പാരസൈറ്റ് എന്ന കൊറിയൻ സിനിമ ആദ്യം കാണുന്നത് ഏഴ് മാസങ്ങൾക്ക് മുമ്പാണ്.
2019 ഓഗസ്റ്റ് 31ന് രാത്രി.ഡേറ്റും സമയവുമൊക്കെ കൃത്യമായി ഓർത്തിരിക്കാൻ കാരണമുണ്ട്.
ടെലഗ്രാമിൽ കണ്ട നല്ല റിവ്യുകളുടെ പ്രലോഭനങ്ങളിൽ വീണ് നിരന്തരം സെർച്ച് ചെയ്തിരുന്ന സിനിമയാണ് പാരസൈറ്റ്.ഓഗസ്റ്റ് 31 നാണത് ഡൗൺലോഡ് ചെയ്യുന്നത്.അന്നുതന്നെ കാണുകയും ചെയ്തു.’മെമ്മറീസ് ഓഫ് മർഡർ’ എന്ന കൊറിയൻ ക്ലാസിക്കിന്റെ സംവിധായകൻ ബോങ് ജൂ ഹോയുടെ സിനിമയെന്നതും പാരസൈറ്റിനെ ആകർഷകമാക്കിയിരുന്നു.
ആദ്യ കാഴ്ച
ആദ്യ കാഴ്ചയിൽ പാരസൈറ്റിലേക്കടുപ്പിക്കുന്നത് അതിലെ അഭിനേതാക്കളുടെ അസാധാരണ മികവാണ്.സമ്പന്നയും സാമാന്യം മണ്ടിയുമായ വീട്ടമ്മയായി അഭിനയിച്ച ചോ യോ ജോങ്ങിന്റെ അനിതരസാധാരണമായ പെരുമാറ്റങ്ങൾ കണ്ടിരിക്കാനുള്ളതാണ്.രണ്ടാമത് ആകർഷിക്കുക ലൊക്കേഷന്റെ തെരഞ്ഞെടുപ്പാണ്.രണ്ട് കുടുംബങ്ങളുടെ ജീവിതത്തിലൂടെ രണ്ട് സമൂഹങ്ങളിലേക്കും രണ്ട് രാജ്യങ്ങളിലേക്കും രണ്ട്തരം ലോകത്തേക്കുമുള്ള പടർന്ന് കയറ്റമാണ് പാരസൈറ്റ്.അതിന് പറ്റിയ രണ്ട് പരിസരങ്ങൾ നിർമിച്ചെടുക്കുന്നതിൽ സംവിധായകൻ കാട്ടിയ മികവ് അസാധാരണമാണ്.
ആദ്യ കാഴ്ചയിൽ ഈ സിനിമ സമ്പന്നന്റെ പക്ഷത്ത് നിന്നുള്ള ദരിദ്രനെതിരായ ആക്രമണമാണെന്ന തോന്നലുണ്ടാക്കും.സ്വച്ഛമായൊഴുകിയ സമ്പന്ന ജീവിതത്തിലേക്ക് കടന്നു കയറിയ പരാന്നഭോജികളുടെ അക്രമാസക്തമായ ആഖ്യാനമാണെന്നും തോന്നാം.ഒരു വശത്ത് നല്ലവരിൽ നല്ലവരായ ആഢ്യ ദമ്പതികളും അവരുടെ മക്കളും ,ഇപ്പുറത്ത് വൈഫൈ കട്ടെടുക്കുന്ന, അടിച്ച് കോൺതിരിഞ്ഞ് പരസ്പരം തെറി വിളിക്കുന്ന അലമ്പുകളായൊരു കുടുംബം.എന്നാൽ വീണ്ടും കാണുമ്പോൾ പാരസൈറ്റ് നിങ്ങളുടെ കാഴ്ചാവബോധങ്ങളെ കീഴ്മേൽ മറിക്കുകയും പുതിയ ഉൾക്കാഴ്ച നൽകുകയും ചെയ്യും.
ദക്ഷിണ കൊറിയയും ഉത്തര കൊറിയയും പരസ്പരം പോരടിക്കുന്ന രണ്ട് വിരുദ്ധ ദ്വന്ദ്വങ്ങളാണ്.
