കലാലയങ്ങൾ കലുഷിതമാകുമ്പോൾ ,ഇന്ത്യയുടെ ഭാവി ?

170

രാജ്യം സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം 70 ആണ്ടുകൾ പൂർത്തിയാക്കുമ്പോഴും ,ഭരണ ഘടനാ ശില്പികളോ സ്വാതന്ത്ര്യ സമര സേനാനികളോ സ്വപ്നം കണ്ട ഇന്ത്യ എന്ന ആശയത്തിന്റെ പൂർത്തീകരണത്തിനായി യുവത തെരുവുകൾ പ്രക്ഷുബ്ധമാക്കുന്നത് കാണുമ്പൊൾ നമുക്ക് സമാധാനിക്കാം, ഇന്ത്യ ശരിയായ പാതയിൽ തന്നെ ആണെന്ന്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം എന്ന് നാം ഊറ്റം കൊള്ളുമ്പോഴും ,നാം നേരിടുന്ന വെല്ലുവിളകൾ ചെറുതല്ല. തൊഴിലില്ലായ്മായും ,ദാരിദ്ര്യ നിർമ്മാർജ്ജനവും, സാക്ഷരതയും, സ്ത്രീ സുരക്ഷയും ഒക്കെ നമ്മുടെ മുന്നിൽ വെല്ലുവിളിയായി നിൽക്കുമ്പോൾ തന്നെയാണ് രാജ്യത്തെ 20 ശതമാനത്തോളം വരുന്ന ഒരു ജനതയെ മതത്തിന്റെ പേരിൽ ചാപ്പ കുത്തി രണ്ടാം കിട പൗരന്മാരായി തരം താഴ്ത്താൻ തുടങ്ങുന്നതെന്നത് അതിലേറെ വിരോധാഭാസം . ശബദമുയർത്തുന്നവന്റെ ,പ്രധിഷേധിക്കുന്നവന്റെ നെഞ്ചിലേക്ക് നിറയൊഴിക്കാൻ നിൽക്കുന്ന കാവൽ പട്ടാളവും ,അതിനു മൗനാനുവാദം നൽകുന്ന ഭരണഘൂടവും,അക്രമം അവസാനിപ്പിച്ചാൽ മാത്രം ഹർജികൾ പരിഗണിക്കാമെന്ന് പറയുന്ന ഉന്നതമായ ഒരു നീതി ന്യായ വ്യവസത്യയുമൊക്കെ ഒരു നാണയതിന്റെ വിവിധ വശങ്ങൾ മാത്രമെന്ന് ആരെങ്കിലും ചിന്തിച്ചാൽ അവരെ കുറ്റം പറയാനാവില്ല.

ഇന്ന് ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ യുവത്വം പ്രസരിക്കുന്ന ഒരു ജനത ഇന്ത്യയുടേത് തന്നെയാണ് .ഏറ്റവും പുതിയ കണക്കുകൾ പ്രകാരം അത് ഏകദേശം 65 ശതമാനത്തിൽ കവിയും .അങ്ങനെയിരിക്കെ ഇന്ന് നാം കണ്ടുകൊണ്ടിരിക്കുന്ന പ്രക്ഷോഭങ്ങൾ ഇന്ത്യൻ ജനതയുടെ വികാരം തന്നെയല്ലേ ?.തെരുവുകളിലും രാജ്യത്തെ ഉന്നത നിലവാരമുള്ള യൂണിവേഴ്സിറ്റികളിലും പ്രതിഫലിക്കുന്നത് ഭൂരിപക്ഷം വരുന്ന ഇന്ത്യൻ ജനതയുടെ ഫ്രസ്ട്രേഷൻ തന്നെ അല്ലെ ?. ഇത്രയുമധികം സാദ്ധ്യതകൾ ഉള്ള യുവത്വത്തിനെ ,അവരുടെ ചോരതിളപ്പിനെ രാജ്യ പുരോഗതിക്കായി ഉപയോഗിക്കാൻ കഴിയാത്തത് നമ്മുടെ സർക്കാരുകളുടെ പരാജയം തന്നെയാണ് .അടിക്കടി നടപ്പിലാക്കാൻ ശ്രമിക്കുന്ന ഇത്തരം തുഗ്ലക്കിയൻ പരിഷ്‌കാരങ്ങൾ എന്ത് നേട്ടമാണ് രാജ്യ പുരോഗതിക്ക് നൽകുക എന്നത് ചിന്ദിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു.

