മുസാഫര്‍ നഗറിനും ഗുജറാത്തിനും സമാനമായ രീതിയിലുള്ള ഒരു കലാപം അവര്‍ കേരളത്തിലും ലക്ഷ്യമിട്ടിരുന്നു

0
180

Shafeeq Thamarassery

ഹിന്ദു ഹെല്‍പ് ലൈനില്‍ നിന്നും രാജി വെച്ച ഒരു യുവാവിന് ഏതെങ്കിലും ഒരു മാധ്യമത്തോട് ചില കാര്യങ്ങള്‍ തുറന്നുപറയാനുണ്ട്’ എന്ന്‌, മാധ്യമ പ്രവര്‍ത്തകനായ ഒരു സുഹൃത്ത് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് 2018 ആഗസ്ത് മാസത്തില്‍ എറണാകുളം ജില്ലയിലെ …….. സ്ഥലത്ത് വെച്ച് ആ യുവാവിനെ കാണാന്‍ വേണ്ടി ചെല്ലുന്നത്. വിശ്വഹിന്ദു പരിഷത് വിട്ടതിന് ശേഷം പ്രവീണ്‍ തൊഗാഡിയ ആരംഭിക്കാന്‍ പോകുന്ന അന്താരാഷ്ട്രീയ ഹിന്ദു പരിഷത്(എ.എച്ച്.പി) എന്ന പുതിയ രാഷ്ട്രീയ പാര്‍ട്ടിയുടെ കേരള ഘടക രൂപീകരണത്തിന്റെ ഭാഗമായി അവര്‍ നടപ്പിലാക്കാനുദ്ദേശിക്കുന്ന ചില പ്രവര്‍ത്തനങ്ങളെക്കുറിച്ചായിരുന്നു സംഘടന വിട്ട അയാള്‍ക്ക് പറയാനുണ്ടായിരുന്നത്. ഒപ്പം സേവനങ്ങളുടെ മറവില്‍ ഹിന്ദു ഹെല്‍പ് ലൈന്‍ കേരളത്തില്‍ നടത്തിയ കലാപാസൂത്രണങ്ങളുടെ ചില ഞെട്ടിപ്പിക്കുന്ന വിവരങ്ങളും.

‘ഈ ഇന്റര്‍വ്യൂ പ്രസിദ്ധീകരിച്ചതിന് ശേഷം ഞാന്‍ ജീവിച്ചിരിപ്പുണ്ടാകുമോ എന്ന് പോലും ഉറപ്പില്ല’ എന്ന ഭയത്തോടെ, ‘മുഖമോ മറ്റ് വിവരങ്ങളോ പുറത്ത് കാണിക്കില്ല’ എന്ന ഞാന്‍ കൊടുത്ത ഉറപ്പില്‍ അയാള്‍ സംസാരിച്ചു തുടങ്ങി. മുസാഫര്‍ നഗറിനും ഗുജറാത്തിനും സമാനമായ രീതിയിലുള്ള ഒരു കലാപം അവര്‍ കേരളത്തിലും ലക്ഷ്യമിട്ടിരുന്നുവെന്നും. ആദ്യം കലാപം, പിന്നീട് സംഘടന വളര്‍ത്തല്‍, അതുവഴി ഭരണം പിടിക്കല്‍ എന്നിവയാണ് അവരുടെ രാഷ്ട്രീയപാതയെന്നും ഈ മുന്‍ പ്രവര്‍ത്തകന്‍ പറഞ്ഞു.ശബരിമല വിഷയങ്ങളില്‍ കേന്ദ്രീകരിച്ച് ഹിന്ദുവിഭാഗങ്ങളെ സംഘടിപ്പിക്കുന്നതിനായുള്ള കലാപ ആസൂത്രണങ്ങള്‍, വൈദികരെ ആക്രമിക്കാനുള്ള ശ്രമങ്ങള്‍, മുസ്ലിം യുവാക്കള്‍ ഹിന്ദു യുവതികളെ വിഹാവം ചെയ്താല്‍ അവരുടെ വീട് ആക്രമിക്കാനുള്ള പദ്ധതികള്‍, ‘ലൗവ് ജിഹാദി’ന് പകരമായി മുസ്ലിം സ്ത്രീകളെ ലക്ഷ്യം വെച്ചുള്ള പ്രവര്‍ത്തനങ്ങള്‍. ഇങ്ങനെ തുടങ്ങിയ നിരവധി ആസൂത്രണ പദ്ധതികളക്കുറിച്ചായിരുന്നു ഹിന്ദു ഹെല്‍പ് ലൈനിന്റെ ജില്ലാതല നേൃത്വത്തിലുണ്ടായിരുന്ന ആ യുവാവ് പറഞ്ഞത്.

