മുർത്താസ എന്ന പത്തുവയസ്സുകാരൻ ചെയ്ത ഭീകരപ്രവർത്തനം എന്താണ് ?

1401

Shabu Prasad എഴുതുന്നു

പത്താം വയസ്സിൽ ചെയ്ത കുറ്റത്തിന്, പതിമൂന്നാം വയസ്സിൽ അറസ്റ്റ് ചെയ്യപ്പെട്ടു, ഇപ്പോൾ പതിനെട്ടാം വയസ്സിൽ തൂക്കിലേറ്റപ്പെടാൻ പോകുന്ന മുർത്താസ എന്ന സൗദി ബാലനെപ്പറ്റിയുള്ള വാർത്ത വായിച്ചു.. രാജ്യദ്രോഹവും, ഭീകരപ്രവർത്തനവുമാണ് കുറ്റങ്ങൾ. ജീവനോടെ അവയവങ്ങൾ അറുത്തു മാറ്റണമെന്നും, തലവെട്ടി പ്രദർശിപ്പിക്കണമെന്നും പ്രൊസിക്യൂഷൻ ആവശ്യപ്പെടുന്നുണ്ട്.

Shabu Prasad

ലോകം നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് ഭീകരപ്രവർത്തനം. അതിനു ഏറ്റവും കടുത്ത ശിക്ഷ തന്നെ നൽകണം എന്ന കാര്യത്തിൽ രണ്ടഭിപ്രായമില്ല. ലോകം മുഴുവനുമുള്ള ഇസ്ലാമിക ഭീകരവാദത്തിന് ഫണ്ട് ചെയ്യുന്നു എന്നു ശക്തമായ ആരോപണമുള്ള സൗദി, സ്വന്തം രാജ്യത്ത് നടക്കുന്ന ഭീകരപ്രവർത്തനത്തെ കർശനമായി കൈകാര്യം ചെയ്യുന്നത് മാതൃകാപരമാണ്.

അതവിടെ നിൽക്കട്ടെ.. മുർത്താസ എന്ന പത്തുവയസ്സുകാരൻ ചെയ്ത ഭീകരപ്രവർത്തനം എന്താണന്നു നോക്കാം. 2011ലെ അറബ് വസന്തം എന്ന പേരിൽ നടന്ന സമരത്തിന്റെ ഭാഗമായ ഒരു സൈക്കിൾ റാലിയിൽ തന്റെ സൈക്കിളുമായി പങ്കെടുത്തു. സമരത്തിൽ പങ്കെടുത്ത മറ്റുള്ളവരെപ്പോലെ ആ കുട്ടി മുഖം മറച്ചിരുന്നില്ല. അതുകൊണ്ട് കൈവീശി പുഞ്ചിരിച്ചു സൈക്കിളിൽ പോകുന്ന മുർത്താസയുടെ ചിത്രങ്ങൾ സെക്യൂരിറ്റി ക്യാമറകളിൽ പതിഞ്ഞു.

പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ ഒന്നൊന്നായി അറസ്റ്റ് ചെയ്തു. ഒട്ടുമിക്കവരെയും ശിരഛേദം ചെയ്തു. ബാക്കിയുള്ളവർ പ്രായപൂർത്തിയാകാൻ കാത്തിരിക്കുന്നു, ആരാച്ചാരുടെ വാൾത്തലകളും..

മുർത്താസ പതിമൂന്നാം വയസ്സിൽ ആണ് അറസ്റ്റ് ചെയ്യപ്പെട്ടത്. അവനു പതിനെട്ടു വയസ്സ് തികയാൻ പോകുന്നു. കൗമാരക്കാരെ വധശിക്ഷക്ക് വിധേയരാക്കരുത് എന്ന കാരുണ്യ വർഷം കഴിയാറായി.ഏതോ ഒരു കൊലനിലത്തെ വാളിന്റെ രക്തദാഹം തീർക്കാൻ ഒരു ചെറുബാലന്റെ ശരീരം കാത്തിരിക്കുന്നു.

അതെ.. ഒന്നുമറിയാത്ത പ്രായത്തിൽ, ഒരു കൗതുകത്തിനു തന്റെ സൈക്കിളിൽ ഒരു ജനക്കൂട്ടത്തിന്റെ ഭാഗമായതിനു.

ഇവിടെയാണ്, ജനാധിപത്യം എന്ന വ്യവസ്ഥയുടെ സൗന്ദര്യം ഉള്ളത്. നിങ്ങൾക്ക് സർക്കാരിനെ വിമർശിക്കാം, തിരുത്താം, സമരം ചെയ്യാം.. മാനുഷികതയുടെ അങ്ങേയറ്റമായ നീതിന്യായ വ്യവസ്ഥയുടെ ഭാഗമാകാം….

Image may contain: 1 person, sittingപോരായ്മകൾ ഇല്ല എന്ന് പറയുന്നില്ല. പക്ഷേ, ജനാധിപത്യം നൽകുന്ന അവകാശങ്ങളുടെയും സ്വാതന്ത്ര്യങ്ങളുടെയും മുമ്പിൽ എല്ലാ പോരായ്മകളും നിഷ്പ്രഭമാണ്. എന്റെ ഭരണാധികാരി ആരായിരിക്കണം എന്ന് എനിക്ക് തീരുമാനിക്കാൻ കഴിയുന്നു എന്നതിനേക്കാൾ വലുതല്ല ഒരു രാജഭരണവും നൽകുന്ന ഒരു സ്വർഗ്ഗവും..

ലോകസമൂഹത്തോട് കടപ്പാടുള്ള ഒരു ജനാധിപത്യ സമൂഹത്തിൽ മുർത്താസയുടെ പോലുള്ള ഒരു കേസ് ഉണ്ടാകില്ല.. ഉറപ്പാണ്… എന്നാൽ ഏകാധിപത്യങ്ങളിൽ ഇത് സംഭവിക്കും. സൗദിയിൽ, ചൈനയിൽ, ഉത്തരകൊറിയയിൽ അങ്ങനെ മതാധിഷ്ഠിത ഏകാധിപത്യങ്ങൾ നിലനിൽക്കുന്ന എവിടെയും ഇത് സംഭവിക്കും.. അവിടയേ ഇങ്ങിനെ സംഭവിക്കൂ… ചൈനയും ഉത്തരകൊറിയയും ഒക്കെ മതാധിഷ്ഠിതമെന്ന് പറഞ്ഞത് മനപ്പൂർവ്വമാണ്.. എല്ലാ അർത്ഥത്തിലും കമ്മ്യൂണിസം എന്നത് ഒരു സെമറ്റിക് മതം തന്നെയാണ്.

ഭാരതത്തിൽ ജനിച്ചു വളരാൻ കഴിഞ്ഞ നാമെത്ര ഭാഗ്യം ചെയ്തവരാണ് എന്ന് വീണ്ടും വീണ്ടും ബോധ്യമാവുകയാണ്.