Shafi K Ahmed

LOST.. 121 എപ്പിസോഡുകൾ.. അവസാന എപ്പിസോഡും കണ്ടു ദേ ഇപ്പൊ ഈ വെളുപ്പാൻകാലത്ത് എഴുതാനിരിക്കുന്നു.. എന്താ പറയുക.. എവിടെയാ എഴുതിത്തുടങ്ങുക.. എങ്ങനെയാ ഇപ്പൊ ഇതിന്റെ ആസ്വാദനം നിങ്ങൾക്ക് വരികളിലൂടെ മനസ്സിലാക്കിത്തരിക.. അറിയില്ല.. കഴിഞ്ഞ ഒരാഴ്ചയോളം.. ദിവസവും എട്ട് മുതൽ പത്തു മണിക്കൂർ വരെ.. ചിലപ്പോ അതിലധികവും സമയമിരുന്ന് കണ്ടുതീർക്കുകയായിരുന്നു ടീവി സീരീസ് ചരിത്രത്തിൽ തന്നെ ഏറെ അത്ഭുതങ്ങൾ സൃഷിടിച്ച ഈ സീരീസ്.

കഴിഞ്ഞ ഒരാഴ്ച്ച ആയിട്ട് വേറൊരു സിനിമ പോലും കണ്ടിട്ടില്ല.. ഫേസ്ബുക്കിൽ നേരാവണ്ണം ഒന്ന് കയറിയിട്ട് പോലുമില്ല.. വാട്‌സ്ആപ്പ് വരെ ഡിസേബിൾ ചെയ്തുവെച്ചു ദിനവും ഉള്ള മൂന്ന് ജിബി നെറ്റും അതിന് പുറമെ അധികമായി റീചാർജ്ജ് ചെയ്ത നെറ്റും എല്ലാമായി ഡൗൺലോഡ് ചെയ്ത് പൂർണ്ണമായും ഒറ്റയടിക്ക് കണ്ടുതീർക്കുകയായിരുന്നു ഈ സീരീസ്. ഇങ്ങനെ തുടർച്ചയായി തന്നെ ഒഴിവില്ലാതെ കണ്ടുതീർക്കാൻ പ്രേരിപ്പിക്കുകയായിരുന്നു ഈ സീരീസ് എന്ന് തന്നെ പറയാം.

സീരീസിനെ കുറിച്ച് എന്തെങ്കിലും പറയും മുമ്പ് ഒരു ചെറിയ കാര്യം സൂചിപ്പിക്കട്ടെ.. വേറെ ഒരു സീരീസുമായും ഇതിനെ താരതമ്യം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല.. കാരണം ഇതുപോലെ ഒരു സീരീസ് വേറെ ഞാൻ ജീവിതത്തിൽ കണ്ടുകാണില്ല. അതിന്റെ അർത്ഥം ഇതിനെക്കാളും മികച്ച വേറെ സീരീസുകൾ ഇല്ല എന്നതല്ല, പകരം ഈ രീതിയിൽ ഒരു അവതരണവും കഥ പറച്ചിലും ഈ സീരീസിൽ മാത്രമേ നമുക്ക് കാണാൻ കഴിയുകയുള്ളൂ. അതുകൊണ്ട് തന്നെ ഇതിനെക്കാളും നല്ലതാണ് ആ സീരീസ് അല്ലെങ്കിൽ അതൊക്കെ നോക്കുമ്പോൾ ഇതൊക്കെ വെറും ആവറേജ് സീരീസ് എന്നൊക്കെ തുടങ്ങിയുള്ള കമന്റുകൾ ആരും ഇടണമെന്നില്ല. കാരണം ഞാനിവിടെ പറയുന്നത് ഒരു സിനിമാ പ്രേമിയെന്ന നിലക്ക്, സിനിമയിലേക്ക് ചെറുതായി കാലെടുത്തുവെക്കുന്ന ആളെന്ന നിലക്ക് ഈ സീരീസ് എനിക്ക് നൽകിയ ആസ്വാദനം മാത്രമാണ്. അതുകൊണ്ട് വേറെ സീരീസുകളുമായി ഇതിനെ താരതമ്യം ചെയ്യാനോ ഫാൻ ഫൈറ്റോ മറ്റു സീരീസ് സജഷനുകളോ ഒന്നും ഇവിടെ പ്രതീക്ഷിക്കുന്നില്ല. ഇവിടെ LOSTനെ കുറിച്ച് മാത്രം സംസാരിക്കട്ടെ. അതുപോലെ ഇതൊരു തള്ള് പോസ്റ്റ് ആയി കാണേണ്ടതില്ല, ഇനി കണ്ടാലും കുഴപ്പമില്ല.. കാരണം അത്രക്കും ഇഷ്ടപ്പെടുക തന്നെ ചെയ്തു ഈ സീരീസ്.