എ.എച്ച്.പിയുടെ നേതാവായ എറണാകുളം സ്വദേശി പ്രതീഷ് വിശ്വനാഥനാണ് ഈ നീക്കള്‍ക്കെല്ലാം ചുക്കാന്‍ പിടിക്കുന്നത് എന്നും ഇയാള്‍ പറഞ്ഞിരുന്നു. അന്ന് മുതല്‍ കേരളത്തിലെ അതിതീവ്ര ഹിന്ദുത്വത്തിന്റെ രാഷ്ട്രീയ മുഖമായ പ്രതീഷ് വിശ്വനാഥന്റെ ഓരോ പ്രവര്‍ത്തനങ്ങളും നീക്കങ്ങളും ഞാന്‍ നിരീക്ഷിക്കാറുണ്ട്. ആ ഇന്റര്‍വ്യൂ ഡൂള്‍ന്യൂസ് പ്രസിദ്ധീകരിച്ചത് 2018 ലെ മഹാപ്രളയത്തിന്റെ തുടക്ക ദിവസത്തിലായിരുന്നു. പേമാരിക്കിടയില്‍ ആ വാര്‍ത്ത അധികമാരും ശ്രദ്ധിക്കാതെ പോയി. വ്യാജ വാര്‍ത്ത നല്‍കി എന്നാരോപിച്ച് ഡൂള്‍ന്യൂസിനും ഇ-വാര്‍ത്തയ്ക്കുമെതിരെ പ്രതീഷ് വിശ്വനാഥന്‍ അന്ന് പരാതി നല്‍കി. എ.എച്ച്.പിയുടെ കേരള ഘടത്തിന്റെ രൂപീകരണത്തോടുകൂടി അവര്‍ നടത്തിയ ചില നീക്കങ്ങള്‍ നേരത്തെ ആ യുവാവ് നടത്തിയ വെളിപ്പെടുത്തലുകളെ അക്ഷരാര്‍ത്ഥത്തില്‍ ശരിവെയ്ക്കുന്നതായിരുന്നു.

ശബരിമല യുവതീപ്രവേശവനവുമായി ബന്ധപ്പെട്ട സമരങ്ങളിലൂടെ കേരള സര്‍ക്കാറിനെതിരെ പരസ്യമായി കലാപം നടത്തുവാന്‍ പ്രതീഷ് വിശ്വനാഥന്‍ അന്ന് സമൂഹമാധ്യമങ്ങളിലൂടെ ആഹ്വാനം നല്‍കി. പമ്പയിലും പരിസരങ്ങളിലുമെല്ലാം അന്ന് നടന്ന കോലാഹലങ്ങള്‍ക്കും അക്രമസംഭവങ്ങള്‍ക്കും തുടക്കം കുറിച്ചത് പ്രതീഷ് വിശ്വനാഥനും എ.എച്.പിയും ആയിരുന്നു. ശബരിമല വിഷയത്തിലൂടെ എ.എച്ച്.പി രാഷ്ട്രീയലാഭമുണ്ടാക്കുമോ എന്ന് ഭയന്ന ബി.ജെ.പിയും ആര്‍.എസ്.എസും പിന്നീട് സമരം ഏറ്റെടുക്കുകയാണുണ്ടായത്.

പൊതുപരിപാടികളും സമരങ്ങളുമൊക്കെ സംഘടിപ്പിക്കുന്ന സാധാരണ നിലയിലുള്ള രാഷ്ട്രീയ സംഘടനകളില്‍ നിന്ന് വ്യത്യസ്തമായി കൂടുതലും ആശയപ്രചരണങ്ങളും കായിക അക്രമങ്ങളുമായിരുന്നു കേരളത്തില്‍ പിന്നീട് എ.എച്.പി നടത്തിയിരുന്നത്.
തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരില്‍ വൈദികരെ മതപരിവര്‍ത്തനശ്രമം ആരോപിച്ച് കയ്യേറ്റം ചെയ്തതും, കൊച്ചിയില്‍ നോട്ടീസ് വിതരണം നടത്തിയ മുജാഹിദ് പ്രവര്‍ത്തകരെ ആക്രമിച്ചതും, കൊച്ചി കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ വെച്ച് സാമൂഹ്യപ്രവര്‍ത്തക ബിന്ദു അമ്മിണിയെ മുളക് പൊടി സ്പ്രെ ഉപയോഗിച്ച് ആക്രമിച്ചതും, ആലുവയില്‍ മിന്നല്‍ മുരളി എന്ന സിനിമയുടെ സെറ്റ് തകര്‍ത്തതും എല്ലാം എ.എച്.പി പ്രവര്‍ത്തകരായിരുന്നു. ആര്‍.എസ്.എസിനെ തോല്‍പ്പിക്കുന്ന തരത്തിലുള്ള അതിതീവ്ര വര്‍ഗീയ ആക്രമണങ്ങളാണ് ഇവര്‍ നടത്തിയിട്ടുള്ളതൊക്കെയും.

