാത്രം വേട്ടയാടപ്പെടും എന്നുറപ്പ്. ഇതെന്റെ വ്യക്തിപരമായ നിരീക്ഷണവും അഭിപ്രായവുമാണ്. യോജിക്കാനും വിയോജിക്കാനുമുള്ള നിങ്ങളുടെ ഓരോരുത്തരുടെ അവകാശത്തേയും മാനിക്കുന്നു. നന്ദികേടാണ് ഈ മനുഷ്യനോട് ഈ നാട് ചെയ്തുകൊണ്ടിരിക്കുന്നത് എന്നുറച്ച് വിശ്വസിക്കുന്ന ആളാണ് ഞാൻ.