Shabeer Palode
മഹാവീര്യർ മികച്ചൊരു സിനിമാ ശ്രമമാണ്. ഫിലൊസോഫിക്കലായി ഒരു വിഷയത്തെ സമീപിക്കുകയും അതിൽ നീതിപുലർത്തുകയും ചെയ്ത സിനിമ. പക്ഷെ സിനിമ എത്രമാത്രം സിനിമാറ്റിക്കായിരുന്നു എന്ന് അന്വേഷിച്ചാൽ അത്ര മികച്ച ഉത്തരമായിരിക്കില്ല ലഭിക്കുക. കച്ചവട താൽപ്പര്യങ്ങൾക്കും കലാപരതക്കും ഇടയിൽപ്പെട്ട് ഞെരിഞ്ഞുപോയൊരു സിനിമയായാണ് മഹാവീര്യർ അനുഭവെപ്പട്ടത്. കുറേക്കൂടി ഗംഭീരമായ പശ്ചാത്തലത്തിൽ സിനിമ എടുത്തിരുന്നെങ്കിൽ നന്നാവുമായിരുന്നു എന്നുതോന്നി.
ഉദാ: കൊട്ടാരവും രാജസദസ്സുമൊക്കെ നല്ല ഗാംഭീര്യത്തോടെ അവതരിപ്പിച്ചിരുന്നെങ്കിൽ നന്നാവുമായിരുന്നു. പക്ഷെ നിർമാണം പോളി ജൂനിയർ പ്രൊഡക്ഷൻസ് ആയിരിക്കുമ്പോൾ പ്രതീക്ഷിക്കാവുന്ന ദാരിദ്ര്യം സിനിമക്കുണ്ട്. വല്ലാതെ ചുരുക്കി നാടക സമാനമായി അവതരിപ്പിച്ചതാകാം വലിയ പ്രേക്ഷക പിന്തുണ സിനിമക്ക് കിട്ടാതിരിക്കാൻ കാരണം.
മേന്മകൾ
1. പ്രമേയം തന്നെയാണ് ഇവിടത്തെ ഹീറോ. സിനിമ മൊത്തമായും ഒരു രൂപകം ആയി പരിണമിക്കുകയും മൂർച്ചയേറിയ രാഷ്ട്രീം കൈകാര്യം ചെയ്യുകയും ചെയ്തിരിക്കുന്നു.
2.ഭദ്രമായൊരു തിരക്കഥ സിനിമക്കുണ്ട്. നല്ല ഡയലോഗുകളും മുതൽക്കൂട്ടാണ്.
3.നർമ്മത്തിന്റെ അന്തർധാര സിനിമയെ കുറച്ചെങ്കിലും ആസ്വാദ്യമാക്കുന്നുണ്ട്.
4.ക്ലൈമാക്സാണ് സിനിമയിൽ ഏറ്റവും മികച്ചുനിന്നത്. വിരസതയിലേക്ക് നീങ്ങുന്ന സമയത്തുതന്നെ ആരംഭിക്കുന്ന നാടകീയമായ ക്ലൈമാക്സ് സിനിമക്ക് മുതൽക്കൂട്ടാണ്.
5.എടുത്തുപറയേണ്ടത് പശ്ചാത്തല സംഗീതമാണ്. വേറിട്ട, യോജിച്ച പശ്ചാത്തല സംഗീതമാണ് സിനിമയുടേതെന്ന് തോന്നി.
പോരായ്മകൾ
1. നിവിൻ പോളിയുടെ ദുർബലമായ പെർഫോമൻസ് സിനിമയുടെ പോരായ്മയാണ്. ഉദ: ഈ കഥാപാത്രത്തിനുവേണ്ടി തന്റെ ശബ്ദവിന്യാസത്തിൽ ഒരു മാറ്റവും വരുത്തേണ്ടതില്ല എന്ന് നിവിൻ തീരുമാനിച്ചത് എന്തുകൊണ്ടാണെന്ന് അറിയില്ല. ആ കഥാപാത്രത്തിന്റെ ഗാംഭീര്യം ഒട്ടും ഉൾക്കൊള്ളാതെ തട്ടത്തിൻ മറയത്തിലെ പിള്ളേരുകളിക്ക് സമാനമായി ഡയലോഗ് പറയാനുള്ള ഐഡിയ ആരുടേതാണെന്ന് അറിയില്ല. മറുവശത്ത് ആസിഫ് അലി തന്റെ കഥാപാത്രത്തിന് അനുയോജ്യമായി ശരീരഭാഷയും ശബ്ദവുമെല്ലാം നന്നാക്കിയെന്ന് തോന്നി. നിവിൻ നായകനാവുന്ന സിനിമകളിൽ അയാൾ സ്വയം ഒരു ദുർബല കണ്ണിയായി മാറുന്നത് ആ നടനെ സംബന്ധിച്ച് അത്ര നല്ല വാർത്തയല്ല.
2.സാധാരക്കാരായ പ്രേക്ഷകർക്ക് സിനിമ ദുർഗ്രഹമായി തോന്നാനിടയുണ്ട്. കാഴ്ച്ചക്ക് ഭംഗിതോന്നുന്ന ഒന്നും സിനിമയിൽ ഇല്ലാത്തത് സിനിമ വിരസമാക്കുന്നുണ്ട്.
3. കോർട്ട് റൂം ഡ്രാമ എന്ന നിലയിൽ വികസിക്കുന്ന സിനിമകൾ എല്ലാം മിസ്റ്ററി ത്രില്ലറുകൾ ആയാണ് സാധാരണ കാണാറുള്ളത്. മിസ്റ്ററി ത്രില്ലറുകൾ പ്രേക്ഷകനിൽ കാര്യമായ ആകാംഷ ഉണർത്തുന്ന സിനിമകളായിരിക്കും. ഇവിടെ പൊളിറ്റിക്കൽ സറ്റയറും ഡ്രാമയും ആണ് വിഷയമാകുന്നത്. പൊളിറ്റിക്കൽ സറ്റയർ കോർട്ട് റൂം ഡ്രാമയായി അവതരിപ്പിക്കുമ്പോഴുണ്ടാകുന്ന സ്വാഭാവിക രസക്കുറവ് സിനിമക്കുണ്ട്.
പ്രമേയപരമായ ആത്മാർഥതയും മനുഷ്യപക്ഷത്തുള്ള നിലയുറപ്പിക്കലും മഹാവീര്യർ സിനിമയുടെ പ്രത്യേകതയാണ്. ആ ഒറ്റ കാരണം കൊണ്ട് സിനിമ കാണാവുന്നതാണ്. തീർച്ചയായും ഇതൊരു വലിയ സിനിമാ അനുഭവമല്ല. മറിച്ച് ഇത് പ്രമേയാനുഭവമാണ്. മഹാവീര്യർ സിനിമക്ക് അഞ്ചിൽ മൂന്ന് മാർക്ക്.