Shabeer Palode
നല്ല കഥയും അതിനൊത്ത അഭിനേതാക്കളും ഉണ്ടായിട്ടും അത്രയ്ക്കങ്ങ് ശരിപ്പെടാതെപോയ സിനിമയാണ് കാപ്പ. സിനിമയ്ക്ക് സംഭവിച്ച ഏറ്റവും വലിയ വീഴ്ച്ച വിശ്വസനീയമായ രീതിയിൽ കാര്യങ്ങൾ അവതരിപ്പിച്ചില്ല എന്നതുതന്നെയാണ്. പ്രധാനമായും ക്രാഫ്റ്റിലെ പിഴവാണിതിന് കാരണം. നായകനെ പൊലിപ്പിച്ച മേക്കിങ്ങിലാണ് സംവിധായകൻ ആദ്യം മുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. അവസാനം ആ നായകൻ പൊടുന്നനെ ഇല്ലാതാവുകയും ആ ശൂന്യത നിറയ്ക്കാൻ പാകത്തിന് ആരേയും റീപ്ലെയ്സ് ചെയ്യാതിരിക്കുകയും ചെയ്തതാണ് സിനിമയുടെ പരാജയ കാരണം. കാപ്പ പിന്തുടരുന്ന മേക്കിങ്ങ് പാറ്റേണിൽ നായകൻ വിജയിച്ചുവരികതന്നെ വേണമായിരുന്നു. അതെല്ലങ്കിൽ അയാളൊടൊപ്പം ശക്തിയുള്ള ഒരു സംഘെത്ത ആദ്യം മുതൽ അവതരിപ്പിച്ച് പ്രേക്ഷകനെ വിശ്വസിപ്പിക്കണമായിരുന്നു.
മേന്മകൾ
വ്യക്തിപരമായി സിനിമ കുറച്ചെങ്കിലും ഇഷ്ടപ്പെടാൻ കാരണം അത് എന്റെ നഗത്തിന്റെ സിനിമയാണ് എന്നതാണ്. കണ്ണുനിറച്ച് തിരുവനന്തപുരം കണ്ടിരിക്കുക വലിയ ആഹ്ലാദമുള്ള കാര്യമായിരുന്നു. സിനിമയിലെ ഓരോ സ്ഥലവും സംഭവങ്ങളും പരിചിതമായിരിക്കുക എന്നത് ആസ്വാദനത്തെ സഹായിച്ചിട്ടുണ്ട്.നീതീകരിക്കാവുന്ന കഥയും അതിശയോക്തിയില്ലാത്ത തിരക്കഥയുമാണ് സിനിമയുടേത്. തിരുവനന്തപുരത്തിന്റെ ഗുണ്ടാ ചരിത്രം രാഷ്ട്രീയവുമായി അഭേദ്യമായി ബന്ധപ്പെട്ടതാണ്. കൊച്ചി പോലെ ബിസിനസ് കുടിപ്പകകളേക്കാൾ രാഷ്ട്രീയമായി ദുരുപയോഗിക്കപ്പെട്ട ഗുണ്ടകളാണ് തലസ്ഥാനത്തേത്. തിരുവനന്തപുരത്തിന്റെ ഗുണ്ടാചരിത്രത്തെ അതിശയോക്തിയില്ലാതെ അവതരിപ്പിക്കുന്നുണ്ട് കാപ്പ. ഇതിലെ ഡയലോഗുകൾ വ്യക്തിപരമായി ഇഷ്ടപ്പെട്ടിരുന്നു. അൽപ്പംകൂടി തിരുവനന്തപുരം സ്ലാങ് കുറയ്ക്കാമെന്ന് തോന്നിയെങ്കിലും വെറുപ്പിക്കുന്ന നിലവാരത്തിലേക്ക് പോയില്ല എന്നത് ആശ്വാസകരമാണ്.
കമ്മീഷണർ ഓഫീസിൽ മധുവും ലത്തീഫും ചേർന്ന നടത്തുന്ന അനുനയ ചർച്ചയാണ് സിനിമയിലെ ബ്രില്ല്യന്റ് മൊമന്റ്. അതിൽ പൊലീസിന്റെ ലോ ആൻഡ് ഓർഡർ ആശങ്കകളുണ്ട്, ഒരു ഗുണ്ട പെരുമാറുന്ന ഏറ്റവും സ്വാഭാവികമായ രീതിയുണ്ട്, ഡയലോഗുകളിലെ കൃത്യതയുണ്ട്.പ്രിഥ്വിരാജിന്റെ ആക്ഷൻ പാടവം സിനിമ നന്നായി ഉയോഗിക്കുന്നുണ്ട്.
