ഓൺലൈൻ ക്ലാസ്സ് എടുത്ത ടീച്ചർമാർക്കെതിരെയും ചിലവന്മാർ കുടുംബസംസ്കാരം കാണിക്കുന്നുണ്ട്

56

Shafi poovathingal

ഓൺലൈൻ ക്ലാസ്സ് എടുത്ത ടീച്ചർമാർക്കെതിരെ നടന്ന അസഭ്യ സൃഷ്ടികൾ, കമന്റുകൾ, FFC തുറന്നു വിട്ട ഭൂതങ്ങൾ നടത്തുന്ന സൈബർ കുറ്റകൃത്യമാണെന്നോ ടീച്ചർമാരോട് ബഹുമാനം ഇല്ലാത്തത് കൊണ്ടാണെന്നോ പറഞ്ഞു നിസ്സാരവത്ക്കരിക്കരുത്,ശരിയായ പ്രശ്നം അപ്പോഴും പരിഹരിക്കപ്പെടാതെ പോവാൻ മാത്രമേ അത് ഉപകരിക്കുകയുള്ളൂ.ടീച്ചർമാരെ സെക്ഷ്വൽ ഒബ്ജക്ടുകളാക്കിയുള്ള ഫാന്റസികൾ മലയാളികൾ പല രൂപത്തിൽ ആഘോഷിക്കാൻ തുടങ്ങിയത് എന്ന് തൊട്ടാണ്? കഴിഞ്ഞ അഞ്ചു വർഷം കൊണ്ടാണോ? എന്റെ തന്നെ അനുഭവം പറയാം,അഥവാ ഒരു ശരാശരി മലയാളി ആൺകുട്ടിയുടെ അനുഭവം,

ഞങ്ങളൊക്കെ ലൈംഗികതയെ കുറിച്ച് അറിഞ്ഞു തുടങ്ങുന്നത് സ്കൂൾ കാലത്ത് തന്നെയാണ്, ഞാൻ ആദ്യമായി ലൈംഗികതയെ കുറിച്ച് അറിയുന്നത് നാലാം ക്ളാസിൽ പഠിക്കുമ്പോഴാണ്,നാട്ടിലെ ഓവുചാലിൽ നിന്നും കിട്ടിയ ഒരു പുസ്തകത്തിലെ ചിത്രങ്ങൾ മുതിർന്ന ക്ളാസിലെ ചില കൂട്ടുകാർ കാണിച്ചു തന്നു.അന്ന് അത് കുട്ടികൾ ഉണ്ടാകാൻ ഉള്ള പരിപാടി കൂടി ആണെന്ന് മനസ്സിലായിരുന്നില്ല. ഏതോ വൃത്തികെട്ട ആളുകൾ ചെയ്യുന്ന വൃത്തികെട്ട പരിപാടി.പിന്നീട് അത് പ്രത്യുത്പാദന പ്രക്രിയ ആണെന്നൊക്കെ മനസ്സിലാകുന്നത് കുറച്ച് കൂടി വലിയ ക്ളാസിൽ നിന്നാണ്.

ഒരു ഏഴാം ക്ലാസിലൊക്കെ എത്തി, കൗമാരം അതിന്റെ തീവ്രതയിലൊക്കെ എത്തിയപ്പോഴേക്കും ലൈംഗിക കൗതുകം ജൈവികമായ കാരണങ്ങൾ കൊണ്ട് തന്നെ അതിന്റെ പാരമ്യത്തിലാണ്, ക്ലാസിലും ഗ്രൗണ്ടിലും വരാന്തയിലുമൊക്കെ മിക്കവാറും സംസാര വിഷയം ഇത് തന്നെയാണ്.കൗമാരത്തിൽ ലൈംഗികത സംസാര വിഷയമാകുന്നു എന്നത് സ്വഭാവികമാണ്. എന്നാൽ അന്ന് സംസാര വിഷയമായിരുന്നത് ലൈംഗിക വൈകൃതങ്ങളും ഒട്ടും ആരോഗ്യകരമല്ലാത്ത ലൈംഗിക ബോധങ്ങളുമായിരുന്നു . തലേ ദിവസം കണ്ട 3gp തുണ്ടിലെയോ ,വായിച്ച കമ്പി കഥയിലെയോ ഭാഗങ്ങൾ ക്ലാസിൽ ആൺകുട്ടികൾ കൂട്ടം കൂടിയിരുന്ന് പങ്ക് വെക്കും.ഒന്ന് പിടിച്ചു സുഖിപ്പിച്ചാൽ ഏത് പെണ്ണും വഴങ്ങിത്തരും എന്ന റേപ്പ് മെന്റാലിറ്റി ഒക്കെ തലയിൽ കയറുന്നത് ഈ കൂട്ടം കൂട്ടലിൽ നിന്നാണ്.
സ്കൂളിലെ കൂട്ടം കൂടുലുകളിൽ നിന്നും കിട്ടുന്ന ലൈംഗിക ബോധങ്ങളിൽ നിന്നും സ്കൂളിൽ നിന്ന് തന്നെ കൂട്ടുകാരോട് ചേർന്ന് വളർത്തി എടുക്കുന്ന കുറെ സെക്ഷ്വൽ ഫാന്റസികളാണ് പിന്നെ,കഥകൾ,പാരഡി പാട്ടുകൾ,പല രൂപത്തിലാണത്.അതിൽ സുന്ദരികളായ ടീച്ചർമാർക്ക് എന്തായാലും സ്ഥാനം കാണും.

