Shabeer Palode
ഫീൽ ഗുഡ് മൂവിയായി എടുത്ത് അതിനോട് ഒട്ടും നീതീകരിക്കാതെ അവസാനിച്ചുപോയ സിനിമയാണ് സാറ്റർഡേ നൈറ്റ്. ഒരു തരത്തിൽ ഈ സിനിമ തീരുമ്പോഴാണ് ഗുഡ് ഫീൽ ഉണ്ടാകുന്നത്.‘ബ്രൊമാൻസ്’(ആൺ സുഹൃത്തുക്കൾക്കിടയിലെ റൊമാൻസ്) എന്ന് വിളിക്കുന്ന 75 ശതമാനത്തിലധികം സക്സസ് റേറ്റ് ഉള്ള വിഷയത്തിലാണ് സിനിമ എടുത്തിരിക്കുന്നത്. മലയാളത്തിലെ എക്കാലത്തേയും വലിയ ഹിറ്റായ ‘ഇൻ ഹരിഹർ നഗർ’ പറയുന്ന വിഷയവും ബ്രോമാൻസ് തന്നെയാണ്. ഇത്ര സാധ്യതകളുണ്ടായിട്ടും ഇത്ര വലിയൊരു പരാജയമാകാൻ തക്ക എന്ത് കാരണങ്ങളാണ് സാറ്റർഡെ നൈറ്റിന് ഉജള്ളതെന്ന് പരിശോധിക്കാം.
മികവുകൾ
1. പ്രമേയം
സാറ്റർഡേ നൈറ്റ് എന്ന സിനിമ വിജയിക്കാനോ ശരാശരിയിൽ നിൽക്കാനോ ഉള്ള സാധ്യതയായിരുന്നു കൂടുതൽ. അതിനു കാരണം സിനിമ കൈകാര്യം ചെയ്യുന്ന പ്രമേയമാണ്. നാല് പുരുഷ സുഹൃത്തുക്കൾ, അവരുടെ ആഴത്തിലുള്ള സൗഹൃദം എന്നിവയൊക്കെ തീയറ്ററിലേക്ക് വരുന്ന ആദ്യത്തെ കൂട്ടം ഓഡിയൻസിന് ഏറെ റിലേറ്റ് ചെയ്യാൻ പറ്റുന്നതായിരിക്കും. ഈ ആൾകൂട്ടമാണ് ഒരു സിനിമയുടെ ഇനീഷ്യലിനെ സ്വാധീനിക്കുക. പ്രമേയത്തിന്റെ തിരെഞ്ഞടുപ്പ് കൃത്യമായിരുന്നു സിനിമയിൽ.
2.വിജയ ഫോർമുല
കൃത്യമായ വിജയ ഫോർമുലയുള്ള സിനിമയാണ് ‘സാറ്റർഡേ നൈറ്റ്’.മികച്ച യുവതാരങ്ങളുടേയും, റോഷൻ ആൻഡ്രൂസ് എന്ന നല്ല സിനിമാറ്റിക് സെൻസുള്ള സംവിധായകന്റേയും സാന്നിധ്യം അണിയറയിലുണ്ട്. കുറേക്കാലമായി മലയാളത്തിൽ വന്നിട്ടില്ലാത്തൊരു പ്രമേയ പരിസരവും സിനിമ കൊണ്ടുവരുന്നുണ്ട്.
3.നല്ല കഥ
ഈ സിനിമക്ക് നല്ലൊരു കഥയുണ്ടെന്ന് ശ്രദ്ധിച്ചാൽ മനസിലാകും. ഈ സിനിമ കണ്ടശേഷം ഇതിലെ കഥ നിങ്ങൾ ആരോടെങ്കിലും പറഞ്ഞുനോക്കൂ. അയാൾക്കത് തീർച്ചയായും ഇഷ്ടപ്പെടും. ആഴത്തിലുള്ള സൗഹൃദം, വിശ്വാസവും വിശ്വാസ വഞ്ചനയും, മേമ്പൊടിക്ക് പ്രണയം, കലഹം, അതിജീവനം എന്നിങ്ങനെ മനുഷ്യരെ സ്വാധീനിക്കുന്ന നിരവധി എലമെന്റുകൾ ഉള്ള സിനിമയാണ് സാറ്റർഡേ നൈറ്റ്.
