ഭീകരമായ അനുഭവം കുറിച്ചത്  : Shabeer Palode

Shocking and heartbreaking
പാതിരാത്രിയിലെ ഓഫീസ് ഡ്യൂട്ടിക്ക് ശേഷമുള്ള സന്തോഷങ്ങളിലൊന്നാണ് എന്തേലും കഴിക്കുകയെന്നത്.
ഇതിനായി സ്ഥിരമായി പോകുന്നത് അട്ടക്കുളങ്ങരയിലേക്കാണ്. ബുഹാരിയുണ്ടവിടെ. പിന്നെ ധാരാളം തട്ടുകടകളും ജ്യൂസ്, ഷേക്ക് ഷോപ്പുകളും. വയറ് നിറക്കാനല്ലെങ്കിലും അങ്ങിനെ പോകുന്നതൊരു സന്തോഷമാണ്.

ഇടക്കീ യാത്ര കഴക്കൂട്ടത്തേക്കായിരിക്കും. തിരുവനന്തപുരം നഗരത്തിൽ രാത്രി ഭക്ഷണം കിട്ടുന്ന മറ്റൊരിടം ടെക്നോപാർക്കും അതിന് ചുറ്റുമുള്ള സ്ഥലവുമാണ്. പോയത് കഴക്കൂട്ടത്തേക്കാണ്. ഞങ്ങൾ നാലുപേരുണ്ടായിരുന്നു. സന്തോഷകരമായ തീനും കുടിക്കും ശേഷം കടക്ക് പുറത്തിറങ്ങി ഇത്തിരി നേരം വർത്തമാനം പറഞ്ഞ് നിന്നു.

ഞങ്ങളെ മറികടന്ന് മൂന്ന് ബൈക്കുകൾ കുതിച്ച് പായുന്നത് കണ്ടു. എന്തൊരു സ്പീഡെന്നാണ് മനസിൽ ആദ്യം വന്നത്. ഇങ്ങിനെ ഇവർ ഏതെങ്കിലും കാറിലേക്ക് ഇടിച്ച് കയറിയാൽ വെടിയുണ്ടയുടെ ആഘാതമായിരിക്കുമെന്നും മറ്റുമുള്ള ചിന്തകൾ മനസിൽ മിന്നിമറഞ്ഞു.
സമയം പുലർച്ചെ ഒന്നര കഴിഞ്ഞിരുന്നു.

ഉറക്കം കണ്ണിൽ തടഞ്ഞ് തുടങ്ങി. കാറിൽ കയറി തിരികെയാത്ര ആരംഭിച്ചു. പണി നടക്കുന്ന ലുലു മാൾ കടന്ന് വന്നപ്പോൾ റോഡിലാരൊ കുത്തിയിരിക്കുന്നു. അൽപ്പം ഇരുട്ടായതിനാൽ ആദ്യം ഒന്നും മനസിലായില്ല. എന്തോ അപകടത്തിന്റെ പെരുമ്പറ ഉള്ളിൽ മുഴങ്ങിത്തുടങ്ങി. വണ്ടി റോഡ് വശമൊതുക്കി ഞങ്ങൾ മൂന്നുപേർ പുറത്തിറങ്ങി. ഓടി അടുത്ത് ചെന്നപ്പോൾ കണ്ടത് ഭീതിദമായ കാഴ്ച്ചയായിരുന്നു. ഒരു ശരീരത്തിന്റെ പകുതി ഭാഗം വേറിട്ട് കമഴ്ന്ന് കിടക്കുകയാണ്. അതിനടുത്തിരുന്ന് ഒരാൾ തട്ടിവിളിക്കുന്നു. എൻറുമ്മാ എന്ന് പറഞ്ഞ് ആ കൗമാരക്കാരൻ നിലവിളിക്കുന്നുണ്ട്. ഒന്ന് പരതി നോക്കിയപ്പോൾ 20 മീറ്റർ അകലത്തിൻ അരക്കെട്ടിന് താഴെയുള്ള ഭാഗം വേർപെട്ട് കിടക്കുന്നു. കൃത്യമായി മുറിച്ചെടുത്തപോലെ ഒരു മനുഷ്യ ശരീരത്തിന്റെ രണ്ട് പകുതികൾ. തലഭാഗത്ത് നിന്ന് കുടമാല പുറത്തേക്ക് നീണ്ട് കിടക്കുന്നുണ്ട്. ഡിവൈഡറിൽ ശരീരഭാഗങ്ങൾ പറ്റിയിരിക്കുന്നു. ചുറ്റും നോക്കിയപ്പോൾ ദൂരെ മറ്റൊരാൾ ശരീരം മൊത്തം അടർന്ന് തറയിൽകിടന്ന് നിലവിളിക്കുന്നുണ്ട്. ഓടി അവന്റെ അടുത്ത് ചെന്നു. രണ്ട് ബൈക്കുകൾ അവന് സമീപത്ത് തകർന്ന് കിടക്കുന്നു.