നേരിട്ട് നടത്തിയ ഈ ആക്രമണങ്ങളേക്കാള്‍ എത്രയോ മടങ്ങ് ഭീകരമായിരുന്നു നവമാധ്യമങ്ങളിലൂടെ പ്രതീഷ് വിശ്വനാഥന്‍ നടത്തിയ കലാപാഹ്വാനങ്ങള്‍. നാട്ടിലെ മുഴുവന്‍ പ്രശ്‌നങ്ങളെയും വര്‍ഗീയവത്കരിച്ചും ന്യൂനപക്ഷങ്ങള്‍ക്കെതിരായി വെറുപ്പ് പ്രചരിപ്പിച്ചും ഇയാള്‍ നവമാധ്യമങ്ങളില്‍ നിരന്തരം പ്രത്യക്ഷപ്പെട്ടു. ഗുജറാത്ത് അടക്കമുള്ള വര്‍ഗീയ കലാപങ്ങളില്‍ ന്യൂനപക്ഷങ്ങളെ അക്രമിക്കാനായി ഹിന്ദുത്വപ്രവര്‍ത്തകര്‍ ഉപയോഗിച്ച തൃശൂലം എന്ന ആയുധം ഹിന്ദു സ്വാഭിമാന സംരക്ഷണത്തിനായി ഇറങ്ങിത്തിരിക്കുന്ന കേരളത്തിലെ ഒരു ലക്ഷം ഹിന്ദു യുവാക്കള്‍ക്ക് നല്‍കുമെന്ന് ചിത്രസഹിതം അദ്ദേഹം പോസ്റ്റ് ചെയ്തു.
അയോധ്യവിധി വന്ന ദിവസം സര്‍ക്കാറിന്റെ വിലക്കുകളെയെല്ലാം മറികടന്ന് മധുരവിതരണം നടത്തുകയും ദീപങ്ങള്‍ കത്തിച്ച് ആഘോഷിക്കുകയും ചെയ്തു എന്ന് മാത്രമല്ല അവ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തു. ബാബരി മസ്ജിദിന് സമാനമായ രീതിയില്‍ കാശിയിലെയും മധുരയിലെയും മുസ്ലിം പള്ളികള്‍ പൊളിച്ചുമാറ്റണമെന്നും അയാള്‍ ആഹ്വാനം നല്‍കി.
വടിവാളുകളടങ്ങിയ മാരകായുധങ്ങള്‍ നിരന്തരം നവമാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിക്കുകയും അത് ശത്രുക്കള്‍ക്കെതിരെയുള്ള ആയുധങ്ങളാണെന്ന് പരസ്യപ്രഖ്യാപനം നടത്തുകയും ചെയ്തു. ശത്രുക്കള്‍ മുസ്‌ലിങ്ങളാണെന്ന് പലപ്പോഴും പരോക്ഷമായി പറഞ്ഞുവെക്കുകയും ചെയ്തു.

പ്രതീഷ് വിശ്വനാഥന്റെ കലാപാഹ്വാനങ്ങള്‍ക്കെതിരെ കേരളത്തിലെ സാമൂഹ്യപ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരുമടക്കമുള്ള നിരവധി പേര്‍ പല ഘട്ടങ്ങളിലായി അനേകം പരാതികള്‍ പൊലീസില്‍ സമര്‍പ്പിച്ചിട്ടുണ്ട്. പക്ഷേ ഇതിലൊരു കേസ്സില്‍ പോലും പൊലീസ് കാര്യമായി നടപടിയെടുത്തില്ല. ചില പരാതിക്കാര്‍ക്ക് പൊലീസ് നല്‍കിയ മറുപടിയാണ് ഇതിലേറ്റവും വിചിത്രം. പ്രതീഷ് വിശ്വനാഥന്റെ മേല്‍വിലാസവും വിവരങ്ങളും ഞങ്ങള്‍ ഫേസ്ബുക്കിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അത് ലഭിക്കാന്‍ മിനിമം രണ്ട് വര്‍ഷം വരെ വേണ്ടി വരുമെന്നായിരുന്നു.