4.സ്പെക്ടക്കിൾസ്
ദൃശ്യപരത എന്ന് നമ്മുക്ക് സ്പെക്ടക്കിൾസിനെ തർജ്ജമപ്പെടുത്താം. ഉദ: ഷോർട്ട് ഫിലിമിനേക്കാൾ നാം പരസ്യങ്ങളെ ഇഷ്ടപ്പെടുന്നത് അതൊരു സ്പെക്ടക്കിൾ ആയതിനാലാണ്. ഒരു കുട്ടിക്കുപോലും ആസ്വദിക്കാനും റിലേറ്റ് ചെയ്യാനും ഇത്തരം സ്പെക്ടക്കിൾസ് മതിയാകും.
സിനിമ കാണാത്ത കുട്ടി ടി.വിയിൽ പരസ്യം വന്നാൽ ഓടിപ്പോകുന്നത് കണ്ടിട്ടില്ലേ. അതിനുകാരണവും ഇതാണ്. തല്ലുമാലയൊക്കെ ഇത്തരം വർണാഭമായ കാഴ്ച്ചയുള്ള സിനിമയാണ്. സാറ്റർഡേ നൈറ്റിലും ഈയൊരു പ്രത്യേകത കാണാനാകും. സിനിമയിലെ കോസ്റ്റ്യും, വാഹനങ്ങൾ, ലൊക്കേഷൻ, നിയോൺ ലൈറ്റുകളുടെ ആധിഖ്യം അങ്ങിനെ എല്ലാത്തിലും ഈ ദൃശ്യപരത കൊണ്ടുവരാൻ അണിയറക്കാർ ശ്രമിച്ചിട്ടുണ്ട്.
5. ബ്രില്ല്യൻസ്
സിനിമയിൽ ബ്രില്ല്യന്റായി തോന്നിയത് ചില ബൈക്ക് സീനുകളാണ്. നിവിനും അജുവും നഗരത്തിലൂടെ ബൈക്കിൽ സംസാരിച്ച് നീങ്ങുന്ന സീൻ അത്തരത്തിലുള്ളതാണ്. ആ സീനുകളിലെ ആംഗിൾ നന്നായി തോന്നി. സാധാരണ പിന്നിൽ നിന്നും മുന്നിൽ നിന്നും എടുക്കുന്ന അത്തരം സീനുകൾ ഇവിടെ വ്യത്യസ്തമാക്കിയിട്ടുണ്ട്. ചെടിച്ചട്ടി കാറിൽ ഇടുന്ന സീനാണ് ചിരിപ്പിച്ച ഒരു രംഗം..
6.ഒഴിവാക്കിയ ക്ലീഷേ
സിനിമയിൽ മതസൗഹാർദ്ദം തിരികിക്കയറ്റി വൃത്തികേടാക്കാൻ അണിയറക്കാർ ശ്രമിച്ചിട്ടില്ല.
പോരായ്മകൾ
1. അവിശ്വസനീയം
ഈ സിനിമയിലെ ഏറ്റവും വലിയ പോരായ്മ മികച്ച പ്രമേയത്തെ വിശ്വസനീയമായി അവതരിപ്പിക്കാനായില്ല എന്നതാണ്. സിനിമ എന്നാൽ കാഴ്ച്ചയിലൂടെ പ്രേക്ഷകനിൽ നാം ആർജിെച്ചടുക്കുന്ന വിശ്വാസമാണ്. സിനിമയിൽ താരങ്ങൾ ജനിക്കുന്നത് ഈ വിശ്വാസ മൂലധനത്തിന്റെ ബലത്തിലാണ്. ബാലയ്യയും രജനീകാന്തും വെടിയുണ്ട പിടിച്ചുനിർത്തും എന്ന് ആരാധകർ വിശ്വസിക്കുന്നത, നൂറുകണക്കിന് കഥാപാത്രങ്ങളിലൂടെ അവർ ആർജിച്ചെടുത്ത വിശ്വാസം കൊണ്ടാണ്. കഥാപാത്രങ്ങൾ വളരുന്നതും അങ്ങിനെതന്നെ. സാറ്റർഡേ നൈറ്റിൽ ഒരിടത്തും ഈ നാല് കഥാപാത്രങ്ങളും തമ്മിലുള്ള ആത്മബന്ധം എസ്റ്റാബ്ലിഷ് ചെയ്യുന്ന ഒരു ഫ്ലാഷ്ബാക്കോ പ്രസന്റ് സീനോ ഇല്ല. അവർ തമ്മിലുള്ള വൈരവും എസ്റ്റാബ്ലിഷ് ചെയ്യുന്നില്ല. സ്ക്രീനിൽ കാണുമ്പോൾ മുതൽ വളരെ വിചിത്രമായി പെരുമാറുന്ന നാലുപേർ എന്നുമാത്രമേ ഇതിലെ കഥാപാത്രങ്ങളെപ്പറ്റി പ്രേക്ഷകർക്ക് ചിന്തിക്കാനാവൂ.
