കാള പെറ്റെന്ന് കേൾക്കുമ്പോൾ കയറെടുക്കാൻ ഓടുന്ന എല്ലാവർക്കുമുള്ള നല്ലൊരു പാഠമാണ് ഈ സംഭവം

546

Shafeeque Rahman Kaniyadath എഴുതുന്നു .

കാള പെറ്റെന്ന് കേൾക്കുമ്പോൾ കയറെടുക്കാൻ ഓടുന്ന എല്ലാവർക്കുമുള്ള നല്ലൊരു പാഠമാണ് ഈ സംഭവം. അമിതാവേശവും തന്റെ കീഴിൽ ജോലി ചെയ്യുന്ന ഒരു ഉദ്യോഗസ്ഥ പറഞ്ഞതെല്ലാം കണ്ണുമടച്ചു വിശ്വസിച്ചതും എടുത്തു ചാട്ടവുമാണ് ഈ കേസിന് കാരണമായത്.

2011 ജൂലൈയിലാണ് സംഭവങ്ങളുടെ തുടക്കം. തൊടുപുഴ പോലീസ് സ്റ്റേഷനിലെ ഒരു വനിതാ സിവിൽ പോലീസ് ഓഫീസർ യൂണിയൻ ബാങ്കിന്റെ തൊടുപുഴ ശാഖയിൽ വായ്പ എടുക്കുന്നതിനെ കുറിച്ചു തിരക്കാൻ എത്തുന്നു. മാനേജരുമായി വിഷയം സംസാരിക്കുന്നു. വിശദാംശങ്ങളും വായ്പാ യോഗ്യതയും പരിശോധിച്ച ശേഷം വായ്പ അനുവദിക്കാൻ നിർവാഹമില്ല എന്നു മാനേജർ അറിയിക്കുന്നു. നിരാശയായ വനിതാ ഉദ്യോഗസ്ഥ പ്രതിഷേധം പ്രകടിപ്പിക്കുകയും വെല്ലുവിളിക്കുകയും ചെയ്ത ശേഷം ഇറങ്ങിപ്പോകുന്നു.

പിന്നീടാണ് കാര്യങ്ങൾ എല്ലാം മാറിമാറിയുന്നത്. വായ്പാ അപേക്ഷകയായ വനിതാ പൊലീസ് ഉദ്യോഗസ്ഥ നേരെ പോയത് ആയിടെ മാത്രം തൊടുപുഴ ASP ആയി ചുമതലയേറ്റ, നാട്ടിലെ താരമായി തിളങ്ങി നിൽക്കുന്ന യുവ IPS ഉദ്യോഗസ്ഥയുടെ അടുത്തേക്കാണ്. വായ്പ ആവശ്യപ്പെട്ടു ബാങ്കിൽ ചെന്ന തന്നെ ബാങ്ക് മാനേജർ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് അവർ ഒരു വ്യാജപരാതി ASP ക്കു നൽകി. പിന്നാലെ, മാനേജരെ ASP വിളിച്ചു വരുത്തി. പൊലീസുകാർ ഇടിച്ചു റൊട്ടിയാക്കിയ മാനേജരെ (സഹപ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ച മാനേജരെ ഇടിക്കാൻ ഒരു പ്രത്യേക ഉത്സാഹം കാണുമല്ലോ, അതും ASP യുടെ മൗനാനുവാദം കൂടി ഉള്ളപ്പോൾ) മജിസ്‌ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കി. തുടർന്നു ജാമ്യത്തിൽ ഇറങ്ങിയ ബാങ്ക് മാനേജർ നട്ടെല്ലിനും കഴുത്തിനുമേറ്റ ഗുരുതരമായ പരിക്കുകളോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

Image may contain: 1 person, smilingതുടർന്ന് ബാങ്ക് മാനേജർ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയെങ്കിലും സഹപ്രവർത്തകരെ രക്ഷിക്കാനുള്ള എല്ല ശ്രമങ്ങളും അവർ നടത്തി. പൊലീസുകർക്കെതിരെ നൽകിയ മൊഴി വരെ മാറ്റി മറിച്ചു. എല്ലാ തെളിവുകളും സാക്ഷി മൊഴികളും അട്ടിമറിച്ചു. പക്ഷെ അപ്പോഴും മാറ്റി മറിക്കാൻ പറ്റാത്ത ഒരു തെളിവ് അവശേഷിച്ചിരുന്നത് പരാതിക്കാരിയും ASP യും സഹപ്രവർത്തകരെ സഹായിക്കാൻ ശ്രമിച്ച ഉന്നതരും അറിഞ്ഞിരുന്നില്ല. മാനേജരുടെ കാബിനിൽ സ്ഥാപിച്ചിരുന്ന CCTV ക്യാമറ ആയിരുന്നു ആ തെളിവ്. പരാതിക്കാരിയോട് സംസാരിക്കുമ്പോൾ മുഴുവൻ സമയവും മാനേജർ കസേരയിൽ തന്നെ ഇരിക്കുന്നതും പരാതിക്കാരി സംസാരിക്കുന്നതും ചാടി എണീക്കുന്നതും ദേഷ്യപ്പെടുന്നതും പിന്നീട് പുറത്തേക്കു പോകുന്നതുമെല്ലാം കൃത്യമായി അതിൽ റെക്കോർഡ് ചെയ്തിരുന്നു. പീഡിപ്പിച്ചെന്ന പരാതി വ്യാജമാണെന്ന് അതിൽ നിന്ന് തന്നെ വ്യക്തം. ദൃശ്യങ്ങൾ തത്സമയം ബാങ്കിന്റെ കേന്ദ്ര ഓഫീസിലും റെക്കോർഡ് ചെയ്തിരുന്നു. ദൃശ്യങ്ങൾ റെക്കോർഡ് ചെയ്തിരുന്ന ഹാർഡ് ഡിസ്ക് ബാങ്കിന്റെ ശാഖയിൽ മാത്രമാണ് സൂക്ഷിച്ചിരുന്നതെങ്കിൽ ഒരു പക്ഷെ മാനേജർ ഇപ്പോൾ പൂജപ്പുരയിലോ വിയ്യൂരിലോ ആയിരുന്നേനെ താമസം.

