Shabu Prasad

1969 ൽ മനുഷ്യൻ ചന്ദ്രനിൽ പോയിട്ടുണ്ട് എന്ന് വിശ്വസിക്കുന്നില്ല… അത്‌ അമേരിക്കയുടെ ഒരു നാടകമായിരുന്നു എന്നൊക്കെ കരുതുന്നവർ ധാരാളമുണ്ട്… അവർ വിശ്വസിക്കട്ടെ… എന്നാൽ, ഇത്ര ദൂരം എങ്ങിനെ പോകും, പോയാൽ എങ്ങനെ തിരിച്ചു വരും, അന്നത്തെ ടെക്നോളജിക്ക് അതൊക്കെ സാധ്യമാണോ എന്നൊക്കെ ആത്മാർത്ഥമായി സംശയം ഉന്നയിക്കുന്നവർ ഉണ്ട്… ഈ പോസ്റ്റ്‌ അവർക്കുള്ളതാണ്…

എങ്ങനെയാണ് അപ്പോളോ പേടകം എന്നാദ്യം നോക്കാം.അപ്പോളോ പേടകത്തിനു മൂന്ന് ഭാഗങ്ങൾ ആണുള്ളത്. യാത്രികർ ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുകയും, മുഴുവൻ നിയന്ത്രണ സംവിധാനങ്ങളും ഉള്ള തൃകോണാകൃതിയിലുള്ള കമാൻഡ് മോഡ്യൂൾ, പേടകത്തിലേക്ക് ആവശ്യമായ വൈദ്യുതി, ഓക്സിജൻ, ഭക്ഷണം എല്ലാം ഉണ്ടാകുകയും സൂക്ഷിക്കുകയും ചെയ്യുന്ന വീപ്പ പോലുള്ള സർവ്വീസ് മോഡ്യൂൾ, ചന്ദ്രനിൽ ഇറങ്ങുകയും തിരിച്ചു കയറുകയും ചെയ്യാനുള്ള എട്ടുകാലിയെപ്പോലെ തോന്നിക്കുന്ന ലൂണാർ മോഡ്യൂൾ എന്നിവയാണിത്. ഇത് മൂന്നും ചേർന്ന് ഒരു അഴകൊഴാമ്പൻ രൂപമാണ് അപ്പോളോ പേടകത്തിനുള്ളത്.

വിക്ഷേപണത്തിന് ശേഷം മൂന്നാം ദിവസം ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തുന്ന പേടകത്തിലെ ലൂണാർ മോഡ്യൂളിൽ രണ്ട് പേർ കയറും. ആ മോഡ്യൂൾ പ്രധാന പേടകത്തിൽ നിന്ന് വേർപെട്ട് അതിൽ ഘടിപ്പിച്ച റിട്രോ എഞ്ചിൻ പ്രവർത്തിപ്പിച്ച് നാല് കാലുകൾ നിവർത്തി ചാന്ദ്ര പ്രതലത്തിൽ ഇറങ്ങും…ചന്ദ്രനിൽ വായു ഇല്ലാത്തത് കൊണ്ട് പാരച്ചൂട്ട് പരിപാടി നടക്കില്ല..അപ്പോൾ കമാൻഡ് മോഡ്യൂളും സർവ്വീസ് മോഡ്യൂളും കൂടി ചേർന്ന ഭാഗത്തിൽ ഒരു ഗഗനചാരി ചന്ദ്രനെ വലം വെയ്ക്കുകയാവും.

കാര്യങ്ങൾ ഒക്കെ കഴിഞ്ഞ് ഗഗനചാരികൾ ലൂണാർ മോഡ്യൂളിൽ തിരികെ കയറും. മോഡ്യൂളിന്റെ കാലുകൾ ഉള്ള ഭാഗം ഒരു വിക്ഷേപണത്തറയാക്കി മുകൾ ഭാഗം മാത്രം അതിലെ എഞ്ചിൻ ഉപയോഗിച്ച് മുകളിലേക്ക് വിക്ഷേപിക്കും… ചന്ദ്രന്റെ ഗ്രാവിറ്റി ഭൂമിയുടെ നാലിലൊന്ന് മാത്രമായതിനാലും അവിടെ വായു പ്രതിരോധം ഇല്ലാത്തതിനാലും വലിയ റോക്കറ്റ് സംവിധാനമൊന്നും ആവശ്യമില്ല. ഒരൊറ്റ എഞ്ചിനിൽ കാര്യം കഴിയും. ഇങ്ങനെ മുകളിലേക്ക് വരുന്ന ലൂണാർ മോഡ്യൂൾ കറങ്ങിക്കൊണ്ടിരിക്കുന്ന മാതൃപേടകവുമായി ഡോക്ക് ചെയ്ത് യാത്രികർ അതിലേക്ക് തിരികെ കയറും. അതിനു ശേഷം ലൂണാർ മോഡ്യൂളിനെ പൂർണ്ണമായും അവിടെ ഉപേക്ഷിക്കും.