മുകളിൽ പറഞ്ഞപോലെ 6 സീസണുകളിലായി 121 എപ്പിസോഡുകൾ ആണ് ഈ സീരീസിനുള്ളത്. 2004 മുതൽ 2010 വരെയുള്ള കാലഘട്ടത്തിൽ സംപ്രേഷണം ചെയ്ത ഈ സീരീസ് പൂർണ്ണമായും കണ്ട ആളുകൾക്ക് അറിയാം എന്തുമാത്രം ഈ സീരീസ് നമുക്ക് ഇഷ്ടപ്പെടും എന്നത്. അത്രയ്ക്കും മികവ് പുലർത്തുന്നത് തന്നെയാണ് ഈ സീരീസ്. സീരീസിനെ മികവുറ്റതാക്കുന്ന ഒരുപാട് ഘടകങ്ങൾ പറയാനുണ്ടെങ്കിലും അതിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുക അവതരിപ്പിച്ചിരിക്കുന്ന ശൈലി ആണ്. The way of presentation.. അതിലൂന്നിയാണ് സീരീസിന്റെ ഓരോ എപ്പിസോഡുകളും കടന്നുപോകുന്നത്.

ആദ്യം കഥയെ കുറിച്ച് ചെറിയൊരു ധാരണ തരാം. ഒരു വിമാനം തകർന്ന് അതിലുള്ള യാത്രക്കാർ ഒരു ദ്വീപിലെത്തുന്നു. തീർത്തും വിജനമായ യാതൊരു വിധത്തിലും പുറംലോകവുമായി ബന്ധപ്പെടാൻ സാധിക്കാത്ത ഒരു ദ്വീപ്. അപകടത്തിൽ ജീവൻ ബാക്കിയായവർ അവിടെ നിന്നും രക്ഷപ്പെടാനുള്ള വഴികൾ ആലോചിക്കുന്നിടത്ത് നിന്നാണ് കഥ തുടങ്ങുന്നത്. എന്നാൽ പ്രത്യക്ഷത്തിൽ ആരുമില്ലാത്ത ഒരു ദ്വീപാണ് അവിടമെങ്കിലും പതിയെ അവർ തിരിച്ചറിഞ്ഞു തുടങ്ങുന്നു ആ ദ്വീപിൽ അവരെ കൂടാതെ വേറെ പലതുമുണ്ടെന്ന്.. അതുവരെയുള്ള അവരുടെ ജീവിതത്തെ മൊത്തം തലകീഴായി മറിക്കുന്ന സംഭവവികാസങ്ങൾ തുടങ്ങുന്നതോടെ സീരീസ് പുരോഗമിക്കുന്നു.