ഇതുപോലൊരു വിചിത്ര ന്യായമാണ് ഇപ്പോഴും പൊലീസ് പറയുന്നത്. കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ അയാള്‍ നടത്തിയ ആയുധ പ്രദര്‍ശനം കേരള പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയ ചിലര്‍ക്ക് പൊലീസ് മറുപടി നല്‍കിയത് അദ്ദേഹം കേരളത്തില്‍ നിന്നല്ല പോസ്റ്റ് ചെയ്തത് എന്നാണ്. അയോധ്യവിധിയുമായി ബന്ധപ്പെട്ട ഒരു വിമര്‍ശനം ദുബായില്‍ വെച്ച് പോസ്റ്റ് ചെയ്ത പ്രവാസിയ്‌ക്കെതിരെ കേരളത്തില്‍ കേസ്സ് രജിസ്റ്റര്‍ ചെയ്ത് അയാള്‍ നാട്ടിലെത്തിയപ്പോള്‍ നിയമനടപടികളെടുത്ത പൊലീസാണ് ഇത് പറയുന്നതെന്നോര്‍ക്കണം. സര്‍ക്കാറിനെതിരെ നവമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത ചില ചെറുപ്പക്കാരെ രാത്രിയ്ക്ക് രാത്രി വീട് കയറി അറസ്റ്റ് ചെയ്യാന്‍ പൊലീസിന് ഫേസ്ബുക്കില്‍ നിന്നും വിവരങ്ങള്‍ ലഭിക്കാന്ഡ കാത്തുനില്‍ക്കേണ്ടി വന്നില്ല.

ഹിന്ദുക്കളുടെ സംരക്ഷകനായി, തന്നെ സ്വയം അവരോധിച്ച ഒരുത്തന്‍ കേരളത്തില്‍ പൊതുമണ്ഡലങ്ങളില്‍ നിന്നുകൊണ്ട് കലാപങ്ങള്‍ക്ക് കോപ്പുകൂട്ടുകയാണ്. അയാള്‍ക്ക് നേരെ ഒരു ചെറുവിരലനക്കാന്‍ ഇവിടുത്തെ ഇടതുപക്ഷ സര്‍ക്കാര്‍ തയ്യാറാകുന്നില്ല.
സൈബര്‍ നിയമങ്ങള്‍ അനുദിനം ശക്തമായിക്കൊണ്ടിരിക്കുന്ന കേരളത്തില്‍, സര്‍ക്കാറിനെതിരെതിരെയും മുഖ്യമന്ത്രിയ്‌ക്കെതിരെയും സംസാരിക്കുന്നവര്‍ക്ക് നേരെ കേസ്സെടുത്തുകൊണ്ടിരിക്കുന്ന കേരളത്തില്‍, വാട്‌സ് ആപ്പില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തതിന്റെ പേരില്‍ മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് നിരവധി മുസ്‌ലിം യുവാക്കള്‍ക്കെതിരെ പല ഘട്ടങ്ങളില്‍ കേസ്സെടുത്ത കേരളത്തില്‍, ശബരിമലയില്‍ പ്രവേശിക്കാന്‍ ശ്രമിച്ചതിന് സ്ത്രീകള്‍ക്കെതിരെ കേസ്സെടുത്ത കേരളത്തില്‍,
തൃശ്ശൂര്‍ പൂരത്തെക്കുറിച്ച് വ്യത്യസ്താഭിപ്രായം അറിയിച്ചതിന് മുസ്‌ലിം യുവാവിനെതിരെ കേസ്സെടുത്ത കേരളത്തില്‍,
സ്വന്തം നോവലിന്റെ ഒരു ഭാഗം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിന് ഒരു എഴുത്തുകാരനെതിരെ രാജ്യദ്രേഹക്കുറ്റത്തിന് കേസ്സെടുത്ത കേരളത്തില്‍, ബി.ജെ.പിയുടെ ഹര്‍ത്താലിനെ വിമര്‍ശിച്ചതിന് മുസ്‌ലിം യുവാക്കള്‍ക്കെതിരെ കേസ്സെടുത്ത കേരളത്തില്‍, ലഘുലേഖകളും പുസ്‌കതങ്ങളും കൈവശം വെച്ചതിന് അലനെയും താഹയെയും മാസങ്ങളോളം തടവിലിട്ട കേരളത്തില്‍…. അതേ കേരളത്തിലാണ് പ്രതീഷ് വിശ്വനാഥന്‍ എന്ന ഒരു ഹിന്ദുത്വ തീവ്രവാദി നിരന്തരം കലാപാഹ്വാനങ്ങള്‍ നടത്തി മുന്നേറുന്നത്. ഈ കലാപാഹ്വാനങ്ങള്‍ക്കെതിരെയുള്ള പിണറായി സര്‍ക്കാറിന്റെ മൗനം കേരളത്തിലെ അതിതീവ്രഹിന്ദുത്വത്തിന് അവരുടെ നീക്കങ്ങള്‍ ഒരുതരത്തില്‍ പിന്തുണയാവുകയാണ്…