അതിനു ശേഷം, സർവ്വീസ് മോഡ്യൂളിന്റെ പിന്നിലെ ശക്തമായ എഞ്ചിൻ പ്രവർത്തിപ്പിച്ചു ചന്ദ്രന്റെ ഗുരുത്വമണ്ഡലത്തിൽ നിന്ന് പുറത്ത് കടന്നു ഭൂമിയിലേക്ക് തിരികെ വരും.മൂന്ന് ദിവസത്തിന് ശേഷം ഭൂമിയുടെ ഓർബിറ്റിൽ മടങ്ങിയെത്തുന്ന പേടകത്തിൽ നിന്ന് സർവ്വീസ് മോഡ്യൂളിനെയും ഉപേക്ഷിക്കും. കമാൻഡ് മോഡ്യൂൾ മാത്രമാണ് ഭൂമിയിലേക്ക് തിരികെ വരുക. അതിൽ മാത്രമേ അന്തരീക്ഷത്തിൽ കയറുമ്പോഴുള്ള ഭീമമായ ചൂടിനെ താങ്ങാനുള്ള ഹീറ്റ് ഷീൽഡ്, ഇറങ്ങാനുള്ള പാരചൂട്ട് എന്നിവയുള്ളു.

കാറിൽ പെട്രോൾ അടിച്ചു പോകുന്നത് പോലയല്ല സ്‌പേസ് ട്രാവൽ. ആദ്യം കൊടുക്കുന്ന തള്ളലിൽ സ്വീകരിക്കുന്ന ആവേഗം നിലനിർത്തിയാണ് അത്‌ പോകുന്നത്. ആദ്യം കൊടുക്കുന്ന ഒരൊറ്റ തള്ളൽ… അത്‌ കൃത്യമായിരിക്കണം… പിന്നെ അവനങ്ങനെ പൊയ്ക്കോളും.. അല്ലാതെ വഴിനീളെ നിർത്തി ഇന്ധനം നിറക്കുകയൊന്നും വേണ്ട… അതുപോലെ തിരികെ വരുമ്പോഴും സർവ്വീസ് മോഡ്യൂളിലെ എഞ്ചിന്റെ ഏതാനും മിനിട്ടുകൾ നീളുന്ന ഒരൊറ്റ ignition.. അത്‌ മതി… അവിടെയങ്ങാനും പിഴച്ചാൽ പണി പാലും വെള്ളത്തിൽ വരും.യാത്രികർക്ക് ഒരിക്കലും മടങ്ങി വരാൻ കഴിയാത്ത വിധം ചന്ദ്രന്റെ ഭ്രമണപഥത്തിൽ കുടുങ്ങിപ്പോകും.

നാല്പതു ടൺ ഭാരമുള്ള അപ്പോളോ പേടകത്തെ ഭൂഗുരുത്വവും, വായുവിന്റെ പ്രതിരോധവും എല്ലാം മറികടന്നു ചന്ദ്രനിൽ എത്താനുള്ള മൊമെന്റവും കൊടുത്ത് യാത്രയാക്കാനുള്ള റോക്കറ്റ് ആണ് പദ്ധതിയുടെ നട്ടെല്ല്. ഇന്ന് വരെ നിർമിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ, കരുത്തുറ്റ സാറ്റെൺ റോക്കറ്റ് ആണ് അപ്പോളോ പേടകങ്ങളെ വിക്ഷേപിച്ചത്. മൂന്നു ഘട്ടങ്ങളിൽ ആയി ആറ് F1 സെമി ക്രയോജനിക് എഞ്ചിനുകളും ആറ് J2 പൂർണ്ണ ക്രയോജനിക്ക് എഞ്ചിനുകളും ആണ് ഇതിലുള്ളത്. ഇതുപോലൊരു റോക്കറ്റ് നിർമ്മിക്കാൻ മറ്റാർക്കും കഴിഞ്ഞിട്ടില്ല… അതുകൊണ്ടാണ് മറ്റൊരു രാജ്യത്തിനും മനുഷ്യനെ ചന്ദ്രനിൽ എത്തിക്കാൻ കഴിയാതിരുന്നതും. റഷ്യ അവരുടെ ചന്ദ്രപദ്ധതിക്ക് വേണ്ടി എന്നൊരു N1 എന്നൊരു പടുകൂറ്റൻ റോക്കറ്റ് നിർമ്മിച്ചു എങ്കിലും ക്രയോജനിക് ടെക്‌നോളജിയിൽ മാസ്റ്റർ ചെയ്യാൻ കഴിയാത്തത് കൊണ്ട് പരാജയപ്പെട്ടു. അങ്ങനെയാണ് അവർ ആ പദ്ധതി ഉപേക്ഷിച്ചത്.

