പട്ടുസാരിയുടുത്ത, മേക്ക് ആപ്പ് ചെയ്ത, സ്വർണാഭരണങ്ങളണിഞ്ഞ രേണുവിനെ അവർക്കു പിടിച്ചില്ല

349

Shafi Muhammed 

രഞ്ജിത്തിന്റെ ‘പാലേരി മാണിക്യ’ത്തിൽ മമ്മൂട്ടിയുടെ മുരിക്കിൻകുന്നത്ത് ആഹമ്മദ്‌ ഹാജി എന്ന കഥാപാത്രം ബാർബറായ കേശവന്റെ നെഞ്ചത്ത് ചവിട്ടി വീഴ്ത്തി പറയുന്ന ഡയലോഗുണ്ട്; “അമ്പട്ടന്റെ മോൻ മരിക്കണ വരെ അമ്പട്ടൻ തന്നെ”.

മലബാറിൽ ക്ഷുരകനു അമ്പട്ടൻ എന്നായിരുന്നു വിളിപ്പേര്. ഈ ഡയലോഗിൽ പ്രതിഫലിക്കുന്ന ജീർണിച്ച മുൻവിധികൾ ഇന്നും മലയാളികളുടെ മണ്ണിൽ നിന്നും വിട്ട് മാറിയിട്ടില്ല. നമ്മൾ നാഴികക്ക് നാല്പത് വട്ടം പറയുന്ന നവോത്ഥാനവും പുരോഗമനവുമൊന്നും നമ്മുടെ ചില ചിന്താഗതികളിൽ തൊട്ടു തീണ്ടിയിട്ട് പോലുമില്ല. മലയാള സിനിമ വെള്ളസാരിയും പൊട്ടിച്ചിരിയും കൊലുസ്സിന്റെ ശബ്ദവുമുള്ള സ്ത്രീയാണ് യക്ഷി എന്ന് നമ്മുടെ മനസ്സിൽ വരച്ചിട്ട പോലെ ഒരു വ്യക്തി, അല്ലെങ്കിൽ ഒരു പ്രത്യേക തൊഴിൽ ചെയ്യുന്ന ആൾ എങ്ങനെയായിരിക്കണം, എന്തൊക്കെ ധരിക്കണം, എങ്ങനെ സംസാരിക്കണം എന്നൊക്കെ നമ്മളെ ആരൊക്കെയോ പഠിപ്പിച്ച് വച്ചിട്ടുണ്ട്. ആ Collective Unconscious എല്ലാവരുടെയും മനസ്സിലുണ്ട്…

തനിക്ക് സമൂഹം കല്പിച്ച് തന്ന, അല്ലെങ്കിൽ തീരുമാനിച്ചു വച്ച ചിത്രത്തിൽ നിന്നും ഭാവത്തിൽ നിന്നും ആരെങ്കിലും പുറത്ത് കടക്കാൻ ശ്രമിച്ചാൽ, അല്ലെങ്കിൽ പുറത്ത് കടന്നാൽ മലയാളി അതംഗീകരിക്കില്ല. രാവിലെ വാർക്കപ്പണിക്ക് പോവാൻ ഒരു ബംഗാളി ഇൻസേർട്ട് ചെയ്ത് വരുന്നത് കാണുമ്പോൾ കളിയാക്കി ചിരിക്കുന്നത് മുതൽ വിധവയായവളോ ഡിവോഴ്‌സ്ഡ് ആയവളോ അല്പം അണിഞ്ഞൊരുങ്ങി നടക്കുമ്പോൾ മുഖം ചുളിക്കുന്നത് വരെ ഈ മനോഭാവം ഓരോരുത്തരുടെ ഉള്ളിലും കൃത്യമായി വർക്ക് ചെയ്യുന്നത്‌ കൊണ്ടാണ്. സാമ്പത്തികമായോ സാമൂഹികമായോ പിന്നോക്കം നിൽക്കുന്നവരാണ് എപ്പോഴും ഈ വേട്ടയാടലിന് ഇരയാവാറുള്ളത്. ശ്രീനിവാസൻ എഴുതി എം.മോഹനൻ സംവിധാനം ചെയ്ത ‘കഥ പറയുമ്പോൾ’ എന്ന സിനിമയിൽ ബാർബറായ ബാലൻ ലോണിനപേക്ഷിച്ചപ്പോൾ കൈക്കൂലിയെ കുറിച്ച് പരമാർശിച്ചതിനെ പരിഹസിച്ചു കൊണ്ട് വില്ലേജ് ഓഫീസർ നൽകുമെന്ന ഉപദേശമുണ്ട്; “എടോ ഒരു താഴ്ന്ന ജാതിക്കാരന് സവർണ്ണന്റെ അഹങ്കാരം പാടില്ല”!!! ഒരാളുടെ വേഷവും ഭാവവും വിമർശന സ്വതന്ത്ര്യവുമെല്ലാം അയാളുടെ അവസ്ഥക്കോ ഭൂതകാലത്തിനോ അനുസരിച്ചായിരിക്കണം എന്ന് സമൂഹം കൃത്യമായി ശഠിക്കുന്നുണ്ട്. അത് കൊണ്ട് തന്നെയാണ് സിനിമാ താരമോ രാഷ്ട്രീയ നേതാവോ പീടികത്തിണ്ണയിലിരുന്ന് ചായ കുടിക്കുന്നതും പ്രായമായവരോട് തമാശ പങ്കിടുന്നതുമൊക്കെ അവരുടെ എളിമയായി ആളുകൾ ആഘോഷിക്കുന്നതും പാവപ്പെട്ടവൻ കൂളിംഗ് ഗ്ലാസ്സ് വച്ച് പുറത്തിറങ്ങിയാൽ പരിഹസിക്കപ്പെടുന്നതും.

ഇത്രയും നീട്ടിപ്പറയാൻ കാരണം ചില ‘സാമൂഹിക നിരീക്ഷകരുടെ’ നിരീക്ഷണങ്ങൾ വായിച്ചതാണ്. നിരീക്ഷണങ്ങളിലെ വിവാദ നായിക കുറച്ച് മുമ്പ് ഇതേ ‘എഴുത്തുകാർ’ വാഴ്ത്തിപ്പാടിയ രേണു മണ്ഡൽ ആണ്. റെയിൽവേ സ്റ്റേഷനിൽ പാട്ടുപാടി ജീവിതം മുന്നോട്ട് കൊണ്ടുപോയിക്കൊണ്ടിരുന്ന, പെട്ടന്നൊരു നാൾ സമൂഹമാധ്യമങ്ങൾ വഴി ശ്രദ്ധിക്കപ്പെട്ട, ജീവിതത്തിനു പുതിയ മാനങ്ങൾ കൈ വന്ന രേണു. വിമർശനത്തിന്, അല്ല പരിഹാസത്തിനു കാരണം പൊതുപരിപാടിയിൽ അവരുടെ പുതിയ ഗെറ്റപ്പ് ആണ്. പട്ടുസാരിയുടുത്ത, മേക്ക് ആപ്പ് ചെയ്ത, സ്വർണാഭരണങ്ങളണിഞ്ഞ രേണുവിനെ ഇവർക്ക് പിടിച്ചില്ല. എഴുത്തിലും രേണു മണ്ഡലിന്റെ പുതിയ ചിത്രത്തിന് കൊടുത്ത ക്യാപ്‌ഷനുകളിലുമൊക്കെ മുകളിൽ വിവരിച്ച മനോഭാവം കൃത്യമായി പ്രതിഫലിക്കുന്നുണ്ട്;

“നമ്മൾ ഇഷ്ടപ്പെട്ടത് ആ പഴയ രേണുവിനെയാണ്”

“ഇവളെയൊക്കെ കാണുമ്പോഴാണ് ചിത്രച്ചേച്ചിയുടെ
മഹത്വം മനസ്സിലാകുന്നത്”

“രേണു നമ്മൾ വിചാരിച്ച ആളല്ല”

“കാക്ക കുളിച്ചാൽ കൊക്കാകുമോ”…

തീർന്നില്ല, ഈ സ്ത്രീയുടെ പഴയതും പുതിയതുമായ ചിത്രങ്ങളെ ആധാരമാക്കി ട്രോളന്മാരും കുറെ ‘തമാശകളി’റക്കി. കണ്ട പലരും അത് ഷെയർ ചെയ്യുകയും ചെയ്തു, ഇപ്പോഴും ചെയ്യുന്നു!!!

ഇങ്ങനെ മുഖം മിനുക്കി നടക്കുന്ന രാഷ്ട്രീയക്കാരെയോ സിനിമാ താരങ്ങളെയോ കാണുമ്പോൾ എന്തുകൊണ്ടോ ഈ കൃമി കടിയുണ്ടാവുന്നില്ല. നാല് കാര്യങ്ങൾ ഇവിടെ പ്രസക്തമാണ്;
ഒന്ന്:
വസ്ത്ര സ്വാതന്ത്ര്യം പൂർണമായും വ്യക്തി കേന്ദ്രീകൃതമാണ്. അയാളുടെ വ്യക്തി സ്വാതന്ത്ര്യത്തെ വിലയിരുത്താൻ നമ്മളാരും ആളല്ല.
രണ്ട്:
ഒരാൾ എങ്ങനെ നടക്കുന്നു, എന്ത് വേഷം ധരിക്കുന്നു എങ്ങനെ പെരുമാറുന്നു എന്നതൊക്കെ അയാൾ ചെയ്യുന്ന ജോലിയുമായോ, പശ്ചാത്തലവുമായോ ഭൂതകാലവുമായോ താരതമ്യപ്പെടുത്തേണ്ട കാര്യമില്ല.
മൂന്ന്:
മോശം സാഹചര്യത്തിൽ ജീവിച്ചവൻ മരണം വരെ അത് തുടരണമെന്നും മികച്ച ജീവിത സാഹചര്യങ്ങൾ വരുമ്പോൾ അതിനനുസരിച്ച് അവന്റെ ജീവിതത്തിൽ വരുന്ന മാറ്റങ്ങൾ അഹങ്കാരമാണെന്നുമുള്ള ചിന്താഗതി മാറ്റാൻ നമ്മൾ തയ്യാറാവണം. അണിഞ്ഞൊരുങ്ങൽ പണമുള്ളവന്റെ മാത്രം കുത്തകയല്ല.
നാല്:
രേണു മണ്ഡലിനെ നമ്മൾ തിരിച്ചറിയാൻ കാരണം പാടാനുള്ള അവരുടെ കഴിവാണ്. അല്പം വൈകിയാണെങ്കിലും അത് തിരിച്ചറിയപ്പെട്ടത് കാവ്യനീതിയുമാണ്. എന്ന് കരുതി മുഷിഞ്ഞ വസ്ത്രം ധരിച്ച് റെയിൽവേ പ്ലാറ്റ്ഫോമിലിരുന്ന് അവർ പാടുന്ന പാട്ട് മാത്രമാണ് അംഗീകരിക്കേണ്ടത് എന്ന മനോഭാവം മാറണം. അവരുടെ അണിഞ്ഞൊരുങ്ങലല്ല അവരെ വിലയിരുത്താൻ കാരണമാവേണ്ടത്, നമ്മളെ അത്ഭുതപ്പെടുത്തിയ അവരിലെ സംഗീതമാണ്…

വാൽ കഷ്ണം;
ഇതേ മനോഭാവവും മുൻധാരണയും വച്ചായിരുന്നു അണിഞ്ഞൊരുങ്ങിയ രാജേശ്വരിയമ്മയെ (ജിഷയുടെ അമ്മയെ) മലയാളി പരിഹസിച്ചിരുന്നതും കുറ്റപ്പെടുത്തിയതും