യുദ്ധ ഭീതിയും ആണവായുധ ഭീഷണിയുമെല്ലാം കോർത്തിണക്കിയ കൊറിയൻ രാഷ്ട്രീയത്തിന്റെ നിശിതമായ പരിഹാസം പാരസൈറ്റിലുണ്ട്.ഒപ്പം അരികുവത്കരിക്കപ്പെട്ട മനുഷ്യന്റെ വേദനാജനകമായ ജീവിതഗന്ധങ്ങളും.ജോലിക്കാരിയായ സ്ത്രീ നടത്തുന്ന ഉത്തര കൊറിയൻ ടെലിവിഷൻ അവതാരകയുടെ അനുകരണത്തിലും ബങ്കറുകളിൽ എലികളെപ്പോലെ ജീവിക്കുന്ന മനുഷ്യരുടെ നിസ്സഹായതയിലും നമ്മുക്കീ രൂക്ഷമായ രാഷ്ട്രീയ പരിഹാസം കണ്ടെത്താനാകും.
നാറ്റം
ഗന്ധം പാരസൈറ്റിന്റെ വലിയൊരു അടിയൊഴുക്കാണ്.മനുഷ്യൻ എത്ര ശ്രമിച്ചാലും മായ്ച്ച്കളയാനാകാത്ത ഗന്ധങ്ങളെപറ്റിയാണ് സിനിമ സംസാരിക്കുന്നത്.അതിലുടെ രണ്ട് തരം മനുഷ്യരുടെ ഒട്ടും ചേർച്ചയില്ലാത്ത ജീവിതവും കാണിച്ചുതരുന്നു. സബ് വേകളിലെ മനുഷ്യരുടെ സഹജമായ ദുർഗന്ധത്തിൽ പണക്കാരനായ ആർക്കിടെക്ട് ആശങ്കാകുലനാണ്.അയാളുടെ ആ വെറുപ്പിൽ മനംമടുത്താണ് ദരിദ്രനായ ഡ്രൈവർ അയാളെ ആക്രമിക്കാനൊരുമ്പെടുന്നത്.
സോപ്പ് മാറ്റിയാലും എത്ര ഡിറ്റർജൻറുകൾ ഉപയോഗിച്ചാലും ഈ നാറ്റം മാറ്റാനാകില്ലെന്ന ബോധ്യം സബ്വേയിലെ ഏറ്റവും താഴെ, ഒരറ്റത്തായി, മാലിന്യം അടിഞ്ഞുകൂടുന്ന, ആളുകൾ മൂത്രമൊഴിക്കുന്ന കോണിൽ താമസിക്കുന്ന ദരിദ്രകുടുംബത്തിനറിയാം.
വിധി
പാരസൈറ്റ് ഒരു മുന്നറിയിപ്പാണ്. സമൂഹത്തിൽ വർദ്ധിച്ചുവരുന്ന മാനവിക വിരുദ്ധമായ അന്തരങ്ങൾക്കെതിരായ മുന്നറിയിപ്പ്.നന്നായി മഴപെയ്യുമ്പോൾ പട്ടണത്തിലെ കുന്നും പുറത്ത് താമസിക്കുന്നവർക്ക് ‘എത്ര മനോഹരമാണീ കാഴ്ച’യെന്ന് തോന്നിയേക്കാം.എന്നാൽ പട്ടണത്തിന് താഴെ മാലിന്യം അടിഞ്ഞുകൂടുന്നിടത്ത് താമസിക്കുന്നവൻ ഒഴുകിവരുന്ന അഴുക്കുചാലിലെ വെള്ളം കയറി കഴുത്തോളമെത്തി നിൽക്കുന്നുണ്ടാകാം. അവൻ നാളെ പുറത്തിറങ്ങി, അക്രമാസക്തനായാൽ നഷ്ടം പണക്കാരനുംകൂടിയായിരിക്കും.
സമൂഹത്തിലെ ഉച്ചനീചത്വങ്ങൾ ആത്യന്തികമായി രക്തച്ചൊരിച്ചിലിലേക്കും അതിന്റെ നഷ്ടം സമ്പന്നനും ദരിദ്രനുമെന്ന വ്യത്യാസമില്ലാതെ എല്ലാവരിലേക്കും പടരുമെന്നും പാരസൈറ്റ് പറയുന്നുണ്ട്.
പാരസൈറ്റിന്റെ ഓസ്കാർ വിജയത്തിന് പിന്നിൽ കൂട്ടാളിയായ ദക്ഷിണ കൊറിയയോടുള്ള അമേരിക്കൻ താൽപര്യവും ഉത്തര കൊറിയൻ വിരോധവുമൊക്കെ കാരണമായിട്ടുണ്ടാകാം.
പക്ഷെ പ്രസക്തമായ രാഷ്ട്രീയം പറയുന്ന മികവാർന്നൊരു ചലിച്ചിത്രമാണ് പാരസൈറ്റ്.