മൂന്നുപേരും 20 കൾ പിന്നിട്ട കൗമാരക്കാർ. പെട്ടെന്നാണ് തലച്ചോറിൽ മിന്നലുണ്ടായത്. ഇവരാണ് കുറച്ച് മുമ്പ് ബൈക്കിൽ പാഞ്ഞു പോയ കുട്ടികൾ. ഒരു ലോറി വരുന്നത് കണ്ടു. അവരെ തടഞ്ഞ് നിർത്തി പാതിമുറഞ്ഞ ശരീരത്തിന് സമാന്തരമായിട്ട് ഇടാൻ പറഞ്ഞു. മറ്റ് വാഹനങ്ങൾ വന്ന് കയറരുതെന്ന് വിചാരിച്ചാണത് ചെയ്തത്. ഞെട്ടലിനിടയിലും ആ ലോറിക്കാർ സഹകരിച്ചു. അപ്പോഴേക്കും ഒപ്പമുള്ളവർ Muhammed ShamonSubair Ambalakkandy പൊലീസിനെ വിളിച്ചു.
മുറിഞ്ഞുമാറിയ തലഭാഗത്ത്‌ ചെന്ന് അപ്പോഴും ആ കൗമാരക്കാരൻ തന്റെ കൂട്ടുകാരനെ വിളിക്കുന്നുണ്ട്. ‘അവൻ തീർന്നെടാ , പോട്ടെടാ എന്ന് പറയാനാണ് തോന്നിയത്’ പറയുകയും ചെയ്തു.
എവിടാ സ്ഥലമെന്ന് ചോദിച്ചപ്പൊ പാങ്ങോട്, കല്ലറയെന്നവൻ പറയുന്നുണ്ട്. ദൈവമെ എന്റെ സമീപക്കാരാണല്ലൊ ഇവർ.

പതിയെ ആള് കൂടിത്തുടങ്ങി. പെട്ടെന്നാണ് ആ കാതടപ്പിക്കുന്ന ശബ്ദം കേട്ടത്. ഒരു ഇന്നോവ വന്ന് സമാന്തരമായി ഇട്ടിരുന്ന ലോറിയിൽ ഇടിച്ച് നിൽക്കുയാണ്. ഓടിച്ചെന്നു നോക്കുമ്പോൾ നാലഞ്ച് യുവാക്കളുണ്ടതിൽ. ഡ്രൈവറുടെ നാക്ക് കുഴഞ്ഞ് പോകുന്നു. എന്താ സംഭവിച്ചതെന്ന് പോലും അവന് മനസിലായിട്ടില്ല. മുന്നിലെ ഒരു യാത്രക്കാരൻ ഡാഷ് ബോർഡിൽ കുരുങ്ങിക്കിടക്കുകയാണ്.
ഓടിക്കൂടിയ നാട്ടുകാരിൽ ചിലർ ഇന്നോവയുടെ ഡ്രൈവറെ പിടിച്ചിറക്കി തല്ലുന്നുണ്ട്.

