തെലുങ്ക് സിനിമ ജാതീയതയിൽ നിന്ന് കുടുംബവാഴ്ചയിലേക്കെത്തിയത് എങ്ങനെ?

0
242

Shaheer Tittu

തെലുങ്ക് സിനിമ ജാതീയതയിൽ നിന്ന് കുടുംബവാഴ്ചയിലേക്കെത്തിയത് എങ്ങനെ ?

തെലുങ്ക് സിനിമ ഇന്ഡസ്ട്രിയെന്ന ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഇന്ഡസ്ട്രികളിലൊന്നായ, മാസ്സ് മസാല സിനിമകൾ മുഖമുദ്രയായ, അതിശയോക്തി നിറഞ്ഞ ആക്ഷൻ രംഗങ്ങളാൽ മറ്റു ഇന്ത്യൻ സംസ്ഥാനങ്ങളിലും നേപ്പാൾ, ബംഗ്ലാദേശ് പോലുള്ള രാജ്യങ്ങളിലുമൊക്കെ ആരാധകരും അത് പോലെ തന്നെ വിമര്ശകരെയും ഉണ്ടാക്കിയ ഒരു ഇന്ഡസ്ട്രിക്ക്. ഇതല്ലാതൊരു വശം കൂടിയുണ്ട്. ജാതീയതയിൽ നിന്ന് വീണ്ടും ഇടുങ്ങിയ കുടുംബ വാഴ്ചയിലേകുള്ള സഞ്ചാരത്തിന്റെ ചരിത്രം.

ബ്രാഹ്മണ അപ്രമാദിത്യം തകർത്തു രണ്ട് കാർഷിക ജാതിക്കാർ ഇൻഡസ്‌ട്രി പിടിച്ചെടുത്തത്തിന്റെ ചരിത്രം,ഹരിത വിപ്ലവം ഒരു സിനിമാ ഇന്ഡസ്ട്രിയെ ഒന്നാകെ മാറ്റിയത്തിന്റെ ചരിത്രം. ചിരഞ്ജീവിയുടെയും പവൻ കല്യാണിന്റെയും റാം ചരണിന്റെയും സിനിമകളുടെ റിലീസ് ആഘോഷമാക്കുന്ന ‘കാപ്പു’ ജാതിക്കാരുടെ ഗ്രാമങ്ങൾ, ബാലകൃഷ്ണയുടെയും ജൂനിയർ NTR ന്റെയും സിനിമകൾ എത്ര മോശമാണെങ്കിലും തിയേറ്ററിൽ വീണ്ടും വീണ്ടും പോയി കണ്ട് വിജയിപ്പിക്കുന്ന ‘കമ്മ’ ജാതിക്കാർ. തെലുങ്ക് ഫിലിം ഇന്ഡസ്ട്രിയുടെയും അവിടുത്തെ സമൂഹത്തിന്റെയും ചെറിയൊരു ചിത്രമാണ് മുകളിൽ പറഞ്ഞത്.

തെലുങ്ക് സിനിമ ഇൻഡേർസ്ട്രിയുടെ തുടക്കകാലം തൊട്ട് അതായത് 1921 മുതൽ കുറച്ചു പതിറ്റാണ്ടുകൾ ബ്രാഹ്മണ അപ്രമാദിത്യത്തിൽ ആയിരുന്നു. അന്ന് ഈ പറഞ്ഞ കമ്മ, കാപ്പ് ജാതിക്കാരൊക്കെ സെറ്റിലെ പണിക്കാരായും അടികൊള്ളാൻ വരുന്ന ഗുണ്ടകളായും ചെറിയ റോളുകളൊക്കെ ചെയ്ത് പോന്നിരുന്ന കാലമായിരുന്നു.

1950കളിൽ കമ്മ സമുദായത്തിൽ നിന്ന് NTR എന്നൊരു നടൻ വരുന്നു. പൊതുവെ കമ്മ, കാപ്പ് തുടങ്ങിയ കർഷക സമുദായങ്ങളിൽ നിന്ന് പ്രാതിനിത്യം കുറവായ തെലുങ്ക് സിനിമ ഇൻഡസ്ട്രിയിൽ NTRന് ‘കമ്മ’ ‘കാപ്പ്’ സമുദായത്തിന്റെയും പിന്തുണ ഒരു പോലെ കിട്ടുന്നു.1960കളിൽ ഹരിത വിപ്ലവാനന്തരം കാർഷിക മേഖലയിൽ നിന്ന് ധാരാളം പണക്കാർ വർധിക്കുന്നു. ഇത് ‘കാപ്പ് ‘,’കമ്മ’ പോലുള്ള കാർഷിക സമുദായങ്ങൾ ധാരാളമായി സിനിമാ നിക്ഷേപങ്ങൾ തുടങ്ങാൻ കാരണമാവുന്നു. ഈ സമയങ്ങളിൽ ഇറങ്ങിയ NTRന്റെ മിക്ക സിനിമകളിലും അന്ന് തമിഴ് നാട്ടിൽ വ്യാപകമായിരുന്നു ബ്രാഹ്മണ വിരുദ്ധ മുന്നേറ്റത്തിന്റെ അലയൊലികൾ കാണാമായിരുന്നു.

