Shabu Prasad
കാത്തുകാത്തിരുന്നു നാസ ആർട്ടിമെസ് പദ്ധതിയുടെ ആദ്യവിക്ഷേപണം നടത്തി.. രണ്ട് മൂന്ന് ദൗത്യങ്ങൾ കൂടി നടത്തി മനുഷ്യനെ വീണ്ടും ചന്ദ്രനിൽ ഇറക്കുക എന്നതാണ് പദ്ധതി..സത്യത്തിൽ അമേരിക്ക ചന്ദ്രനിൽ പോയിട്ടുണ്ടോ.. അതെല്ലാം കള്ളത്തരമായിരുന്നില്ലേ എന്ന കുനുഷ്ടിനു അര നൂറ്റാണ്ടോളം തന്നെ പഴക്കമുണ്ട്. അങ്ങനെയൊന്നും ലോകത്തെ പറ്റിക്കാനാവില്ല എന്ന സാമാന്യബോധം മാത്രം മതി അത് സത്യമാണെന്നു വിശ്വസിക്കാൻ… ഒന്നല്ല.. രണ്ടല്ല ആറ് തവണയായി പന്ത്രണ്ട് പേർ ചന്ദ്രനിൽ ഇറങ്ങിയിട്ടുണ്ട്… അത് ലോകം മുഴുവൻ അന്ന് ലൈവായി കണ്ടതുമാണ്..മുഴുവൻ വീഡിയോയും തെളിവുകളും ഉണ്ട്…
സംശയം വേണ്ട… മാനവരാശി നേടിയ ഏറ്റവും വലിയ നേട്ടങ്ങളിൽ മുന്നിൽ നിൽക്കുന്നത് അമ്പിളിമാമനിൽ ഇപ്പോഴും പതിഞ്ഞുകിടക്കുന്ന മനുഷ്യന്റെ കാലടിപ്പാടുകൾ തന്നെയാണ്…അമ്പത് കൊല്ലം മുമ്പ് ഇത് സാധിച്ച അമേരിക്കക്ക് ഇപ്പോളൊരു ദൗത്യം വിക്ഷേപിക്കാൻ എന്താണിത്ര ബുദ്ധിമുട്ട്… ആർട്ടിമെസ് ദൗത്യം എത്ര തവണ മാറ്റിവെച്ചാണ് ഇന്ന് വിക്ഷേപിച്ചത്… അതും ട്രയൽ… അര നൂറ്റാണ്ട് മുമ്പ് പുല്ല് പോലെ സാധിച്ച കാര്യം ഇപ്പോഴങ്ങ് റിപ്പീറ്റ് ചെയ്താൽ പോരേ… അപ്പോൾ അന്നത്തേത് തള്ളായിരുന്നു അല്ലേ… ഇതൊക്കെയാണ് പുതിയ ചോദ്യങ്ങൾ…എല്ലാറ്റിനും ഉത്തരമുണ്ട്… പറയാം…
അപ്പോളോ ദൗത്യങ്ങൾ നടത്തിയത് സാറ്റെൺ റോക്കറ്റിൽ ആയിരുന്നു… ആ റോക്കറ്റ് 1976 ൽ റിട്ടയർ ചെയ്തു… അതിനു ശേഷം അമേരിക്ക മനുഷ്യ ദൗത്യങ്ങൾ മുഴുവൻ നടത്തിയത് സ്പേസ് ഷട്ടിലുകളിൽ ആയിരുന്നു… സാധാരണ റോക്കറ്റ് പോലയല്ല ഷട്ടിൽ… അത് പുനരുപയോഗിക്കാവുന്ന വിമാനം പോലുള്ള പേടകമാണ്… അതിൽ അവർ ശരിക്കും മാസ്റ്റർ ചെയ്തു.. നൂറു കണക്കിന് ദൗത്യങ്ങളാണ് അവർ ഷട്ടിലുകളിൽ നടത്തിയത്.. അതിനിടയിൽ രണ്ട് ഷട്ടിൽ ദുരന്തങ്ങളിൽ പതിനാലു ഗഗനചാരികൾ കൊല്ലപ്പെടുകയും ചെയ്തു…2011 ൽ ഷട്ടിൽ ദൗത്യങ്ങൾ അവസാനിച്ചു… അതിനു ശേഷം നാസ സ്വന്തമായി നിർമ്മിച്ച വാഹനത്തിൽ, അമേരിക്കൻ മണ്ണിൽ നിന്ന് സഞ്ചരികളെ അയച്ചിട്ടില്ല…