അവനൊന്ന് നിലത്ത് നിൽക്കാൻ പോലുമാകാതെ കുഴഞ്ഞ് പോവുകയാണ്. രൂക്ഷമായ മദ്യത്തിന്റെ ഗന്ധം വരുന്നു. ദൈവമെ ഇവനെങ്ങനെ ഈ കോലത്തിൽ വണ്ടിയോടിക്കുന്നത്……
പൊലീസെത്തി, ആംബുലൻസെത്തി ഓരോരുത്തരെയായി ആശുപത്രിയിലേക്ക് നീക്കി….
ജീവിതത്തിൻ ഒരിക്കൽപ്പോലും മനുഷ്യന്റെ വിരലുകൾ പോലും അറ്റ് കിടക്കുന്നത് കണ്ടിട്ടുണ്ടായിരുന്നില്ല. ഇപ്പോഴിതാ കൃത്യമായി മുറിച്ച മനുഷ്യ ശരീരം കണ്ടിരിക്കുന്നു.
ആ കുട്ടിയുടെ ഉടുപ്പൊന്ന് ഉടയുകയൊ കീറുകയൊ ചെയ്തിട്ടില്ലായിരുന്നു. അത്ര കൃത്യമായ കഷണമാക്കലായിരുന്നത്. കൃത്യമായി പകുത്തെടുത്ത പോലുള്ള അവന്റെ കിടപ്പ് ഓർമയുള്ളകാലം മുഴുവൻ മനസിലുണ്ടാകും. ഒപ്പമാ നിലവിളിയും. എന്റുമ്മാ, എണീക്കെടാ, കിടക്കണ കണ്ടില്ലേ, എന്റുമ്മാ….
………………………………………………………………………….
* ടെസ്റ്റ് ഡ്രൈവുകളിൽ ചിലപ്പോഴൊക്കെ വാഹനം വേഗത്തിൽ ഓടിച്ചിട്ടുണ്ട്. ഒരുപാട് മുൻകരുതലുകളെടുത്തിട്ടാണത് ചെയ്യുക. പൊതുനിരത്തുകളിൽ ഒരുതരത്തിലും പരിധി വിട്ടുള്ള വേഗത ദയവായി എടുക്കരുത്. സമയം കിട്ടുമെങ്കിൽ എല്ലാവരും യൂട്യൂബിൽ പോയി വാഹനങ്ങളുടെ ക്രാഷ് ടെസ്റ്റുകളുടെ വീഡിയൊ കാണണം.
60 കിലോമീറ്റർ വേഗത്തിലും 80 കിലോമീറ്റർ വേഗത്തിലും ഇടിക്കുന്ന വാഹനങ്ങളുടെ ഉള്ളിലെ ആഘാതങ്ങൾ തമ്മിലുള്ള വ്യത്യാസം കണ്ടുതന്നെ മനസിലാക്കണം.
ഉള്ളിലിരിക്കുന്ന മനുഷ്യ ഡമ്മികൾ ഒടിഞ്ഞ് നുറുങ്ങുന്നത് നമുക്കതിൽ കാണാം. നമ്മുടെ ശരീരം അതിലോലവും മൃദുലവുമാണ്. ചെറിയ ആഘാതങ്ങൾ പോലും അതിനെ ഛിന്നഭിന്നമാക്കും.
കൊക്കയിലേക്ക് മറിഞ്ഞ കാറുകളിൽ നിന്ന് നെറ്റിയിലൊരു പോറലുമായി എഴുന്നേറ്റ് വരാൻ നാം സിനിമയിലെ നായകരല്ല. മജ്ജയും മാംസവും അസ്ഥിയുമുള്ള വെറും മനുഷ്യരാണ്. ആരെങ്കിലും നുള്ളിയാൽപോലും വേദനിച്ച് പുളയുന്ന വെറും മനുഷ്യർ*

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.