ആ ഫാന്റസികളെ പിന്തുടർന്ന് ക്ളാസിൽ സ്വയംഭോഗം ചെയ്തവരുമുണ്ട്.(ഒരു കൗമാരക്കാരന് മുതിർന്ന വ്യക്തിയോട് തോന്നുന്ന ആകർഷണത്തെ കൊടിയ പാപമായി അവതരിപ്പിക്കുകയല്ല, സ്ത്രീ ശരീരത്തെ ലൈംഗിക വസ്തുവായി ഒബ്ജക്ടിഫൈ ചെയ്യുന്ന,അതിനെ ആഘോഷിക്കുന്ന അനാരോഗ്യകരമായ ലൈംഗിക പ്രവണതകളെയാണ് ഇവിടെ ഉദ്ദേശിക്കുന്നത്).
ഈ തരത്തിൽ അനാരോഗ്യകരമായ ലൈംഗിക പ്രവണതകളുള്ള ക്ലാസിലേക്ക്, ഒമ്പതാം ക്ലാസിലെ ബയോളജി ടീച്ചർ വന്ന് പറഞ്ഞത്, ഞാൻ നിങ്ങൾക്ക് ഈ പാഠം(reproduction) ഒന്നും എടുക്കുന്നില്ല, എന്നേക്കാൾ നന്നായി നിങ്ങൾക്ക് ഒക്കെ അറിയാലോ എന്നാണ്!!.(ഇന്ത്യയിലെ ലൈംഗിക വിദ്യാഭ്യാസത്തെ കുറിച്ച് ഓർത്ത് ഐറണിക്ക് വേണേൽ കെട്ടി തൂങ്ങിയോ വിഷം കഴിച്ചോ ചാവാം)

ചുരുക്കത്തിൽ ഒരു ശരാശരി മലയാളി ആൺകുട്ടി അവന്റെ സ്കൂൾ കാലത്ത് സ്വാംശീകരിക്കുന്ന അനാരോഗ്യകരമായ അനേകം ലൈംഗിക പ്രവണതകളിൽ പ്രഥമ സ്ഥാനത്ത് വരുന്ന ഒന്നാണ് ടീച്ചർമാരെ കുറിച്ചുള്ള ലൈംഗിക ഫാന്റസികൾ.അഥവാ ബി ഗ്രേഡ് സിനിമയിലൊക്കെ എല്ലാവരും കണ്ടിട്ടുള്ള ലൈംഗിക ദാരിദ്ര്യം മൂത്ത് കളി കിട്ടാൻ നടക്കുന്ന ടീച്ചർ എന്ന സങ്കൽപ്പം. അതിനോട് ബന്ധപ്പെട്ട് രൂപപ്പെടുത്തുന്ന പാട്ടുകൾ, കഥകൾ,!! ഇന്നാണെങ്കിൽ ട്രോളുകൾ ,സ്റ്റാറ്റസുകൾ.
അടിസ്ഥാന പ്രശ്നം ആരോഗ്യകരമായ ലൈംഗിക വിദ്യാഭ്യാസം നമ്മുടെ പാഠ്യ പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് കിട്ടാത്തതാണ്,ആരൊഗ്യകരമായ ലൈംഗികതയെ കുറിച്ചുള്ള അറിവില്ലായ്മയാണ് മറ്റൊന്ന് ലൈംഗിക സ്വാതന്ത്ര്യം അനുവദിക്കാത്ത സാമൂഹിക സദാചാരങ്ങൾ രൂപപ്പെടുത്തുന്ന ലൈംഗിക ദാരിദ്ര്യവുംമാറേണ്ടതും മാറ്റേണ്ടതും ഇവയൊക്കെയാണ്.

ഈ അടിസ്ഥാന പ്രശ്നങ്ങൾ പ്രകടമാകുന്ന രൂപങ്ങളിൽ മാത്രമാണ് സൈബർ ഇടങ്ങൾ മാറ്റം വരുത്തുന്നത്.പണ്ട് ചെരക്കെന്ന് പറഞ്ഞത് ഇന്ന് ചിലപ്പോ മോളൂസാകും എന്ന് മാത്രം.അതിനപ്പുറം അടിസ്ഥാനപരമായി ഇതൊരു സൈബർ പ്രവണതയല്ല.
അടിസ്ഥാന പ്രശ്നങ്ങൾ നൂറ്റാണ്ടു പഴക്കമുള്ള ലൈംഗിക സദാചാര ബോധങ്ങളും ലൈംഗിക ദാരിദ്ര്യവും ലൈംഗിക വിദ്യാഭ്യാസത്തിന്റെ അപര്യാപ്തതയും തന്നെയാണ്.അവ പരിഹരിച്ചില്ലെങ്കിൽ ഇനിയും ഇത് പോലുള്ള ആഭാസങ്ങൾ നമ്മൾ കാണേണ്ടി വരും

Advertisements
Previous articleചാരിറ്റി തട്ടിപ്പ് കൊഴുക്കുന്നു
Next articleനിയമപരമായ കൊള്ളകൾ
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.