അതുകൊണ്ട് അയാൾ ചുരുങ്ങിയ സമയത്തിനുള്ളിൽ ഇവിടെ ഇത്രയും വലിയ തരംഗമായിത്തീർന്നു ?

0
128

 Shafi Poovathingal

അർജ്ജുൻ ടാലന്റഡായ യൂട്യൂബറാണ്. വളരെ ചുരുങ്ങിയ വാക്കുകൾ ഉപയോഗിച്ച് കുറിക്ക് കൊള്ളുന്ന കൗണ്ടർ ടൈമിങ്ങോടെ പറയാനും അതുവഴി പ്രേക്ഷകരെ ചിരിപ്പിക്കാനും അയാൾക്ക് നല്ല പ്രതിഭയുണ്ട്. അതുകൊണ്ട് തന്നെയാണ് അയാൾ ചുരുങ്ങിയ സമയത്തിനുള്ളിൽ ഇവിടെ ഇത്രയും വലിയ തരംഗമായിത്തീർന്നത്.

അർജ്ജുന്റെ വീഡിയോകൾക്ക് ആദ്യം വന്ന വിമർശനം കോളനി പരാമർശത്തെ പറ്റി ആയിരുന്നു. മനീഷ് നാരായണന്റെ ഇന്റർവ്യൂവിൽ അത്തരം വിമർശനങ്ങളോടുള്ള അർജ്ജുന്റെ പക്വതയോടെയുള്ള പ്രതികരണവും തിരുത്താനുള്ള സന്നദ്ധതയും കണ്ട് വ്യക്തിപരമായി സന്തോഷിച്ചിരുന്നു. പ്രതിഭയുള്ള ഒരു കലാകാരൻ പൊളിറ്റിക്കലി കറക്ടാവാനുള്ള ഉത്തരവാദിത്വം കൂടി കാണിക്കുന്നു എന്നത് വലിയൊരു പ്രതീക്ഷയല്ലേ..!!

മണിക്കൂറുകള്‍ കൊണ്ട് ...ആ പ്രതീക്ഷകളെ ഒക്കെ അസ്ഥാനത്താക്കി കൊണ്ടാണ് പുതിയ വീഡിയോയുടെ തുടക്കത്തിൽ തന്നെ ഹോമോസെക്ഷ്വാലിറ്റിയെ ഉപയോഗപ്പെടുത്തി കൊണ്ടുള്ള ഒരു ‘കോമഡി’ അർജ്ജുൻ സൃഷ്ടിച്ചുട്ടുള്ളത്. അഞ്ജന ഹരീഷിന്റെ മരണത്തെ തുടർന്ന് കേരളം വലിയ തരത്തിൽ ക്വീർ ഫോബിയ എന്ന വിഷയം ചർച്ച ചെയ്യുന്ന സവിശേമായ സാഹചര്യത്തിൽ തന്നെ കോമഡി ഉണ്ടാക്കാൻ ഹോമാസെക്ഷ്വാലിറ്റിയെ ഉപയോഗിച്ചത് അർജ്ജുൻ എന്ന കലാകാരന്റെ ഒരു സാമൂഹ്യ ജീവി എന്ന നിലയിലുള്ള നിരുത്തരവാദിത്വത്തെ തന്നെയാണ് കാണിക്കുന്നത്.

ഇതിലെവിടെയാണ് ഹോമോസെക്ഷ്വൽ വിരുദ്ധത, ക്വീർ വിരുദ്ധത എന്നൊക്കെയുള്ള നിഷ്കളങ്ക ചോദ്യം ചോദിച്ചു വരുന്നവരോടാണ്; ആളുകളെ കളിയാക്കാനും കോമഡി ഉണ്ടാക്കാനും ഹോമോസെക്ഷ്വാലിറ്റി എന്നതിനെ അരികുവൽക്കരിക്കപ്പെട്ട ആ സമൂഹത്തെ, ഒരു ടീസിംഗ് മെറ്റീരിയൽ ആയോ abuse tool ആയോ ഉപയോഗിക്കുന്നത് ഗുരുതരമായ ക്വീർ വിരുദ്ധത മാത്രമല്ല, മാനുഷിക വിരുദ്ധത കൂടിയാണ്. അരികുവൽക്കരിക്കപ്പെട്ട തങ്ങളുടെ ലൈംഗിക സ്വത്വവും വ്യക്തി സ്വത്വവും മുറുകെ പിടിച്ചതിന്റെ പേരിൽ കുടുംബത്തിന്റെയും സമൂഹത്തിന്റെയും പീഢനങ്ങൾക്കും പരിഹാസങ്ങൾക്കുമിടയിൽ ജീവൻ നിലനിർത്താൻ യത്നിക്കുന്ന കുറേ മനുഷ്യരെ ഒരു പബ്ലിക് പ്ലാറ്റ്ഫോമിൽ കയറി നിന്ന് കൂടുതൽ നോവിക്കുകയാണ് ഇത്തരം അപകീർത്തികരമായ കണ്ടന്റുകൾ പടച്ച് വിടുന്നവർ ചെയ്യുന്നത്.