2. തിരക്കഥയിലെ സുഷിരങ്ങൾ
സിനിമയിലെ ഏറ്റവും വലിയ വില്ലൻ തിരക്കഥയാണ്. പറയാനുള്ള ഒന്നും പറയുന്നുമില്ല, ആവശ്യമില്ലാത്തതുപറഞ്ഞ് കാടുകയറുകയും ചെയ്യുന്ന തിരക്കഥ ഒരു ദുരന്തമായി സ്വയം അവസാനിക്കുകയാണ്. ഈ തിരക്കഥയിൽ നിന്ന് 40 മിനിട്ട് ഒഴിവാക്കിയാൽപ്പോലും അത് സിനിമക്ക് ഒരു കുഴപ്പവും ചെയ്യുമായിരുന്നില്ല. ഉദ: സിജുവിന്റെ അജിതും ഗ്രേസ് ആന്റണിയുടെ സൂസനും തമ്മിലുള്ള ബന്ധം എത്ര അലസമായാണ് സിനിമ കൈകാര്യം ചെയ്തിരിക്കുന്നത്. ഇരുവരും തമ്മിൽ ഓഫീസിലോ മറ്റോ വച്ച് പരസ്പരം കാണുന്ന ഒരുമിനിറ്റ് റൊമാൻസ് സീൻ കൊണ്ട് ഒഴിവാക്കാമായിരുന്ന കൺഫ്യൂഷൻ അതേപടി നിലനിർത്തിയതിന് ആരെയാണ് കുറ്റം പറയുക. സിനിമയിലെ ഏറ്റവും നിർണായകമായ ബാർ ഫൈറ്റ് സീൻ ഇതിലും നന്നായി ഹോം യൂ ട്യുബേഴ്സ് വരെ എടുക്കും. ഇത്രയും ബ്രില്ല്യന്റായ പ്രേക്ഷക സമൂഹത്തിലേക്ക് ഇത്രയും കെയർലെസ്സായി ഒരു സിനിമ എടുത്തിട്ട് അത് കണ്ട് വിജയിപ്പിക്കണം എന്ന് പറയുന്നത് എന്ത് ന്യായത്തിലാണെന്നറിയില്ല.
3. മേക്കിങ്ങിലെ അലസത
സിനിമ ഇറങ്ങുമ്പോൾ മുതൽ അതിലെ ബ്രില്ല്യൻസുകൾ ചർച്ചചെയ്യുന്ന കാലമാണിത്. ബ്രില്ല്യൻസ് ഇെല്ലങ്കിലും കണ്ടിന്യുവേഷൻ ശ്രദ്ധിച്ചാൽ മാത്രം ഒഴിവാക്കാവുന്ന നിരവധി മണ്ടത്തരങ്ങൾ സാറ്റർഡേ നൈറ്റിലുണ്ട്. സ്റ്റാൻലിയുടെ വീട്ടിലേക്ക് വരുന്ന അജിത്തും ജസ്റ്റിനും ഇത്രയും താഴ്ന്ന മതിലുണ്ടായിട്ടും മരം കയറി ചാടിക്കടക്കുന്നതെന്തിനാണ്. ചെടിച്ചട്ടിയിട്ട് തകർത്ത കാർ കഴുകി വൃത്തിയാക്കിയപോലെ അടുത്ത സീനിൽ വരുന്നതിന്റെ ലോജിക് എന്താണ്. സിനിമയിലെ പ്രധാന കഥാപാത്രമായ ഷെറിൻ വന്നുേപാകുന്നത് ഒരു സീനിലാണ്. ഷെറിനെ കാണാനെത്തുന്നവരെ ഭർത്താവ് തല്ലുന്നതെന്തിനാണ്?