1983ൽ ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായ ശേഷം NTR കാപ്പ് ജാതിക്കാരെ അവഗണിച്ചു എന്ന വാദം കാപ്പ്കാർക്കിടയിൽ വളരുന്നു തന്മൂലം NTRന്റെ ജനപിന്തുണ കുറഞ്ഞു വരുന്നു.ഈയൊരു സമയത്താണ് ചിരഞ്ജീവി എന്ന ‘കാപ്പ്’ ജാതിക്കാരൻ അരങ്ങേറുന്നത്, ഇതോടെ എല്ലാ കാപ്പ്കാരുടെയും പിന്തുണ ചിരഞ്ജീവി നേടിയെടുക്കുന്നു.ഈയൊരു സമയത്താണ് ‘ ബാലകൃഷ്ണ – ചിരഞ്ജീവി എന്ന പേരിൽ കമ്മ -കാപ്പ് പോരാട്ടം തെലുങ്ക് സിനിമയിൽ ഉടലെടുക്കുന്നത്.

ചിരഞ്ജീവിയോട് മത്സരിച് ചില സമയങ്ങളിൽ ബാലകൃഷ്ണക്ക് ഇൻഡസ്ട്രി ഹിറ്റുകൾ കിട്ടിയെങ്കിലും ചിരഞ്ജീവിയുടെ സിനിമ തിരഞ്ഞെടുപ്പുകൾ അദ്ദേഹത്തിന് കാര്യമായ മുൻതൂക്കം നൽകി. അദ്ദേഹം ചെയ്ത സിനിമകളിലും Oppressed ജാതിക്കാരെ പ്രതിനിധീകരിക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. ഇത് മറ്റു ‘താഴ്ത്തപ്പെട്ട’ ജാതിക്കാരിലും അദ്ദേഹതോടുള്ള ഇഷ്ടം വർധിപ്പിച്ചു.

ഇപ്പോൾ തെലുങ്ക് സിനിമ ഇൻഡസ്ട്രിയിലെ 95% സൂപ്പർ താരങ്ങളും ഈ രണ്ട് ജാതിയിൽ പെട്ടവരാണ്.കാപ്പ ജാതിയിൽ നിന്ന് ചിരഞ്ജീവി, അനിയൻ പവൻ കല്യാൺ, മകൻ റാം ചരൺ. അളിയനും പ്രൊഡ്യൂസറുമായ അല്ലു അരവിന്ദ്, മക്കളായ അല്ലു അർജുൻ, അല്ലു സിരിഷ് തുടങ്ങിയവർ..കമ്മ ജാതിയിൽ നിന്ന് NTR മകൻ ബാലകൃഷ്ണ, പേരമകൻ ജൂനിയർ NTR, മറ്റൊരു പേരമകൻ കല്യാൺ റാം.

കമ്മ കമ്മ്യൂണിറ്റിയിൽ നിന്ന് തന്നെയുള്ള പഴയകാലനടൻ കൃഷ്ണയുടെ മകൻ മഹേഷ്‌ ബാബു.NTRന്റെ എതിരാളിയായിരുന്ന അക്കിനേനി നാഗേശ്വര റാവുവിന്റെ പിന്തലമറുകാരും കമ്മ ജാതിയിലുള്ളവർ തന്നെ. ANRന്റെ മകൻ നാഗാർജുന. നാഗാർജുനയുടെ മക്കളായ നാഗചൈതന്യ, അഖിൽ ഇവരാണ് സിനിമയിലെ ഇപ്പോഴത്തെ അക്കിനേനി സാനിധ്യം.വെങ്കടേഷ്, റാണ ദഗുബട്ടി തുടങ്ങിയവരടങ്ങിയ ദഗുബട്ടി കുടുംബവും ‘കമ്മ’യാണ്.

രണ്ട് കർഷക ജാതിയുടെ വാഴ്ചയിൽ തുടങ്ങി കുടുംബങ്ങളുടെ വാഴ്ചയായി തെലുങ്ക് ഇൻഡസ്ട്രിയുടെ ജനാധിപത്യ സ്വഭാവം താഴ്ന്നു കൊണ്ടിരിക്കുന്നു. സിനിമ അഭിനയിക്കുന്നതിന് മുന്നേ തന്നെ ചിരഞ്ജിവി കുടുംബത്തിലെയും NTR, കുടുംബത്തിലെയും സന്തതികളെ ആഘോഷിക്കുകയും ആരാധിക്കുകയും ചെയ്യുന്ന അവസ്ഥ. തെലുങ്ക് സിനിമയിലെ നായക സ്ഥാനങ്ങൾ ഇന്ന് സാധാരണക്കാരന് അപ്രാപ്യമാണ്.വിജയ് ദേവരകൊണ്ട,നാനി, രവി തേജ തുടങ്ങിയ ചുരുക്കം പേരുകൾ മാത്രമാണിതിന് വിപരീതം.