ഹോമോസെക്ഷ്വലായ ആളുകളെ കോമാളികളും നികൃഷ്ടരുമായി കാണുന്ന പൊതുബോധത്തെ റീച്ചിന് വേണ്ടി ഉപയൊഗപ്പെടുത്തി ആ പൊതുബോധത്തെ വീണ്ടും വീണ്ടും സമൂഹത്തിൽ ഊട്ടിയുറപ്പിക്കുന്ന അർജ്ജുനെ പോലുള്ളവർ, നാളെയെങ്കിലും തങ്ങൾക്ക് അർഹമായ അന്തസ്സും പരിഗണനയും സമൂഹത്തിൽ നിന്നും ലഭിക്കുമെന്ന് സ്വപ്നം കണ്ട്, ഇന്നിന്റെ അശുഭകരമായ സാമൂഹിക ചുറ്റുപാടുകളിൽ ശുഭാപ്തി വിശ്വാസത്തോടെ പൊരുതുന്ന അടിച്ചമർത്തപ്പെട്ട മനുഷ്യരെ എന്നെന്നേക്കുമായി മുൻകൂറായി തോൽപ്പിക്കുകയാണ്. ആ മനുഷ്യരുടെ സ്വപ്നങ്ങളെ എന്നന്നേക്കുമായി നിഷ്ക്കാസനം ചെയ്യുകയാണ്. ഗേ റോസ്റ്റിങ് കിട്ടിയ ആ രണ്ട് ചെറുപ്പക്കാർ നാളെ ഇനി എങ്ങനെ പരിചയക്കാരെ നോക്കും എന്ന് കളിയാക്കിയുള്ള കുറെ പോസ്റ്റുകൾ ന്യൂസ് ഫീഡിൽ കണ്ടിരുന്നു. ഹോമോസെക്ഷ്വൽ ആവുക എന്നത് എന്തോ നീചമായ, അപമാനകരമായ കാര്യമാണെന്ന തെറ്റായ ബോധം ആവർത്തിച്ച് ആഘോഷിക്കപ്പെടുകയാണ്, ഊട്ടിയുറപ്പിക്കപ്പെടുകയാണ് ഇവിടെ.

സ്വന്തം സെക്ഷ്വൽ ഐഡന്റിറ്റി സധൈര്യം പ്രാക്ടീസ് ചെയ്യുന്ന മനുഷ്യരെ ഭ്രാന്തൻമാരാക്കി സെല്ലിലടക്കുന്ന, അവരെ ഡിപ്രഷിനിലേക്ക് തള്ളിവിട്ട് കൊന്നൊടുക്കുന്ന സാമൂഹിക ബോധങ്ങളെ ശക്തിപ്പെടുത്തുന്ന ഒരു കോമഡിയും കോമഡിയല്ല. അന്തസ്സോടേയും അഭിമാനത്തോടേയും ജീവിക്കാനുള്ള കുറെ മനുഷ്യരുടെ മൗലികമായ അവകാശത്തോടുള്ള ലംഘനമാണ് അത്. അതുകൊണ്ട് തന്നെ ഒരു ടീസിങ് മെറ്റീരിയലായോ അബ്യൂസിങ് ടൂളായോ ക്വീർ വിഷയങ്ങളെ ഇനിയെങ്കിലും ഉപയോഗിക്കാതിരിക്കുക. ജീവിതത്തിൽ ഒരുപാട് യാതനകൾ അനുഭവിച്ച് ജീവിക്കുന്ന കുറെ മനുഷ്യരെ ദയവ് ചെയ്ത് വെറുതെ വിടുക. അവരെ ജീവിക്കാൻ അനുവദിക്കുക. നിങ്ങളുടെ ഈ റോസ്റ്റിങ് കണ്ട് കൊൾമയിർ കൊള്ളാനാകാത്ത ആ മനുഷ്യർക്ക് അവർ അർഹിക്കുന്ന മാനുഷിക പരിഗണന നൽകുക. അവരുടെ മുറിവുകളിൽ ഉപ്പ് തേക്കാതിരിക്കുക. അർജ്ജുൻ അതിനുള്ള പക്വത കാണിക്കും എന്ന ശുഭാപ്തി വിശ്വാസത്തോടെ എഴുതുന്നത്..!!