ആണുങ്ങൾ തെറി വാക്കുകൾ ഉപയോഗിക്കുന്ന കാലത്തോളം പെണ്ണുങ്ങളും തെറികളെ കുറിച്ചറിഞ്ഞിരിക്കണം, വേണ്ടി വന്നാൽ എടുത്ത് പ്രയോഗിക്കുയും വേണം

174

ഷാഫി പൂവത്തിങ്കൽ എഴുതിയത്.

കഴിഞ്ഞ ഡിസംബറിൽ നടന്ന ഞങ്ങളുടെ എൻ.എസ്.എസ് ക്യാമ്പിൽ പോലീസ് ഡിപ്പാർട്ട്മെന്റ് വക സൈബർ ചൂഷണങ്ങളെ സംബന്ധിച്ച ഒരു ബോധവത്കരണ ക്ലാസുണ്ടായിരുന്നു.ക്ലാസെടുത്തത് ഒരു വനിതാ ഉദ്യോഗസ്ഥയായിരുന്നു.ആൺകുട്ടികളും പെൺകുട്ടികളും ഇടകലർന്നിരുന്ന ക്ളാസിൽ ആ ഉദ്യോഗസ്ഥക്ക് പക്ഷേ കാണാൻ കഴിഞ്ഞത് പെൺകുട്ടികളെ മാത്രമായിരുന്നു.സൈബർ ചൂഷണങ്ങളെ പ്രതിരോധിക്കാൻ സ്ത്രീകൾ പിന്തുടരേണ്ട സദാചാര നിഷ്ഠകൾ മാത്രമായിരുന്നു പിന്നീടങ്ങോട്ട് അവരുടെ വായിൽ നിന്നും അനർഗ്ഗള നിർഗ്ഗളം പ്രവഹിച്ചത്.

പെൺകുട്ടികളെ നിങ്ങൾ ഓൺലൈനിൽ നിന്നും പരിചയപ്പെടുന്നവരെ കേറി പ്രേമിക്കരുത്, രാത്രി വൈകി ഫോൺ ഉപയോഗിക്കരുത്, ആരെയെങ്കിലും പ്രേമിച്ചാൽ തന്നെ കല്യാണത്തിന് മുമ്പ് സെക്സ് ചെയ്യരുത്, ആണുങ്ങൾ നഗ്ന ഫോട്ടോ ചോദിക്കും,നിങ്ങൾ കൊടുക്കരുത് തുടങ്ങി പോലീസ് വക ബോധവത്കരണമെന്ന പേരിൽ അവർ ക്ലാസിലെ പെൺകുട്ടികൾക്ക് സ്വന്തം തടി രക്ഷിക്കാനുള്ള നിരവധി മുൻകരുതലുകൾ പറഞ്ഞു കൊടുത്തു.

ഒരു പടി കൂടി കടന്ന് ആ ഉദ്യോഗസ്ഥ , എന്തൊക്കെ പറഞ്ഞാലും പെണ്ണുങ്ങൾ മണ്ടികളാണെന്നും അത് കൊണ്ടാണ് ഇതൊക്കെ വീണ്ടും വീണ്ടും പറയേണ്ടി വരുന്നതെന്നും വരെ ഒരു മടിയുമില്ലാതെ പിജിക്ക് പഠിക്കുന്ന കുട്ടികളെ നോക്കി പറഞ്ഞു.എന്നാൽ ഞാൻ അടക്കം ആ ക്ലാസിലുണ്ടായിരുന്ന ആൺകുട്ടികളോട് എന്താണ് സൈബർ etiquette എന്നോ , സൈബർ ഇടത്തിൽ എങ്ങനെയാണ് സ്ത്രീകളോടടക്കം ഇടപേടണ്ടതെന്നോ, സൈബർ ഇടത്തിൽ സ്ത്രീകളെ ചൂഷണം ചെയ്താൽ അനുഭവിക്കേണ്ടി വരുന്ന ഭവിഷ്യത്തുകളെ പറ്റിയോ ഒരു വാക്ക് പോലും മിണ്ടിയില്ല.

സ്വാഭാവികമായും ഫെമിനസവും സെക്ഷ്വാലിറ്റിയും ജെൻഡർ രാഷ്ട്രീയവുമെല്ലാം പഠിക്കുന്ന വിദ്യാർഥികളായ ഞങ്ങൾ ലിംഗഭേദമന്യേ പോലീസ് ഉദ്യോഗസ്ഥയുടെ ഏക പക്ഷീയമായ ക്ലാസിനെ തുറന്നടിച്ചു ചോദ്യം ചെയ്തു.ഒടുവിൽ ആ ഉദ്യോഗസ്ഥക്ക് മുഖം കറുപ്പിച്ച് ക്ലാസിൽ നിന്നും ഇറങ്ങി പോകേണ്ടിയും വന്നു.