4.ഫേക്ക് ഹാപ്പിനസ്
സിനിമ കൈകാര്യം ചെയ്യുന്ന വിഷയം ഫേക്ക് ഹാപ്പിനസ്സാണെന്ന് പറഞ്ഞാൽ അതിശയോക്തിയാവില്ല. സിനിമയിൽ ഹാപ്പിനസ്സിന്റേയും ആത്മാർഥതയുടേയും പ്രതീകമായി കാണിക്കുന്ന പൂച്ച സുനിൽ എത്രപരെ അങ്ങിനെ വിശ്വസിപ്പിച്ചു എന്നറിയില്ല. ഹാങ്ങോവറിൽ സാക്ക് ഗാലിഫ്ലാങ്കിസ് ചെയ്ത അലൻ എന്ന കഥാപാത്രത്തിന്റെ ഛായയുള്ളയാളാണ് പൂച്ച സുനിൽ. ഹാങ്ങോവറിൽ ഗംഭീരമായി സാക്ക് ചെയ്ത കഥാപാത്രമാണ് അലൻ.
നിഷ്‍കളങ്കമായ മണ്ടത്തരങ്ങളിലൂടെ സുഹൃത്തുക്കളെ വെട്ടിലാക്കുന്ന അലനിൽ നിന്ന് പൂച്ചയിലെത്തുമ്പോൾ അയാളുടെ പെരുമാറ്റം കുറച്ച് ക്രൂക്കഡ് ആണെന്ന് പ്രേക്ഷകന് തോന്നാനിടയുണ്ട്. മനപ്പൂർവ്വം പ്രശ്നമുണ്ടാക്കാനായി ഇറക്കിവിട്ടപോലെ. സിനിമ ഉദ്ഘോഷിക്കുന്ന സന്തോഷം, ഫീൽ ഗുഡ്നെസ്സ്, സൗഹൃദം തുടങ്ങിയവ വിചിത്രവും ലോജിക്കലായി തെളിയിക്കാനാവാത്തതുമാണ്.
5.സ്റ്റീരിയോ ടൈപ്പായ സ്ത്രീ കഥാപാത്രങ്ങൾ
സിനിമയിലെ സ്ത്രീ കഥാപാത്രങ്ങൾ സ്റ്റീരിയോ ടൈപ്പുകളാണ്. തേക്കുന്ന, സമാധാനം കൊടുക്കാത്ത, സൗഹൃദം തടയുന്ന സ്ത്രീകളാണ് സിനിമയിൽ ഉടനീളം കാണാനാകുന്നത്.
6.അനന്തമായ പോരായ്മകൾ
സാറ്റർഡേ നൈറ്റിലെ പോരായ്മകൾ അനന്തമായി നീളുന്നു എന്നതാണ് പ്രധാന പോരായ്മ. എഴുത്ത് കുറച്ച് നീണ്ടു എന്നറിയാം. കൊറിയയിൽ നിരീപണം ഇല്ല എന്ന് സംവിധായകൻ പറഞ്ഞതുകാരണം വിവാദമുണ്ടായ സിനിമയാണ് സാറ്റർഡേ നൈറ്റ്. സിനിമയെപ്പറ്റി പറയുന്നവരെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം നടക്കുന്ന കാലമാണിത്. അതുകൊണ്ടാണ് കുഴപ്പങ്ങൾ കുറച്ചധികം വിസ്തരിച്ച് പറയേണ്ടിവരുന്നത്. ഹാങ്ങോവർ മുതൽ എ ഫ്യു ബെസ്റ്റ് മെൻ, വെൻ ഹീറോസ് ഫ്ലൈ തുടങ്ങി സിന്ദഗി നോ മിലേഗി ദൊബാര വരെയുള്ള അസംഖ്യം സിനിമകളുടെ ഛായ സാറ്റർഡേ നൈററിൽ ഉണ്ട്. പക്ഷെ ഇതുവരെ ഇറങ്ങിയ ഏറ്റവും മോശം ഫീൽഗുഡ് സൗഹൃദ സിനിമയാകും ഇത്. സാറ്റർഡേ നൈറ്റിന് അഞ്ചിൽ ഒരു മാർക്ക്.