ഒരു പ്ലെയിൻ അപകടവും അതിനെ തുടർന്ന് ഒരു ദ്വീപിൽ അകപ്പെടുകയും അവിടെ ഉണ്ടാകുന്ന ചില പ്രശ്നങ്ങളും ഒടുക്കം കുറച്ച് പേർ രക്ഷപ്പെടുകയും ചെയ്യുന്ന പോലെയുള്ള ഒരു സാധാരണ കഥ ആകും എന്ന് കരുതി കാണാതിരുന്നാൽ നഷ്ടം നിങ്ങൾക്ക് മാത്രമാകും. കാരണം മുകളിൽ പറഞ്ഞത് കഥയുടെ തുടക്കം മാത്രമാണ്. അവിടെ നിന്നും അങ്ങോട്ട് ആ ദ്വീപിൽ നടക്കുന്ന സംഭവങ്ങൾ മാത്രമല്ല LOSTൽ പ്രേക്ഷകർക്കായുള്ളത്. അതോടൊപ്പം തന്നെ ഒരു കൂട്ടം ആളുകളുടെ ജീവിതങ്ങൾ ഓരോന്നും ഒന്നിനൊന്ന് വ്യത്യസ്തമായി നിങ്ങൾക്ക് അവിടെ കാണാം. അതും ലോകത്തിന്റെ നാനാഭാഗത്തു നിന്നുള്ള തീർത്തും വ്യത്യസ്തരായ ചുറ്റുപാടുകളിൽ നിന്നുള്ള വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്ന വ്യത്യസ്ത സംസ്കാരങ്ങളും ജീവിതരീതികളും ഇഷ്ടങ്ങളും ആഗ്രഹങ്ങളും സ്വപ്നങ്ങളും നേട്ടങ്ങളും നഷ്ടങ്ങളും ഉള്ള ഒരുപാട് മനുഷ്യരെ നമുക്ക് LOSTൽ കാണാൻ കഴിയും.

ഇനി സീരീസിന്റെ ഏറ്റവും ആകർഷണീയമായ ഘടകമായ കഥ അവതരിപ്പിച്ചിരിക്കുന്ന രീതിയെ കുറിച്ച് പറയുകയാണെങ്കിൽ തുടക്കം ഒരു വിമാനാപകടവും അതിൽ നിന്നും ആളുകൾ ദ്വീപിൽ രക്ഷപ്പെടാനുള്ള മാർഗ്ഗങ്ങൾ അന്വേഷിക്കുന്നതുമൊക്കെ നേരിട്ട് കാണിച്ചുതുടങ്ങുമ്പോൾ പിന്നീടങ്ങോട്ട് എപ്പിസോഡുകളും സീസണുകളും കഴിയുമ്പോൾ നമ്മളെ അത്ഭുതപ്പെടുത്തിക്കൊണ്ട് മാറിമാറി വരുന്നു. ചിലപ്പോ നിലവിലെ സംഭവങ്ങൾ ആകാം.. ചിലപ്പോൾ കഴിഞ്ഞ കാലത്തിന്റെ ഓർമ്മകൾ ആവാം.. ചിലപ്പോൾ ഭാവിയിൽ നടക്കാൻ പോകുന്ന കാര്യങ്ങൾ ആവാം.. ചിലപ്പോ അതിലും മേലെ പല കാര്യങ്ങൾ ആവാം.. സീരീസ് നമ്മളെ ഓരോ എപ്പിസോഡുകളും കാണാൻ പ്രേരിപ്പിച്ചുകൊണ്ടിരിക്കും.

സീരീസ് മൊത്തം കണ്ടുതീർന്നപ്പോൾ കണ്ണുകൾ അവസാനം ചെറുതായൊന്ന് നനഞ്ഞു എന്നത് സത്യമാണ്. ആ മുളങ്കാടുകൾക്കിടയിലൂടെ അയാൾ നടന്നുനീങ്ങുമ്പോൾ.. അതിനിടയിലൂടെ മിന്നിമറിയുന്ന കാഴ്ചകളിലേക്ക് നമ്മളെത്തുമ്പോൾ ചെറിയൊരു നൊമ്പരം സീരീസ് തരുന്നു. ഇവിടെ സീരീസ് ഏത് genreൽ ഉൾപ്പെടുത്തണം എന്നത് പറയൽ അസാധ്യമാണ്. അത്രയ്ക്കും genreകളുടെ കൂടിച്ചേരലാണ് LOST എന്നത് നിസ്സംശയം പറയാം. മിസ്റ്ററി, ഹൊറർ, ഫാന്റസി, സയൻസ് ഫിക്ഷൻ, ആക്ഷൻ, ത്രില്ലർ, ഫാമിലി, റൊമാൻസ് തുടങ്ങി എല്ലാ genreകളും നമുക്കിവിടെ കാണാം. ഒപ്പം ടൈം ട്രാവലിംഗ് ഏറെ മനോഹരമായി അവതരിപ്പിച്ച ചില എപ്പിസോഡുകൾക്കും സാക്ഷിയാകാം.