നമ്മുടെ പാട്രിയാർക്കൽ സമൂഹം സ്ത്രീയുടെ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതിലെ ഏറ്റവും വലിയ കാപട്യം ഇവിടെയാണ്.ഇരയാക്കപ്പെടുന്ന പെണ്ണിന്റെ സകല പ്രശ്നങ്ങളുടെയും ഉത്തരവാദിത്വം അവളിൽ തന്നെ ആരോപിക്കും.ആ പ്രശ്നങ്ങളെ പരിഹരിക്കാനും ഭാവിയിൽ അത് ആവർത്തിക്കാതെ നോക്കാനുമുള്ള ഉത്തരവാദിത്വവും സ്ത്രീകളുടെ മാത്രമായിരിക്കും.അതിനുമപ്പുറം സ്ത്രീ ജീവിതങ്ങളെ ക്ലേശകരമാക്കുന്ന സാമൂഹിക ബോധങ്ങളെയോ ആൺബോധങ്ങളെയോ പൊതുവിൽ പ്രശ്നവത്ക്കരിക്കാറില്ല.( റേപ്പ് നടക്കുമ്പോൾ റേപ്പിസ്റ്റിനെ തൂക്കി കൊല്ലാൻ വേണ്ടി രണ്ടു ദിവസം ബഹളം ഉണ്ടാക്കാറുണ്ട്).ഓഡിറ്റിങ്ങും നിയന്ത്രണങ്ങളും കരുതൽ നാട്യങ്ങളും പെണ്ണുങ്ങൾക്ക് മേൽ മാത്രമാണ് പലപ്പോഴും.

തെറി വിളിയുടെ കാര്യത്തിലും നമ്മുടെ സമൂഹം പിന്തുടരുന്നത് ഇതേ ഇരട്ടത്താപ്പ് മാത്രമാണ്. സ്നേഹത്തോടെയും ദേഷ്യത്തോടെയും, നാമമായും ക്രിയയായും വിശേഷണമായും സംബോധന പദമായും ഡസൻ കണക്കിന് തെറി വാക്കുകൾ സ്വാഭാവികമായി ഉപയോഗിക്കുന്നവനാണ് ശരാശരി മലയാളി പുരുഷൻ.സ്വഭാവികമായത് കൊണ്ട് തന്നെ അതിനെ ആരും ഓഡിറ്റ് ചെയ്യാറുമില്ല.
പക്ഷേ ഒരു ഹെലൻ ഓഫ് സ്പാർട്ടയോ മറ്റേതെങ്കിലും പെണ്ണോ തെറി പറഞ്ഞാൽ പിന്നെ ആൺകേസരികളുടെ ഓഡിറ്റിങ്ങായി, സാംസ്ക്കാരത്തെ പറ്റിയുള്ള വേവലാതികളായി ,കുട്ടികൾ വഴി തെറ്റലായി, ലോകം തന്നെ കീഴ്മേൽ മറിയലായി.

ആണുങ്ങൾ പ്രൈവറ്റ് സർക്കിളിലല്ലേ വിളിക്കുന്നത്, ഹെലൻ ഓഫ് സ്പാർട്ടമാരൊക്കെ അങ്ങനെയാണോ എന്ന മറുവാദമുയർത്താം, പക്ഷേ അപ്പോഴും context എന്നത് സുപ്രധാനമാണ്. സാഹചര്യങ്ങളുടെ സമ്മർദ്ദം കൊണ്ട് കവലയിൽ വെച്ച് തെറി വിളിച്ചു തല്ലുണ്ടാക്കിയ എത്ര ആൺകേസരികളെ നമ്മൾ വെടികളാക്കിയിട്ടുണ്ട്? കുട്ടികളെ വഴി തെറ്റിക്കുന്നവരാക്കിയിട്ടുണ്ട്?
ഒരു കരണത്തടി കൊണ്ടാൽ മറു കരണം കാണിച്ചു കൊടുക്കണമെന്ന് അഹിംസാ വാദികൾക്ക് വേണമെങ്കിൽ വാദിക്കാം. അപ്പോഴും ആദ്യം തെറി വിളിച്ച ആണിനില്ലാത്ത ഓഡിറ്റിങ് മറുപടി പറഞ്ഞ പെണ്ണിനുള്ള സമൂഹത്തിൽ പെണ്ണ് വിളിക്കുന്ന തെറിക്കൊരു രാഷ്ട്രീയമുണ്ടെന്നത് തന്നെയാണ് വസ്തുത.

ആണുങ്ങൾ തെറി വാക്കുകൾ ഉപയോഗിക്കുന്ന കാലത്തോളം പെണ്ണുങ്ങളും തെറികളെ കുറിച്ചറിഞ്ഞിരിക്കണം . അതിന്റെ അർത്ഥവും പ്രയോഗവും അറിഞ്ഞിരിക്കണം, വേണ്ടി വന്നാൽ എടുത്ത് പ്രയോഗിക്കുയും വേണം.
ഹെലൻ ഓഫ് സപാർട്ട എന്ന ധന്യ എസ് രാജേഷിനെ പോലെ.
( Writing after watching dhanya’s interview,
Interview link in the comment box)