ഈ ഒരൊറ്റ തെളിവ് മാത്രമേ ആ പാവം മനുഷ്യന് തന്റെ നിരപരാധിത്വം തെളിയിക്കാനായി ബാക്കി ഉണ്ടായിരുന്നുള്ളു. തന്റെ പരാതിയിന്മേലുള്ള പോലീസ് അന്വേഷണം ഇഴഞ്ഞു തുടങ്ങിയതോടെ മാനേജർ ഹൈക്കോടതിയെ സമീപിച്ചു. ഗത്യന്തരമില്ലാതെ ASPയെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി സർക്കാർ പുറപ്പെടുവിച്ചു.

ഇതോടെ കാര്യങ്ങൾ കൈവിട്ടു പോവുകയാണെന്ന് സഹായിച്ചവർക്കും സഹായം കിട്ടിയവർക്കും മനസിലായിത്തുടങ്ങി. 25 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു മാനേജർ നൽകിയ മാനനഷ്ടക്കേസ് ഹൈക്കോടതി നിയോഗിച്ച മധ്യസ്ഥന്റെ സാന്നിധ്യത്തിൽ 18.5 ലക്ഷം രൂപക്ക് അവർ രാജിയാക്കി. അന്നത്തെ ASP (ഇപ്പോൾ പോലീസ് ആസ്ഥാനത്തു SP, വിദേശത്തു ഉപരിപഠനാർത്ഥം അവധിയിൽ) മാനേജരോട് മാപ്പും പറഞ്ഞു. കേസിൽ പ്രതിയായ രണ്ടു പൊലീസുകാർ ഇതിനോടകം വിരമിക്കുകയും ചെയ്തു.

ഈ സംഭവം മാനേജ്മെന്റ് പഠനത്തിൽ case study ആയി ഉൾപ്പെടുത്തണം എന്നാണ് എന്റെ അഭിപ്രായം. മോന്തായം വളഞ്ഞാൽ അറുപത്തിനാലും വളയും എന്ന ചൊല്ലിനൊരു നല്ല ഉദാഹരണം. ഉത്തരവാദിത്തപ്പെട്ട ഒരു ഉദ്യോഗസ്ഥക്കുണ്ടായ ജാഗ്രതക്കുറവ് മൂലം ഉണ്ടായ പ്രശ്നങ്ങൾ എവിടെ വരെ എത്തിയെന്ന് നോക്കൂ. നിരപരാധി ആയ ആ മനുഷ്യൻ ഏറ്റുവാങ്ങിയ മർദ്ദനത്തിനും അയാളും കുടുംബവും നേരിട്ട നാണക്കേടിനും ഈ പതിനെട്ടരലക്ഷം രൂപ പകരമാകുമോ..? ആ CCTV ക്യാമറ അവിടെ ഇല്ലായിരുന്നെങ്കിൽ ബാങ്ക് മാനേജരുടെ അവസ്ഥ എന്തായേനെ..? ഈ പരാതി ഉയർന്നത് ഒരു സാധാരണക്കാരന് നേരെ ആയിരുന്നെങ്കിൽ അവന്റെ അവസ്ഥ ഇപ്പോൾ എന്താകുമായിരുന്നു..?

NB:CCTV ദൃശ്യങ്ങളുടെ കാര്യം ഈ വാർത്തയിൽ ഒരിടത്തും കാണാത്തത് കൊണ്ടാണ് ഈ കുറിപ്പ് എഴുതിയത്. പത്രക്കാർ മറന്നതാണോ? അതോ 18.5 ലക്ഷം പോയ കൂട്ടത്തിൽ, ഇത്രയും നിസാരമായ ഒരു പോയിന്റ് ശ്രദ്ധിക്കാതെ പോയ ഇവർ എന്തു പോലീസ് ആണ് എന്ന ചോദ്യം പൊതുജനം ചോദിച്ചാൽ ഉണ്ടാകുന്ന നാണക്കേട് കൂടി കിട്ടണ്ട എന്നു വിചാരിച്ചിട്ടാണോ..?

Advertisements