പോരായ്മകൾ
ആദ്യം പറഞ്ഞപോലെ സിനിമ ക്രാഫ്റ്റ് ചെയ്ത് രീതിതന്നെയാണ് പാളിപ്പോകുന്നത്. ഒരു രാജീവ് രവി ചിത്രത്തിനുവേണ്ടിയുള്ള കഥയും തിരക്കഥയും ഉള്ള സിനിമ, ഷാജി കൈലാസ് ചിത്രമായി പുറത്തുവന്നതിന്റെ എല്ലാ വൈരുധ്യങ്ങളും സിനിമയിലുണ്ട്. നായകൻ എന്ന ഒറ്റ പൊലിപ്പിക്കലിൽ കഥ പറയുന്ന ഷാജി കൈലാസിന് ചേർന്ന വിഷയമായിരുന്നില്ല കാപ്പയുടേത്.
ശക്തനായ ഒരു വില്ലന്റെ അഭാവം സിനിമയിലുണ്ട്. വിശ്വസനീയമായൊരു പാസ്ററ് ഉള്ള വില്ലനല്ല പോത്തന്റെ ലത്തീഫ്. അയാളുടെ നഷ്ടം അയൽക്കാരന്റെ നഷ്ടം മാത്രമാണ്. ഇയാളെന്തിനാണ് ഇങ്ങിനെ തിളക്കുന്നതെന്ന് പ്രേക്ഷകന് തോന്നിയാൽ കുറ്റം പറയാനാകില്ല. നായകൻ ശക്തനാവുന്നതിനൊപ്പം അതിശക്തനായ വില്ലന്മാരും ഉണ്ടെങ്കിലേ കാപ്പ പോലുള്ള സിനിമകൾ ഗതിപിടിക്കുകയുള്ളൂ.
കൊട്ട മധുവിന് ഒപ്പം പിടിക്കുന്ന നല്ലതും ചീത്തയുമായ ഒരു കഥാപാത്രവും സിനിമയിലില്ല. അയാളുടെ ശൂന്യത നികത്താൻ ആരും ഇല്ലാതായത് പ്രേക്ഷകനെ വല്ലാതെ അരിശപ്പെടുത്തുന്നുണ്ട്. ഗുണ്ട ബിനു ട്രോളുകൾക്ക് കാരണം ഇതാണ്. അത് ആ നടിയുടെ പ്രശ്നമല്ല. അവരെ അങ്ങിനെ വിശ്വസനീയമായി അവതരിപ്പിക്കുന്നതിൽ സിനിമയുടെ തിരക്കഥാകൃത്തും സംവിധായകനും പരാജയപ്പെട്ടുപോയതാണ്. നായക തുല്യമായ പരിവേഷങ്ങളുള്ള ആസിഫ് അലിയുടെ കഥാപാത്രം സിനിമയിൽ വേണ്ടത്ര ഡെവലപ്മെന്റ് ഇല്ലാതെ മുരടിച്ചുപോകുന്നുമുണ്ട്.
കൊട്ട മധുവിനെ ആര് കൊല്ലും എന്നത് നേരത്തേ വെളിപ്പെട്ട് പോകുന്നുണ്ട്. ആയിരം തവണ ഗ്യാങ്സ്റ്റർ സിനിമകളിൽ കണ്ട് പരിചയിച്ച ക്ലീഷേ ആഖ്യാനമായിരുന്നു അത്. നായകൻ, സിറ്റി ഓഫ് ഗോഡ് പോലുള്ള ക്ലാസിക്കുകളിലൂടെ നാം കണ്ട് പരിചയിച്ചതാണ് കൊലാറ്ററൽ ഡാമേജ് ഉള്ള ഒരാൾ പലപ്പോഴും ഒരു കുട്ടി, നായകനെ വകവരുത്തുന്നത്. അത് ഇവിടേയും തുടരുന്നുണ്ട്. കുറച്ച് സിനിമകളായി നടൻ നന്ദു ജഗതി ശ്രീകുമാർ എന്ന അതുല്യ നടനെ അനുകരിക്കുന്നതിനുള്ള വൃഥാ ശ്രമം നടത്തുന്നുണ്ടെന്ന് തോന്നുന്നു. വല്ലാത്ത അരസികതയുള്ള കൃത്രിമമായ ശ്രമമാണത്. കാപ്പയിലും വെറുപ്പിച്ച കഥാപാത്രം ആ പൊലീസുകാരനാണ്. കാപ്പ പകുതിമാത്രം നന്നായൊരു സിനിമയാണ്. അതിന്റെ മറുപകുതിയും നന്നാക്കാനുണ്ട്. അത് എല്ലാ മേഖലയിലും ഉണ്ട്. തിരക്കഥയിൽ, സംവിധാനത്തിൽ, അഭിനേതാക്കളിൽ അങ്ങിനെ എല്ലാത്തിലും. കാപ്പക്ക് അഞ്ചിൽ രണ്ടര മാർക്ക്.