എന്നുവെച്ചാൽ, ഒരു പരമ്പരാഗത റോക്കറ്റ് ഉപയോഗിച്ച്, പാരമ്പരാഗത രീതിയിൽ അമേരിക്ക ബഹിരാകാശത്തേക്ക് ആളെ അവസാനം അയച്ചത് 1976ലാണ്… ഏതാണ്ട് അമ്പത് കൊല്ലം… ഈ അര നൂറ്റാണ്ടിനിടയിൽ റോക്കറ്റ് ടെക്നോളജിയിൽ വൻ മാറ്റങ്ങൾ വന്നു… അന്ന് അപ്പോളോയിലെ കമ്പ്യൂട്ടർ ശേഷി ഇന്ന് നമ്മൾ ഉപയോഗിക്കുന്ന മൊബൈൽ ഫോണിന്റെ പത്തിലൊന്നുപോലും ഇല്ലായിരുന്നു.. ചുരുക്കം പറഞ്ഞാൽ ആകാശത്ത് ഷട്ടിൽ കളിച്ച് കളിച്ച് അമേരിക്കക്ക് പഴയ ആ സ്കിൽ ഒക്കെ ടച്ച് പോയി…
അപ്പോൾ പുതുതായി വീണ്ടും ചന്ദ്രനിലേക്ക് പോകുമ്പോൾ എല്ലാം, പുതിയ കാലത്തെ ടെക്നോളജിയും സാഹചര്യവും അനുസരിച്ച് പൂജ്യത്തിൽ നിന്ന് ഉണ്ടാക്കണം.. ഇവിടെയും ഷട്ടിലിനെ അവർ പൂർണ്ണമായും കൈവിട്ടിട്ടില്ല… ഷട്ടിലിന്റെ ഓറഞ്ചു നിറത്തിലുള്ള കൂറ്റൻ ഇന്ധന ടാങ്ക്, ഇരുവശത്തും ദ്വാരപാലകരെപ്പോലുള്ള വെള്ള ബൂസ്റ്ററുകൾ ഒക്കെ ആർട്ടിമേസിലും ഉണ്ട്.. ഒരു മരം കൊത്തിയെപ്പോലെ അതിൽ അള്ളിപ്പി ടിച്ചിരിക്കുന്ന ചെറുവിമാനം പോലുള്ള ഷട്ടിൽ ഇല്ലന്ന് മാത്രം..ഈ പദ്ധതിയിൽ ആളെ അയക്കുന്നതിനു മുമ്പ് നിരവധി ട്രയലുകൾ നടത്തണം… സുരക്ഷ പൂർണ്ണമായും ഉറപ്പാക്കണം.. അറുപതുകളിൽ അപ്പോളോയുടെ ആദ്യദൗത്യങ്ങളിൽ ചെയ്തതുപോലുള്ള എല്ലാം വിജയകരമായി ചെയ്തതിനു ശേഷമേ സഞ്ചാരികളെ അയക്കാൻ കഴിയൂ…
ചേട്ടന്മാരെ…. ഇത് സ്പേസ് ടെക്നോളജി ആണ്… കുട്ടിക്കളി അല്ല… പോകേണ്ടത് ചന്ദ്രനിലേക്കാണ്.. കിണാശ്ശേരിയിലേക്കല്ല…
NB -അല്ല.. ഇതൊക്കെ പറയാൻ ഇയ്യാളാരാ എന്ന് ചോദ്യമുണ്ടോ… ആരുമല്ല സാർ.. ഒരു ശാസ്ത്രവിദ്യാർഥിയാണ്… ബഹിരാകാശം തലക്ക് പിടിച്ചു തലതിരിഞ്ഞു പോയ ഒരു ഭ്രാന്തൻ… അത്രേയുള്ളൂ.