ജി ഡി പി ഉയർത്താനുള്ള എല്ലാ ശ്രമവും തുടർച്ചയായി പരാജയപ്പെടുന്നു, ഇന്ധന വില ദിനേന എന്നോണം കുതിച്ചുയരുന്നു, അവശ്യ സാധങ്ങളുടെ വില വർധന മറ്റൊരു തരത്തിൽ , വീണ്ടും വീണ്ടും രാജ്യം പുരോഗതിയിലേക്ക് എന്ന് പറഞ്ഞാൽ കഥയിൽ ചോദ്യമില്ല എന്ന തരത്തിൽ നമ്മൾ വിശ്വസിച്ചു കൊള്ളണം .അല്ലെങ്കിൽ പാക്കിസ്ഥാനിലേക്കോ ബംഗ്ലാദേശിലോക്കോ പോകേണ്ടി വരും എന്നതാണ് അവസ്ഥ .കറൻസിയെക്കാൾ ഡിജിറ്റൽ കറൻസിക്ക് പ്രാധാന്യം നല്കാൻ ആഹ്വാനം ചെയ്ത് എവിടെയെൻകിലും ഒരു പ്രക്ഷോഭം ഉണ്ടാകുമ്പോൾ ഇന്റർനെറ്റ് തന്നെ നിരോധിക്കുന്നത് വഴി ആളുകളുടെ പ്രതികരണ ശേഷി തന്നെയാണ് തല്ലിക്കെടുത്തുന്നത് .ഇന്റർനെറ്റ് നിരോധിച്ച ശേഷം അതേ സംസ്ഥാനത്തെ തന്നെ ജനതയോട് സമാധാനം പുലർത്താൻ ട്വീറ്റ് ചെയ്യുന്ന സമകാലീന രാഷ്ട്രീയ സ്ഥിതി ആരും മറന്നു കാണില്ല എന്ന് കരുതുന്നു .

നിശബ്ദതയെ പോലും മറ്റൊന്നും അധികാരത്തെ ശക്തിപ്പെടുത്തുന്നില്ല എന്ന ലിയോനാർഡോ ഡാവിഞ്ചിയുടെ വാക്കുകൾ ഇവിടെ പ്രസക്തമാണ് .നമ്മുടെ ക്ഷുഭിത യ്വവ്വനത്തോട് ഇന്ന് അധികാര കേന്ദ്രങ്ങൾ ആവശ്യപ്പെടുന്നതും ഇത് തന്നെയാണെന്നത് കഴിഞ്ഞ കുറച്ചു ദിവസങ്ങളിലെ മാധ്യമങ്ങൾ പരോശോധിച്ചാൽ തന്നെ മനസ്സിലാകുന്നതാണ് .ഇനി നമ്മുടെ രാജ്യം കാണാൻ പോകുന്നത് നിലനിൽപ്പിന്റെ പോരാട്ടമാണ് .യൂണിവേഴ്സിറ്റികളിൽ നിന്നും ഉന്നത ബിരുദധാരികളായി പുറത്തിറങ്ങുന്ന ലക്ഷക്കണക്കിന് വരുന്ന പുതിയ തലമുറയുടെ ചോദ്യശരങ്ങൾ നമ്മുടെ ഭരണകർത്താക്കളുടെ നെഞ്ചുകളിൽ തറക്കണം .അഴിമതിക്ക് കുട പിടിക്കുമ്പോൾ ,രാജ്യത്തിൻറെ പേരിനു കളങ്കം ചാർത്തുന്ന നിയമങ്ങൾ കൊണ്ട് വരുമ്പോൾ ,രാഷ്ട്രീയ പാർട്ടികൾ ഉറച്ച ശബ്ദത്തോടെ ഒന്ന് സംസാരിക്കാൻ പോലുമാവാത്ത പ്രായാധിക്യം വന്ന ഒരു പറ്റം സ്ഥാനാർത്ഥികളെ സമ്മാനിക്കുമ്പോൾ വളർന്നു വരുന്ന തലമുറയുടെ ശബ്ദം ഉയരണം .ആർജ്ജവത്തോടെ ,വ്യക്തതയോടെ നമുക്ക് വേണ്ടതെന്തെന്നും വേണ്ടാത്തതെന്നും വ്യക്തമായി തന്നെ പറയാൻ കഴിയണം .

പ്രതിഷേധങ്ങൾ സ്വാഗതാര്ഹമാണെങ്കിൽ കൂടി പൊതുമുതലുകൾ തല്ലിയും തീയിട്ടും നശിപ്പിക്കുമ്പോൾ നാമോരോരുത്തരും ഓർക്കണം അത് നമ്മുടെ വിയർപ്പിന്റെ ഒരംശം ആണെന്ന് .നാം ദിനേന നൽകുന്ന വിവിധ തരത്തിലുള്ള ടാക്‌സുകൾ തന്നെയാണ് പൊതുമുതലുകൾ എന്ന ബോധം നമുക്ക് ഉണ്ടാവണം .തിയോഡോർ റൂസ്‌വെൽറ്റ് ഒരിക്കൽ പറഞ്ഞു “ദേശസ്നേഹം എന്നാൽ രാജ്യത്തിനൊപ്പം നിൽക്കുക എന്നതാണ്. പ്രസിഡന്റിനോ മറ്റേതെങ്കിലും പൊതു ഉദ്യോഗസ്ഥനോ ഒപ്പം നിൽക്കണമെന്നല്ല ഇതിനർത്ഥം. ”.നമുക്കും അണി ചേരാം ഒരു ജനതയുടെ അസ്തിത്വത്തെ ചോദ്യം ചെയ്യപെടാതിരിക്കാൻ .