ഇനിയും എഴുതിയാൽ സ്പോയിലർ ആകും. അതുകൊണ്ട് തൽകാലം നിർത്തട്ടെ. പിന്നൊരു കാര്യം പറയാനുള്ളത് 45 മിനിറ്റ് ശരാശരി നീളമുള്ള 121 എപ്പിസോഡുകൾ ആണ് നിങ്ങൾക്ക് കണ്ടുതീർക്കാനുള്ളത്. കണ്ട് ഇഷ്ടപ്പെട്ടുതുടങ്ങിയാൽ പിന്നെ പെട്ടന്നൊന്നും തിരിച്ചൊരു മടക്കം ഉണ്ടാവില്ല. അതോർത്ത് കൊണ്ട് മാത്രം കണ്ടുതുടങ്ങുക. അതുപോലെ സിനിമകളുടെ കാര്യത്തിൽ പറയുന്ന പോലെ തന്നെ എല്ലാ സീരീസുകളും എല്ലാവർക്കും ഇഷ്ടപ്പെടണം എന്നില്ല, തികച്ചും വ്യക്തിപരമായ ആസ്വാദനത്തിന്റെ പുറത്ത് എഴുതുന്നതാണെന്നും ഓർമ്മയിൽ വെച്ചുകൊണ്ട് ആവശ്യക്കാർ മാത്രം കണ്ടുനോക്കുക. എന്തായാലും സംഭവം എന്നിലെ സിനിമാ പ്രേമിക്ക് നല്ലപോലെ ബോധിച്ചു. അങ്ങനെ മൊത്തം കണ്ടുതീരുമ്പോൾ സീരീസിനെ കുറിച്ച് കൂടുതൽ അറിയാൻ ഗൂഗിൾ ചെയ്തുനോക്കുമ്പോൾ നിങ്ങൾക്ക് മറ്റൊരു കാര്യം കൂടെ കാണാൻ സാധിക്കും. ആ സമയത്ത് ഈ സീരീസ് വാരിക്കൂട്ടിയ എണ്ണമറ്റ അവാർഡുകളുടെയും നോമിനേഷനുകളുടെയും റെക്കോർഡുകളുടെയും കണക്കുകൾ. എന്തായാലും പറ്റുന്നവർ കണ്ടുനോക്കുക. കണ്ടവരുടെ അഭിപ്രായങ്ങളും പ്രതീക്ഷിക്കുന്നു.

My rating: 8.5/10

You May Also Like

ഒരു മുൻനിര ഹീറോക്കും ഇത്പോലൊരു വെല്ലുവിളി നിറഞ്ഞ റോളിലൂടെ അരങ്ങേറേണ്ടി വന്നിട്ടുണ്ടാവില്ലാ

Shanid Mk സിംഗം തമ്പി സിംഗം താണ്ടാ …കാർത്തിയെ പറ്റി ഇങ്ങനെ ഒരു പോസ്റ്റർ കണ്ടതായി…

ഐ ജി വിജയനായി മോഹൻലാൽ, കവർച്ചാ തലവനായി ഫഹദ് ഫാസിൽ

ഐ.ജി വിജയനായി മോഹൻലാൽ.ഇന്ത്യൻ മണി ഹീസ്റ്റ് സിനിമയാകുന്നു അയ്മനം സാജൻ കേരള പോലീസിനെ വട്ടം കറക്കിയ…

‘ബി 32 മുതൽ 44 വരെ‘ (ബ്രെസ്റ്റ് സൈസ് 32 മുതൽ 44 വരെ) എന്താ ടൈറ്റിൽ ക്രിയേറ്റിവിറ്റി !

Josemon Vazhayil ‘ബി 32 മുതൽ 44 വരെ‘ – നവാഗത സംവിധായിക Shruthi Sharanyam…

‘വാഴ’യുമായി പുതുമുഖങ്ങൾ

‘വാഴ’യുമായി പുതുമുഖങ്ങൾ “ജയ ജയ ജയ ജയ ഹേ ” എന്ന് സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ…