ആടുതോമക്കും മഹേഷ് ഭാവനക്കും ഇടയിൽ ഏതാണ്ട് 21 വർഷത്തെ വ്യത്യാസമുണ്ട്
തോമ മുണ്ടും പറിച്ച് സിനിമയിലേക്ക് വന്ന കാലത്ത് ജെൻഡർ, മാസ്കുലിനിറ്റി വായനകൾ ഒന്നും കേരളത്തിലെ സാമൂഹിക, രാഷ്ട്രീയ ചുറ്റുപാടുകളിൽ അത്ര കണ്ട് ചർച്ച നടക്കുന്ന വിഷയങ്ങൾ ആയിരുന്നില്ല. എന്നാൽ മഹേഷ് ഭാവന വരുമ്പോഴേക്കും അത്തരം ചർച്ചകളെല്ലാം ശക്തിപ്പെട്ടിരുന്നു.
മഹേഷ് ഭാവന, മഹേഷിന്റെ പ്രതികാരത്തിലുടനീളം സമൂഹത്തിന്റെ ജെൻഡർ-മാസ്കുലിനിറ്റി എക്സ്പക്റ്റേഷനുകളെ തൃപ്തിപ്പെടുത്താനുള്ള സംഘർഷത്തിലാണ്. മഹേഷ് സമൂഹം സൃഷ്ടിച്ച മാസ്കുലിൻ ട്രെയ്റ്റ്സ് സ്വാഭാവികമായി സ്വാംശീകരിച്ച വ്യക്തിയില്ല. സ്കൂളിലോ ട്യൂഷൻ ക്ലാസിലോ ശബ്ദമൊന്ന് ഉയർത്തി കേൾപ്പിച്ചിട്ടില്ലാത്ത ‘പാവം’ ആൺകുട്ടിയായിരുന്നു മഹേഷ്. ആ മഹേഷിനെ ആൺകൂട്ടത്തിന്റെ ആഘോഷ വേദിയായ കവലയിൽ വെച്ച്, പൗരുഷ ലക്ഷണങ്ങൾ ഒത്ത ജിംസൺ അടിച്ചിടുന്നു. കവലയിലെ ആൺകൂട്ടത്തിന് നടുവിൽ മഹേഷ് അപമാനിതനാകുന്നു. പിന്നീട് ആ അപമാനത്തിന് പരിഹാരം കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് മഹേഷ്. അതിന് സമൂഹത്തിന്റെ ആണത്ത അളവുകോലുകളെ തൃപ്തിപ്പെടുത്തണം. ജിംസണോട് നാലാള് കൂടുന്നിടത്ത് വെച്ച് പ്രതികാരം വീട്ടണം.
തുടർന്ന്, മാസ്കുലിൻ ട്രെയിറ്റ്സ് സ്വാംശീകരിക്കാൻ മഹേഷ് ഇറങ്ങിത്തിരിക്കുന്നു. കുങ്ഫു പഠിക്കാൻ പോകുന്നു. ഒടുവിൽ ഒരു ആൺകൂട്ടത്തിന് മുമ്പിൽ വെച്ച് ജിംസണെ തിരിച്ചടിച്ച് സമൂഹത്തിന്റെ മാസ്കുലിൻ എക്സ്പക്റ്റേഷനുകളെ, ആണത്ത്വ അളവുകോലുകളെ മഹേഷ് തൃപ്തിപ്പെടുത്തുന്നു. സമൂഹം സൃഷ്ടിച്ച സമ്മർദങ്ങളിൽ നിന്നും മഹേഷും രക്ഷപ്പെടുന്നു. ആ ചെരുപ്പ് തന്നെ ഒരർത്ഥത്തിൽ പുരുഷത്വം ആണ് പ്രതീകവത്ക്കരിക്കുന്നത്. മഹേഷിന് ചേരാതിരുന്ന പുരുഷത്വമായിരുന്നു ആ ചെരുപ്പ്. അയാൾ അതിനെ ഒടുവിൽ സ്വാംശീകരിക്കുന്നു, ആൺക്കൂട്ടം കയ്യടിക്കുന്നു.
ആടുതോമ മലയാളി പൗരുഷത്തിന്റെ പ്രതീകമാണ്. വെടി വെച്ചാൽ പൊട്ടാത്ത കരിമ്പാറ. മലയാളികൾ എന്നും ആഘോഷിച്ച male arrogance. അയാളുടെ ആണത്തം ഇന്നും കൊച്ചുകുട്ടികൾ വരെ ആഘോഷിക്കുന്നു. കലാലയങ്ങളിൽ ഇന്നും ട്രെന്റായി തുടരുന്നു. പക്ഷേ ആ ആണത്തം തോമസ് ചാക്കോ ശരിക്കും ആസ്വദിച്ചിച്ചിരുന്നോ എന്നത് സംശയമാണ്. അതെല്ലാം അയാൾക്ക് അയാളുടെ സ്വപ്നങ്ങളെ തകർത്ത പിതാവിനോട് പ്രതികാരം ചെയ്യാനുള്ള വെറും ഉപകരണങ്ങളായിരുന്നു. ധിക്കാരിയും റൗഡിയുമായി സ്വയം നശിപ്പിച്ച് അയാൾ പിതാവിനോട് പ്രതികാരം വീട്ടുകയായിരുന്നു. ജീവിതം കൈവിട്ട് പോയ മനുഷ്യന്റെ ആത്മപീഡകളും പരപീഡകളും കൂടിയായിരുന്നു ആ ആണത്വ ഹുങ്കുകളെല്ലാം. ആ ആൺഹുങ്കിനകത്ത് തോമ ആത്മാർത്ഥമായി ആഗ്രഹിച്ചത് സ്വന്തം പിതാവിനെ കടുവാ എന്ന് വിളിച്ച് ശീലിച്ച നാവ് കൊണ്ട് ഉള്ളറിഞ്ഞ് ‘അപ്പാ’ എന്നൊന്ന് വിളിക്കാനാണ്. കൈവിട്ട് പോയ ജീവിതത്തെ കുറിച്ചോർത്ത് ഒന്ന് കരയാനാണ്.
പക്ഷേ സമൂഹം അയാൾക്ക് നൽകിയ ആൺഹുങ്കിന്റെ പരിവേഷങ്ങൾ അതിനെല്ലാം ഒരു ഭാരമായിരുന്നു. ആ ഭാരങ്ങളെയാണ് ഒടുവിൽ തോമ കറുത്ത റെയ്ബാൻ ഗ്ലാസ്സിന്റെ രൂപത്തിൽ തുളസിക്ക് അഴിച്ചു നൽകുന്നത്. ഒടുവിൽ മഹേഷിനെ പോലെ തന്നെ നോവിച്ചവനോട് പ്രതികാരം ചെയ്യുകയല്ല തോമ, തോമ ഇന്ന് മുതൽ ക്ഷമിക്കാൻ പഠിക്കുകയാണെന്ന് പറഞ്ഞ് വെറുതെ വിടുകയാണ്.
ജെൻഡർ പൊളിട്ടിക്സ് ശക്തമായ കാലത്ത് മാസ്കുലിനിറ്റിയെ അപനിർമിക്കാൻ ശ്യം പുഷ്കരൻ ശ്രമിച്ചതിൽ അത്ഭുതമില്ല. പക്ഷേ തൊണ്ണൂറുകളിൽ അറിഞ്ഞോ അറിയാതെയോ ആടുതോമ എന്ന തോമസ് ചാക്കോയുടെ ജെൻഡർ ലേയറുകൾ ചർച്ച ചെയ്ത ഭദ്രനെ ലെജന്റ് എന്നല്ലാതെ എന്താണ് വിശേഷിപ്പിക്കുക.സ്ഫടികം സ്ഫടികമാകുന്നത് ഒന്നല്ല, ഒരായിരം കാരണങ്ങൾ കൊണ്ടാണ്.