പിന്നെ അന്നത്തേയും ഇന്നത്തേയും ടെക്‌നോളജി.. റോക്കറ്റ്, പ്രോപ്പൽഷൻ തുടങ്ങിയ ബഹിരാകാശ ഗവേഷണത്തിലെ അടിസ്ഥാന ടെക്നോളജികൾക്ക് അന്നുമിന്നും ഒരു മാറ്റവുമില്ല… ഇളക്ട്രോണിക്സ്, കമ്മ്യൂണിക്കേഷൻ, സ്റ്റോറേജ് തുടങ്ങിയ കാര്യങ്ങൾ പല മടങ്ങു വികസിച്ചിട്ടുണ്ട്… അത്രേയുള്ളൂ…
ചുരുക്കം പറഞ്ഞാൽ… സാറ്റേൺ എന്ന അതിഭീമന്റെ കരുത്തിലാണ് അമേരിക്ക വെന്നിക്കൊടി പാറിച്ചത്… അതുപോലൊന്ന് ഉണ്ടാക്കാൻ ആർക്ക് കഴിയുന്നോ, അവർക്ക് പുഷ്പം പോലെ ചന്ദ്രനിൽ പോയി തിരികെ വരാം…ജനുവിൻ ആയ സംശയങ്ങൾക്ക് മറുപടി ആയി എന്ന് കരുതുന്നു..

ചിത്രങ്ങൾ .. സാറ്റേൺ റോക്കറ്റ്, അപ്പോളോ പേടകത്തിന്റെ ഘടകങ്ങൾ,ലൂണാർ മോഡ്യൂൾ,ഭൂമിയിലേക്ക് തിരികെ വരുന്ന കമാൻഡ് മോഡ്യൂൾ,എല്ലാ ഘടകങ്ങളും ചേർന്ന അപ്പോളോ പേടകത്തിന്റെ പൂർണ്ണ രൂപം

Leave a Reply
You May Also Like

ദിനോസറുകൾക്ക് അതിനു കഴിഞ്ഞിരുന്നു എങ്കിൽ അവർ ഉൽക്ക വീണ് വംശനാശം വന്ന് പോകുമായിരുന്നില്ല

Rahul Ravi. സ്പേസ് കൊളോണിയലിസം ഭൂമി ഉണ്ടായിട്ട് 470 കോടി വർഷങ്ങൾ ആയിട്ടുണ്ട് എങ്കിൽ ജീവൻ…

നാസയുടെ വിസ്മയകരമായ പുത്തൻ ഉദ്യമങ്ങൾ

LIFE AS WE DO NOT KNOW IT !! Sabu Jose (ഫേസ്ബുക്കിൽ എഴുതിയത്…

മാനം നിറയെ സാറ്റലൈറ്റ് ശിശുക്കള്‍

മാനം നിറയെ സാറ്റലൈറ്റ് ശിശുക്കള്‍ സാബു ജോസ് കൃത്രിമ ഉപഗ്രഹങ്ങളില്ലാത്ത ഒരു ലോകത്തേക്കുറിച്ച് ഇന്ന് ചിന്തിക്കാന്‍…

വ്യാഴത്തിലെ അത്ഭുതങ്ങൾ ! ജെയിംസ് വെബിൻ്റെ പുതിയ ചിത്രം !!

Rafi Msm Muhammed അവലംബം: British broadcasting വ്യാഴത്തിലെ അത്ഭുതങ്ങൾ.! ജെയിംസ് വെബിൻ്റെ പുതിയ ചിത്രം.!!…